Tuesday, August 25, 2020

പെൻഷൻ കാര്യം -5 സാമ്പത്തിക അവസ്ഥയും പെൻഷനും : നോർവെയും ഇന്ത്യയും

 പെൻഷൻ കാര്യം -5

സാമ്പത്തിക അവസ്ഥയും പെൻഷനും : നോർവെയും ഇന്ത്യയും
ലോകത്തിലെ ഏറ്റവും നല്ല പെൻഷൻ സ്‌കീം ഉള്ള രാജ്യങ്ങളാണ് നെതര്ലന്ഡ്, ഫിൻലൻഡ്‌, സ്വീഡൻ, ഓസ്ട്രേലിയ, നോർവേ എന്നി രാജ്യങ്ങൾ.
ഇവിടെയെല്ലാം ഒരു ബേസിക് മിനിമം പെൻഷനുണ്ട്.
ഈ രാജ്യങ്ങൾക്കുള്ള പ്രത്യേകത ജന സംഖ്യ കുറവ്, ജന സാന്ദ്രത കുറവ്, സാമ്പത്തിക വളർച്ച കൂടുതൽ, തദ്ദേശീയരായവർക്ക് ജോലി സാധ്യത കൂടുതൽ, പ്രതിശീർഷ വരുമാനം കൂടുതൽ. ഇതെല്ലാം പെൻഷൻ സിസ്റ്റത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.
ഇതിൽ ഞാൻ ജീവിച്ചിട്ടുള്ള രാജ്യം നോർവേയാണ്.
നോർവേയിൽ ഇപ്പോഴുള്ള ജനസംഖ്യ 54 ലക്ഷത്തിൽ പരമാണ്. ഏകദേശം കേരളത്തിന്റെ എട്ടിരട്ടി വലിപ്പം. ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 15 പേർ. അത് കേരളത്തിൽ 859 പേരാണ് .
നോർവേയിലെ പ്രതിശീര്ഷക വരുമാനം 2019 ഇൽ 77, 975 US ഡോളറാണ്. ഇന്ത്യയിൽ അത് 2, 338 ഡോളറാണ്. കേരളത്തിൽ അത് 3, 200 ഡോളറാണ് . അത് ദേശീയ ശരാശരിയെക്കാൾ കൂടിയത് വിദേശത്ത് നിന്നുള്ള റെമിറ്റൻസ് കൂടിയത് കൊണ്ടാണ് .
നോർവേയിൽ വരുമാനം ഉള്ളവർ എല്ലാം ടാക്സ് കൊടുക്കണം. മിനിമം ടാക്സ് 22% മാനമാണ്. അത് വരുമാനം അനുസരിച്ചു കൂടിക്കോണ്ടിരിക്കും. 38% വരെ പോകും. നോർവേയിൽ ടാക്സ് വെട്ടിക്കാൻ ഒക്കില്ല എന്ന് തന്നെ പറയാം. കടകളിൽ നിന്നൊക്കെ ഏത്ര വരുമാനം ഏത്ര ടാക്സ് എന്ന് അറിയാനുള്ള കൃത്യമായി അറിയാനുള്ള സംവിധാനമുണ്ട്
നോർവേയിൽ ടാക്‌സിന് രണ്ടു ഭാഗങ്ങളുണ്ട്. കൊടുക്കുന്ന ഇൻകം ടാക്‌സിന്റ് 8.2% അപ്പോൾ തന്നെ സോഷ്യൽ സെക്യൂരിറ്റി ഫണ്ടിൽ പോകും. ഇതു ഒരു ഇൻഷുറൻസ് പ്രീമിയം പോലെയാണ്. പെട്ടെന്ന് തൊഴിൽ നഷ്ട്ടപെട്ട ഇടവേളകിൽ ജീവിത വേതനം. അത് പോലെ 67 വയസ്സ് കഴിഞ്ഞാൽ ജീവിക്കുവാൻ ആവശ്യമായ പെൻഷന്റെ ഒരു ഭാഗമൊക്കെ ഈ സോഷ്യൽ സെക്യൂരിറ്റി ടാക്സിൽ നിന്നാണ്
ഇന്ത്യയിൽ ഇൻകം ടാക്സ് കൊടുക്കുന്നത് 2.5% താഴെയാണ്. ഇന്ത്യയിൽ 90% ജോലി ചെയ്യുന്നവർ അസംഘടിത മേഖലയിലാണ് . ഇന്ത്യയിൽ ഏതാണ്ട് 75% ആളുകൾ ജീവിക്കുന്നത് പ്രതിദിനം രണ്ടു ഡോളറിൽ താഴെ വരുമാനത്തിലാണ്. ഇന്ത്യയിൽ ടാക്സ് കൊടുക്കുന്നത് ഭൂരിപക്ഷവും മാസം ശമ്പളമുള്ള സ്ഥിര.ജോലിക്കാരാണ്.
ഇന്ത്യയിൽ ടാക്സ് കൊടുക്കുന്നത് 2.5 ലക്ഷത്തിൽ കൂടുതൽ ടാക്സബിൾ വരുമാനം ഉള്ളവരാണ്. രണ്ടര ലക്ഷം മുതൽ 5 ലക്ഷം വരെ 5% ടാക്സ്. എല്ലാ ഡിഡകഷനും കഴിഞ്ഞു, പത്തു ലക്ഷത്തിൽ കൂടുതൽ ഇന്ത്യയിൽ ടാക്സബിൾ ഉള്ളവർക്ക് 30% ടാക്സ്.
ഇന്ത്യയിൽ ബഹു ഭൂരിപക്ഷവും ടാക്സ് കൊടുക്കുന്നത് മുപ്പത്തിനായിരത്തിലധികം മാസ ശമ്പളം വാങ്ങുന്നവരാണ്. ഏറ്റവും കാശുള്ള വർ എങ്ങനെയൊക്കെ ടാക്സ് കൊടുക്കാതിരിക്കാം എന്ന് ഗവേഷണം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ സർക്കാർ ജോലിക്കാർ എല്ലാം കൂടി ജോലി ചെയ്യുന്നവരുടെ 6.5 ശതമാനമാണ് .അവരിൽ തന്നെ പത്തു ലക്ഷത്തിൽ കൂടുതൽ വരുമാനം ഉള്ളവർ വളരെ ചെറിയ ശതമാനം മാത്രമാണ്.
അത് കൊണ്ടു തന്നെ ഇന്ത്യയിലെ പ്രധാന വരുമാനം എല്ലാ ദിവസവും എല്ലാവരെടെയും പോക്കറ്റ് അടിക്കുന്ന ഇൻഡയറക്ട്ട് ടാക്സണ് ഇതു പല പേരിലുണ്ട്.വിൽപ്പന നികുതി, വാറ്റ്, എന്റർടൈൻമെന്റ് ടാക്സ്, സെസ്, ജി എസ് റ്റി അങ്ങനെ പലതും. കേരളത്തിൽ മദ്യത്തിന്റ വിലയുടെ പല ഇരട്ടി ടാക്ട്‌ . പിന്നെ ഭാഗ്യക്കുറി. ഇതൊക്കെ താരതമ്യ വരുമാനം നോക്കുമ്പോൾ ടാക്സ് കൂടുതൽ കൊടുക്കുന്നത് ഈ രാജ്യത്തെ പാവപെട്ടരാണ്.
ലോകത്തിലെ ഏറ്റവും കുറഞ്ഞ ഡയറക്റ്റ് ഇൻകം ടാക്സ് ബേസ് ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ . നൂറു കണക്കിന് ഏക്കർ കൃഷിയുള്ളവർക്കു ടാക്സ് ഇല്ലാത്ത രാജ്യം. അതിനു ഒരു കാരണം നൂറു കണക്കിന് ഏക്കർ ഉള്ള മേല്ജാതിക്കാരുടെ ആൾക്കാരാണ് എന്നും ഭരണ അധികാരത്തിലുള്ളത്.
ലോകത്തിൽ ഏറ്റവും വലിയ പെൻഷൻ ഫണ്ട് നോർവെയുടെതാണു. അതിന്റെ വില ഒരു ട്രില്യൻ ഡോളറാണ് . അത് നോർവേ സോവറിൻ ഫണ്ടാണ്. ലോകത്തിലെ സ്റ്റോക്കിൽ 1.6 % നോർവേയുടേതാണ് .
നോർവീജിയൻ പെൻഷൻ ഫണ്ട് എന്നാണ് പേരെങ്കിലും ഇതു നോർവേ സർക്കാരിന് കിട്ടുന്ന ഓയിൽ വരുമാനമാണ്. നികുതി. റോയൽറ്റി. പൊതു മേഖല എണ്ണ കമ്പനിയിലെ ലാഭം . അത് മാനേജ് ചെയ്യുന്നത് അതിനു വേണ്ടി മാത്രം നിയമിക്കപെട്ട നോർവേ സെൻട്രൽ ബാങ്കിന്റെ ഫണ്ട് മാനേജരെസാണ്. അവർക്കു അല്ലാതെ കെട്ടിട സമുച്ചയങ്ങളിലും ഇൻവെസ്റ്റ്മെന്റ് ഉണ്ട് .
നോർവീജിയൻ പാർലിമെന്റും നോർവെയിലുള്ള പൊതു സമൂഹവും ചർച്ച ചെയ്യുന്നതാണ് പെൻഷൻ ഫണ്ട് . ഏറ്റവും പുതിയ കണക്ക് അനുസരിച്ചു ഓരോ നോർവീജിൻ പൗരനും അതിലുള്ള പ്രതിശീര്ഷക പങ്കു ഏതാണ്ട് രണ്ടു ലക്ഷം ഡോളർ. അതായത് ഒന്നരകോടി രൂപയോളം
നോർവീജിയൻ പെൻഷൻ ഫണ്ട് ഏതാണ്ട് 75 ലക്ഷം കോടിയാണ്. ഇന്ത്യയുടെ ബജറ്റിൽ കടം ഒഴിച്ചുള്ള വരുമാനം 22 ലക്ഷം കൊടിയോളമാണ് മൊത്തം ബജറ്റ് 30 ലക്ഷത്തി 42 ആയിരം കോടിയോളം.
കേരളത്തിന്റെ ആകെ മൊത്തം വരുമാനം (GSDP) ഏതാണ്ട് 9 ലക്ഷം 72 കോടിയോളം . കേരളത്തിലെ സർക്കാരിന് കിട്ടുന്ന വരുമാനം കേന്ദ്ര ജി എസ് ടി വിഹിതം ഉൾപ്പെടെ ഏതാണ്ട് ഒരു ലക്ഷം കോടിയിൽ താഴെ . ഈ വർഷം അത് 1.15 ലക്ഷം എന്നൊക്കയാണ് വെപ്പ്.മൊത്തം ചിലവ് 1 ലക്ഷത്തി 44, 265 കോടി. അത് മുൻ വർഷത്തെ റിവൈസ്സ് എസ്റ്റിമേറ്റിനെ ക്കാൾ 14.8% കൂടുതൽ
സത്യത്തിൽ കോവിഡ് കാരണം അതിൽ നിന്ന് മുപ്പതിനായിരം കോടി കുറയാനാണു സാധ്യത .ശമ്പളം, പെൻഷൻ, പലിശക്ക് മാത്രം 74, 845 കോടി വേണം. ചുരുക്കത്തിൽ കേരളത്തിൽ ശമ്പളം കൊടുക്കണമെങ്കിൽ കടം വീണ്ടും എടുക്കണം. ഇപ്പോൾ തന്നെ കേരളത്തിന്റെ അകവരുമാനത്തിന്റെ മൂന്നിൽ ഒന്ന് കടമാണ്.
അത് ഇങ്ങനെ പോയാൽഅടുത്ത വർഷം അത് മൂന്നര ലക്ഷം കോടിയോളമാകും
അത് 2016 ഇൽ 1.5 ലക്ഷം കോടി ആയിരുന്നു.
നോർവേയിൽ പെൻഷൻ 67 വയസ്സ് മുതലാണ്. എന്നാൽ ഇപ്പോൾ ഒരാൾക്ക് 62 മുതൽ 75 വരെയുള്ള ഫ്ലെക്സിബിലിറ്റിയുണ്ട് . നോർവേയിൽ എല്ലാവരും സോഷ്യൽ സെക്യൂരിറ്റി ഫണ്ടിലേക്ക് വരുമാനത്തിൽ നിന്ന് മിനിമം 8.2 %മുതൽ മേലോട്ട് കൊടുക്കുന്നുണ്ട്. അത് പോലെ തൊഴിൽ ദാദാക്കളു കൊടുക്കുന്ന ശമ്പളത്തിന്റെ 14.1 ശതമാനം സോഷ്യൽ സെക്ച്യുരിറ്റിക്കാണ്. അതായത് ഒരാളുടെ ശമ്പളത്തിന്റ 22.3% മാണ് സോഷ്യൽ സെക്യൂരിറ്റി/പെൻഷൻ എന്നിവക്ക് കൊടുക്കുന്നത്.
നോർവെയിൽ ബേസിക് മിനിമം പെൻഷന് ഒരാൾ 16 വയസ്സ് കഴിഞ്ഞു 40 വർഷം നോർവേയിൽ ജീവിച്ചു ടാക്സ് അവിടെ കൊടുക്കണം. അതിൽ കുറവുള്ളവർക്ക് അവർ കൊടുത്തതിന്നു അനുസരിച്ചാണ്.
ഈ കണക്ക് പറഞ്ഞത് ഏതൊരു രാജ്യത്തിന്റയും സാമ്പത്തിക അവസ്ഥ, സാമ്പത്തിക വളർച്ചയെയും തൊഴിൽ അവസരത്തെയും രാജ്യത്തിന്റെ വരുമാനം ശ്രോതസ്സിനെയും നികുതി വരുമാനത്തെയും ബജറ്റ് സ്ഥിതിയെയുമൊക്കെ ആശ്രയിച്ചിരിക്കും.
ഇന്ത്യയിൽ സാധാരണ ജനങ്ങളുടെ വരുമാനം കുറഞ്ഞപ്പോൾ മുകേഷ് അംബാനിയുടെ ആസ്തി കൂടി. ലോകത്തിലെ നാലാമത്തെ പണക്കാരൻ. അദാനിയുടെ ലാഭം കൂടി.
ഇന്ത്യയിൽ അസമാനത കൂടുകയാണ് . അതിനു ഒരു കാരണം ഇൻഡിലെ ഭരണ രാഷ്ട്രീയ പാർട്ടികളും അവരുടെ ശിങ്കിടി മുതലാളിമാറുമായ ക്രോണി ക്യാപറ്റലിസ്റ്റ്‌ ബാന്ധവമാണ്. കേന്ദ്ര തലത്തിലും സംസ്ഥാനതലത്തിലും. വ്യവസ്ഥാപിത മീഡിയയെ മിക്കവാറും ശിങ്കിടി മുതലാളിമാരും ഭരണ പാർട്ടിക്കാരും പല വിധത്തിൽ ഹൈജാക് ചെയ്തിരിക്കുന്നു.
ഈ ബാന്ധവത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ വർഗീയ രാഷ്ട്രീയവും അമ്പലം പണിയും മറ്റു അതിർത്തി പ്രശ്നങ്ങളും സജീവമാക്കി ഏതാണ്ട് ഇരുപത് മുതലാളി കുടുംബങ്ങളും അവർ ഫിനാൻസ് ചെയ്യുന്ന രാഷ്ട്രീയ വരേണ്യരും കൂടി ആളുകളെ കണ്ണിൽ പൊടിയിട്ട് ഭരിക്കുന്നു.
ചോദ്യം ചെയ്യാൻ ത്രാണിയില്ലാത്ത പ്രതിപക്ഷത്തെ വിരട്ടി നിർത്തിയിരിക്കുന്നു.
ഇന്ത്യയിലെ പട്ടിണിയുടെ പലായനങ്ങൾ കോവിഡ് കാലത്തു കണ്ടതാണ് . ആരാണ് ഇന്ത്യയിൽ ഏറ്റവും ദാരിദ്ര്യംവും പട്ടിണിയും അനുഭവിക്കുന്നത്? അവരിൽ ബഹു ഭൂരിപക്ഷം ദളിത്, ആദിവാസി വിഭാഗത്തിലുള്ള ജനങ്ങളാണ്, അത് പോലെ ഭൂമിയും വീടും സ്ഥിരം വരുമാനവും ഇല്ലാത്തവർ . അവർ മാത്രം ഏതാണ്ട് 40 കൊടിയലതികമുണ്ട് .
ഇന്ത്യയിൽ ആദ്യം ചെയ്യേണ്ടത് അവർക്കു ബേസിക് മിനിമം ഇൻകം ഗ്യാരന്റിയും അത് പോലെ ജീവിക്കുവാൻ ആവശ്യമായ സോഷ്യൽ സെക്യൂരിറ്റി പെൻഷൻ നടപ്പാക്കുക.
അത് കഴിഞ്ഞാകാം അർഹതപെട്ടന്ന എല്ലാവർക്കും മിനിമം ബേസിക് പെൻഷൻ എന്ന ആശയത്തെ കുറിച്ചു ആലോചിക്കേണ്ടത്
ജെ എസ് അടൂർ
തുടരും
കേരള സർക്കാർ എന്ത്‌ ചെയ്യണം?

No comments: