Friday, August 28, 2020

 അല്പം കുഞ്ചൻ നമ്പ്യാരും സ്വല്പം ഭരണ കിരാത ഓട്ടംതുള്ളലും

എന്തൊക്ക ആദർശം പറഞ്ഞു ജനങ്ങളെ ബോധ്യപ്പെടുത്തി ഭരണ അധികാരത്തിൽ ആരൊക്ക കയറിയാലും അവിടെ ഉറച്ചു കഴിഞ്ഞാൽ അധികാര വ്യവസ്‌ഥയുടെ ഉള്ളിലെ ലോജിക്കിന്റെ വക്താക്കളായി മാറും.
ഇതു ഏത് പാർട്ടി ആയാലും ഏത് നേതാവായാലും അധികാര വ്യവസ്ഥ അവരെ പതിയെ അതിനുള്ളിലാക്കും. പിന്നീട് അവർക്കു അതിനുള്ളിലെ അധികാര താല്പര്യ നെറ്റ്വർക്കിന്റ ആളുകളയാലെ ഭരണ വണ്ടി ഓടിച്ചു അധികാര ശീലങ്ങൾ വരുള്ളൂ.
ഭരണ അധികാര വ്യവസ്‌ഥ നിയന്ത്രിക്കുന്നത് പലപ്പോഴും കാണമറയത്തു വർത്തിക്കുന്ന ഒരു പവർ ഓപ്പറേഷനൽ കാർട്ടലാണ് . അതു മിക്കവാറും ഒരു സ്ഥാപിത താല്പര്യ നെറ്റ്വർക്കാണ്. അതിൽ ഉന്നത ഉദ്യോഗസ്ഥർ, സാമ്പത്തിക താല്പര്യമുള്ള കച്ചവട/കോൺട്രാക്ട് ലോബി, ഇടനില ദല്ലാൾ മാർ, ചില പത്രക്കാർ, അതുപോലെ അധികാര.ഇത്തിൾ കണ്ണികളായ അതാതു സമയത്തു സ്ഥാനമാനങ്ങൽക്കും ഗുണഭോക്ത താല്പര്യവുമുള്ള പവർ പാരസൈറ്റുകൾ.
ചിലർക്ക് ഡാർക്ക്‌ വെബ് പോലെ ഡേർട്ടി മാനേജുമെന്റ് ഡിപ്പാർട്ട്മെന്റ്.
ഈ കാർട്ടൽ ഒരു വിധ എല്ലാ ഭരണ അധികാര വ്യവസ്ഥയിലും ഏതാണ്ട് രണ്ടു കൊല്ലത്തിനു അകം സജീവമാകും. പലപ്പോഴും അധികാര അഹങ്കാരങ്ങളും സന്നാഹങ്ങളും കൂട്ടുന്നത് അധികാരത്തിൽ കയറി ഏതാണ്ട് പതിനെട്ടു മാസം മുതലാണ് .
അഴിമതിക്കെതിരെ യുദ്ധം ചെയ്തു കയറിയവർ പോലും സ്തുതി പാഠകരുടെ ഇടയിൽ ജീവിച്ചു ജീവിച്ചു ഒരു മെയ്ക് ബിലീവ് ലോകത്തിലാകുന്നു. അവർ എന്ത്‌ ചെയ്താലും സ്തുതി പാഠകർ കൈകൊട്ടും. അവരുടെ പ്രസംഗവും ഇന്റർവ്യൂവും ഉഗ്രനായി എന്ന് പറയും . അധികാരത്തിൽ ഉള്ളവരുടെ മനസ്സിൽ ഒരു കാര്യം തോന്നുന്നതിന് മുമ്പ് തന്നെ കാർട്ടൽ വേണ്ടത് ചെയ്യും.
കുറെ കഴിഞ്ഞാൽ സ്വന്തം പാർട്ടിക്കാരെക്കാൾ പലർക്കും വിശ്വാസം ഈ സ്തുതി പാഠക ആശ്രിത ഗുണഭോക്ത നെറ്റ്വർക്കിനെയും അതിനുള്ളിലും വെളിയിലും വർത്തിക്കുന്ന പവർ കാർട്ടലിനെയുമാണ്
ആ പവർ കാർട്ടൽ അധികാരത്തിന്റെ ഇന്റർ ഡിപെൻഡൻസിലാണ് അധികാരം പതിയെ കൈയ്യാളുന്നത്.
പലപ്പോഴും നേതാക്കൾക്ക് ജയ് വിളിക്കുന്ന പാർട്ടി പ്രവർത്തകർക്കോ അണികൾക്കോ ഭരണ അധികാര വിനിമയങ്ങളിൽ റോൾ ഒന്നും ഇല്ല.
പാർട്ടി ഉത്സാഹക്കാർക്ക് ആകെ വേണ്ടത് ഒരു ഉത്ഘാടനം. അല്ലെങ്കിൽ കൂടെ നിന്നൊരു സെൽഫി. ലോക്കൽ പോലീസ് സ്റ്റേഷനിൽ ഇത്തിരി ഭരണ പാർട്ടി ബഹുമാനം. വല്ലപ്പോഴും ഏതെങ്കിലും ട്രാൻസ്ഫർ. പക്ഷെ ഭരണ അധികാര കാമ്പിൽ ഒരു പാർട്ടിയുടെയും താഴെക്കിടയിൽ ഉള്ളവർക്കോ സോദ്ദേശ സോഷ്യൽ മീഡിയ ന്യായികരണക്കോർക്കോ ഒരു റോളും ഇല്ല.
എല്ലാ പാർട്ടിയിലും ജില്ലാ തലം തൊട്ട് താഴോട്ടുള്ളവർക്കുള്ള അധികാര കൺസലേഷൻ ഇടമാണ് പഞ്ചായത്ത്‌ ഭരണവും പിന്നെ സഹകരണം ബാങ്ക് പോലുള്ള സാമ്പത്തിക സംരഭ നെറ്റ് വർക്കും.
എം എൽ എ /എംപി മുതൽ മേലോട്ട് പൊളിറ്റിക്കൽ കമ്മീഷൻഡ് ഓഫിസേഴ്സ് ആണെങ്കിൽ അതിനു താഴെയുള്ളവർ ജൂനിയർ കമ്മീഷൻഡ് ഓഫിസേഴ്‌സും പിന്നെ നോൺ കമ്മീഷൻഡ് കാലാൾപ്പടയുമാണ്.
പറഞ്ഞു വന്നത് അധികാര വ്യവസ്ഥയും അതിനോട് അനുബന്ധിച്ചു വരുന്നു പവർ പാരസൈറ്റുകളും ശക്തമായ പവർ കാർട്ടലും ഏറ്റെടുത്തു കഴിഞ്ഞാൽ പാർട്ടി അണികൾക്കും ചോട്ടാ നേതാക്കൾക്കും കൈയ്യടിച്ചു ഭരണ സ്തുതി ഗീതങ്ങൾ പാടി സന്തോഷിക്കുക എന്നതിൽ കവിഞ്ഞു വലിയ റോൾ ഒന്നും ഇല്ല.
മിക്കവാറും പിന്നെ പാർട്ടികളും അണികളും വേണ്ടത് അടുത്ത തിരഞ്ഞെടുപ്പിനാണ്. പക്ഷെ അപ്പോഴേക്കും പല ഗ്രഹണങ്ങളും ഗ്രഹപ്പിഴകളും സഭവിക്കും. ചിലപ്പോൾ അദ്രശ്യ നെറ്റ്വർക്കിൽ ചിലർക്ക് പണി പാളി പുറത്തുവരും. പിന്നീട് വാവ് സമയത്തു നീർക്കോലി കടിച്ചാലും ചാവും എന്ന അവസ്ഥയിലാകും കാര്യങ്ങൾ.
അധികാരവും അതെങ്ങനെയും നിലനിർത്തുകയും മാത്രം ഏക ഐഡിയോളജി ആകുമ്പോൾ എല്ലാ പക്ഷത്തിനും തിരെഞ്ഞെടുപ്പ് ഏത് വിധേനയും ജയിക്കുക എന്നത് മാത്രമാകും അജണ്ട.
ഇതൊക്കെ പണ്ടേ കുഞ്ചൻ നമ്പ്യാർ കിരാതത്തിൽ ഭംഗിയായി പറഞ്ഞിട്ടുണ്ട്. കുഞ്ചൻ നമ്പ്യാരെ ഒന്ന് കൂടി നമിക്കുന്നു. കാര്യങ്ങളോക്കെ പണ്ട് മുതലേയുള്ളതാണ്
"കുയിലും കാകനുമൊരുനിറമെന്നതു
കുറവില്ലതിനു പലർക്കും ബോധം
നാദം കൊണ്ടേ നിങ്ങളു തമ്മിൽ
ഭേദമതുള്ളൂ ബലിഭോക്താവേ!
മാവിന്നഗ്രേ ചെന്നു വസിച്ചാൽ
കാകൻ നീയൊരു കോകിലമാകും
കാണികൾ നിന്നെക്കുയിൽ കുയിലെന്നൊരു
നാണിയമങ്ങു നടത്തിക്കൊള്ളും;"
"ഭൂപാലൻറെ ലലാടം തന്നിൽ
ചേറുപിരണ്ടതു കണ്ടാലതു വില-
വേറില്ലാത്തൊരു കസ്തൂരിക്കുറി
എന്നല്ലാതൊരു മനുജന്മാർക്കും
തോന്നുകയില്ല വിചാരിക്കുമ്പോൾ;
കുങ്കുമമണിയും തിരുനെറ്റിക്കൊരു
പങ്കം പിരൾവാനെന്തവകാശം?
ശങ്കര ശിവശിവ! ചേരാതുള്ളതു
ശങ്കിച്ചവനൊരബദ്ധക്കാരൻ
ഏറെപ്പോന്ന ജനങ്ങടെ പാലനു
ചേറെന്നുള്ളതിനെന്തവകാശം?
ചെളിയെന്നുള്ളതൊരുത്തനുപോലും
കളിയായിപ്പറവാനും മേല;
ജളനെന്നാലും സ്ഥലഭേദം കൊ-
ണ്ടുളവാകും ഗുണമെന്നിതിനർത്ഥം"
"വലരിപുസുതനുടെ ജടയുടെ നടുവിൽ
പലപല പക്ഷികൾ കൂടുകൾ കെട്ടി
കല, പുലി, പന്നികളെന്നിവ വന്നൂ
പലവുരു ചെന്നു വണങ്ങീടുന്നു;
ചുറ്റും വള്ളികൾ വന്നുടനിടയിൽ
ചുറ്റുന്നതുമവനറിയുന്നില്ല;
പുറ്റു ചുഴന്നു കിളർന്നതിനകമേ
ചുറ്റും വന്നുയരുന്ന പുറ്റിനകത്തു മുറ്റി;
ചുറ്റും പാമ്പുകൾ വന്നു നിറഞ്ഞു
മുറ്റും ജിഷ്ണു മറഞ്ഞുചമഞ്ഞു."
"സങ്കടമൊക്കെയൊഴിക്കണമെന്നു
ശങ്കരനൊന്നു കടാക്ഷിക്കുമ്പോൾ
കിങ്കരരായ് വരുമിജ്ജനമെല്ലാം;
"ധനമെന്നുള്ളതു മോഹിക്കുമ്പോൾ
വിനയമൊരുത്തനുമില്ലിഹ നൂനം;
തനയൻ ജനകനെ വഞ്ചന ചെയ്യും
ജനകൻ തനയനെ വധവും കൂട്ടും
അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും
മനുജൻ മാരുടെ മാർഗ്ഗമിതെല്ലാം;
കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകിൽ സുലഭം;"
നിർജ്ജരരാജൻ നീയല്ലിനിമേൽ'
ജെ എസ് അടൂർ

No comments: