Thursday, August 27, 2020

ഏണീയും പാമ്പും പോലുള്ള കൊണ്ഗ്രെസ്സ് കളികൾ

 ഏണീയും പാമ്പും പോലുള്ള കൊണ്ഗ്രെസ്സ് കളികൾ :

സചിൻ പൈലറ്റ് എവിടം വരെ പോകും.?
സചിൻ പൈലറ്റ് കോൺഗ്രസിലെ കളികൾ പഴയ ആചാര്യന്മാരിൽ നിന്ന് പഠിച്ചിട്ടില്ല എന്ന് വ്യക്തം.
കൊണ്ഗ്രെസ്സ് എന്ന പാർട്ടിയുടെ ഡി എൻ എ യിൽ ഏതാണ്ട് നൂറു വർഷത്തിൽ അധികമായി ഗ്രൂപ്പ് സമവാക്യ രാഷ്ട്രീയ കിടമത്സരമാണ് ഉള്ളത്.
ഒരു പരിധിവരെ ഗ്രൂപ്പ് രാഷ്ട്രീയ കിട മത്സരങ്ങളാണ് ആ പാർട്ടിയെ പ്രായേണ ജനായത്ത വേദികളാക്കിയത്. പരസ്പരം വിമർശിച്ചു, പാര വച്ച്, കൊടുത്തും കൊണ്ടും കണ്ടും കൈ കൊടുത്തും അടികൂടിയും കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കുന്ന ഒരു പ്രതിഭാസമാണത്.
ഒരു പരിധി വരെ അത് ഒരു സിബിളിങ് റൈവലറിയാണ് . വീട്ടിനുള്ളിൽ സ്ഥിരം അടിപിടി. നാട്ടിലിറങ്ങിയാൽ മാന്യന്മാർ. ആരെങ്കിലും അവരെ അടിക്കാൻ വന്നാൽ ഒറ്റകേട്ട് . അതായിരുന്നു എത്രയോ വർഷങ്ങൾ ആയുള്ള ഏർപ്പാട് . ഇടക്കിടക്ക് ഒറ്റ കെട്ടായുള്ള സർവൈവൽ ഇന്സ്ടിക്ടിന്റാണ് അതിനെ പലയിടത്തും പിടിച്ചു നിർത്തിയത്.
ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു ഗ്രൂപ്പിസം ആശയപരമായിരുന്നെങ്കിൽ പിന്നെ പിന്നെ അത് ആമാശയപരമായി മാറി. ഭരണവും അധികാരവും രുചിച്ചു രുചിച്ചു അത് പലർക്കും ശീലമായി . പലർക്കും അതില്ലെങ്കിൽ ആകെ പ്രശ്നം. ചിലർക്ക് അതിന്റ അഡിക്ഷൻ മൂത്തു പാർട്ടി ഏതായാലും ഭരണ -വണ്ടി കിട്ടിയാൽ മതി എന്ന നിലയിലായി. പാർട്ടി മാറി, കിട്ടിയ ഭരണ വണ്ടി പിടിച്ചു
പലപ്പോഴും ഭരണ അധികാര മത്സരക്കളരിയിൽ ചിലർ അധികമൊന്നും കഷ്ട്ടപ്പെടാതെ ഗ്രൂപ്പ് ഗോഡ് ഫാദറിന്റ് കടാക്ഷ ആശിർവാദത്തിൽ പെട്ടന്ന് ലിഫ്റ്റിൽ കേറി മേല്പോട്ട് പോകും. ഒഴുക്കിനൊത്തു പോകും. സമയം നല്ലതാണെങ്കിൽ പിന്നെ പറയാനുമില്ല.
പക്ഷെ ഒറ്റ പ്രശ്നം അങ്ങനെ മേലോട്ട് പോയ വെള്ളത്തിലാശാന്മാർക്ക് പലപ്പോഴും വൻ ഒഴുക്കിൽ പിടിച്ചു നിൽക്കാൻ പറ്റില്ല. സംഗതി മൊത്തം പോകും
മുകളിൽ നിന്ന് താഴെ ഇറങ്ങുമ്പോൾ പലപ്പോഴും ഗ്രാസും ഇല്ല റൂട്ടും ഇല്ല. അണികൾ അവരുടെ പാട്ടിനു പോയി. അങ്ങനെയാണ് പല സംസ്ഥാനങ്ങളിലും പഴയ കൊണ്ഗ്രെസ്സ് വേരറ്റു പോയത്.
സച്ചിൻ പഠിച്ചത് വാർട്ടൻ സ്‌കൂളിലാണ്. പക്ഷെ അവിടെ നാടൻ അടി, പൂഴികാടൻ, അതുപോലെ കൂടെ കൂടി കണ്ടത്തിലെ ചേറിൽ തള്ളുന്നത് ഒന്നും പഠിപ്പിക്കില്ല. പാരവയ്പ്പുകളുടെ പകിട പന്ത്രണ്ടും പഠിപ്പിക്കില്ല. അവിടുത്തെ സ്ട്രാറ്റജി മാനേജമെന്റ് സർക്കാരിൽ പറ്റും. പാർട്ടിയിൽ തെറ്റും.
കൊണ്ഗ്രെസ്സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വെള്ളത്തിൽ ആശാന്മാരും പിന്നെ അതിനിടയിൽ വരുന്ന അലങ്കാര.മീനുകളുമാണ്. അലങ്കാര മീനുകളെ കാണാൻ ബഹു രസമാണ് . നോക്കിയാൽ മനോഹരം . അതിൽ തന്നെ സ്വർണ്ണ മീനുകൾ മിന്നി തിളങ്ങും. പക്ഷെ നല്ല മഴയും ഒഴുക്കും വന്നാൽ പിന്നെ പിടിച്ചു നിൽക്കാൻ പ്രയാസം.
കോൺഗ്രസിൽ മൂന്നു വിഭാഗമുണ്ട്. ഒന്നാമത്തേത് മണ്ണിൽ നടന്നു മണ്ണിൽ കിളിർത്തു വര്ഷങ്ങളെടുത്തു വളർന്നു വൻ വൃക്ഷങ്ങളായവർ.
വേരിറങ്ങി വളർന്നതിനാൽ സാധാരണ വൻ മഴയോ കാറ്റൊ, പ്രളയമോ ഉണ്ടായാലും അവർ പിടിച്ചു നിൽക്കും. ഒന്നോ രണ്ടോ കമ്പ് ഒടിഞ്ഞു വീണാലും അവർ നിവർന്ന് നിൽക്കും വീണ്ടും പച്ച പിടിക്കും. ആ ജനുസ്സിൽ പെട്ടതാണ് കെ കരുണാകരനും, ഉമ്മൻ ചാണ്ടിയും, ശരദ് പവാറും, വൈ എസ് ആറും, അമിരേന്ദര് സിങ്ങും ഗെലോട്ടും തമിഴ് നാട്ടിൽ ഉണ്ടായിരുന്ന കാമരാജുമെല്ലാം.
പിന്നെ ഉള്ളത് പൊങ്ങു തടികളാണ്. അവർ ഏത് മഴവന്നാലും പൊങ്ങി കിടക്കും . ഒഴുക്കിനൊത്തു പോയി കര കയറും . അവരാണ് സർവൈവേഴ്സ്. അവർ പിടിച്ചു നിൽക്കും.
പിന്നെ വള്ളികൾ, വളരുന്ന മരത്തിനു ചുറ്റും കയറും. ചിലർ കുരുമുളക് പോലെ ഫലം കായ്ച്ചു വില നേടും. ചിലർ വെറും ഇത്തിൾ കണ്ണികൾ. ചിലർ കിളികളായി കൂട് വക്കും. ചിലർ കമ്പിൽ വന്നിരുന്നു കുയിലിനെപ്പോലെ പാടും . ആ മരം നിൽക്കുന്നത് വരെ അവർ സുരക്ഷിതരായിരിക്കും.
പെട്ടന്ന് 26 വയസ്സിൽ ഒരാൾ എം എൽ എ യോ എം പി യോ ആകണമെങ്കിൽ അത് ഒന്നുകിൽ അവരുടെ സ്‌പെഷ്യൽ പ്രിവിലേജ് കൊണ്ടു, അല്ലെങ്കിൽ തോക്കും എന്നുറപ്പായ സീറ്റിൽ അട്ടിമറി വിജയം കൊണ്ടു .
ഈ സ്‌പെഷൽ പ്രിവിലേജ്‌ ജനനം കൊണ്ടോ പെട്രേനേജ് കൊണ്ടോ ആകാം. പലപ്പോഴും ഈ സ്‌പെഷൽ പ്രിവിലേജ് കാറ്റഗറികൾക്ക് അടിസ്ഥാന തലത്തിൽ ജന സമ്മതി ഒരു മണ്ഡലത്തിന് അപ്പുറം ഉണ്ടാകാനും ഉണ്ടാക്കാനും സാധ്യത കുറവാണ് . അതിൽ ചിലർ കുറെ വർഷങ്ങൾക്കുള്ളിൽ കാലപ്പഴക്കത്തിൽ പിടിച്ചു നിൽക്കും
സചിൻ പൈലറ്റ് ഉപ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു. കൂടെ ഉള്ളവരെയും രാജി വെപ്പിച്ചു അധികാരത്തിന് പുറത്തു ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ അയാളുടെ പൊളിറ്റിക്കൽ ഗ്രാഫ് പെട്ടന്ന് ഉയർന്നേനെ . ഭരണ അധികാരത്തിനു മാത്രം അല്ല രാഷ്ട്രീയം എന്ന മെസ്സേജ് കൊടുത്തു കോൺഗ്രസിൽ തന്നെ വെത്യസ്തനായേനെ.
ഇപ്പോൾ അയാൾ ചെന്ന് പെട്ടിരിക്കുന്നത് പഴയ കളിക്കാരനായ ഗെലോട്ടിന്റ കെണിയിലാണ്. സ്ഥാന മാനങ്ങൾ എല്ലാം പോയി ബാർഗൈനിങ് ഗ്രൗണ്ട് പോയി പെട്ടു പോയ അവസ്ഥയാണ്.
അയാൾ വേരിറങ്ങി വളർന്ന മരമാകൻ പ്രായം ആയില്ല. ഒരു ചെറിയ ചെടി മാത്രമാണ്. അല്ലെങ്കിൽ സ്വർണ്ണ മീൻ .
ഒരു പുതിയ പാർട്ടി ഉണ്ടാകണമെങ്കിൽ ആളും അർത്ഥവും വേണം . ഒരുപാടു വർഷങ്ങൾ ഗ്രാസ്റൂട്ടിൽ ആളുകളുടെ വിശ്വാസം പിടിച്ചു പറ്റണം പണം ഒരുപാടു വേണം. ആളുണ്ടെങ്കിൽ പണം ഉണ്ടാകും എന്നതാണ് മമത ബാനർജി കാണിച്ചത് .
ആളും പണവും റെഡ്‌ഡി ഐക്യ ദാർഢ്യവും ജയിലിൽ കിടന്നും തറയിൽ ഇറങ്ങി പദയാത്ര നടത്തിയും അച്ഛന്റെ മായാത്ത ലീഗസിയും കൊണ്ടാണ് ജഗൻ വീണ്ടും പിടിച്ചു കര കയറിയത്. അയാളുടെ റെസീലിയൻസ് അപാരമാണ്.
കക്ഷി രാഷ്ട്രീയവും തിരെഞ്ഞെടുപ്പ് രാഷ്ട്രീയവും ഒരു ഹൈ റിസ്ക് ഹൈ റിട്ടേൺ ഗെയിമാണ്. പക്ഷെ അതിൽ പിടിച്ചു നിൽക്കണമെങ്കിൽ അത്യാവശ്യം വേണ്ടതാണ് ക്ഷമയും സഹന ശക്തിയും. പേഷ്യന്സും റേസിലിയൻസും. ഇതു രണ്ടും ഇല്ലാത്തവർക്ക് അവിടെ പിടിച്ചു നിൽക്കാൻ പ്രയാസമാണ്.
കക്ഷി രാഷ്ട്രീയവും തിരെഞ്ഞെടുപ്പ് രാഷ്ട്രീയവും മാരത്തോൺ ആണ്. സ്പ്രിന്റ് അല്ല. ഒരു ഇരുപത് കൊല്ലത്തെ എങ്കിലും വീക്ഷണവും കാഴ്ചപ്പാടും ഇല്ലാത്തവർ ദാ വന്നു ദേ പോയി എന്നത് പോലെ ആകാനാണ് സാധ്യത
ഓരോ സംസ്ഥാനത്തും രാജ്യത്തും വ്യത്യസ്തമായ രാഷ്ട്രീയ സംസ്കാരമാണുള്ളത്. ഇന്ത്യയിൽ അതിനു ജനായത്തം എന്നൊക്ക പറയുമെങ്കിലും ഇവിടെ ഇപ്പോഴും ജാതി മത സമവാക്യങ്ങളും സെമി ഫ്യുഡൽ സംസ്കാരവും രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണ്.
കൊണ്ഗ്രെസ്സ് രാഷ്ട്രീയം ഏണിയും പാമ്പും പോലുള്ള ഒരു കളിയാണ്. സചിൻ പൈലറ്റ് ഏണിയിൽ കയറി മേലോട്ട് പെട്ടന്ന് പോയി. ഗെലോട്ട് വിദഗ്‌ധമായി അദ്ദേഹത്ത പാമ്പിന്റ കളത്തിൽ എത്തിച്ചു .
ഇനി അറിയേണ്ടത്. അദ്ദേഹം സ്വർണ്ണ മീനാണോ, സ്പ്രിന്റിന്റ ആളാണോ . അതോ താഴെ ഇറങ്ങി വേരുപിടിച്ചു വളരാൻ ഉള്ള ക്ഷമയും സഹന ശക്തിയും വേണ്ട മാരത്തോൺ സ്റ്റാമിന ഉണ്ടോ എന്നാണ്
കൊണ്ഗ്രെസ്സ് പാർട്ടിയുടെ ഒരു വലിയ പ്രശ്നം അത് ജയിക്കുന്നവരുടെ ജയിക്കാൻ വേണ്ടി ജനിച്ചവരുടെ പാർട്ടി ആയി മാറി എന്നതാണ് .
അവിടെ തോറ്റു പോകുന്നവരെ ആരും മൈൻഡ് ചെയ്യില്ല. ജയിക്കുക എന്ന ഐഡിയോളേജി വളരുമ്പോൾ തോറ്റു പോകുന്നവർക്ക് പിടിച്ചു നിൽക്കാൻ പാട് എന്നുള്ളത് കൊണ്ടാണ് പലപ്പോഴും അവരിൽ ഒരുപാടു പേർ അക്കരെപച്ചകൾ തേടുന്നത് .
സിന്ധ്യയ്ക്ക് സംഭവിച്ചത് അതാണ്. തോറ്റ സിന്ധ്യയുടെ സെൻസെക്സ് കോൺഗ്രസിൽ ഇടിഞ്ഞു. അപ്പോൾ അയാൾ അക്കരെ പച്ച നോക്കിപ്പോയി.
സചിൻ എങ്ങോട്ട് എവിടം വരെ പോകും എന്നാണ് കണ്ടറിയേണ്ടത്
ജെ എസ് അടൂർ
James Varghese, Sreejith Krishnankutty and 248 others
28 comments
11 shares
Like
Comment
Share

No comments: