സഖാവ് കെ ദാമോദരനേ ഓർക്കുമ്പോൾ
വളരെ ബഹുമാനിക്കുന്ന ആക്ടിവിസ്റ്റ് പണ്ഡിതൻ ആയിരുന്നു സഖാവ് കെ ദാമോദരൻ. ഉൾക്കാഴ്ചകൾ ഉണ്ടായിരുന്ന ജനായത്ത വാദിയായ കമ്മ്യുണിസ്റ്റ് നേതാവ്.കൂടുതൽ സാകല്യബോധവും ഇന്ത്യയെ കൂടുതൽ മനസ്സിലാക്കിയ ചിന്തകൻ. അധികാര രാഷ്ട്രീയത്തിനു അപ്പുറം ചിന്തിച്ച കമ്മ്യുണിസ്റ്റ് പ്രാക്സിസിന്റെ വക്താവ്. അദ്ദേഹത്തിന്റ മകനായ പ്രിയ സുഹൃത്തു കെ പി ശശിയും അതെ ജാനായത്ത ആക്ടിവ്സ്റ്റ് ലെഗസി തുടരുന്നു. അദ്ദേഹത്തിന്റെ വേറൊരു മകൻ പ്രൊ കെ പി മോഹൻ അന്തരാഷ്ട്ര പ്രസിദ്ധനായ ലിങ്ക്സ്റ്റിക്സ് പ്രൊഫെസ്സർ.
താഴെകൊടുത്തിരിക്കുന്നത് എഴുതിയ പ്രിയ സുഹൃത്ത്
Sudha Menon
ടു യോജിക്കുന്നു ഒരിക്കല് ഒരു ഇന്ത്യന് കമ്മ്യുണിസ്റ്റ് നേതാവ്, വിയറ്റ്നാം വിപ്ലവത്തിന്റെ പിതാവായ ഹോചിമിനോട് ചോദിക്കുകയുണ്ടായി. എന്തുകൊണ്ടാണ് മുപ്പതുകളില് ഇന്ത്യന് കമ്മ്യുണിസ്റ്റ് പാര്ട്ടികളുടെ അത്രയൊന്നും ശക്തമല്ലാതിരുന്നിട്ടും വിയറ്റ്നാമില് കമ്മ്യുണിസം വിജയിക്കുകയും ഇന്ത്യയില് പരാജയപ്പെടുകയും ചെയ്തത് എന്ന്. ഹോചിമിന്റെ ക്ലാസ്സിക് മറുപടി ഇങ്ങനെയായിരുന്നു:‘ഇന്ത്യയില് നിങ്ങള്ക്ക് മഹാത്മാഗാന്ധിയുണ്ടായിരുന്നു, വിയറ്റ്നാമില് ഞാനായിരുന്നു ഗാന്ധി”.
ഇന്ത്യന് കമ്മ്യുണിസത്തിന്റെ ജനകീയമാനങ്ങളെയും, പരിമിതികളെയും കൃത്യമായി ഒരൊറ്റ വാചകത്തില് ആറ്റിക്കുറുക്കിയ ഹോചിമിന്റെ മറുപടി, ലോകത്തോട് തുറന്നു പറയാനുള്ള ബൌദ്ധികസത്യസന്ധതയും ആര്ജ്ജവവും കാണിച്ച ആ ഇന്ത്യന് കമ്മ്യുണിസ്റ്റ് നേതാവിന്റെ പേര് കെ. ദാമോദരന് എന്നായിരുന്നു. 1975ല്, അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനു ഏതാനും ദിവസം മുന്പ് പ്രശസ്ത പത്രപ്രവര്ത്തകനായ താരിഖ് അലി, കെ. ദാമോദരനുമായി നടത്തിയ സംഭാഷണത്തില് ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.അത് ന്യൂ ലെഫ്റ്റ് റിവ്യൂവില് പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു. ഒരുപക്ഷെ, കെ. ദാമോദരന് ആ സ്വകാര്യസംഭാഷണം വെളിപ്പെടുത്തിയത് തന്നെ, ഹോചിമിന് പറഞ്ഞ കാര്യത്തില് വസ്തുതയുണ്ടെന്നു അദ്ദേഹത്തിനു ബോധ്യമുള്ളതു കൊണ്ടാവാം. ഭാരതീയതയെക്കുറിച്ചുള്ള ദാര്ശനികവും മാനവികവുമായ അന്വേഷണങ്ങള് നിരന്തരം നടത്തിക്കൊണ്ടിരുന്ന ദാമോദരന് ഇന്ത്യന് രാഷ്ട്രീയത്തിലെ ഗാന്ധിയന്ധാരയുടെ പ്രസക്തി നേരത്തെ മനസ്സിലാക്കാന് കഴിഞ്ഞു എന്നതുകൂടിയാണ് ഇന്ത്യന് ഇടതുപക്ഷ രാഷ്ട്രീയഭൂപടത്തില് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
ഇന്ന് കെ. ദാമോദരന്റെ ചരമദിനമാണ്. ഒരു മലയാളിയെന്ന നിലയിലും, രാഷ്ട്രീയ വിദ്യാര്ഥിനി എന്ന നിലയിലും കെ. ദാമോദരനെ ഓര്മ്മിക്കാതെ ഈ ദിവസം കടന്നുപോകുന്നത് ശരിയല്ലെന്ന തോന്നലില് നിന്നാണ് ഈ കുറിപ്പ്. ഇന്നത്തെ മുഖ്യധാര പത്രങ്ങളില് ഞാന് ആദ്യം തിരഞ്ഞത് കെ. ദാമോദരനെക്കുറിച്ചുള്ള വാര്ത്തകള് ആയിരുന്നു. എന്നാല് മലയാളികളുടെ ഓര്മകളില് നിന്നും എത്ര പെട്ടെന്നാണ് ദാര്ശനികനും, ജനകീയനും, അങ്ങേയറ്റം സത്യസന്ധനുമായ കെ. ദാമോദരന് തിരസ്കൃതനായത്!! ജനയുഗത്തില് ശ്രീ. കാനം രാജേന്ദ്രന് എഴുതിയ ഓര്മ്മക്കുറിപ്പ് ഒഴിച്ച് നിര്ത്തിയാല് ഒരു മുഖ്യധാരാ പത്രവും ഒരു വരി പോലും അദ്ദേഹത്തിനു വേണ്ടി നീക്കിവെച്ചില്ല.
അത്രയ്ക്ക് വിസ്മൃതനാകേണ്ട ഒരു ചരിത്രമാണോ അദ്ദേഹത്തിന്റേത്?സിപിഐ നേതാവ് എന്ന നിലയില് അല്ലാതെ തന്നെ കേരളീയ പൊതുസമൂഹം കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആദരവോടെ ഓര്മ്മിക്കേണ്ട അപൂര്വവ്യക്തിത്വം അല്ലേ, കെ. ദാമോദരന്?
മലയാളിയായ ആദ്യത്തെ കമ്മ്യുണിസ്റ്റ് പാര്ട്ടി അംഗമായിരുന്നു കെ. ദാമോദരന്. 1936ല് കാശിയിലെ സംസ്കൃതവിദ്യാലയത്തില് വെച്ചാണ് ദാമോദരന് കമ്മ്യുണിസ്റ്റ് പാര്ട്ടി അംഗമാകുന്നത്. കേരളത്തില് കമ്മ്യുണിസ്റ്റ് പാര്ട്ടി ഔദ്യോഗികമായി രൂപീകരിക്കുന്നതിനും മുന്പ്. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയനാടകം കെ. ദാമോദരന് എഴുതിയ ‘പാട്ടബാക്കി’യാണ്. നാടകം, കേരളത്തിലെ സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയാകുന്ന ഒരു പുതിയ സംസ്കാരം ആരംഭിക്കുന്നത് തന്നെ പാട്ടബാക്കിയില് നിന്നായിരുന്നില്ലേ? സര്വോപരി, വലതുപക്ഷ മതാത്മകദേശിയതയുടെ വക്താക്കള് ഇന്ത്യന് പാരമ്പര്യത്തെ സങ്കുചിത രാഷ്ട്രീയത്തിന്റെ ഉപകരണങ്ങളായി രേഖപ്പെടുത്തുന്ന ഈ കാലഘട്ടത്തില് അദ്ദേഹം എഴുതിയ ‘ഇന്ത്യയുടെ ആത്മാവും’ ‘ഭാരതിയ ചിന്ത’യും ഒക്കെ മതേതരപക്ഷത്തു നിന്നുകൊണ്ടുള്ള ശക്തമായ ദാര്ശനിക ഇടപെടലുകള് ആണെന്ന് നമ്മള് പലപ്പോഴും മറന്നു പോകുന്നു.
വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജി വീണ്ടും ചര്ച്ച ചെയ്യപ്പെടുമ്പോള്, മലബാറിലെ മറ്റൊരു ഐതിഹാസികസമരത്തിന്റെ മതേതരചരിത്രം നമ്മള് ആരും ഓര്മ്മിച്ചില്ല.1939 ല് പൊന്നാനിയില് നടന്ന ബീഡിത്തൊഴിലാളി സമരം മുന്നില് നിന്ന് നയിച്ചത് കെ. ദാമോദരന് ആയിരുന്നു. പൊന്നാനിയിലെ സാധുക്കളായ മുസ്ലിം സ്ത്രീകളും പുരുഷന്മാരും അന്ന് വെറും അഞ്ചണ കൂലി വാങ്ങിയായിരുന്നു ആയിരം ബീഡി തെറുത്തിരുന്നത്. ആയിരം ബീഡിക്ക് ഒരു രൂപയും 14 അണയും കൂലിയായി വേണമെന്നാവശ്യപ്പെട്ട് കമ്പനികള്ക്ക് മുമ്പില് നടത്തിയ ഈ സമരം കേരളചരിത്രത്തില് അടയാളപ്പെടുത്തുന്നത് തട്ടമിട്ട മുസ്ലിം സ്ത്രീകളുടെ ആവേശകരമായ പങ്കാളിത്തം കൊണ്ടുകൂടിയാണ്. നബിവചനങ്ങളും സമരമുദ്രാവാക്യങ്ങളും ഒരുമിച്ചു മുഴങ്ങിക്കേട്ട സ്ത്രീപങ്കാളിത്തമുള്ള അത്തരം സമരങ്ങള് നമ്മുടെ പില്ക്കാല ‘മതേതരഇടങ്ങളില്’ അധികം കണ്ടിട്ടില്ല. മതബോധത്തെ അതിലംഘിച്ച് നില്ക്കുന്ന ഒരു വിശാല തൊഴിലാളിവര്ഗബോധം ഉണ്ടാക്കിയെടുക്കാന് ആ കാലത്ത് തന്നെ കെ. ദാമോദരനെ പോലുള്ള നേതാക്കള്ക്ക് കഴിഞ്ഞു എന്നതും കൂടിയാണ് അദ്ദേഹത്തെ ഇന്നും പ്രസക്തനാക്കുന്നത്.
ആ ദീപ്തമായ ഓർമകൾക്ക് മുന്നിൽ
പ്രണാമം.
No comments:
Post a Comment