Tuesday, August 25, 2020

ഭരണ അധികാരത്തിന്റെ ഭയ -അതിജീവന യജ്ഞങ്ങൾ

 ഭരണ അധികാരത്തിന്റെ ഭയ -അതിജീവന യജ്ഞങ്ങൾ

മനുഷ്യർ ഉള്ളിടത്തെല്ലാം പല തരത്തിലും പല രീതിയിലുമുള്ള അധികാര വിനിമയങ്ങളും പ്രയോഗങ്ങളുമുണ്ട്.
അധികാര പ്രയോഗങ്ങളെ അനുദിന മാനുഷിക ബന്ധങ്ങളുടെ അടിസ്ഥാന സൂഷ്മ തലത്തിൽ (micro power relationship )മനസ്സിലാക്കം. അതുപോലെ സംഘടിത സ്ഥാപന വ്യവസ്ഥാപിത സംഘ ബലങ്ങളുടെ സ്ഥൂല തലത്തിലും (macro power relationship )കാണാം.
ഇങ്ങനെ പല തലത്തിൽ പല തരത്തിലും പല വിധത്തിലുമുള്ള അധികാര പ്രയോഗങ്ങൾ പരസ്പരം പോഷിപ്പിച്ചാണ് മനുഷ്യനെ സാമൂഹിക -രാഷ്ട്രീയ സ്വത്വങ്ങളിൽ ജനനം മുതൽ മരണ വരെ മനുഷ്യനെ അഗീകരിക്കുന്നത്. അതു കൊണ്ടാണ് ജനനവും മരണവും രണ്ടു സംഘടിത ശക്തികളാൽ അടയാളപെടുത്തുന്നത്.
അതു സംഘടിത മത അധികാരവും സർക്കാർ രാഷ്ട്രീയ അധികാരവുമാണ് . ജനനവും മരണവും അവിടെ രജിസ്റ്റർ ചെയ്യുമ്പോൾ മുതൽ മനുഷ്യൻ സംഘടിത സംഘ ബല അധികാര പരിധിക്കുള്ളിൽ ജീവിക്കുവാൻ നിർബന്ധിതരാകുന്നു.
കാരണം മനുഷ്യ ബന്ധങ്ങൾ സാമൂഹിക ബന്ധങ്ങളാണ്. ഒരു മനുഷ്യനു പേരിടുന്നത് മുതൽ, ആണായാലുംപെണ്ണായാലും, അയാൾ ലിംഗ -ഭാഷ -ജാതി /വംശ, ദേശ സ്വതബോധങ്ങളുടെ ഭാഗമാകുന്നു. അങ്ങനെയുള്ള സംഘടിത ബോധങ്ങൾ കുടുംബത്തിൽ പോലും വർത്തിക്കുന്നത് അധികാര പ്രയോഗങ്ങളിൽ കൂട്ടിയാണ്.
മനുഷ്യൻ ഒരു വ്യക്തി ആകുന്നത് പോലും സാമൂഹിക ബന്ധങ്ങളാൽ സ്വാധീനിക്കപെട്ടാണ്. ആ സാമൂഹിക ബന്ധങ്ങൾ പലപ്പോഴും ശീല ആചാര വിശ്വാസങ്ങളാകുന്നത് പല വിധ, പല തര പരസ്പര പൂരിതമയ അധികാര ബന്ധങ്ങളുടെ സ്വാധീനവലയത്തിലാണ്
അടുക്കളയിലും അരംഗത്തും തീൻ മേശയിലും കിടപ്പറയിലും മനുഷ്യർ അധികാര പ്രയോഗങ്ങൾ പല വിധത്തിൽ പങ്കു വയ്ക്കും. അതു ഭാഷയിലൂടെയും ശരീര ആംഗ്യ വിക്ഷേപങ്ങളിൽ കൂടിയും പേര് വിളിക്കുന്നതിൽ കൂടിയുമൊക്കെ നമ്മൾപോലും അറിയാതെ നമ്മുടെ ഉള്ളിൽ സജീവമാണ്.
ഊണിലും ഉറക്കത്തിലും രതിയിലും ഭോഗ-ഉപ ഭോഗങ്ങളിലും പ്രസംഗങ്ങളിലും പ്രവർത്തികളിലും മനുഷ്യൻ ശരീരം കൊണ്ടും മനസ്ഥിതികൾ കൊണ്ടും ഭാഷാവിനിമയം കൊണ്ടും പല തരത്തിലും പല വിധത്തിലും അധികാര പ്രയോഗം പ്രക്രിയയിലാണ് ജീവിക്കുന്നത്.
സംഘടിത മതവും സംഘടിത രാഷ്ട്രീയവും
സമൂഹത്തിൽ പ്രധാനമായ സംഘടിത അധികാര ശക്തികളാണ് കാല ദേശങ്ങൾക്ക് അതീതമായി വർത്തിക്കുന്നത്. അതു സംഘടിത മത അധികാര ശക്തിയും സംഘടിത രാഷ്ട്രീയ അധികാര സ്വരൂപങ്ങളുമാണ്.
മതങ്ങൾ ദൈവീക ശ്കതിയുടെ പേരിൽ ആശയങ്ങളും ആചാരങ്ങളും വിശ്വാസ പ്രമാണങ്ങളും കൊണ്ടു മനസ്സിനെ ഭരിക്കുന്നു.
രാഷ്ട്രീയ ഭരണ സ്വരൂപം (സർക്കാർ ) നിയമങ്ങൾ കൊണ്ടും നിയമ വ്യവസ്ഥകൾ കൊണ്ടു വരുതിയിലാക്കി ആയുധ ബലങ്ങൾ കൊണ്ടു സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിട്ട് അടക്കവും ഒതുക്കവുമുള്ള സമൂഹമായി മാറ്റുന്നു.
സംഘടിത മത അധികാരവും സംഘടിത രാഷ്ട്രീയ അധികാര ശക്തികളും തമ്മിലുള്ള ബന്ധം പല കാലത്തും പല വിധത്തിലും മനുഷ്യരെ സ്വത്വ ബോധം വിശ്വാസികളാക്കുന്നു.
കഴിഞ്ഞ ഇരുനൂറ്റി അമ്പത് കൊല്ലങ്ങളായി അച്ചടി സാങ്കേതിക വിദ്യയുടെ വളർച്ചയിലാണ് വിജ്ഞാന യുക്തികൾ ലോകത്തിൽ എല്ലായിടത്തും പടരുവാൻ തുടങ്ങിയത്.
ചോദ്യങ്ങൾക്ക് അപ്പുറമുള്ള ദൈവിക പരമാധികാര യുക്തികളിലാണ് എല്ലാ വ്യവസ്ഥാപിത രാഷ്ട്രീയ അധികാരങ്ങളും മനുഷ്യനെ ഏതാണ്ട് നൂറു കൊല്ലങ്ങൾക്ക് മുമ്പ് പോലും അടക്കി ഭരിച്ചിരുന്നത്
വ്യവസ്ഥാപിത രാഷ്ട്രീയ അധികാര ഭരണ യുക്തികളെ മനുഷ്യൻ പുതിയ വിജ്ഞാന ശാസ്ത്ര യുക്തികൾ കൊണ്ടു ചോദ്യങ്ങൾ ചെയ്തത് മുതലാണ് രാഷ്ട്രീയ അധികാരത്തെ മത ദൈവീക യുക്തിക്ക് അതീതമായി കാണുവാൻ തുടങ്ങിയത്.
അമേരിക്കൻ വിപ്ലവും ഫ്രഞ്ച് വിപ്ലവും മനുഷ്യൻ വിജ്ഞാന വിപ്ലവത്തിൽ ആർജിച്ച പുതിയ മാനവ നൈതീക ബോധം കൊണ്ടാണ്. സംഘടിത മതശക്തികൾ വ്യവസ്ഥാപിക്കപെട്ട ദൈവീക പരമാധികാരത്തിനു അപ്പുറമായി എല്ലാ മനുഷ്യരെയും തുല്യരായി തുല്യമായി കാണുന്ന മാനവിക ബോധമാണ് ജനായത്ത അധികാര വിനിമയത്തിന്റെ അടിസ്ഥാനം.
മതേതര ജനായത്തമെന്നത് സംഘടിത മത ശക്തികൾക്ക് അപ്പുറമുള്ള സാർവലൗകിക മാനവ മൂല്യ ബോധമാണ്. അതിന്റ അടിസ്ഥാനം എല്ലാ മനുഷ്യർക്കും ജീവിക്കുവാനും പറയാനും കേൾക്കാനും സംഘടിക്കുവാനും പ്രവർത്തിക്കുവാനുമൊക്കെയുള്ള തുല്യ അവകാശമുണ്ട് എന്നുള്ള മാനവിക മൂല്യ ബോധമാണ്.
ജനായത്ത സംവിധാനമെന്നത് തുല്യ മനുഷ്യ അവകാശങ്ങളുടെയും പൗര ഉത്തരവാദിത്തങ്ങളുടെയും പരസ്പര മാനവിക സുരക്ഷിത ബോധത്തിന്റെ മാനവിക മൂല്യങ്ങളാണ് . ജനായത്ത സംവേദനം തിരെഞ്ഞെടുപ്പ് രാഷ്ട്രീയ സംഘടിത അധികാര പ്രയോഗത്തിന് അപ്പുറമുള്ള മതേതര മൂല്യ ബോധമാണ്.
ജനായത്ത മൂല്യ ബോധത്തെ പലപ്പോഴും അട്ടിമറിക്കുന്നത് കക്ഷി രാഷ്ട്രീയ സംഘ ബല സ്വത്വബോധങ്ങളും അതുപോലെ മനുഷ്യരെ വിഘടിപ്പിക്കുന്ന സംഘടിത മത സ്വത ബോധങ്ങളുമാണ്.
അരക്ഷിതതിന്റെ രാഷ്ട്രീയം. Politics of insecurity.
മനുഷ്യനിൽ അരക്ഷിത അവസ്ഥ കൂടുമ്പോൾ അവർ സുരക്ഷിതത്വം തേടുന്നത് സംഘ അധികാര യുക്തിയിലാണ് . അതു കൊണ്ടാണ് സംഘടിത രാഷ്ട്രീയ അധികാര വ്യവസ്ഥയായ സർക്കാരിനോട് മനുഷ്യൻ കൂടുതൽ കൂടുതൽ വിധേയരാകുന്നത്. സർക്കാർ അധികാര മുഖങ്ങളെ ദൈവ തുല്യരായി കാണുവാൻ തുടങ്ങുന്നത്.
എല്ലായിടത്തും എല്ലാ ഭരണ അധികര പട്ടെലർമാർക്കും അവരുടെ സ്തുതി പാഠക തൊമ്മിമാർ വേണം. അവരുടെ പ്രധാന തൊഴിൽ ഭരണ പട്ടേലരെ സ്തുതി പാടി ന്യായീകരിച്ചു സന്തോഷിക്കുക എന്നതാണ്.
രാഷ്ട്രീയ അധികാരികൾ പലപ്പോഴും ഭയം വിതച്ചു ജനങ്ങളുടെ ഇടയിൽ അരക്ഷിതത്വം വളർത്തി സുരക്ഷ വാഗ്ദാനം ചെയ്താണ് അവകാശങ്ങളെ നിഷ്കാസനം ചെയ്യുന്നത്.
കാരണം മനുഷ്യൻ പലപ്പോഴും അരക്ഷിത ബോധത്തെ അതിജീവിക്കാൻ സ്വന്തം അവകാശങ്ങളെ മറന്നു ആട്ടിടയർ തെളിക്കുന്ന വഴിയിൽ പച്ചയായ പുൽപ്പുറങ്ങളും സ്വസ്‌ഥയുള്ള വെള്ളാങ്ങളും തേടി നടന്നാണ് ചരിത്രത്തിൽ ശീലിച്ചത്. അതു കിട്ടിയില്ലെങ്കിൽ പോലും അതിന്റ പ്രത്യാശയിൽ അവർ അധികാരികളുടെ വിധേയരായി മാറും
അരക്ഷിത ഹൈവേകൾ
ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ സാങ്കേതിക വളർച്ചയുടെ പാരമ്യത്തിൽ പലതരം അരക്ഷിത ബോധവും ഭയാശങ്കകളും വ്യക്തിഗത മനുഷ്യനിൽ ക്രമാതീതമയി വളർന്നു.
അതിൽ ആദ്യത്തേത് ജോലിക്കും ജീവനോപാധിക്കും വേണ്ടിയുള്ള പുതിയ പരക്കം പാച്ചിലും മത്സരയോട്ടങ്ങളുമാണ്.
മുതാളിത്വ ഉപഭോഗ ആഗ്രഹങ്ങൾ വിൽക്കുന്ന ഇടമാണ് വ്യവസ്ഥാപിത മാധ്യമങ്ങൾ . ആഗ്രഹങ്ങൾ കൂടുതുന്നത് അനുസരിച്ചു സാമ്പത്തിക വളർച്ച ഇല്ലാതാകുമ്പോൾ മനുഷ്യനു ഇല്ലായ്മവിചാരങ്ങൾ (depravity complex,)കൂടുന്നു. പല തരത്തിലുള്ള ഇല്ലായ്മ ബോധങ്ങൾ മനുഷ്യരിൽ മത്സര ബുദ്ധി ക്രമാതീതമാക്കി.
അരക്ഷിത അവസ്ഥയിലുള്ള മത്സര യുക്തി ക്രമാതീതമാകുമ്പോൾ മറ്റുള്ള മനുഷ്യരോടുള്ള പരസ്പര വിശ്വാസം കുറയും (trust deficit ).ഇങ്ങനെയുള്ള മനുഷ്യർ തമ്മിലുള്ള പരസ്പര വിശ്വാസം കുറയുമ്പോൾ അപരവൽക്കരണം കൂടും. നിങ്ങൾ ഞങ്ങളോടൊപ്പം അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ എതിരാളികളാണ് എന്ന സംഘ സത്വ യുക്തികൾ കൂടും.
സാമ്പത്തിക പ്രതി സന്ധികളും പരിസ്ഥിതി പ്രതിസന്ധികളും മഹാമാരിയും മനുഷ്യരെ മാത്രം അല്ല അരക്ഷിതമാക്കുന്നത്. അതു സർക്കാരിനെയും സർക്കാർ അധികാരികളെയും അരക്ഷിതരാക്കുന്നു.
അരക്ഷിത അതി ജീവന മത്സരത്തിൽ മനുഷ്യൻ വാക്കുകളിലും വിചാരങ്ങളിലും അക്രമ ത്വര (aggressive behavior) കാണിക്കും. എല്ലാത്തിനെയും എല്ലാവരെയും സംശയിക്കുന്നു. തൂണിലും തുരുമ്പിലും ശത്രുക്കൾ ഉപജാപകവും ആഭിചാര കൂടോത്രങ്ങൾ ചെയ്യുന്നു എന്ന തോന്നൽ കലശലാകുന്നത് അരക്ഷിത ബോധം കൂടി കൂറ്റുമ്പോഴാണ്
അരക്ഷിത ബോധം കൂടുമ്പോഴാണ് മൃഗങ്ങൾക്കും മനുഷ്യർക്കും അസ്വസ്ഥതയും അതിൽ നിന്നുള്ള അലോസരവും ആക്രമണം ത്വരയും കൂട്ടുന്നത്. അതു അധികാര പ്രയോഗത്തിന്റ ഒരു വിരോധാഭാസമാണ് . അധികാരം കൂടുതലാകുമ്പോൾ അതു പോകുമോ എന്ന ഭയമാണ് അധികാരികളെ അഗ്രെസ്സിവ് ആക്കുന്നത്.
മാളിക മുകളിൽ എറിയാൻ ആളുകൾക്ക് തോളിൽ കയറുന്ന മാറാപ്പുകളുടെ ഭാരത്തിൽ വീഴുമോ എന്ന ഭയം മനുഷ്യ അവസ്ഥയാണ്.
ഈ നൂറ്റാണ്ട് ആരംഭിച്ചത് 9/11 അക്രമത്തിന്റ ഭീകരതയുടെ കാഴ്ചകളുടെ ലോക വിക്ഷേപണത്തിലൂടെയാണ് . അതി സാങ്കേതിക ഡിജിറ്റൽ വിവര വാഹന ഹൈവേകളിൽ അതി വേഗത്തിൽ ഭയവും അരക്ഷിതവും പരക്കുന്നു. ലോകത്ത് എന്ത്‌ കോണിൽ എന്ത്‌ ഭീകര ആക്രമണം ഉണ്ടായാലും അതിന്റെ അരക്ഷിതത്വം നിമിഷങ്ങൾക്കുള്ളിൽ പടരുന്നു.
ഇന്ന് ലോകത്ത് ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ പകരുന്നത് ഭയമെന്ന വ്യാധിയാണ്. കോവിഡ് ഭയം കൂടിയപ്പോൾ നമ്മൾ കുടുംബത്തിന്റ വീടുകളുടെ സുരക്ഷിത ബോധത്തിലെക്ക് പിൻവാങ്ങി.
വൈറസിനേക്കാൾ വേഗം പകർന്നത് ഭയമാണ്. ഭയം കൂടിയപ്പോൾ തൊട്ട് അടുത്തു നിൽക്കുന്ന മനുഷ്യനെപ്പോലും വിശ്വസിക്കാനാവാത്ത ദാരുണ അവസ്ഥ.
വൈറസ് ഇല്ലെങ്കിലും അതു ഉണ്ടാകാൻ സാധ്യതയുള്ളവരെ അപരവൽക്കരിച്ചു ശത്രുക്കകളെ പോലെ കാണുക. പലപ്പോഴും മറ്റു ദേശങ്ങളിൽ നിന്ന് വന്നവരോട് പല മലയാളികളും അഗ്രസിവ് ആയതു അരക്ഷിത ഭയ ബോധ്യങ്ങളിൽ നിന്നാണ്.
ഇങ്ങനെയുള്ള അരക്ഷിത ബോധവും സർക്കാരിന്റെ തലപ്പത്തുള്ളവരെ ഗ്രേസിക്കുമ്പോഴാണ് അവർ ഡിഫെൻസിവ് ആകുന്നത്. അവർ വാക്കിലും പ്രവർത്തിയിലും അഗ്രെസ്സിവ് ആകുന്നത് . അവർ ആയുധ ബലമുള്ള പോലീസിനെയും പട്ടാളത്തെയും വാഴ്ത്തു പാട്ടുകൾ പാടി ജനങ്ങളുടെ ഇടയിൽ ഇറക്കി വിടുന്നത്.
അരക്ഷിത ബോധം കൂടുമ്പോൾ സംഘ ബലത്തിന്റ ഭൂരിപക്ഷ യുക്തികളിലേക്ക് മനുഷ്യൻ ചിന്തയറ്റു കൂപ്പു കുത്തും. ആളുകൾ മാത്രമല്ല സംഘബല സത്വത്തിൽ അതിജീവന സുരക്ഷ തേടുന്നത്. .
സർക്കാരും അതു ചെയ്യും. സർക്കാരിലെ അധികാരികൾ അരക്ഷിതറാകുമ്പോൾ അവർ സഘടിത മത ശക്തിയെ ആവാഹിക്കും. അതാണ് ഇന്ത്യയിലും തുർക്കിയിലും മിയന്മാരിലും അമേരിക്കയിലും മറ്റു പല രാജ്യങ്ങളിലും കാണുന്നത്. അതു കേരളത്തിലും ദ്രശ്യമായി തുടങ്ങി
അതു കൊണ്ടാണ് ഇന്ത്യൻ പ്രധാന മന്ത്രി സാമ്പത്തിക -മഹാരോഗ പ്രതിസന്ധിയിളുള്ള അരക്ഷിതാവസ്‌ഥ മറച്ചു വയ്ക്കാൻ ദൈവീക പരമാധികാര യുക്തിയിൽ അധികാരമുറപ്പിക്കുവാൻ ശ്രമിക്കുന്നത്.
അതു കൊണ്ടാണ് മതേതര ഇന്ത്യൻ ഭരണഘടനക്ക് അപ്പുറമുള്ള ജയ് ശ്രീ റാം വിളിയിൽ ഭൂരിപക്ഷ മത യുക്തി സംഘ ബലത്തെ ആവാഹിക്കുന്നത്.
ആശങ്ങളും ആശയയും ആവേശവും പ്രത്യാശകളും നഷ്ട്ടപ്പെട്ട പ്രതിപക്ഷം ദിശാബോധം നഷ്ടപ്പെട്ടു കാറ്റിൽ ഉലഞ്ഞ കപ്പൽപോലെ കറങ്ങി തിരിയുകയാണ് . കപ്പിത്താനില്ലാത്ത കപ്പലിൽ അരക്ഷിത ബോധം കൂടുമ്പോഴാണ് വാൾ എടുത്തവരെല്ലാം വെളിച്ചപ്പാട് ആകുന്നത്.
ഭരണ അധികാരം ശീലിച്ചവർക്ക് പലർക്കും പ്രതിപക്ഷമകനുള്ള ശേഷിയില്ല. അതു കൊണ്ടാണ് ഇന്ത്യയിലെ പഴയ പാർട്ടിഎന്ന കപ്പൽ ചുഴയിൽ കിടന്നു ഉഴലുത്തുന്നത്
പല കക്ഷി രാഷ്ട്രീയ പാർട്ടികളും ഭരണ അധികാര ശീലങ്ങളിൽ പൂരിതമായി റിസേർവിൽ ഓടുന്ന അവസ്ഥയിലാണ് .
പഴയ പ്രത്യയ ശാസ്ത്ര സംഹിതകൾ മുദ്രാവാക്യങ്ങൾ പോലും അല്ലാതാകുമ്പോൾ എന്ത്‌ ആശയം പറഞ്ഞാണ് ജനങ്ങളുടെ വോട്ട് നേടണം എന്ന അരക്ഷിത അങ്കലാപ്പിലാണ് പണ്ട് പുരോഗമനം പ്രസംഗിച്ചവർ.
ആശയ ആവേശ അരക്ഷിതത്വം കൂടുമ്പോൾ പലപ്പോഴും പഴയ സംഘടിത മത സംഘയുക്തിയെയാണ് ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത്. വർഗ്ഗ രാഷ്ട്രീയത്തെക്കാൾ കൂടുതൽ പറയുന്നത് വർഗീയ രാഷ്ട്രീയമാണ് .
ഇന്നത്തെ ഇന്ത്യയിൽ അജണ്ട സെറ്റ് ചെയ്യുന്നത് മോഡി മോഡലിന്റ ഭൂരിപക്ഷം സംഘടിത മത യുക്തിയാണ് . ജയ് ശ്രീ റാം എന്നത് സംഘടിത മതത്തിന്റ പരമാധികാര രാഷ്ട്രീയ യുക്തിയാണ്.
അതിനോട് എങ്ങനെ പ്രതികരിക്കണമെന്നു കോൺഗ്രസ്സും കമ്മ്യുണിസ്റ്റും എന്ന പേരിളുള്ള പഴയ സെക്കുലർ പാർട്ടികൾക്ക് പോലും കഴിയുന്നില്ല. അവർ പരസ്പരം ആർ എസ് എസ് ആണ് എന്ന് പഴി ചാരുമ്പോൾ അവരല്ല വളരുന്നത് എന്ന് അവർ അറിയുന്നില്ല.
മാർക്സിസം പേരിന് പോലും ഇല്ലാത്തത് ആ പേരിൽ ഉള്ള പാർട്ടിയുടെ കുറ്റം അല്ല. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ വിപ്ലവത്തിൽ വലിയ പുസ്തകങ്ങൾ അലമാരകളിൽ നിത്യ വിശ്രമത്തി ലാണ്.
ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ രാമനാണ് ഭൂരിപക്ഷ മത യുക്തി സാധ്യത .
അങ്ങനെയുള്ള ഭൂരിപക്ഷ മത യുക്തിയിൽ പ്രായോഗിക രാഷ്ട്രീയത്തിൽ ഒഴുക്കിന് അനുസരിച്ചു നീന്തുക എന്ന പ്രായോഗിക രാഷ്ട്രീയ വ്യവഹാരം .
അതുകൊണ്ടാണ് തൊണ്ണൂറുകൾ കഴിഞ്ഞു വന്ന പുരോഗമന നേതാക്കൾക്ക് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രവാചകനെ അല്ല വേണ്ടത് സീറ്റ് തരാൻ കഴിവുള്ള നേതാവിനെയും വോട്ടു തരപ്പെടുത്താൻ വേണ്ട സംഘടിത മത സ്വത യുക്തിയുമാണ്‌.
തിരെഞ്ഞെടുപ്പ് അധികാര രാഷ്ട്രീയ യുക്തിയിൽ പള്ളികളും അമ്പലങ്ങളും പുണ്യ പുരാതന കഥകളുടെയും ഗ്രന്ഥങ്ങളുടെയും നാൾ വഴികളിലെ നന്മകൾ കണ്ടെത്തി പിടിച്ചു നിൽക്കേണ്ടത് രാഷ്ട്രീയ അതി ജീവനത്തിന്റ പ്രായോഗിക സാമാന്യ ബുദ്ധിയായി കണ്ടാൽ പ്രശ്നം ഒന്നും ഇല്ല. എന്തായാലും പത്തൊമ്പതാം നൂറ്റാണ്ടിലെ താടിക്കാരൻ പ്രവാചകനെകുറിച്ച് പറഞ്ഞിട്ട് ഇനിയും കാര്യമില്ല എന്ന് പറയാതെ പറയുന്നത് രാഷ്ട്രീയ അതിജീവന യുക്തിയാണ്
രാഷ്ട്രീയ അധികാരവും അതി ജീവനത്തിനായി ആശയങ്ങൾ റീ സൈക്കിൾ ചെയ്യാൻ പോലുമാകാതെ ആളും അർത്ഥവും അധികാരത്തിനായി എങ്ങനെ സംഘടിപ്പിക്കാമെന്ന പരക്കം പാച്ചിലാണ്.
നിലനില്പിന്റ് ആശങ്കയിൽ കൂടെ ഇല്ലന്ന് തോന്നുന്ന എല്ലാവരെയും ദുഷ്ട്ടൻമാരും ശത്രുക്കളുമായി ഗണിച്ചു ഗുണിച്ചാൽ കുറെ കഴിയുമ്പോൾ കൂടെ ആളുകൾ അധികമില്ല എന്ന് കരുതുമ്പോഴേക്കും കാര്യങ്ങൾ കഴിയും. അതു ഭരണ അധികാരത്തണളുള്ള സംഘബല യുക്തികൾക്ക് പെട്ടെന്ന് മനസ്സിലാവില്ല. കാലിന്റെ അടിയിലെ മണ്ണുപോകുമ്പോഴും ഞങളുടെ സംഘ ബലം നമ്മളെ കാക്കും നമ്മുടെ പാർട്ടി എപ്പോഴും കൂടെക്കാണും എന്ന വിശ്വാസം പലപ്പോഴും നിലനിൽക്കുന്നയോന്നല്ല.
വല്ലാത്ത ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളുടെ രാവു കഴിഞ്ഞു സൂര്യൻ ഉദിച്ചു കാര്യങ്ങൾ കലങ്ങി തെളിയും എന്ന സാമാന്യ യുക്തി പ്രത്യാശകളെയുള്ളു മനുഷ്യനു. എല്ലാവരും അതിജീവന സമരത്തിലാണ്. എല്ലാ ഒരിക്കലും എന്നും ശരിയാകില്ല.
അതു കൊണ്ടു എല്ലാം ശരിയാകും എന്ന പ്രത്യാശകൾ പെട്ടെന്ന് അസ്തമിക്കുന്നയൊന്നാണ്.
ചിലതെങ്കിലും ശരിയാകാൻ കക്ഷി രാഷ്ട്രീയതിന്നു അതീതമായി മനുഷ്യരായി ഒരുമിച്ചു പ്രവർത്തിച്ചാൽ ആശയുടെ വെളിച്ചം തെളിയും.
ഇരുട്ടിൽ കുറെ പേർ അവിടെയും ഇവിടെയും ചെറു വെട്ടങ്ങൾ തെളിയിച്ചാൽ ചിലതൊക്കെ തെളിവായി പ്രകാശിക്കും.
വല്യ നേതാക്കളോ. വല്യ പുസ്തകങ്ങളോ അല്ല മാറ്റങ്ങൾക്ക് വിളക്ക് തെളിച്ചത്.
ജെ എസ് അടൂർ

No comments: