പെൻഷൻ കാര്യം -4
സർക്കാർ ജനങ്ങളുടേതാണ്, ജനങ്ങൾക്ക് വേണ്ടിയാണ്.
ലോകത്ത് എവിടെയും സർക്കാർ നടത്തുന്നത് സർക്കാർ ജീവനക്കാരണ്. സർക്കാർ ജീവനക്കാർ ചൊവ്വ ഗ്രഹത്തിൽ നിന്ന് വന്നവരല്ല. അവർ അതാതു സമൂഹത്തിൽ ജീവിക്കുന്നവരാണ്. സമൂഹത്തിന്റെ പരിച്ഛേദമാണ്. എല്ലാ മനുഷ്യരെയും പോലെ നന്മകളും തിന്മകളും സർക്കാർ ജീവനക്കാരിലുമുണ്ട്.
സർക്കാർ ജനങ്ങളുടേത് എന്നാണ് വെപ്പ് . പക്ഷേ കേരളത്തെയും ഇന്ത്യയെയും പോലെ ഒരു സെമി ഫ്യുഡൽ സമൂഹത്തിൽ ജനങ്ങൾ അവരുടെ ആശ്രിത ദാസൻമാരാണ് എന്ന് കരുതുന്ന ഒരുപാട് ഉദ്യോഗസ്ഥ പ്രമാണിമാരാണ് പ്രശ്നം . എല്ലാരും അങ്ങനെയല്ല.
പലപ്പോഴും വന്ദ്യ വിനീതരായി തിരെഞ്ഞെടുപ്പിന് മുന്നേ വരുന്നവർ ജയിച്ചു മന്ത്രിമാറിയാൽ പലരും അറിയാതെ തന്നെ ഫ്യുഡൽ പ്രമാണിമാരെപോലെ പെരുമാറും . ഭരണപാർട്ടി നേതാക്കളിൽ കുറെ പേരെങ്കിലും അധികാര കാര്യസ്ഥൻമാരാകും.
സാധാരണ ജനങ്ങൾക്ക് കലിപ്പ് കയറുന്നത് അവരുടെ നികുതി കൊണ്ടു ശമ്പളം വാങ്ങിക്കുന്നവരുടെ അധികാര അഹങ്കാരങ്ങളാണ്, ഭരണത്തിൽ ഉള്ളവർ നടത്തുന്ന ശത കോടികളുടെ പാഴ് ചിലവുകളാണ്, വേണ്ടപ്പെട്ടവരെ പിൻ വാതിലിൽ നിയമിക്കുന്നതാണ്. അഴിമതിതിയും, സ്വജന പക്ഷപാതവും, അധികാര ദുർവിനൊയാഗവുമാണ്.
എന്താണ് സർക്കാർ ചെയ്യേണ്ടത് ?
1)ആദ്യം സർക്കാരും സർക്കാർ ജീവനക്കാരും എല്ലാം വില്ലൻമാരാണ് എന്ന ധാരണ മാറാണം
കാരണം സർക്കാർ നമ്മളുടേതാണ് സർക്കാർ നമ്മളാണ്.
അത് കൊണ്ടു സർക്കാർ ചെയ്യുന്ന ജനോപകാര സേവനങ്ങളെ അംഗീകരിച്ചു അതെ സമയം സർക്കാരിനോട് എല്ലാ തലത്തിലും ഉത്തരവാദിത്തവും അകൗണ്ടബിലിറ്റിയും ആവശ്യപ്പെടണം
സജീവ പ്രതിപക്ഷവും സജീവ പൗരന്മാരും ഇല്ലെങ്കിൽ ഏത് സർക്കാരും ഭരണ അധികാരങ്ങൾ ദുരുപയോഗപ്പെടുത്തുകയോ അല്ലെങ്കിൽ ഏകാധിപത്യ പ്രവർണതയിൽ പോകുകയോ ചെയ്യും.
അത് കൊണ്ടു തന്നെ എല്ലാ.പൗരന്മാർക്കും സർക്കാരിനോട് ഉത്തരവാദിത്തം ഉള്ളത് പോലെ സർക്കാർ ഭരിക്കുന്നവർക്കും ജീവനക്കാർക്കും ജനങ്ങളോട് എല്ലാവരോടും ഉത്തരവാദിത്തം ഉണ്ട് .
സജീവ പ്രതിപക്ഷവും സ്വതന്ത്ര മാധ്യമങ്ങളും, സ്വാതന്ത്ര്യ ബോധവും അവകാശങ്ങളുമുള്ള പൗരമാരും ഇല്ലെങ്കിൽ എല്ലാ അധികാരങ്ങളും അതിരു കടക്കും.
ജനായത്ത ഭരണത്തെ നിലക്ക് നിർത്തുന്നത് ജനങ്ങളുടെ ജാഗ്രതയാണ് ജനായത്ത ബോധമാണ് . ആരു ഭരിച്ചാലും. ചോദ്യങ്ങൾ നിലക്കുന്നിടത്തു ജനായത്തം നിലക്കുന്നു.
2).സാമ്പത്തിക വളർച്ചയില്ലെങ്കിൽ ആളുകൾക്ക് ജോലിയും കൂലിയും ഇല്ല. അതില്ലെങ്കിൽ ആളുകൾക്ക് ജീവിക്കാൻ ആവശ്യമുള്ള പണം കിട്ടില്ല. അതില്ലെങ്കിൽ ആളുകൾ വാങ്ങുന്ന സാധനങ്ങൾ കുറയും. സർക്കാരിന് നികുതി കുറയും. അപ്പോൾ ബജറ്റ് കമ്മി കൂടും
ചുരുക്കത്തിൽ നല്ല ക്ഷേമ സർക്കാർ ഉണ്ടാകണമെങ്കിൽ സർക്കാരിന് നികുതി കിട്ടണം . സർക്കാരിന് കാശില്ലെങ്കിൽ ഒരു ക്ഷേമവും നടക്കില്ല.
സാമ്പത്തിക വളർച്ച ഇല്ലായിരുന്നു എങ്കിൽ തൊഴിൽ ഉറപ്പിന് കേന്ദ്ര സർക്കാരിന്റെ കൈയ്യിൽ 65000 /70000 കോടി ഉണ്ടാകില്ലായിരുന്ന് എന്ന് തിരിച്ചറിയുക.
വാർഷിക വരുമാനം ഒരു പരിധിയിൽ കുറഞ്ഞവർക്ക് എല്ലാവർക്കും സാമൂഹിക സുരക്ഷ പെൻഷൻ എന്നത് നല്ല ആശയമാണ്. പക്ഷേ അതിനു വേണ്ടത് ആദ്യം സാമ്പത്തിക വളർച്ചയാണ്.
അല്ലാതെ സർക്കാർ വീണ്ടും കടം എടുത്തു എല്ലാവർക്കും പെൻഷൻ കൊടുക്കണം എന്ന് പറഞ്ഞാൽ അത് കൂടുതൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും
3) സർക്കാരിന്റെ പ്രശ്നം സർക്കാർ ജോലിക്കാരല്ല. അവർ പി എസ് സി ടെസ്റ്റ് എഴുതി ജോലിക്ക് കയറുന്ന സാധാരണ മനുഷ്യരാണ്. കേരളത്തിൽ സർക്കാർ ജോലി കൊണ്ടു കരകയറിയ ഒരുപാട് കുടുംബങ്ങളുണ്ട്
സർക്കാരിന്റെ പ്രശ്നം അന്തവും കുന്തവും ഇല്ലാത്ത ആർക്കും പ്രയോജനം ഇല്ലാത്ത ഏർപ്പാടുകളാണ്
എന്തിനാണ് ഒരു മന്ത്രിക്ക് ഇരുപതും മുപ്പതും പേർസണൽ സ്റ്റാഫ്? യൂ എൻ സെക്രട്ടറി ജനറലിന് പോലും അഞ്ചു സ്റ്റാഫാണ്. ഈ ഇരുപതും മുപ്പതും സ്റ്റാഫ് എന്നു പറയുന്ന ഫ്യുഡൽ ഏർപ്പാട് നിർത്തണം. പിന്നെ രണ്ടു കൊല്ലോം മൂന്നു കൊല്ലോം പേർസണൽ സ്റ്റാഫിൽ പെട്ടവർക്ക് പെൻഷൻ കൊടുക്കുന്നത് ന്യായമല്ല.
ഒരു മന്ത്രിക്ക് ഡ്രൈവർ അടക്കം അഞ്ചു പേർസണൽ സ്റാഫിന്റ ആവശ്യമേയുള്ളു. ഓഫീസിൽ ജോലി ചെയ്യാൻ നിലവിലുള്ള സർക്കാർ ഉദ്യോഗസ്ഥർ മതി . ലോകത്തിലെ വൻ കോർപ്പറേറ്റ് സി ഈ ഓ മാർക്ക് പോലും മുപ്പതു പേർസണൽ സ്റ്റാഫ് ഇല്ല.
മന്ത്രിയുടെ വീട്ടിൽ കുക്ക് ചെയ്യണം എങ്കിൽ അവരവരുടെ ശമ്പളം കൊടുത്തു ആളെ നിർത്തുക. അത് പോലെ മന്ത്രിമാർ പെടുക്കാൻ പോകുന്നിടിടത്തും എന്തിനാണ് ഗൺമാൻ എന്ന പേരിൽ ഒരു പോലീസ്കാരൻ?
മന്ത്രിമാർക്ക് മാന്യമായി ശമ്പളം കൊടുക്കുക. ഒഫീഷ്യൽ വീട് കൊടുക്കുക. വീട്ടിലെ കാര്യങ്ങൾ എല്ലാവരെയും പോലെ അവരും നോക്കട്ടെ.
4) കേരളത്തിൽ ഉള്ള നിഷ്പല കൊർപ്പറേഷനുകൾ എല്ലാം പിരിച്ചു വിടുക . ഒരു പണിയും ചെയ്യാതെ തേരാ പാരാ കാറിൽ ആ സ്ഥിരം പച്ച -വെള്ള അധികാര ടവ്വലിൽ ഇന്നോവ കാറിൽ കറങ്ങുന്നതിന് നാട്ടുകാർ എന്തിനു കാശ് കൊടുക്കണം .? അങ്ങനെ ഏതാണ്ട് മുന്നൂറ് ഭരണ പാർട്ടിക്കാരെ അക്കൊമ്പ്‌ഡേറ്റ് ചെയ്യുന്ന നിഷ്ഫല കോർപറേഷനുകളും ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത സർക്കാർ ഗവേഷണ കേന്ദ്രങ്ങളും പൂട്ടി ആളെ വേറെ നിയമിക്കുക.
കേരളത്തിലുള്ള പല നിഷ്ഫല ഗവേഷണ കേന്ദ്രങ്ങൾ അടച്ചാൽ അമ്പത് കോടി ലാഭിക്കാം . നഷ്ട്ടത്തിൽ ഓടുന്ന കമ്പിനികൾ വിറ്റ് കടം തീർത്താൽ ഒരുപാട് കാശ് ലാഭിക്കാം
5).കേരളത്തിലെ സർക്കാർ പാഴ് ചിലവുകൾ കുറച്ചു നിലവിലുള്ള സർക്കാർ ജീവനക്കാരെ റീ ഡിപ്ലോയ് ചെയ്താൽ സർക്കാരിന് പ്രതിവർഷം മിനിമം അയ്യായിരം കോടി ലാഭിക്കാം
കേരളത്തിൽ ജനങ്ങൾക്ക് കലി പ്പുള്ളത് അധ്യാപകരോടല്ല ആരോഗ്യ പ്രവർത്തകരോടും അല്ല. ഏറ്റവും കൂടുതൽ കലിപ്പുള്ളത് അഹങ്കാരത്തിന്റെ ആൾരൂപമായി നടക്കുന്ന ചില സർക്കാർ ജീവനക്കാരോടും ജനങ്ങളോട് പൊതുവിൽ പുച്ഛത്തിൽ ഇടപെടുന്ന ചില സർക്കാർ ഓഫിസുകളോടുമാണ്
6).കേരളത്തിൽ മാന്യന്മാരും നല്ലവരുമായ ജന മൈത്രീ പോലിസ് ഉണ്ട് . എന്നാൽ എടുത്തു വായിൽ ' നീ 'എടാ പോടാ ' അതും കഴിഞ്ഞു മ, പൂ താ വിളിക്കുന്ന പോലിസ്കാരും. ലോക്കപ്പിൽ ചവിട്ടികൂട്ടി കൊല്ലുന്നവരും ഉണ്ട്.
ചുരുക്കത്തിൽ എല്ലാവർക്കും ഒരേ പെൻഷൻ എന്നൊക്ക പറഞ്ഞു, സർക്കാരും ബജറ്റും പോക്കാണ് എന്ന് പറഞ്ഞത് കൊണ്ടു എല്ലാവർക്കും പെൻഷൻ കിട്ടില്ല.
അർഹതയുള്ളവർക്ക് സാമൂഹിക സുരക്ഷ പെൻഷൻ എന്ന ആശയത്തോട് യോജിപ്പാണ്.
പക്ഷേ അത് നടപ്പാക്കാൻ ആവശ്യമായ സാമ്പത്തിക ശ്രോതസ്സും പ്ലാനും ഇല്ലാതെ ഒരു അഭിനവ ' സോഷ്യലിസ്റ്റ് ' മുദ്രാവാക്യം മധ്യവർഗ്ഗ മധ്യവയസ്കർ ഉയർത്തുമ്പോഴാണ് പ്രശ്നം
അപ്പോഴാണ് ഇല്ലാത്ത ഭൂമിയിൽ നടാത്ത മാവിന്റെ മാങ്ങാ എല്ലാവർക്കും തുല്യമായി കൊടുക്കണം എന്ന ആവശ്യമായി അത് തോന്നുന്നത്.
മുദ്രാവാക്യത്തിന് അപ്പുറം കാര്യങ്ങളെ വസ്തു നിഷ്ട്ടമായി പഠിച്ചു പ്രായോഗിക നിർദേശങ്ങൾ വച്ചാൽ അർഹതപെട്ടവർക്ക് എല്ലാവർക്കും സാമൂഹിക സുരക്ഷ പെൻഷൻ നടത്തിഎടുക്കാവുന്ന ആശയമാണ്.
അല്ലെങ്കിൽ ഇല്ലാത്ത വിപ്ലവത്തിന് വിളിച്ചു ശീലിച്ച
'ഇൻക്വിലാബ് സിന്ദാബാദ് ' എന്നപോലയാകും.
ജെ എസ് അടൂർ
No comments:
Post a Comment