Tuesday, August 25, 2020

ബുക്ക്‌ ഡയറി -പുസ്തക പരിചയം സമൂഹം, സമ്പത് വ്യവസ്‌ഥ, ധനകാര്യം

 ബുക്ക്‌ ഡയറി -പുസ്തക പരിചയം

സമൂഹം, സമ്പത് വ്യവസ്‌ഥ, ധനകാര്യം
ഈ ആഴ്ചയിൽ വായിച്ച രണ്ടു പുസ്തകങ്ങൾ:
1)സമൂഹം, സമ്പത് വ്യവസ്‌ഥ, ധനകാര്യം: തിരെഞ്ഞെടുത്ത ലേഖനങ്ങൾ. (215 പേജ് )
2)കേരള ധനകാര്യം : ജനപക്ഷത്തു നിന്ന് ഒരു പുനർ വായന. (152 പേജ് (
രണ്ടു പുസ്തകങ്ങളും എഴുതിയത് ജോസ് സെബാസ്റ്റ്യൻ എന്ന പൊതു ധനകാര്യ ഗവേഷകനാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് (GIFT) ആൻഡ് ടാക്‌സേഷനിൽ നിന്ന് പ്രൊഫസറായി വിരമിച്ചയാളാണ് ഡോ ജോസ് സെബാസ്റ്റ്യൻ
Jose Sebastian
. കേരളത്തിലെ പൊതു ധനകാര്യ വിഷയങ്ങൾ നിരന്തരം പഠിച്ചു കൊണ്ടിരിക്കുന്ന ചുരുക്കം ചില ഇക്കോണമിസ്റ്റുകളിൽ ഒരാൾ.
അദ്ദേഹത്തിന് ബോധിച്ച കാര്യങ്ങൾ വിവരങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ തുറന്നു പറയും ആർക്ക് ഇഷ്ട്ടപെട്ടാലും ഇല്ലെങ്കിലും. .ആർക്കും സ്തുതി പാടാൻ പോകുന്ന പ്രകൃതമല്ല. യൂ ഡി എഫ് ഭരിച്ചാലും എൽ ഡി എഫ് ഭരിച്ചാലും. അതു കൊണ്ടു കൂടിയാണ്, ഗവേഷണം വൈദഗ്‌ധ്യവും അക്കാഡമിക് യോഗ്യതകളുമുള്ള ജോസ് ഒരു സർക്കാർ ഗവേഷണ കേന്ദ്രങ്ങളിലും ഡയറക്ടർ ആകാതിരുന്നത് .
'കേരള ധനകാര്യം : ജന പക്ഷത്തു നിന്ന് ഒരു പുനർ വായന ' കേരളത്തിലെ പൊതു ധനകാര്യവും ബജറ്റ് പ്രക്രിയകളെ കുറിച്ചുമുള്ള പതിമൂന്ന് ലേഖനങ്ങളാണ്. കേരളത്തിലെ ബജറ്റ് വിശകലനവും പ്രക്രിയകളെ കുറിച്ചുള്ള പുസ്തകങ്ങൾ മലയാളത്തിൽ അധികം കണ്ടിട്ടില്ല .
ഇഗ്ളീഷിലും മറ്റുമുള്ള അക്കാഡമിക് പഠനങ്ങൾ മിക്കവാറും സാധാരക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ അല്ല . പലപ്പോഴും പല അക്കാദമിക് ഗവേഷകരും എഴുതുന്ന വായിക്കുന്നത് ആ മേഖലയിൽ തന്നെയുള്ള ചുരുക്കം വരുന്ന മറ്റു ഗവേഷകരാണ്.
അത്കൊണ്ടു തന്നെ പലപ്പോഴും ബജറ്റും ബജറ്റ് വിശകലനവും അക്കാദമിക് വിദഗ്‌ധർ അവർക്കു വേണ്ടി നടത്തുന്ന ഒരു ഏർപ്പാടായാണ് തോന്നിയിട്ടുള്ളത്.
ഏതാണ്ട് മുപ്പതു കൊല്ലം മുമ്പാണ് ബജറ്റ് : അസ് ഇഫ് പീപ്പിൾ മാറ്റർ എന്ന പുസ്തകം ഞാൻ എഴുതിയത്. അതിൽ ബജറ്റ് ജനങ്ങൾക്ക് വേണ്ടിയാണ് എന്നും. അത് കൊണ്ടു ബജറ്റ് ഒരു രാഷ്ട്രീയ പ്രക്രിയയാണ് എന്നുമാണ് വാദിച്ചത് .
ബജറ്റ് ആര് എങ്ങനെ ആർക്കു വേണ്ടിയുണ്ടാക്കുന്നുവെന്നും ബജറ്റിൽ ആരു പൈസ കൊടുക്കുന്നു എന്നും ഏത്ര കൊടുക്കുന്നു എന്നും എങ്ങനെ കൊടുക്കുന്നു എന്നും എങ്ങനെ ചെലവാക്കുന്നു എന്നതും രാഷ്ട്രീയ പ്രക്രിയയും രാഷ്ട്രീയ കാഴ്ചപ്പാടുകൾ അനുസരിച്ചു മാറും . അത് കൊണ്ടു തന്നെ ബജറ്റ് സുതാര്യതയും ബജറ്റ് അകൗണ്ടബിലിറ്റിയും ജനായത്ത ഭരണ പ്രക്രിയക്ക് അത്യാവശ്യമാണ് .
അങ്ങനെയാണ് ഡൽഹിയിൽ സെന്റർ ഫോർ ബജറ്റ് ആൻഡ് ഗവര്ണസ് അകൗണ്ടബിലിറ്റി ഞങ്ങൾ തുടങ്ങിയത്. അതിന്റ ആദ്യ ഡയരക്ടറായി ചുമതല ഏറ്റെടുത്തപ്പോൾ ചെയ്തത് ബജറ്റ് വിവിരങ്ങൾ സാധരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു കൊടുക്കുക എന്നതായിരുന്നു. ഇന്നത് ഇന്ത്യയിലെ പ്രധാന ജനോപകാര ഗവേഷണ പഠന കേന്ദ്രമാണ് .
ജോസ് സെബാസ്റ്റ്യന്റെ ലേഖനങ്ങളുടെ പ്രത്യേകത സങ്കീർണ പദങ്ങൾ അഥവാ അക്കാഡമിക് ജാർഗൻ ഒന്നും ഇല്ലാതെ സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ കൃത്യമായ വിവിരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ധനകാര്യ സ്ഥിതി ചർച്ച ചെയ്യുന്നു എന്നതാണ് .
ആദ്യ അധ്യായം 'കേരള ധനകാര്യം മനസ്സിലാക്കുവാൻ 'ഒരു ചട്ടകൂട് എന്നതാണ് . പന്ത്രണ്ടാം അധ്യായം 'നീതിയിൽ അധിഷ്ഠിതമായ ധനകാര്യ ചട്ടകൂടെ ' എന്നാണ്.
ഇതിനിടയിൽ കേരളത്തിന്റെ വരുമാന ശ്രോതസ്സുകളെയും ചിലവാക്കുന്ന രീതികളെയും വിമര്ശനാത്മകമായി വിശകലനം ചെയ്യുന്നു . ഭാഗ്യക്കുറിയും മദ്യവുമൊക്കെ ഏറ്റവും കൂടുതൽ വാങ്ങിക്കുന്നത് കേരളത്തിലെ സാമ്പത്തിക ശേഷി കുറിഞ്ഞവരാണെന്നും അവരാണ് യഥാർത്ഥത്തിൽ പല തരത്തിൽ സർക്കാരിന് കൂടുതൽ പണം കൊടുക്കുന്നതുമെന്ന ജോസിന്റെ വാദത്തിൽ കാര്യമുണ്ട്
കേരളത്തിന്റെ പൊതു കടവും കമ്മിയും കൂടി കൂടി കേരളം കടക്കെണിയിലേക്ക് പോകുകയാണ് എന്ന് എല്ലാവരെയും വീണ്ടും ഓർമ്മിപ്പിക്കുന്നു
ഈ പുസ്തത്തിലെ മിക്കവാറും ലേഖനങ്ങൾ മാതൃഭൂമി പോലുള്ള പത്രങ്ങൾക്കും മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കും വേണ്ടി എഴുതിയതാണ്
എന്തായാലും ഈ പുസ്തകം കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകർക്കും എം എൽ എ മാർക്കും പത്ര പ്രവർത്തകർക്കും ബജറ്റിൽ താല്പര്യമുള്ളവർക്കും പ്രയോജനപ്പെടും
രണ്ടാമത്തെ പുസ്തകത്തിന്റെ പ്രതിപാദന വിഷയങ്ങൾ കുറച്ചു കൂടി വിപുലമാണ് .
" സമൂഹം, സമ്പത് വ്യവസ്‌ഥ, ധനകാര്യം 'എന്നീ വിഷയങ്ങളിലുള്ള 38 ലേഖനങ്ങളാണ് പ്രസ്തുത പുസ്തത്തിന്റ അവതാരിക എഴുതിയിത് ജോസിന്റെ പി എച് ഡി ഗവേഷണം മാർഗ്ഗ നിർദേശി ആയിരുന്ന പ്രൊഫസർ എം എ ഉമ്മനാണ്.
ഈ പുസ്തകം ഒരു തലത്തിൽ സാമൂഹിക വിമർശനവും മറ്റൊരു തലത്തിൽ പൊതു കാര്യ നയങ്ങളെ ജന പക്ഷത്തു നിന്നുള്ള കാഴ്ചപ്പാടുകളുമാണ്.
കേരളത്തിൽ എല്ലാവർക്കും തെറ്റാണ് എന്ന് അറിയാവുന്ന ഒരു ഏർപ്പാടിനെകുറിച്ച് ജോസ് തുറന്നു എഴുതുന്നു
"ദൈവത്തിനും മനുഷ്യർക്കും നിരക്കാത്ത വിധം എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടി അധ്യാപക തസ്‌തികൾ സൃഷ്ടിച്ചെടുക്കുന്ന അധാർമ്മികത കേരളത്തിലെ സമ്പന്ന സമുദായങ്ങൾ ചെയ്യുന്നതിന്റ കാരണം " വിശദീകരിക്കുന്നു.
അദ്ദേഹത്തിന്റെ സാമൂഹിക വിശകലനങ്ങളിൽ കേരളത്തിലെ കക്ഷി രാഷ്ട്രീയത്തിന്റെ സാമൂഹിക മനസ്ഥിതികളും ചൂണ്ടി കാണിക്കുന്നുണ്ട്
" പാർട്ടി ഗ്രാമങ്ങൾ പോലുള്ള പ്രാകൃത സമ്പ്രദായങ്ങൾ നിസ്സഹായതയിൽ നിന്ന് ഉടലെടുക്കുന്നതാണ്. സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാനുള്ള അവസരമുണ്ടെന്ന് വന്നാൽ ഇവ നൽകുന്ന വ്യാജമായ സുരക്ഷിതത്വ ബോധം വലിച്ചെറിയാൻ ജനങ്ങൾ തയ്യാറാകും '
കേരളത്തിലെ സാമ്പത്തിക അവസ്ഥയിലും ധനകാര്യ പ്രക്രിയയയിലും പൊതു കാര്യ നയങ്ങളിലും താല്പര്യമുള്ളവർക്ക് പ്രയോജനപ്രദമായ പുസ്തകങ്ങളാണ്. അദ്ദേഹം പറഞ്ഞ പലതിനോടും യോജിക്കാം വിയോജിക്കാം . ഇത്രയും ലളിതമായി ഗഹന പോളിസി -ബജറ്റ് കാര്യങ്ങൾ ലളിതമായി വിവരിക്കുന്നത് കൊണ്ടു വായന സുഖമുള്ള പുസ്തകങ്ങളാണ്
തിരുവനന്തപുരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രൈസ് കൾച്ചർ ആൻഡ് ഓൺട്രപ്രനർഷിപ്പ് ഡവലപ്പ്മെന്റ് (IECED)പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്.
സമൂഹം, സമ്പത് വ്യവസ്‌ഥ, ധനകാര്യം : 250 രൂപ . കേരള ധനകാര്യം എന്ന പുസ്തകത്തിനു 200 രൂപയാണ് വില.
ആവശ്യമുള്ളവർക്ക് താഴെകാണിച്ചിരിക്കുന്ന ഈ മെയിലിലോ നമ്പറിലോ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാം
info@iecedkera. org
9947924874
ജെ എസ് അടൂർ
Sajan Gopalan, Anilkumar Manmeda and 110 others
23 comments
10 shares
Like
Comment
Share

No comments: