ഈസ്റ്റാംബൂളിലെ കാറ്റുകൾ പറഞ്ഞ കഥകൾ -4
ഹാഗി /ഹയ സോഫിയയുടെ അധികാരത്തിന്റെ നാൾ വഴികൾ.
പന്ത്രണ്ടു വർഷം മുമ്പാണ് ഹാഗി /ഹയ സോഫിയ ആദ്യം കണ്ടത്. പിന്നെ പല തവണ. ഓരോ തവണ കാണുമ്പോഴും ഞാൻ ഓർത്തത് ദൈവിക അധികാരത്തിന്റെ പേരിൽ എങ്ങനെയാണ് രാഷ്ട്രീയ അധികാരം മനുഷ്യനെ വരുതിയിൽ നിർത്തിയത് എന്നാണ്.
അതു അങ്കോർ വാട്ടിലെ ക്ഷേത്ര സമുച്ഛയങ്ങൾ കാണുമ്പോഴും കോളോനിലെ വൻ പള്ളി ഗോപുരങ്ങൾ കാണുമ്പോഴും വത്തിക്കാനിലെ രാജകീയ പ്രൗഢിയിൽ നിൽക്കുന്ന സെന്റ് പീറ്റേഴ്‌സ് ബസലിക്ക കണ്ടപ്പോഴും സ്പെയിനിലെ സേവിൽ പള്ളി കാണുമ്പോഴും മധുരയിലെ മീനാക്ഷി ക്ഷേത്രവും തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രം കാണുമ്പോഴും തോന്നിയിട്ടുണ്ട് .
അതു തന്നെയാണ് ഇൻഡോനേഷ്യയിലെയും ഇറാനിലെയും ദോഹയിലെയും ഭോപ്പാലിലെയും മോസ്ക്കുകൾ കണ്ടപ്പോഴും തോന്നിയത് . ബാങ്കോക്കിലെ മഹാ വാട്ടും യാങ്കൂനിലെ ഷ്വഡഗൺ പഗോഡയും അധികാര പ്രൗഢിയുടെ അടയാളങ്ങളാണ്.
ഇതൊക്കെ കാണാൻ പോകുന്നതിന് മുമ്പ് അങ്ങനെയുള്ള അധികാര അടയാളങ്ങളുടെ ചരിത്രം മാത്രം അല്ല വായിച്ചത്.ഇതിനൊക്കെ കാരണമായ അധികാരത്തിന്റെ രൂപ ഭേദങ്ങളും ഭാവംപകർച്ചകളുമാണ്. അതു കൊണ്ടു തന്നെ പുസ്തക ശേഖരത്തിൽ അധികമുള്ളത് മതങ്ങളുടെ ചരിത്രവും രാഷ്ട്രീയ അധികാര ചരിത്രവും സമൂഹ ചരിത്രവും ആശയങ്ങളുടെ ചരിത്രവുമാണ്.
ഹാഗി സോഫിയ പല പ്രാവശ്യം ഭൂകമ്പത്തിൽ കേടു പാടുകൾ വന്നപ്പോൾ അന്നന്നത്തെ ചക്രവർത്തിമാർ ഏറ്റവും നല്ല ആര്കിടെക്റ്റിനെ വച്ചു പുതുക്കി പണിതു.കൊണ്ടിരുന്നു. മാറി മാറി വന്ന ചക്രവർത്തി മാരുടെ ഐഡിയോളേജി അനുസരിച്ചു അതിൽ പലതരം മാറ്റങ്ങൾ വരുത്തി.
ജസ്റ്റീനിയൻ ചക്രവർത്തി 558 ലെ ഭൂകമ്പതിന്നു ശേഷം വീണ്ടും പുതുക്കിയ 562 ഡിസംബർ 23 നു കോൺസ്റ്റോന്റി നോപ്പിളിലെ അസ്ഥാന പാർത്രിയാർക്കീസ് യൂട്ടികിയോസാണ് കൂദാശ ചെയതത്. ആസ്ഥാന കവികൾ അന്ന് ലോകത്തിലെ ഏറ്റവും വലതും മനോഹരവുമായിരുന്ന ഹാഗി സോഫിയയെ കുറിച്ച് കവിതകൾ എഴുതി. ആ പള്ളിയാണ് ഇന്നുമുള്ളത്.
എന്നാൽ എട്ടാം നൂറ്റാണ്ടിൽ ലിയോ മൂന്നാമൻ ചക്രവർത്തി 726 ഇൽ ഹാഗി സോഫിക്കകത്തും പുറത്തുമുള്ള എല്ലാം പ്രതിമകളും വിഗ്രഹങ്ങളും നശിപ്പിച്ചു. നശിക്കപ്പെട്ടവയിൽ ഗ്രീക്ക് ദേവന്മാരുടേതും ക്രിസ്ത്യൻ പ്രതിമകളും ഉണ്ടായിരുന്നു. എട്ടും ഒമ്പതും നൂറ്റാണ്ടിൽ മൂന്നു പ്രാവശ്യമായുള്ള വിഗ്രഹഭഞ്ജക യത്നം ത്തിയോളേജിയിലും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഐഡിയോളേജിയിലും വന്ന മാറ്റമാണ്.
അതിനു ഒരു കാരണം പശ്ചിമ റോമാ സാമ്രജ്യം 476 തീർന്നു . അവസാനത്തെ ബാല ചക്രവർത്തിയായ പതിനാറുകാരൻ റോമുലസ് അഗസ്റ്റസിനെ പുറത്താക്കി, റോമാ സാമ്രജ്യത്തി വെളിയന്ന അപര വംശ ഒഡാസർ പിടിച്ചടക്കി.
പടിഞ്ഞാറൻ റോമാ സാമ്രജ്യം അഞ്ചാം നൂറ്റാണ്ടിൽ അവസാനിച്ചപ്പോഴും റോമിലെ ബിഷപ്പിന്റ സ്വാധീനം വളർന്നു. പടിഞ്ഞാറൻ റോമിലും റോമൻ സഭയിലും ഒദ്യോഗിക ഭാഷ ലാറ്റിൻ ആയിരുന്നു. എന്നാൽ കിഴക്കേ റോമാ സാമ്രാജ്യത്തിലെ ഭാഷ ഗ്രീക്ക് ആയിരുന്നു. അതു കൊണ്ടു അതിനെ ആറാം നൂറ്റാണ്ടു മുതൽ ബിസാന്റിയം സാമ്രജ്യം എന്നാണ് അറിയപ്പെട്ടത്.
ഈ അധികാര ഭാഷാ മാറ്റം ക്രിസ്തീയ സഭാ ചരിത്രത്തിലും ഭാഷയിലും സംഭവവിച്ചു. റോമിലെ ബിഷപ്പിന് ലാറ്റിനിൽ പിതാവ് എന്നർത്ഥംമുള്ള പോപ്പ് എന്ന് വിളിച്ചു. എന്നാൽ കോൺസ്റ്റോറ്റിനോപ്പിളിലും അന്ത്യോക്യയിലും അലക്‌സാന്ടറിയയിലും ഉള്ള ബിഷപ്പ്മാർക്ക് ഗ്രീക്കിൽ പിതാവ് എന്ന് അർത്ഥമുള്ള പാർത്രിയർക്കീസ് അധവാ പാട്രിയാർക്ക് എന്ന് വിളിച്ചു.
ഇതു ഭാഷപരമായ വ്യത്യാസം മാത്രം അല്ലായിരുന്നു. ബിസാന്റിയം ഓർത്തോഡക്‌സ് സഭയും റോമിലെ ലാറ്റിൻ സഭയും തമ്മിലുള്ള അധികാര വടംവലി കൂടി യായിരുന്നു
അതുകൊണ്ടു തന്നെ റോമിളുള്ള ബിഷപ്പിന്റെ എതിർപ്പിനെ വകവയ്ക്കാതെയാണ് എല്ലാം പ്രതിമകളും വിഗ്രഹങ്ങളും നശിപ്പിച്ചത്. അതിനു വേണ്ടി റോമിലെ സഭയോട് കൂറുള്ള കോൺസ്റ്റിനോപ്പിളിലെ ലാറ്റിൻ വിഭാഗക്കാരെ പീഡിപ്പിച്ചു
ഒൻപതാം നൂറ്റാണ്ടിൽ തുടങ്ങിയ ഉരസാലാണ് അവസാനം റോമിലെ ലത്തീൻ കത്തോലിക്കാ സഭയും കിഴക്കുള്ള ഓർത്തോഡക്‌സ് സഭയുമായി ഇന്നും നിലനിൽക്കുന്ന പിളർപ്പിന് ആധാരം . അടിസ്ഥാന കാരണം തിയോളേജിക്കും ഭാഷക്കും അപ്പുറമുള്ള അധികാര വടംവലികളാണ്.
ഹാഗി സോഫിയ 859 ലെ തീവെപ്പിൽ കുറെ തകർന്നു . അതു കഴിഞ്ഞു 869 ലെ ഭൂകമ്പത്തിലും. ഒമ്പതും പത്തും നൂറ്റാണ്ടിൽ ഭൂകമ്പത്തിൽ കേടു വന്ന പലതും പുതുക്കി.
ഏതാണ്ട് ഒമ്പതാം നൂറ്റാണ്ടോടെ റോമാ ബിസാന്റിയം സാമ്രജ്യത്തിന്റെ കീഴ്ക്കും വടക്കുമുള്ള ഭാഗങ്ങൾ മുസ്ലിം അധിനിവേശത്തിൽ കൈവിട്ടു. ഈജിപ്റ്റും സിറിയയുമൊക്കെ പോയതോട് കൂടി ബൈസാന്റിയം സാമ്രജ്യത്തിന്റെ സാമ്പത്തിക ശ്രോതസ്സും സൈനിക സ്വാധീനവും ക്ഷയിക്കാൻ തുടങ്ങി.
അപ്പോഴേക്കും ഹോളി റോമൻ എമ്പയർ എന്ന പേരിൽ ജർമൻ -ഇറ്റലിയും സമീപ പ്രദേശങ്ങളും കൂട്ടി പോപ്പ് ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ 800 ഇൽ ഷാർലെ മെൻ ചക്രവർത്തിയെ നിയമിച്ചു. നേരെത്തെ ചക്രവർത്തി മാരായിരുന്നു ബിഷപ്പുമാർക്ക് അംഗീകാര സാധുത നൽകിയെങ്കിൽ ഇവിടെ റോമിലെ പോപ്പാണ് രാഷ്ട്രീയ അധികാരത്തിനു സാധുത നൽകിയത്. ഒമ്പതാം നൂറ്റാണ്ടു മുതലാണ് റോമിലെ പോപ്പ് രാഷ്ട്രീയ ശ്കതിയായി മാറിയത്.
പടിഞ്ഞാറു ലാറ്റിൻ റോമൻ കത്തോലിക്ക് പോപ്പ് രാഷ്ട്രീയ ശ്കതിയായപ്പോൾ ബിസെന്റിയം രാജ്യത്തിന്റെ കിഴക്ക് വടക്ക് മുസ്ലിം രാജ്യങ്ങൾ രാഷ്ട്രീയ സൈനീക ശക്തിയായി
ഒമ്പതും പത്തും നൂറ്റാണ്ടിലെ രാഷ്ട്രീയ ബലാ ബലങ്ങൾ ഹാഗി സോഫിയയെയും ബാധിച്ചു. പലരും അവിടെ അഭയം തേടി. അകത്തും പുraത്തും സൈന്യങ്ങൾ കയറി ഇറങ്ങി. കൊലകൾ നടന്നു . കോൺസ്റാന്റിനോപ്പിളിൽ പലരും വിശ്വസിച്ചത് ഹാഗി സോഫിയിൽ ഉണ്ടായിരുന്ന ദൈവീക ശക്തി പോയതോടെ കൂടിയാണ് ബിസാന്റിയം സാമ്രജ്യം ക്ഷയിക്കാൻ തുടങ്ങിയതെന്നാണ്.
പതിനൊന്നാം നൂറ്റാണ്ടിൽ റോമിലെ പോപ്പ് സർവ്വ സാമ്രാജ്യത്തിലും ഭൂമിയിൽ എല്ലായിടവും ദൈവീക അധികാരമുള്ള കത്തോലിക് പോപ്പ് എന്ന് അവകാശപെട്ടെപ്പോൾ മുതൽ കിഴ്ക്കുള്ള ഓർത്തഡോൿസ് പട്രിയാർക്കുകൾ അംഗീകരിച്ചില്ല. അതു മാത്രം അല്ല ബൈസാന്റിയം സാമ്രജ്യത്തിലെ ലാറ്റിൻ പള്ളികൾ അടപ്പിച്ചു. ലത്തീൻ വിഭാഗക്കാരും ഓർത്തഡോൿസ് വിഭക്കാരും വർഗ്ഗീയ ലഹളകൾ പലയിടത്തും പതിവായി
1054 ഇൽ റോമിലെ പോപ്പ് അദ്ദേഹത്തിന്റെ പ്രതിനിധിയെ അയച്ചു കോൺസ്റ്റാന്റീനിലെ പെട്രയർക്കും അദ്ദേഹത്തിന്റെ വരുതിയിലാണ് എന്ന് വിജ്ഞാപനം ഇറക്കി. അവിടുത്തെ പാത്രിയർക്കീസിനെ സ്ഥാനം ഭ്രഷ്ട്ടനാക്കി. അതോടെ റോമിലെ കത്തോലിക്കാ സഭയും കിഴക്കുള്ള ഓർത്തഡോൿസ് സഭകളും ചരിത്രത്തിൽ വേർപിരിഞ്ഞു.
ഈ രാഷ്ട്രീയ പശ്ചാതലത്തിൽ വേണം പോപ്പിന്റ നേത്രത്വത്തിൽ 1096 മുതൽ കുരിശുയുദ്ധം തുടങ്ങിയത് കാണാൻ.
പോപ്പ് അർബൻ രണ്ടാമൻ തുടങ്ങിയ കുരിശു യുദ്ധം ഏതാണ്ട് 200 കൊല്ലം നീണ്ടു. അതു അവസാനിച്ചത് 1271 ഇൽ.
കുരിശുയുദ്ധത്തിന്റ പ്രധാന കാരണം യെരുശലേം മുസ്ലിം ഭരണ അധികാരത്തിൽ നിന്ന് പിടിച്ചെടുക്കക എന്നതായിരുന്നു . എന്നാൽ അതു കത്തോലിക്കാ പോപ്പിനെ അംഗീകരിക്കാത്തവരോട് കൂടിയുള്ള യുദ്ധംമായിരുന്നു . അത് കത്തോലിക്ക അധികാരത്തിന്റ പ്രകടനം കൂടിയായിരുന്നു.
നാലാം കുരിശു യുദ്ധത്തിൽ 1204 ഏപ്രിലിൽ ലാറ്റിൻ സൈന്യം കോൺസ്റ്റന്റോനോപ്പിളിൽ കയറി കൊള്ളയും കൊള്ളി വെപ്പും നടത്തി. അവിടെയുണ്ടായിരുന്ന ലാറ്റിൻ വിഭാഗക്കാരും കൂടി. ഒരാഴ്ച നീണ്ടു നിന്ന കൊള്ളയിലും കൊള്ളി വപ്പിലും കോൺസ്റ്റാന്റിനോപ്പിളിന്റെ അടിസ്ഥാനം ആദ്യമായ് ഇളകി.
തെരുവീഥികളിലും വീടുകളിലും ശവങ്ങൾ നിറഞ്ഞു. ഹാഗി സോഫിയയയിലും ചോര വീണു
രണ്ടു ക്രിസ്തീയ വിഭാഗങ്ങൾ തമ്മിൽ നടന്ന ക്രൂരമായ അധികാര മത്സരത്തിൽ ഹാഗി സോഫിയ ഓർത്തഡോൿസ് വിഭാഗത്തിൽ നിന്ന് പിടിച്ചെടുത്തു
ഹാഗി സോഫിയയിലെ വിലയേറിയ വസ്തുക്കൾ കൊള്ളയടിക്കപ്പെട്ടു. സ്വർണ്ണം വിളക്കുകളും വെള്ളി പത്രങ്ങളും വിലയേറിയ കലാരൂപങ്ങളും കൊള്ളയടിക്കപ്പെട്ടു.
1204 മുതൽ 1261 വരെ ഹാഗി സോഫിയ കത്തോലിക്കപള്ളിയായി
1204 ലോടെ ബിസെന്റിയം സാമ്രജ്യത്തിന്റ അവസാനം തുടങ്ങി.
കത്തോലിക്കാ പോപ്പിന്റ കല്പ്പനയിൽ ആദ്യമായി കോൺസ്റ്റോനോപ്പിൾ അതിന്റ ആയിരത്തിൽ അധികം വർഷത്തിന്റ അധികാര ചരിത്രത്തിൽ നിന്ന് പിടിച്ചെടുക്കപെട്ടു . ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ കൊള്ളയും കൊള്ളി വപ്പും കൊണ്ടാണ് ഏതാണ്ട് ഇരുന്നൂറിൽ അധികം വർഷം നിലനിന്നിരുന്ന അരിശം തീർത്തത് .
പഴയ റോമാ സ്മ്രജ്യത്തിന്റ നിഴൽ മാത്രമായ സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും ക്ഷയിച്ച നഗരത്തെ 1453 ഇൽ പിടിച്ചെടുക്കാൻ ഒട്ടമാൻ വംശത്തിലെ 21 വയസ്സ് മാത്രമുള്ള മെഹ്മദിന് 54 ദിവസം വേണ്ടി വന്നത് ഏതാണ്ട് എണ്ണൂറു വർഷങ്ങൾകൊണ്ട് പണിത കോട്ടകൾ ഭേദിക്കേണ്ടി വന്നതിനാലാണ്
1453 മെയ് 29നു ലോക ചരിത്രം എന്നു എന്നേക്കുമായി മാറി ഏതാണ്ട് 1500 കൊല്ലം നിലനിന്നിരുന്ന റോമാ സാമ്രജ്യത്തിന് തിരശീല വീണു.
ഉസ്മാൻ (അതിൽ നിന്നാണ് ഉത്താമാൻ എന്ന് ടർക്കിഷ് പദവും പിന്നീട് ലാറ്റിൻ /ഇഗ്ളീഷിൽ ഓട്ടോമൻ എന്നുമായതു.) വംശത്തിന്റ നേതൃത്വത്തിൽ ഓട്ടോമൻ സാമ്രാജ്യത്തിന്റ സ്ഥാപനം നടത്തിയത് 21 കാരനായിരുന്ന മെഹമഡ് എന്ന യുവ തുർക്കി യായിരുന്നു.
കുരിശുയുദ്ധക്കാർ നടത്തിയ അത്രയും കൊള്ളയും കൊള്ളി വപ്പും കൊലയും മെഹമ്മദ് നടത്തിയില്ല . പക്ഷെ ഹാഗി സോഫിയയ വീണ്ടും കൊള്ളയടിക്കപ്പെട്ടു
കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതിനു മൂന്നാം ദിവസം അവിടെ പോയി പുതിയ ചക്രവർത്തി പ്രാർത്ഥിച്ചു
അധികാരം മാറിയപ്പോൾ വീണ്ടും ഓർത്തഡോൿസ് ബസ്സലിക്കാ ഓട്ടോമൻ സാമ്രാജ്യത്തിലെ ആസ്ഥന മോസ്ക് ആയി മാറി.
അതു ഇതു വരെ നിലനിന്നതിന് ഒരു കാരണം ഓട്ടോമൻ ചക്രവർത്തിമാർ അതു പരിരക്ഷിക്കുവാൻ പ്രത്യേകം എൻഡോവ്മെന്റ് ഉണ്ടാക്കിയതിനാലാണ്
ഒന്നാം ലോക മഹായുദ്ധംത്തോടെ ഓട്ടോമാൻ സാമ്രാജ്യം അവസാനിച്ചു
ഹാഗി സോഫിയ മോസ്‌ക്കായി 1935 വരെ തുടർന്നു. 482 വർഷം.
അധിനിക സെക്കുലർ ജനാധിപത്യ വ്യവസ്ഥയിൽ പള്ളിയും പിന്നെ മോസ്‌കുമായ ഹാഗി സോഫിയ മ്യൂസിയമായി പരിണമിച്ചു.
21 നൂറ്റാണ്ടിന്റെ രണ്ടാം ദിശകത്തിൽ ജനായത്ത സംവിധാനത്തെ മത സ്വത വാദികൾ പുതിയ സാമ്പത്തിക സാമൂഹിക അരക്ഷിതാവസ്തയെ മുതലെടുത്തു ഭരണം പിടിച്ചെടുത്തു.
സാമ്പത്തിക സാമൂഹിക പ്രതിസന്ധിയിൽ സെക്കുലർ ഡെമോക്രസി എന്ന ആശയത്തെ തിരസ്കരിച്ച മത ദേശീയ ഭൂരിപക്ഷ സത്വ രാഷ്ട്രീയമുയർന്നു വന്നു. അതു ടർക്കിയിലും ഇന്ത്യയിലും അമേരിക്കയിലും ഏഷ്യയുടെയും യൂറോപ്പിന്റെയും വിവിധ ഭാഗങ്ങളിൽ സജീവമായി .
സെകുലർ ഡെമോക്രസിയുടെ പ്രതി സന്ധിയിലാണ് ഭൂരിപക്ഷ മത ദേശീയ രാഷ്ട്രീയ ഐഡിയോളേജി ഉപയോഗിച്ച് ഹാഗി സോഫിയ എന്ന മ്യൂസിയം വീണ്ടും മോസ്ക് ആയതു.
അങ്ങനെയുള്ള രാഷ്ട്രീയ മാറ്റത്തിന്റെ അടയാളമാണ് അയോദ്ധ്യയിലെ പുതിയ ക്ഷേത്രം പണിയും.
കാരണം മതം പിൻവാതിലിൽ നിന്ന് മുൻ വാതിലിൽ എത്തി നിൽക്കുകയാണ് . അതു ഭൂരിപക്ഷ അധികാര രാഷ്ട്രീയ പ്രയോഗത്തിന്റെ അധികാര അടയാളമാണ്
ഹാഗി സോഫിയ അധികാരത്തിന്റെ കഥയാണ് .
അതിന്റ വിശുദ്ധ ഭാവമാറ്റങ്ങളുടെടേതും ക്രൂര നിഷ്ട്ടൂരതയുടെയും കഥകളാണ്.
ദൈവത്തിന്റെ പേരിൽ മത സത്വങ്ങൾ ഉപയോഗിച്ചു മനുഷ്യരെ ഭരിച്ചത്തിന്റെ, ഭരിക്കുന്നതിന്റ അടയാള ചരിത്ര സ്മാരകമാണത്.
അവിടെ ദൈവമില്ല. ദൈവത്തിന്റെ പേരിൽ മനുഷ്യൻ കൂട്ടി വച്ച അധികാരത്തിന്റെ ശേഷിപ്പുകൾ മാത്രമാണുള്ളത്..
മാർക്സ് പറഞ്ഞത് ശരിയാണ് . മതം മനുഷ്യനെ മയക്കുന്ന കറുപ്പാകുന്നത് അതു ഉപയോഗിച്ചു മനുഷ്യരെ വരുതിയിലാക്കി ഭരിക്കുമ്പോഴാണ്
ജെ എസ് അടൂർ
No comments:
Post a Comment