Thursday, August 27, 2020

സഖാവ് പി ജി യെ ഓർക്കുമ്പോൾ

 

ഇപ്പോൾ എം ജി രാധാകൃഷ്ണനെ പലരും കുറ്റപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ അച്ഛനായ സഖാവ് പി ഗോവിന്ദപിള്ളയുമായി പേര് പറഞ്ഞും താരതമ്യപ്പെടുത്തിയുമൊക്കെയാണ്.
ഞാൻ ഏറ്റവും ബഹുമാന ആദരങ്ങളോടെ കണ്ടറിഞ്ഞ സ്നേഹാദരങ്ങളോടെ കേട്ടും സംവേദിച്ചതുമായ മാനവികവാദിയും തികഞ്ഞ ജനായത്ത കമ്മ്യുണിസ്റ്റ് പണ്ഡിതനായിരുന്നു സഖാവ് പി ജി.
ഞങ്ങൾ കണ്ട സമയത്തൊക്കെ എനിക്കും അദ്ദേഹത്തിനും പ്രിയപ്പെട്ട വിഷയങ്ങളായ അന്താരാഷ്ട്ര കാര്യങ്ങളും ലിങുസ്റ്റിക്‌സും ലിബറേഷൻ തിയോളേജിമാണ് കൂടുതൽ സംസാരിച്ചിട്ടുള്ളത്. അദ്ദേഹമാണ് ഡോ പൗലോസ് മാർ ഗ്രീഗോറിയസിന്റെ ജീവ ചരിത്രം എഴുതിയത്. വലിയ പണ്ഡിതനും ലിബറേഷൻ തിയോളേജിയോട് ആഭിമുഖ്യമുള്ള ഒരാളുമായ പൗലോസ് മാർ ഗ്രിഗോറിയസ്സിനുള്ള ഗുരു ദക്ഷിണയായാണ് ആ പുസ്തകം എഴുതിയത് എന്ന് ആമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അതിന്റ ആദ്യ കോപ്പികളിൽ ഒന്ന് അദ്ദേഹത്തിന്റെ കൈഒപ്പോടു കൂടി തന്നത് ഇപ്പോഴും സൂക്ഷിച്ചു വച്ചിരിക്കുന്നു.
പി ജി യോട് സ്നേഹാദരങ്ങൾ തോന്നിയത് അദ്ദേഹം ഒരു പണ്ഡിതൻ മാത്രം ആയതു കൊണ്ടല്ല. അദ്ദേഹത്തപ്പോലെയോ അതിലധികമോ പാണ്ഡ്യത്യമുള്ളവരെ അറിയാം.
സമീർ അമീനുമായി ഒരു പാട് പ്രാവശ്യം സംവേദിക്കുവാനും അടുത്തു ഇടപഴകാനും അവസരം കിട്ടിയിട്ടുണ്ട്. അത് പോലെ നിയോ ലിബറലിസത്തിന്റ കടുത്ത വിമര്ശകരായ ഡേവിഡ് ഹാർവിയുമായും മാർട്ടിൻ ഖോറുമായും അടുത്തു സുഹൃത്തായ വാൾഡെൻ ബെല്ലോയുമായൊക്കെ സംവേദിക്കും.
പ്രായമായിരിക്കുമ്പോഴും പി ജി ഇവരുടെ ഒക്കെ പുസ്തങ്ങൾ വായിച്ചു ഓരോന്നിനെ കുറിച്ചും നിലപാട് എടുക്കും. വല്ലപ്പോഴും വീട്ടിൽ ചെന്നു കാണുമ്പോൾ അദ്ദേഹം ചർച്ച ചെയ്തത് പുസ്തങ്ങളും അറിവുകളുമാണ്. ഒരിക്കൽ ഒരു മണിക്കൂറോളം ചോംസ്കിയുടെ ഭാഷ ശാസ്ത്രത്തെകുറിച്ചും സൈദ്ധ്യാന്തിക നിലപാടുകളെകുറിച്ചുമാണ് സംസാരിച്ചത്.
അവസാന കാലത്തു വായിക്കാൻ പ്രയാസപ്പെട്ടു അക്ഷരങ്ങൾ വലുപ്പത്തിൽ കാണാൻ സാധിക്കുന്ന ഒരു ബുക്ക്‌ റീഡിങ് ഡിവൈസ് കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ സന്തോഷം കണ്ടത് ഇപ്പോഴും ഓർമ്മയുണ്ട്.
പുസ്തകങ്ങളെ സ്നേഹിച്ച ഒരാൾ എന്നതിൽ ഉപരി മനുഷ്യരെ സ്നേഹിച്ചയാൾ എന്നതാണ് പി ജി യെ മനസ്സിൽ നിറച്ചു നിർത്തുന്നത് .
ഒരു പണ്ഡിതൻ എന്നതിലുപരി പി ജി യെ സ്നേഹിച്ചത് അദ്ദേഹം അടിമുടി സ്നേഹം ഉള്ള ഒരു മനുഷ്യനാണ് എന്നതായിരുന്ന്.
അതിനു കാരണം അദ്ദേഹത്തിന്റെ വളരെ ഉയർന്ന മാനവിക ജനായത്ത ബോധമാണ്. വിജ്ഞാനത്തോടുള്ള താല്പര്യം പോലെ മനുഷ്യരെ അറിയുവാൻ ഇത്രയും താല്പര്യമുള്ള അധികം പേരെ കണ്ടിട്ടില്ല.
അദ്ദേഹത്തിന്റെ ഉള്ളിന്റെ ഉള്ളിൽ എല്ലാ പുതിയ കാര്യങ്ങളും ജിജ്ഞാസയോടെ കാണുന്ന ഒരു കൊച്ചു കുട്ടിയുടെ നൈർമ്മല്യമാണ്. അദ്ദേഹത്തോട് ഏറ്റവും സ്നേഹാദരങ്ങൾ തോന്നിയത് അതുകൊണ്ടാണ് . ഹൃദയത്തിൽ സ്നേഹം സൂക്ഷിച്ച ഒരു കമ്മ്യുണിസ്റ്റുകാരൻ.
അത് പോലെ വ്യത്യസ്ത വീക്ഷണങ്ങളോടെയുള്ള സഹിഷ്ണുത. പ്രായഭേദ പാർട്ടി ഭേദമന്യേ എല്ലാ മനുഷ്യരോടും സ്നേഹ ബഹുമാനങ്ങളോട് എൺപത് വയസ്സിലും ഇടപെടുന്ന ഒരാൾ.
അദ്ദേഹത്തിന്റെ കമ്മ്യൂണിസം മാനവികതയുടെയും ജനായത്ത ബോധത്തിന്റെയും ജീവിതം കൊണ്ടുള്ള അടയാളപ്പെടുത്തലായിരുന്നു. ഭരണ അധികാരങ്ങളിൽ നിന്ന് അല്പം അകലെ മാറി നടന്ന ഒരാൾ.
ഭരണ അധികാര സന്നാഹ സുഖ സൗകര്യങ്ങളെ ആശ്ലേഷിക്കാതെ നടന്ന ഒരാൾ. നിയോ ലിബറലിസത്തിന്റെ അമാനവികതയെ തിരിച്ചറിഞ്ഞു വിമർശിച്ച ഒരാൾ.
പ്രത്യയശാസ്ത്രപരമായി ഏറ്റവും അങ്ങേ ചേരിയിൽ ആയിരുന്ന പി പരമേശ്വരനോട്പോലും ഏറ്റവും അടുത്ത സുഹൃത്താവാനുള്ള മാനസിക ഒന്നത്യം. ആരോടും ശത്രുത മനോഭാവം പുലർത്താതെ ആരോടും വിധേയത്വം ഇല്ലാതെ ജീവിച്ചയാളായിരുന്നു.
മനസ്സിൽ തോന്നിയ കാര്യങ്ങൾ സത്യ ശാന്തമായി പറയാൻ അദ്ദേഹത്തിന് ആർജവം ഉണ്ടായത് അദ്ദേഹം പാർട്ടിയിലോ ഭരണത്തിലോ സ്ഥാനമാന കാംഷിയോ അല്ലെങ്കിൽ അധികാര മോഹിയോ അല്ലാത്ത യഥാർത്ഥ മാനവിക ജനായത്ത കമ്മ്യുണിസ്റ്റ് മൂല്യങ്ങൾ ആന്തരവൽക്കരിച്ച മനുഷ്യ സ്നേഹി ആയിരുന്നതിനാലാണ്
അദ്ദേഹത്തിന്റെ ജനായത്ത മാനവിക ബോധമുള്ള, ശത്രു പക്ഷത്തുള്ളവരെപ്പോലും സ്നേഹിക്കാൻ കഴിയുന്ന നേതാക്കളെ ഒരു മൈക്രോസ്കോപ്പ് വച്ചു നോക്കിയാലും ഇപ്പോൾ കാണില്ല.
പി ജി എന്ന് എല്ലാവരും വിളിക്കുന്ന പി ഗോവിന്ദപിള്ളയെപോലുള്ളവരെ അടുത്തു നിന്നും അകലെ നിന്നും കണ്ടാണ് കമ്മ്യുണിസ്റ്റ് പാർട്ടികളോട് ബഹുമാനം തോന്നിയത് . കാരണം ഏത് ആദർശ ആശയങ്ങളും ജീവിക്കുന്നതും മരിക്കുന്നതും മനുഷ്യരിൽ കൂടിയാണ്.
പി ജി യുടെ കമ്മ്യുണിസം അധികാര അഹങ്കാരങ്ങളുടെ ആൾരൂപങ്ങൾ അല്ലായിരുന്നു.
പി ജി യുടെ മകൻ എം ജി രാധാകൃഷ്ണനു അദ്ദേഹത്തിന്റെ രണ്ടു മൂന്നു ഗുണങ്ങൾ ഉണ്ട്.
അതിൽ ഒന്ന് കാര്യങ്ങൾ വായിച്ചു പഠിച്ചു സംവേദിക്കുന്നതാണ്. രണ്ടാമത്തത് ഉയർന്ന ജനായത്ത മാനവിക സംവേദന ക്ഷമതയാണ്. മൂന്നാമത്തത് മറ്റുള്ളവരിൽ ഉള്ള നന്മകൾ കാണാനുള്ള പ്രാപ്‌തി എന്നിവയാണ്.
സത്യത്തിൽ ഞാൻ ഏറ്റവും കൂടുതൽ വാദിച്ചതും പലതിലും വിയോജിച്ചതും എം ജി രാധാകൃഷ്ണനുമായാണ് . പക്ഷെ അത് എപ്പോഴും പരസ്പര സ്നേഹാദരങ്ങളോടെ രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള ഡയലോഗ് ആയിരുന്നു
പി ജി യിൽ നിന്ന് ഒരു പക്ഷെ അദ്ദേഹം പഠിച്ചത് ഈ ഡയലോജിക്കൽ കൾച്ചർ അധവാ സംവാദ- സംസ്കാരമായിരിക്കണം.
എനിക്ക് അറിയാവുന്ന എം ജി രാധാകൃഷ്ണൻ മാർക്സിസം നല്ലത്പോലെ അറിയാവുന്ന ലെഫ്റ്റ് ലിബറൽ ഹ്യൂമനിസ്റ്റാണ്. ആരെയും കൂസാതെ ഉള്ളത് പറയാൻ സാധാരണണയിൽ കവിഞ്ഞ ആത്മധൈര്യമുള്ളയാൾ.
ഭരണ അധികാരം ഐഡിയോളജിയായി മാറുമ്പോൾ അതിന്റ ഉപാസകർ ഏത് പാർട്ടിക്കാർ ആയാലും ആ അധികാര ഭരണ രൂപങ്ങളെ ചോദ്യം ചെയ്യുമ്പോൾ അസഹിഷ്ണുത കൂടുന്നത് സ്വാഭാവിക പരിണാമാണ് .
ഭരണ അധികാരത്തിനു ചുറ്റും കൂടുന്ന ഗുണ ഭോക്ത ആശ്രിത സമൂഹത്തിന്റെ ചോറാണ് സർക്കാർ കാര്യങ്ങൾ. സർക്കാർ ഭരണ അധികാരത്തിന്റെ തണലിൽ ജീവിക്കുന്നവർക്ക് സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ചാൽ പൊള്ളുന്നത് സ്വാഭാവികം.
അത് കൊണ്ടാണ് 'മുറപോലെയുള്ള' സർക്കാർ അധികാര സന്നാഹങ്ങളോട് ആരെങ്കിലും അകൗണ്ടബിലിറ്റി ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചിലർ അക്രമണോൽസുകാരാകുന്നത് . If you are not with us, you are against us എന്ന് വരുത്തി ശത്രു പക്ഷത്താക്കി ആക്രമിക്കുന്നത്. അത് മാനവിക ജനായത്ത സംസ്കാരത്തിന് അകലെയുള്ള സംഘ ബല പ്രകടനമാണ്
ഏത് ആദർശങ്ങളും അധികാര രൂപങ്ങൾ ആകുമ്പോൾ ആദർശങ്ങൾ ആദ്യം പിൻവലിയും പിന്നെ പതിയെ പതിയെ ഇല്ലാതാകും . ഗാന്ധിയൻ ആദർശങ്ങളിൽ നിന്നും നെഹൃവിയൻ ജനായത്ത ആദർശങ്ങളിൽ നിന്നും അടിയന്തര അവസ്ഥയിലേക്കുള്ള ദൂരമാണത് . അത് എല്ലായിടത്തും അധികാര രൂപങ്ങൾക്ക് സംഭവിക്കുന്ന പരിണാമമാണ് . അതാണ് മാർകസിൽ നിന്ന് ഇന്നിലേക്കുള്ള ബഹുദൂരം.
പി ജി എന്നും അധികാരത്തിൽ നിന്നും അധികാര മോഹങ്ങളിൽ നിന്നും വഴിമാറി നടന്നു മനുഷ്യരെ അറിഞ്ഞു മനുഷ്യനായി ജീവിച്ചത് കൊണ്ടാണ് പി ജി യുടെ കമ്മ്യൂണിസത്തോട് അന്നും ഇന്നും സ്നേഹം. അദ്ദേഹത്തപോലുള്ളവരാണ് പലപ്പോഴും പലതിലും വഴികാട്ടികൾ
ലാൽ സലാം പി ജി എന്ന് പറയുന്നത് ഹൃദയത്തിൽ നിന്നാണ്.
സലാം എന്നതിന്റ അർത്ഥം സമാധാനം എന്നാണ് എന്ന് പലർക്കും അറിയാൻ വഴിയില്ല. ലാൽ എന്നത് എല്ലാ മനുഷ്യരിലും ഉള്ള ജീവന്റെ തുല്യ തുടിപ്പായ മാനവികതയുടെ നിറമാണ് എന്നും പലരും എന്നേ മറന്നു പോയിരിക്കുന്നു.
എല്ലാവർക്കും മാനവിക സമാധാനവും നനന്മകളും നേരുന്നു
ജെ എസ് അടൂർ
Methilaj MA, James Varghese and 406 others
77 comments
20 shares
Like
Comment
Share

No comments: