Friday, August 28, 2020

കോവിഡ് സാമൂഹ്യ വ്യാപനം : എന്തു ചെയ്യണം.?

 കോവിഡ് സാമൂഹ്യ വ്യാപനം :

എന്തു ചെയ്യണം.?
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കേരളത്തിലും കോവിഡ് വ്യാപനം കൂടുകയാണ്.
കേരളത്തിലും കോവിഡ് വ്യാപനത്തിന്റ നാലാം ഘട്ടത്തിലെക്ക് പോകുകയാണ്. ഇതിന്റ പ്രത്യേകത സാമൂഹ്യ വ്യാപന നിരക്ക് കൂടുന്നു എന്നതാണ്. കോവിഡ് കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ജൂലൈ മുതൽ സെപ്റ്റംബർ വരെ പീക്ക് ചെയ്യും എന്നത് നേരത്തെ തന്നെ കോവിഡ് വ്യാപനത്തെ കുറിച്ച് പഠിച്ച ഞാൻ ഉൾപ്പെടെ പലരും പറഞ്ഞു.
നമ്മൾ ആ ഘട്ടത്തിലേക്ക് പോകുമ്പോഴും പാനിക് പ്രതികരണം അല്ല വേണ്ടത്. അവധാനതയോടെയുള്ള സാകല്യ പോളിസി സമീപനമാണ് വേണ്ടത്.
കേരള സർക്കാർ വളരെ നല്ല രീതിയിലാണ് കോവിഡ് വ്യാപനത്തിന്റ ആദ്യഘട്ടം മാർച്ച്‌ മുതൽ മെയ് വരെ ചെയ്തത്. അതിൽ കേരളത്തിലെ സജീവമായ പൊതു ജനാരോഗ്യ സംവിധാനവും പഞ്ചായത്തുകളും മുനിസിപ്പാലിറ്റി കോർപ്പറേഷനുകളും പോലീസും ജനങ്ങളും എല്ലാം നല്ല ഏകോപനത്തോടെ പ്രവർത്തിച്ചു.
പക്ഷെ ജൂൺമുതൽ പലപ്പോഴും അധികം അവധാനതയില്ലാതെ പെട്ടന്നുള്ള ആശങ്കപൂരിതമായ സർക്കാർ പാനിക് പോളിസി പ്രതികരണങ്ങളിൽ ഉള്ള പാകപ്പിഴകൾ ചൂണ്ടിക്കാണിച്ചപ്പോൾ അതു മനസ്സിലാക്കി പോളിസി നടപടികൾ പെട്ടന്ന് തിരുത്താൻ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ശ്രമിച്ചു എന്നത് നല്ല കാര്യമാണ്.
കേരളത്തിൽ ഇപ്പോൾ തന്നെ വ്യാപനം അനുദിനം കൂടുകയാണ് . ഇപ്പോൾ തന്നെ മൊത്തം കോവിഡ് പോസിറ്റീവ് കേസുകൾ ഏഴായിരത്തിൽ കവിഞ്ഞിരിക്കുന്നു. അതു ഇരട്ടിയാകാനോ മൂന്നു ഇരട്ടി ആകുവാനോ അധികം സമയം വേണ്ട.
മരണ നിരക്ക് കുറവാണ് .മരണ നിരക്ക് കുറക്കാൻ എല്ലാ വിധ തയ്യാറെടുപ്പുകളും സർക്കാരും ജനങ്ങളും ഏറ്റെടുക്കണ്ട സമയമാണ്
ഈ ഘട്ടത്തിൽ സർക്കാരിനും ജനങ്ങൾക്കും എന്ത്‌ ചെയ്യാൻ കഴിയും.?
1) സർക്കാരും ജനങ്ങളും ഭരണ, പ്രതി പക്ഷ പാർട്ടികളും കോവിഡ് പ്രതിരോധത്തിൽ ഒരുമിച്ചു പ്രവർത്തിച്ചേ മതിയാകൂ.
സാമൂഹിക വ്യാപനം തടയാൻ സർക്കാരിനെകൊണ്ട് മാത്രം സാധിക്കില്ല. അതിനു ഉത്തര വാദിത്തം ഉള്ള എല്ലാ പൗരൻമാരും ശ്രമിച്ചേ പറ്റൂ.
2)ലോക് ഡൌൺ ഇല്ലെങ്കിൽപോലും വെറുതെ വെളിയിൽ പോയി ആൾക്കൂട്ട സ്ഥലങ്ങളിൽ പോകുന്നത് ഒഴുവാക്കുക.
മാസ്ക്, സോപ്പിട്ടു കൈ കഴുകൽ, ചൂട് വെള്ളം കുടിക്കുക, ശരീര പ്രതിരോധതിന്നു ഉതകുന്ന ഭക്ഷണം വൈറ്റമിൻ എല്ലാം ആവശ്യമാണ്.
3)സർക്കാർ തലത്തിൽ സാമൂഹിക വ്യാപനം, ആളുകളുടെ ജീവനോപാധി, സാമ്പത്തിക പ്രശ്നങ്ങൾ, ആരോഗ്യ പോളിസി പ്രതികരണം, പോലീസിംഗ്, വിദ്യാഭ്യാസം, ദുരന്ത നിവാരണം എല്ലാ ഉൾപ്പെടുത്തി ഓരോ മൂന്നു മാസത്തേക്കും കണ്ടിജൻസി റെസ്പോൺസ് പ്ലാൻ ഉണ്ടാക്കുക. അങ്ങനെ അടുത്ത ജനുവരി -ഫെബ്രുവരി വരെ ഓരോ മൂന്നു മാസത്തെ പ്ലാൻ തയ്യാറാക്കുക
അതുണ്ടാക്കേണ്ടത് മുകളിൽ ഇരിക്കുന്ന ചില ഉന്നത ഉദ്യോഗസ്ഥന്മാർ മാത്രം അല്ല. കണ്ടിൻജൻസി പ്ലാൻ മാത്രം അല്ല. പഞ്ചായത്ത്‌ തലത്തിൽ നിന്നും കൃത്യമായി ഫീഡ്ബാക്ക് എടുക്കുക. അതുപോലെ രാഷ്ട്രീയ പാർട്ടി തലത്തിലും.
സർക്കാർ കണ്ടിജൻസി പ്ലാനിനു കൃത്യമായി പ്രതികരണം കൊടുക്കുവാൻ എല്ലാ രാഷ്ട്രീയപാർട്ടികളിൽ നിന്നും എം എൽ എ മാരെയും എം പി മാരെ യും പ്രതിപക്ഷ നേതാവിനെയും മീഡിയ പ്രതിനിധികളെയും ഉൾപ്പെടുത്തി ഒരു പോളിസി അഡവൈസറി കമ്മറ്റി മുഖ്യ മന്ത്രിയുടെ അധ്യക്ഷതയിൽ നിയമിക്കുക. അതിനു ഓൺലൈൻ കൺസൾട്ടേഷൻ മീറ്റിംഗ് എല്ലാം ആഴ്ചയിലും നിർദേശങ്ങൾ കിട്ടുവാനുള്ള സംവിധാനമുണ്ടാക്കുക.
4)സാമൂഹിക വ്യാപനം ഉണ്ടാകും. അതു ഉണ്ടാകുമ്പോൾ പൂന്തുറ മോഡൽ അല്ല ഉപയോഗിക്കണ്ടത്. സൂപ്പർ സ്പ്രെഡ് എന്ന പാനിക് പരത്തി അവധാനതയോടെ അടിസ്ഥാന തലത്തിൽ ഉള്ള സാമൂഹിക പ്രശ്നങ്ങൾ പഠിക്കാതെ കുറെ പൊലീസുകാരെ തോക്കുമായി പറഞ്ഞു വിട്ടു റൂട്ട് മാർച്ച്‌ നടത്തി ഭയപ്പെടുത്തിയോ എല്ലാം അടച്ചു പൂട്ടിയോ അല്ല സാമൂഹിക വ്യാപനത്തെ പ്രതിരോധിക്കേണ്ടത്.
ഇവിടെ വേണ്ടത് തോക്കുള്ള പോലീസ് അല്ല. ജനമൈത്രീ പോലീസിംഗ് ആയിരുന്നു കേരളത്തിൽ ആദ്യ ഘട്ടത്തിലെ വിജയത്തിന് കാരണം.
5).സാമൂഹിക വ്യാപനം മുകളിൽ നിന്ന് താഴോട്ട് സെക്രട്ടറിയേറ്റിൽ ഇരുന്നു മന്ത്രിയും കുറെ ഉപദേശകരും മാത്രം പോലീസിനെ കൊണ്ടോ സർക്കാർ കൈകരുത്തുകൊണ്ടോ പ്രതിരോധിക്കാൻ സാധ്യമല്ല എന്ന് മനസ്സിലാക്കുക
a) ആദ്യം ജനങ്ങളെ രാഷ്ട്രീയ പാർട്ടി ജാതിമത ഭേദമന്യേ തുല്യരായി കണ്ടു അവരെ വിശ്വാസത്തിൽ എടുക്കുക.
b)ജനങ്ങളെ വിശ്വാസത്തിൽ എടുക്കുവാൻ അവരുടെ അഭിപ്രായങ്ങൾ ഗൗരവമായി ഗണിക്കണം.
c) അതിനു പഞ്ചാത്തു, ബ്ലോക്ക്, ജില്ലാതലങ്ങളിൽ കോവിഡ് ജാഗ്രത സമിതികൾ ഉണ്ടാകണം. അതിൽ പഞ്ചായത്തു പ്രസിഡന്റ് /വൈസ് പ്രസിഡന്റ്‌, പ്രതിപക്ഷ അംഗം, സാമൂഹിക സംഘടന പ്രതിനിധികൾ, സർക്കാർ ആരോഗ്യ വകകുപ്പുൾപ്പെടെ യുള്ള പത്തങ്ങ കോവിഡ് ജാഗ്രത സമതികൾ ഉണ്ടാക്കുക.
അതിനെ കൃത്യമായി ഏകോപിപ്പിച്ചു സാമൂഹ്യക തല പ്രതികരണ പരിപാടികൾ ഏകോപിക്കുക.
എല്ലാം കൂടി അടച്ചു പൂട്ടുകയല്ല പ്രതിവിധി. എങ്ങനെ ആളുകൾ ഉത്തരവാദിത്തോടെ പെരുമാറുന്നത് എന്നതാണ് വിഷയം.
d)ഉത്തരവാദിത്തം ഇല്ലാതെ, മാസ്ക് ധരിക്കാതെ വെറുതെ കറങ്ങി നടക്കുന്നവരെ പതിനാലു ദിവസം സർക്കാർ ക്വറിന്റൈൻ സംവിധാനത്തിലാക്കുക.
'എന്റെ ദൈവം നോക്കും 'എന്ന് പറഞ്ഞു മാസ്ക്കില്ലാതെ കറങ്ങി നടക്കുന്നവരെ 14 ദിവസം ക്വറേന്റീനിൽ ആക്കുക.
മാസ്ക് ഇല്ലെങ്കിൽ കുറഞ്ഞത് അഞ്ഞൂറ് രൂപ പിഴയടക്കയ്ക്കുക.
6) കേരളത്തിൽ ഇപ്പോൾ ടെസ്റ്റ്‌ നടത്തി റിസൾട്ട് വരുന്നത് രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ്. പലപ്പോഴും ആളുകൾ മരിച്ചു കഴിഞ്ഞാണ് ടെസ്റ്റ്‌ റിസൾട്ട് വരുന്നത് . ആ സ്ഥിതി മാറണം . കോവിഡ് ടെസ്റ്റുകൾ പല ഇരട്ടി വർധിപ്പിക്കണം . സ്വകാര്യ ലാബുകളെ കൂടി ഉൾപ്പെടുത്തണം. ടെസ്റ്റുകൾ അഞ്ചിരട്ടി കൂട്ടി വേഗം റിസൾട്ട് കിട്ടുവാനുള്ള സംവിധാനം ആവശ്യമാണ് .
അതു പോലെ സ്വകാര്യ ആരോഗ്യ മേഖലയെയും കൂടി സംയോജിപ്പിച്ചു കൂടുതൽ ആരോഗ്യ സുരക്ഷ പരിപാലന സംവിധാനം മെച്ചപ്പെടുത്തണം
7)കേരളത്തിൽ അടിസ്ഥാന തലത്തിൽ സാമ്പത്തിക പ്രശ്നങ്ങളും അതിൽ നിന്നുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങളും കോവിഡ് വൈറസിനെക്കാളിൽ കൂടുന്നു . ഗൾഫിൽ നിന്ന് കടബാധ്യതകൂടിയും ജോലി ഇല്ലാതെ ഒരുപാടു പേർ വരുന്നു . വിദേശത്ത് ജോലി നഷ്ട്ടപെട്ടവരെ ഓർത്തു അനുദിനം വേവലാതിപ്പെട്ടു കാര്യങ്ങൾ എങ്ങനെപോകും എന്നുള്ള തീവ്ര ആശങ്കൾ ഒരുപക്ഷെ കോവിഡ് മരണത്തേക്കാൾ കേരളത്തിൽ ആത്മ ഹത്യകൾ കൂടാൻ സാധ്യതയുണ്ട്
അതു കൊണ്ട് പഞ്ചായത്ത്‌ തലത്തിൽ സാമ്പത്തിക സർവെ എടുക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി പല തരത്തിൽ സർക്കാരിനെയും ജനങ്ങളെയും ബാധിക്കും
അവസാനമായി സർക്കാരിനോട് പറയാനുള്ളത് ജനങ്ങളെയും എല്ലാ തലത്തിൽ ഉള്ള എല്ലാം ജന പ്രതിനിധികളെയും വിശ്വാസത്തിൽ എടുക്കാതെ അടുത്ത ഘട്ടത്തിൽ കോവിഡ് പ്രതിരോധം ഫല പ്രദമായി ചെയ്യുവാൻ സാധിക്കില്ല .
സർക്കാരിന്റെ മുകളിൽ ഇരുന്നു കുറെ ഉപദേശിമാരും ഉദ്യോഗസ്ഥൻമാരും പോലീസും മാത്രം വിചാരിച്ചാൽ അടിസ്ഥാന തലത്തിൽ കാര്യങ്ങൾ മാറില്ല.
പെട്ടെന്നുള്ള ഉടനടി ലോക് ഡൌൺ കൊണ്ട് വലിയ പ്രയോജനം ഇല്ല.
അടിസ്ഥാന തലത്തിളുള്ള ജാഗ്രതയും സാധാരണ ലൗഡ് സ്പീകർ ജാഗ്രത നിർദേശങ്ങളോക്കെ ഉപയോഗിച്ച് ജനങ്ങളെ വിശ്വാസത്തിൽ എടുത്തു സാമൂഹിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് .
അടിച്ചു അപ്പം തീ റ്റിച്ചാൽ അതു പലപ്പോഴും വിപരീതഫലമുണ്ടാകുമെന്ന് ഭരണ ഉന്നതങ്ങളിൽ ഉള്ളവർ തിരിച്ചറിഞ്ഞാൽ അവർക്കും ജനങ്ങൾക്കും അതു ഗുണം ചെയ്യുന്നു
ജെ എസ് അടൂർ
James Varghese, Anilkumar Manmeda and 124 others
18 comments
22 shares
Like
Comment
Share

No comments: