മസാല രാഷ്ട്രീയവും മസാല മാധ്യമങ്ങളും
സത്യത്തിൽ രാഷ്ട്രീയം എന്നത് സമൂഹത്തിൽ നിന്നുളവാകുന്നതാണ് .
രാഷ്ട്രീയം സാമൂഹിക -സാമ്പത്തിക അവസ്ഥകളുമായി ബന്ധപ്പെട്ട അധികാര വിനിമയങ്ങളുടെ പ്രകട ഭാവങ്ങളാണ് . പാർട്ടികളും നേതാക്കളും ഭരണ പ്രക്രിയയും അതുമായി ബന്ധപ്പെട്ടിരിക്കുന്നു .മാധ്യമങ്ങൾ ഇതിന്റെ എല്ലാം പ്രതി ധ്വനിയാണ് .
മാധ്യങ്ങൾ ഇന്ന് ഒരു ബിസിനസാണ് .അത് കുടുംബ ബിസിനസായി നടത്തിയാലും പാർട്ടി ബിസിനസായി നടത്തിയാലും മത ബിസിനസായി നടത്തിയാലും
.മീഡിയയിൽ വാർത്തകളെ പണ്ട് തൊട്ടേ സ്റ്റോറി എന്ന് പറയുന്നത് വെറുതെ അല്ല . വാർത്തകൾ സ്റ്റോറി ആയത് കൊണ്ടാണ് ആളുകൾ വായിക്കുന്നത് ..
അത് കൊണ്ടാണ് മിക്ക മാധ്യമങ്ങളും എല്ലാ വാർത്തകൾക്കും ശ്രദ്ധിക്കുന്ന തലകെട്ടും , പടവും ,പൊടിപ്പും തൊങ്ങലും അത്യാവശ്യം ഡ്രാമയൊക്കെ കയറ്റി അത് ആൾക്കാരെ കൊണ്ട് വായിപ്പിക്കുന്നത് . എല്ലാ കഥകളും ആളുകൾ വായിക്കുന്നത് മറ്റുള്ള മനുഷ്യരുടെ കാര്യങ്ങൾ അറിയാനുള്ള ആകാംഷകൊണ്ടും അതിൽ നിന്നുള്ള മനസുഖം കൊണ്ടുമാണ് .
അത് കൊണ്ടാണ് മീഡിയ ബിസിനസ്സും അതിൽ കൂടി വരുന്ന നിറമില്ലാത്ത കഥകളും , നിറമുള്ള കഥകളും , ഗുണമുള്ള കഥകളും , സെക്സ് -സ്റ്റൻഡ് , അപസർപ്പക കഥകളും വായിച്ചാണ് മനുഷ്യൻ ന്യൂസും വ്യൂസും കാര്യാമായും കളിയായും വായിക്കുന്നത് . അത് കൊണ്ടാണ് അവിടെ സാഹിത്യ സാറുംമാരും സാംസ്കാരിക നായക -നായികമാരും ചുറ്റികറങ്ങുന്നത് .
ഈ സ്റ്റോറി എലെമെന്റാണ് മീഡിയയെ ഇൻഫോമേഷൻ എന്റർടൈൻമെന്റാക്കുന്നത് .
പക്ഷെ ഇപ്പോൾ ഇൻഫോർമേഷൻ നാനോ സെക്കണ്ടിൽ ഇൻഫർമേഷൻ ഹൈവേയിൽ ഒഴുകികൊണ്ടിരിക്കുകയാണ് . ഇപ്പോൾ ഞാൻ ഇത് എഴുതുന്നത് ഒരു ടാക്സിയിൽ ഇരുന്നാണ് .എന്റെ മുന്നിൽ ഒരു അപകടം ഉണ്ടായാൽ ഏത് മീഡിയ അറിയുന്നതിന് മുമ്പേ അത് സാമൂഹിക മാധ്യമങ്ങളിൽ എത്തും .
അങ്ങനെ രണ്ടു അന്താരാഷ്ട്ര ബ്രെക്കിങ് ന്യൂസ് ഇവിടെ നേരെത്തെ മീഡിയ റിപ്പോർട്ട് ചെയ്യുന്നതിനും മുന്നേ പങ്ക് വച്ചിട്ടുണ്ട് . അപ്പോൾ പിന്നെ മീഡിയ എന്ത് ചെയ്യും .അവർ ഇൻഫോർമേഷൻ മസാലയിട്ട് വേവിവിച്ചു പല ഫ്‌ളേവറിൽ വിളമ്പും .അവസാനം അത് ചില ഹോട്ടലിൽ വിളമ്പുന്ന സാമ്പാർ പോലെയാകും .അതിൽ ഒരു കഷ്ണം കിട്ടണമെങ്കിൽ തോർത്തുടുത്തു നീന്തി നോക്കിയാലും കിട്ടില്ല ഒരു കൊച്ചു കഷ്ണം
.അതേപോലെ മിക്ക അന്തി ചർച്ചകളും വെറും കഷണങ്ങളില്ലാത്ത സാമ്പാർ പോലെ എരിവും പുളിയും കൂട്ടി വിളമ്പി കച്ചവടം കൊഴുപ്പിക്കും . മിക്കപ്പോഴും മസാലകളിൽ പുതിയ ഒരു ഇന്ഫോര്മേഷനും കാണില്ല .
ഒരേ കാര്യം പല തരത്തിൽ പല ചേരുവയോടെ റീ സൈക്കിൾ ചെയ്യുകയാണ് . ചില ഹോട്ടലുകൾ തലേന്നത്തെ ചോറ് പിറ്റേന്ന് ഇഡ്ഡലിയായി പുതിയ തേങ്ങാ ചമ്മന്തിയും തലേന്നത്തെ സാമ്പാർ ചൂടാക്കി വിളമ്പുന്നഅതെ സൂത്രം . അങ്ങനെയുള്ള ഹോട്ടലിലെ ശാപ്പാട് നിർത്തിയത് പോലെ ടീവി മസാല കാണാതിരിക്കാൻ തീരുമാനിച്ചാൽ മാനസിക ആരോഗ്യത്തിന് നല്ലതാണ് .
മീഡിയ ഒരു എന്റർടൈൻമെന്റ് ബിസിനസ് ആയതോട് കൂടി ഇമേജൂം മാധ്യമ സർക്കസ് കൊണ്ടും പിടിച്ചു നിൽക്കുന്ന നേതാക്കൾ മീഡിയ മാറിയത് അനുസരിച്ചു അവരുടെ ബിസ്നസ്സ് മോഡേലും മാറ്റി .
മസാല കൂട്ടി പ്രത്യയ ശാസ്ത്ര കഷണങ്ങൾ കുറച്ചു . മീഡിയയും രാഷ്ട്രീയ പാർട്ടികളും മസാല.കൂട്ടി എരിവും പുളിയും കൂട്ടി . സെക്സിനും സ്റ്റൻഡിനും മസാല കൂട്ടി രണ്ടിടത്തും മാർക്കറ്റായി .ഇപ്പോൾ ഐഡിയോളജി എന്ന സൂത്രം ആരും പറയാറില്ല . എന്താണ് ഐഡിയൊളജി എന്ന് പോലും പലർക്കും അറിയാൻ സാധ്യത കുറവാണ്.
ഒരു സെക്സ് കഥ കിട്ടിയാൽ പിന്നെ പാർട്ടികളും മാധ്യമപ്പടയും അതിന്റെ പുറകെ കോയമ്പത്തൂരോ , ബോംബയിലോ ബീഹാറിലോ പോകും മാലദ്വീവിലെ 'ചാര സുന്ദരികളെപ്പറ്റി ' ഡെസ്കിൽ ഇരുന്നു ഫിക്ഷൻ എഴുതി നിർവൃതി അടഞ്ഞു ന്യൂസാണ് എന്ന് പറഞ്ഞു വിൽക്കും .ഇതിനൊക്കെ മാർക്കറ്റ് ഉള്ളത് കൊണ്ട് നമ്മുടെ രാഷ്ട്രീയ നേതാക്കള്ക്കും സെക്‌സും പിന്നെ ഗ്രൂപ്പടി ,
വെട്ടി നിരത്താൽ പോലെയുള്ള സ്റ്റൻഡിലും താല്പര്യം കൂടി . പൂച്ച കുട്ടികൾ ഫോണിൽ നിന്നും മാധ്യമത്തിൽ മസാലയായി ആളുകളെ ത്രസിപ്പിച്ചു . ഒരു മന്ത്രി പോൺ സുലഭമായി മാധ്യമങ്ങളെ മാദകമാക്കി . അതോടെ തനി നാടൻ ഭാഷയും അൽപ്പം മസാലയും A കാര്യങ്ങളും പറയുന്ന നേതാക്കൾ പൂഞ്ഞാറിൽ നിന്നായാലും ഇടുക്കിയിൽ നിന്നായാലും പാലക്കാട്ട് നിന്നായാലും മാധ്യമങ്ങളിൽ തിളങ്ങി . ചുരുക്കത്തിൽ മസാല സുഖം നൽകുന്ന 'ബി 'യോ 'സി യോ ഗ്രേഡ്, A സിനിമ ലവലിലായി കാര്യങ്ങൾ .
ഇതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല .ഏതൊരു പ്രോഡക്റ്റും രാഷ്ട്രീയ മസാല സ്റ്റോറി തൊട്ട് ക്രിപാസനം സ്റ്റോറി വരെ വിൽക്കുന്നത് വാങ്ങാൻ ആളുണ്ടായിട്ടാണ് . Wherever there is demand , there is a supply..പണ്ട് ബാറു പൂട്ടിയപ്പോൾ വാറ്റു ബിസ്നസ് കൂടിയത് അതുകൊണ്ടാണ് .
പണ്ട് മംഗളത്തിലെ പൈങ്കിളി കഥകളെ വിമര്ശിച്ചിട്ട് ഒറ്റകഥയും മുടങ്ങാതെ വായിക്കുന്ന ഒരാളെ അറിയാമായിരുന്നു .
വേറെ ചിലർ സാഹിത്യ മൂല്യങ്ങളെ കുറിച്ച് പ്രഭാഷണം നടത്തിയെട്ടു പേര് മാറ്റി തച്ചു കൂലിക്കു പൈങ്കിളി മസാല എഴുതി കൊടുത്തു .
ഈ ഫേസ് ബുക്കിലെ ചില പ്രൊഫൈലുകൾ എഴുതുന്നത് കണ്ടാൽ ഈ മലയാള മനോരമ ഒക്കെ എന്നെ പൊട്ടി പാളീസ് ആകാത്തത് എന്താണ് എന്ന് വിചാരിക്കും . അത് പൂർവാധികം ഭംഗിയായി കൂടുതൽ വായനക്കാരെ കൂട്ടുന്നതിന് കാരണം ഈ വിമർശിക്കുന്നവർ ആദ്യം വായിക്കുന്നത് മനോരമ ആയിരിക്കും .അല്ലെങ്കിൽ അവർക്കെന്താണ് വരിക്കാരും വായനക്കാരും കൂട്ടുന്നത് ?
ചുരുക്കത്തിൽ രാഷ്ട്രീയ പാർട്ടികളിലും മാധ്യമങ്ങളിൽ എല്ലാം കാണുന്നത് നമ്മുടെ സമൂഹത്തിനുള്ളിലെ രോഗാതുര അവസ്ഥകളും ഉള്ളിൽ വളരുന്നു പാർട്ടി -ജാതി -മത സെക്ടേറിയനിസവുമാണ് ..
അവിടെയുള്ള പുഴുക്കുത്തുകൾ സമൂഹത്തിൽ നിന്ന് ഉളവാക്കുന്നതാണ് . കാരണം അത് പള്ളിയിലും പള്ളിക്കൂട്ടങ്ങളിലും കോളേജുകളിലും ഉണ്ട് .സമൂഹത്തിൽ എല്ലാ തലത്തിലുമുണ്ട് .
ഇന്ന് ആത്മീയ വ്യപാര വ്യവസായവും മസാല പൂരിതവും എത്തിക്‌സന്റെ ഒരു കഷണവും ഇല്ല .അത് കൊണ്ടാണ് പള്ളികൾ ഇന്ന് റിയൽ എസ്റേറ്റുകളും പള്ളിനേതാക്കൾ റിയൽ എസ്റ്റേറ്റിൽ കറങ്ങുന്നത് .
പാർട്ടികളിൽ മാത്രമല്ല സെക്‌സും സ്റ്റണ്ടും .അത് പള്ളികളിലും മറ്റ് സെറ്റപ്പുകളിലും സുലഭം .നാട്ടിൽ ഉള്ള ഒട്ടുമിക്ക ഐയ്‌ഡഡ് കോളേജ് സ്‌കൂളുകളിൽ അപ്പോയിന്മെന്റിന് ദശ ലക്ഷം കോഴ വാങ്ങുന്നത് 'മാന്യമായ ' നാട്ടു നടപ്പാകു മ്പോൾ അത് കണ്ടില്ലന്നു നടിച്ചു അഴിമതി വിരുദ്ധ സമരം നടത്തുന്നവരാണ് നമ്മൾ . അത് കൊണ്ട് ഇവിടെ നിന്ന് തന്നെ വന്ന രാഷ്ട്രീയ നേതാക്കൾ നമ്മുടെ തന്നെ പ്രതിനിധികളാണ് .
.
പിന്നെ പഞ്ചസാര എന്ന് ഒരു പേപ്പറിൽ എഴുതി നോക്കീട്ട് നക്കിയാൽ ആർക്കും മധുരം കിട്ടില്ല .അത് പോലെ നോവോത്‌ഥാനം എന്ന് നാഴികക്ക് നാൽപ്പത് വെട്ടം പറഞ്ഞാൽ ആ സൂത്രം ഉണ്ടാകില്ല .കുറുക്കൻമാരെ കോഴിക്കൂടിന്റെ ചാർജ് ഏൽപ്പിച്ചു പൊൾട്രി ബിസിനസ് ചെയ്യുന്നത് പോലെയാണ് .
ഇതിന് എന്താണ് പ്രതിവിധി ?
സാധാരണക്കാരായ ആളുകൾക്ക് സ്വയം ചോദ്യം ചോദിക്കുവാനും സംഘടിത അധികാര രൂപങ്ങളിലെ മസാലവൽക്കരണത്തെയും ചോദ്യം ചെയ്യാൻ ത്രാണിയുണ്ടാകണം .നമ്മുടെ മനസ്സിലും വീട്ടിലും ഉള്ള ഹിപ്പോക്രസിയെ ചോദ്യം ചെയ്യണം .
ചോദ്യങ്ങൾ ആദ്യം നമ്മൾ ചോദിക്കേണ്ടത് നമ്മളോടാണ് ? നമ്മൾ എന്താണ് ചെയ്യുന്നത് ? നമ്മൾക്ക് എന്ത് ചെയ്യാൻ കഴിയും ?.
കാരണം നമ്മൾക്ക് ഓരോരുത്തര്ക്കും ചെറിയ കാര്യങ്ങൾ ചെയ്യാൻ കഴിയും .അങ്ങനെ കുറെയേറെ ആളുകൾ ചെറിയ കാര്യങ്ങൾ ചെയ്യുമ്പോഴാണ് അത് വലിയ കാര്യങ്ങൾ ആകുന്നത് .
രാഷ്ട്രീയം മനുഷ്യന് വേണ്ടിയാണ് .മനുഷ്യൻ രാഷ്ട്രീയത്തിന് വേണ്ടിയല്ല .
ആദ്യം മാറണേണ്ടത് ഞാനാണ് , നിങ്ങളാണ് , നമ്മളാണ് .നമ്മൾ മാറിയാൽ സമൂഹം മാറും രാഷ്ട്രീയം മാറും . മാറണം . മാറ്റണം .
ആദ്യം മാറ്റമുണ്ടാകേണ്ടത് മനസ്സിലാണ് .മനുഷ്യരിലാണ് . വീട്ടിലാണ് .അപ്പോൾ നാട്ടിൽ കഥ മാറും
ജെ എസ് അടൂർ
Repost
No comments:
Post a Comment