Friday, August 28, 2020

മനുഷ്യഅവസ്ഥകളും ടെക്നൊലെജിയും -3

 മനുഷ്യഅവസ്ഥകളും ടെക്നൊലെജിയും

മൂന്നു
ഇന്ന് പ്ലാറ്റ് ഫോം ടെക്നൊലെജിയും ഓട്ടോമേഷനും മനുഷ്യ ജീവിതത്തെ മാറ്റി മറിച്ചുകൊണ്ടിരിക്കുകയാണ്.
.ഊബർ, ഗ്രാബ്, മുതലായ വിരൽ തുമ്പിലെ യാത്ര സൗകര്യങ്ങൾ മാത്രമല്ല,. അന്നന്നത്തെ ഭക്ഷണം ഓൺലൈനിൽ ഓർഡർ ചെയ്യുന്നത് പുതിയ നഗരവല്കൃത തലമുറക്ക് ശീലമായി. ടിൻഡർ മുതലായ ഡേറ്റിംഗ് പ്ലാറ്റഫോമിലൂടെ അന്നന്നു വേണ്ട ഇണയെയും വേണമെങ്കിൽ കണ്ടത്താം. അതു പോലെ ഡിജിറ്റൽ /ക്രിപ്റ്റോ കറൻസി പ്ലാറ്ഫോം ഫിനാൻസ് ഇക്കോണമിയെ മാറ്റികൊണ്ടിരിക്കുകയാണ്.
അനുദിനം മാറി മറിഞ്ഞു കൊണ്ടിരിക്കുന്ന ഓൺലൈൻ ആപ്പ്കൾ, ഡിജിറ്റൽ പ്ലാറ്റ്ഫോം ടെക്നൊളേജികൾ, ഓൺലൈൻ മീറ്റിംഗ്, അത് പോലെ ഓൺലൈൻ ജോലി സ്ഥലങ്ങൾ എല്ലാം മനുഷ്യൻ ജീവിക്കുന്ന രീതികളും സാഹചര്യങ്ങളും ജീവിത തിരെഞ്ഞെടുപ്പുകളും അതിനു അനുസരിച്ചു സാമ്പത്തിക അവസ്ഥകളും മാറ്റി മറിക്കുകയാണ്.
കഴിഞ്ഞ ഇരുപത് കൊല്ലങ്ങളിൽ ഉണ്ടായ ടെക്നോളജി പരിവർത്തനം ലോക സാമ്പത്തിക രംഗത്തെയും മനുഷ്യ ജീവിത അവസ്ഥകളെയും മനുഷ്യ ബന്ധങ്ങളെയും നിരന്തരം മാറ്റികൊണ്ടിരിക്കുന്നു. അത് നമ്മൾ വായിക്കുന്നതും എഴുതുന്നതും സംവേദിക്കുന്നതുമായ രീതികളെ പാടെ മാറ്റി. പേപ്പറിൽ അച്ചടിച്ച പത്രങ്ങൾ വായിക്കുന്നവർ കുറഞ്ഞു. സോഷ്യൽ മീഡിയായും അതിലുള്ള ഡേറ്റയും രാഷ്ട്രീയ വ്യവഹാരത്തെ മാറ്റികൊണ്ടിരിക്കുന്നു
2001 സെപ്റ്റംബർ 11 നു ടെക്നൊളജിയുടെ മറുവശം ലോക ചരിത്രത്തിൽ ആദ്യമായി കണ്ടു. വേൾഡ് ട്രേഡ് സെന്റെറിന്റ മുകളിൽ പോയി മനുഷ്യൻ നിർമ്മിച്ച ബിൽഡിംഗ്‌ ടെക്നൊലെജിയുടെ ആകാശ ഗോപുരത്തിൽ പോയ്‌ നിന്ന് അത്ഭുതം അനുഭവിച്ചിട്ടുണ്ട്.
ലോകത്തിലെ എൻജിനയിറിങ് ടെക്നൊലെജിയുടെ അടയാളപ്പെടുത്തലിനെ വേറെരു ടെക്നൊലെജികൊണ്ടു തകർക്കുന്നത് ലോകത്തിന്റ അറ്റത്തോളം തത്സമയം ലോകമെമ്പാടുമുള്ള മനുഷ്യർ തത്സമയം കണ്ടു.
ടെക്നൊലെജി എങ്ങനെ ഒരേ സമയം ഭയവും സ്വാതന്ത്ര്യവും തരുന്നതെന്നു കാട്ടിതന്നു.
അന്ന് മുതൽ മനുഷ്യൻ എവിടെയും നിരീക്ഷണത്തിലാണ്. പരസ്പര വിശ്വാസം നഷ്ട്ടപെട്ട, മനുഷ്യൻ ഇന്ന് വീട്ടിലും നാട്ടിലും കടയിലും ഓഫിസിലും എല്ലായിടത്തും സർവെലെൻസിലാണ് . അമ്പലങ്ങളിലും പള്ളിയിലും ദൈവങ്ങൾക്കും സർവെലിൻസ് ക്യാമറ.
ഊണിലും ഉറക്കത്തിലും 24x 7 ഒരാളുടെ കൂടെയുള്ള സ്മാർട്ട്‌ ഫോണാണ്. അതുപോലും സർവേലൻസ് നടത്തുന്നു. സോഷ്യൽ മീഡിയയിലും ഗൂഗിൾ അന്വേഷണത്തിലുമൊക്കെ മനുഷ്യൻ നിരന്തരം നീരീക്ഷണത്തിലാണ്.
പ്ലാറ്റ് ഫോം ക്യാപിറ്റലിസവും സോഷ്യൽ മീഡിയ ക്യാപിറ്റിലസിവും ഡിജിറ്റൽ കറൻസിയും, സാമ്പത്തിക ക്രമത്തെയും മനുഷ്യ അവസ്ഥകളെയും രാഷ്ട്രീയ വിവാഹാരത്തെയും മാറ്റും.
നിർമ്മിത ബുദ്ധിയും (artificial intelligence ), ജീൻ ടെക്നൊലെജിയും ബയോ ടെക്നൊലെജിയുമൊക്കെ മനുഷ്യ അവസ്ഥയെയും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ അവസ്ഥകളെയും മാറ്റും.
ഇത് പുതിയ ആഗോള രാഷ്ട്രീയ വ്യവഹാരത്തിന് ഇടനൽകും.
സോളാർ ഊർജവും അതുപോലെ ഇലക്ട്രിക് ഓട്ടോമേറ്റഡ് കാറുകളും വരുന്നതോടെ എണ്ണയുടെ ഉപയോഗം കുറയും. ഇപ്പോൾ നമ്മൾ കാണുന്ന ഓയിൽ ഡോളർ ഇക്കോണമി മാറുന്നതോടെ ലോക രാഷ്ട്രീയ സാമ്പത്തിക വ്യവഹാരങ്ങളും മാറും.
ഒരു വശത്തു ടെക്നൊളജി മനുഷ്യ അവസ്ഥയെ മാറ്റി മറിക്കുമ്പോൾ മറു വശത്തു അതു പല രാഷ്ട്രീയ നൈതീക പ്രശ്നങ്ങൾക്ക് ഇട നൽകും.
പത്തൊൻപതാം നൂറ്റാണ്ടിൽ ഉണ്ടായ ടെക്നൊലെജി വ്യവസായ സാമ്പത്തിക പരിസരത്ത് നിന്നാണ് ഇന്ന് കാണുന്ന ജനാധിപത്യം, സോഷ്യലിസം കമ്മ്യുണിസം മുതലായ രാഷ്ട്രീയ മൂല്യ വിജ്ഞാന വ്യവഹാരങ്ങൾ.
എന്നാൽ നിരന്തരം മാറി മറിയുന്ന 21 നൂറ്റാണ്ടിലെ ടെക്‌നോ സാമ്പത്തിക സാമൂഹിക പരിസരങ്ങൾ വളരെ വ്യത്യസ്തമാണ്.
അതു കൊണ്ടു തന്നെ പത്തൊൻപതാം നൂറ്റാണ്ടിലെ ഇസങ്ങൾ കലഹരണപെട്ടിരിക്കുന്ന അവസ്ഥയിലാണ്. പഴയത് പൂർണ്ണമായും പോയിട്ടില്ല. പുതിയയത് വന്നിട്ടും ഇല്ല.
അങ്ങനെയുള്ള സന്നിഗ്ദ രാഷ്ട്രീയ അവസ്ഥയിലാണ് ലോകത്തു കോവിഡ് 19 എന്ന ഷോക്ക്. വെറും ആറു മാസം കൊണ്ടു നിലവിൽ ഉള്ള ടെക്നൊലെജിയും രാഷ്ട്രീയ സാമ്പത്തിക ക്രമത്തെയും വെല്ലു വിളിക്കുന്നുണ്ട്. മാനുഷിക അവസ്ഥയിൽ വീണ്ടും ഭയത്തിന്റ കാറ്റു വിതച്ചു മനുഷ്യ ജീവിതത്തിന്റ വിരോധഭാസത്തെ ഒരിക്കൽ കൂടി തുറന്നു കാട്ടി.
മനുഷ്യൻ ഏറ്റവും കൂടുതൽ സുരക്ഷിതനാവാൻ ശ്രമിക്കുമ്പോൾ അരക്ഷിതത്വം എന്നും കൂടെയുണ്ട്.
ടെക്നൊലെജി ഉപയോഗിച്ചു ജീവിക്കാൻ, മരണം നീട്ടാൻ മുന്നേറുമ്പോഴാണ്‌ ഒരു കുഞ്ഞൻ വൈറസ് വന്ന് എല്ലാം കീഴ്മേൽ മറിച്ചത്.
രാജ്യങ്ങളുടെ അതിരുകൾ തുറന്നു തുടങ്ങിയ കാലം ആയിരുന്നു. എവിടെയും എപ്പോഴും യാത്ര ചെയ്യുവാൻ അതിരുകൾ പ്രശ്നം അല്ലാതായി. പക്ഷെ ഒരു കുഞ്ഞൻ കോവിഡ് സംഹാര ദൂതനെപോലെ വന്നു അതിരുകൾ മാറ്റി എഴുതി.
ഇന്ന് വീടുകൾക്ക് അപ്പുറമുള്ള അതിരുകൾപോലും നിയന്ത്രണത്തിലാണ്. യാത്ര സ്വാതന്ത്ര്യം ഇല്ലാതായി. സംഘടിക്കുനുള്ള സ്വാതന്ത്ര്യം ഇല്ല. അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അവധിയിലാണ്.
സർക്കാർ പുതിയ വിഗ്രഹവൽക്കരണത്തിലൂടെ എല്ലാത്തിനെയും നിയന്ത്രണ വിധേയമാക്കി.
കോവിഡ് അടിയന്തരാവസ്ഥയുടെ സാഹചര്യത്തിൽ ദേശ രാഷ്ട്ര സർക്കാരുകളും പോലീസിനും അഭൂതപൂർവമായ അധികാരമാണ് കൈവന്നിരിക്കുന്നത്.
കോവിഡ് ഭീതിയിലായിരിക്കുന്ന മനുഷ്യന്റെ സുരക്ഷ വിചാരങ്ങൾ സർക്കാർ അധികാരത്തിനും അധികാരികൾക്കും പുതിയ സാധൂകരണം നൽകുന്നുണ്ട് ജനായത്ത രാഷ്ട്രീയത്തിൽ നിന്നും പഴയ രക്ഷകർതൃ കരുതൽ രാഷ്ട്രീയ വ്യവഹാരത്തിലാണ് ഇന്ന് ഭരണക്രമം.
എല്ലാ ടെക്നൊലെജിക്കും അടിസ്ഥാനം അന്നും ഇന്നും എന്നും ഭൂമിയും ഭൂമിയിൽ ഉളവായതുമാണ്. മനുഷ്യൻ ഭൂമിയിൽ ജീവനും ജീവിതവും നിലനിർത്തുന്നതും പ്രകൃതിയിൽ തന്നെയാണ് .ടെക്നൊലെജി കൊണ്ടു പ്രകൃതിയുടെ അതിരുകൾ കടക്കുവാൻ നിരന്തരം ശ്രമിക്കുന്ന മനുഷ്യനെ ഇടക്കിടെ അവരവരുടെ അതിരുകൾ ബോധ്യപ്പെടുത്തും.
കോവിഡ് 19 മനുഷ്യരെ ഓരോരുത്തരെയും അവരുടെ അതിരുകളിൽ തളച്ചു വീണ്ടും ഓർമിപ്പിക്കുന്നു :
മനുഷ്യൻ ഉറച്ചു നിന്നാലും ഒരു ശ്വാസം അത്രേ.
ജെ എസ് അടൂർ
Murali Vettath, Sreejith Krishnankutty and 75 others
9 comments
4 shares
Like
Comment
Share

No comments: