Friday, August 28, 2020

ആർക്കറിയാം?

 ആർക്കറിയാം?

ഇന്നലെ ഒരു പാവം നല്ല സ്ത്രീയുടെ ഗദ്ഗദ സ്വരത്തിളുള്ള ശബ്ദ രേഖ കേട്ടപ്പോൾ വിഷമം തോന്നി. അവർ എന്ത്‌ നല്ല സ്ത്രീയാണ്!!
സർക്കാരിൽ ഉള്ളവർ ആരും കുറ്റക്കാരല്ല. ഏത്ര മാന്യന്മാർ. കേരളത്തിലെ സർക്കാരിനെയും മന്ത്രി സഭയെയും യു എ ഈ യെ എല്ലാം ഇത്രയും ജീവനെപ്പോലെ സ്നേഹിക്കുന്ന ഏത്ര പേരുണ്ട് ഇവിടെ?
മന്ത്രിമാർക്കും സ്പീക്കർക്കും ഒന്നും അവരുടെ മുഖം പോലും ഓർമ്മ കാണില്ല . അവരെയൊക്കെ ജോലിയുടെ ഭാഗമായി എല്ലാവർക്കും അറിയാവുന്നത് പോലെയുള്ള പരിചയം മാത്രമേയുള്ളൂ. ആർക്കും തന്നെ അറിയുക പോലും ഇല്ല.
കോണ്സുലേറ്റിലെ പഴയ സഹപ്രവർത്തകർ പറഞ്ഞപ്പോൾ ഒരു കൺസൈൻമെന്റ് വിട്ടു കൊടുക്കാൻ ഒരു ഫോൺ ചെയ്യുന്നത് തെറ്റാണോ? പരോപകാരം ചെയ്യുന്നതിൽ എന്ത്‌ തെറ്റാണ് സൂർത്തുക്കളെ, നാട്ടുകാരെ?
സത്യത്തിൽ ആ പാവം സ്ത്രീയെ എല്ലാവരും കൂടെ നിരുത്തരവാദമായി 'വേട്ട'യാടുന്നത് ശരിയല്ല . അവരുടെ വ്യക്തി ജീവിതം ചികയുന്നതും ശരി അല്ല . അവരുടെ പിറകെ മാധ്യമങ്ങൾ എന്തിനാണ് പോകുന്നത്.?
അവരെ നിയമിച്ചത് എങ്ങനൊ ആകട്ടെ. അതു വലിയ ചോദ്യം തന്നെയാണ്. അതല്ല ഇപ്പോൾ പ്രശ്നം.
സത്യത്തിൽ സർക്കാരിനു ഇതിൽ ഒന്നും പങ്കില്ല മന്ത്രിമാർക്കും മന്ത്രി സഭക്കും ഒന്നും സംഭവിക്കില്ല എന്നൊക്ക എന്ത്‌ ആത്മാർത്ഥയോട് കൂടിയാണ് അവർ പറഞ്ഞത്. അച്ഛൻ തട്ടുമ്പുറത്തില്ലന്ന് തിരക്കി വന്ന പോലീസുകാരോട് പഴയ കഥയിലെ ആ പാവം കുട്ടി പറഞ്ഞത് പോലെ ആത്മാർത്ഥമായി അവർ പറയാൻ പറഞ്ഞത് പറഞ്ഞു.
ഇത്ര മാത്രം ആത്മാർത്ഥയോടെ രാപ്പകൽ പണി ചെയ്ത അവരെ ഒരു കാരണവും കൂടാതെ, ഒരു ഷോ കോസ് നോട്ടീസ് പോലും കൂടാതെ ഒറ്റ മണിക്കൂറിൽ പിരിച്ചു വിട്ടത് ആരായാലും അതു അന്യായം അല്ലേ?
കുടുംബമായി താമസിക്കുന്ന ഒരാളുടെ ഏക വരുമാന മാർഗമായ ജോലിയിൽ നിന്ന് ഈ കോവിഡ് കഷ്ട്ടകാലത്തു അവരെ സർക്കാർ -കൺസൾട്ടിങ് ബാന്ധവ ബിസിനസിൽ നിന്ന് മാധ്യമങ്ങളിൽ വാർത്ത വരുന്നതിന് മുമ്പ് പിരിച്ചു വിട്ടത് എന്ത്‌ കൊണ്ടാണ്?
അതോ ഇതിനെല്ലാം ഉത്തരവാദികൾ കണ്ണിൽ ചോരയില്ലാത്ത സാമ്രാജ്യത്ത മുതലാളിത്തത്തിന്റ മോഹിനിയാട്ടക്കാരയ കണ്സള്ട്ടസി കമ്പിനിയാണോ?
അവരുടെ ജോലിയിൽ അവർ എന്തെങ്കിലും കൃത്യവിലോപം കാണിച്ചോ? എന്തെങ്കിലും അഴിമതി കാണിച്ചോ? അങ്ങനെയുണ്ടെങ്കിൽ അവർക്കു ഷോ കോസ് നോട്ട്സ് കൊടുത്തോ?
ഇതൊന്നും ചെയ്യാതെ മാന്യമായി ജോലി ചെയ്തിരുന്ന ഒരു ഒരു പ്രൊഫെഷനൽ തൊഴിലാളിയെ പിരിച്ചു വിട്ടത് അന്യായമാണ് എന്ന് ഇവിടെ ഉള്ള തൊഴിലാളി വർഗ്ഗപാർട്ടികളും അവരുടെ വിശ്വാസി സമൂഹവും ചോദ്യം ചെയ്യാത്തത് എന്താണ് എന്നതാണു അതിശയിപ്പിക്കുന്നത്.
ഭീഷണി നേരിടുന്ന ഭയം കൊണ്ട് 'മാറി 'നിൽക്കുന്ന നിരാലംബയായ സ്ത്രീക്കും കുടുംബത്തിനും സംരക്ഷണം നൽകാൻ കേരളത്തിലെ ജനമൈത്രീ പൊലീസിന് ഉത്തരവാദിത്തം ഇല്ലേ? അതോ അവരാണോ ഇപ്പോൾ 'സംരക്ഷണം ' നൽകുന്നത്?
ആർക്കറിയാം !!
അവർ വളരെ സങ്കടത്തോടെ പറഞ്ഞത് മുഖ വിലക്ക് എടുത്താൽ അവരോട് ചെയ്തത് അന്യായം അല്ലേ?
ആ അന്യായം ചെയ്തത് ഒരു കാരണം കൂടാതെ അവരെ പിരിച്ചു വിട്ട സർക്കാർ -കൺസൾട്ടൻസി ബാന്ധവത്തിന് ചൂട്ടു പിടിച്ചു കൊടുക്കുന്ന വാല്യക്കാരനാണോ ? അതോ അധികാരത്തിന്റെ മെതിയടിയിൽ നടക്കുന്നവരോ?
ആർക്കറിയാം !
സ്വർണകള്ളകടത്തു എൻ ഐ എ നോക്കിക്കോളും. അതിന്റ ഗതി എവിടെവരെപ്പോകും എന്ന് കണ്ടറിയാം. പണ്ട് പിടിച്ച സ്വർണ്ണം എല്ലാം എവിടെപ്പോയി മറഞ്ഞു എന്ന് ആർക്കറിയാം?
സ്വർണ്ണ കള്ളക്കടത്തുമായി കേരള സർക്കാരിന് ഒരു റോളും ഇല്ല. സർക്കാരിലെ ആരുടെയും പേരിൽ ഒരു കൺസൈൻമെന്റും വന്നില്ല.
പിന്നെ എന്തിനാണ് വളരെ ആത്മാർത്ഥമായി രാപ്പകൽ മുഖ്യമന്ത്രിക്ക് വേണ്ടി അധ്വാനിക്കുന്ന ഒരു മാന്യനായ ഉദ്യോഗസ്ഥനെ മാറ്റിയത്?
ഒരു കുറ്റവും ചെയ്യാത്ത അഴിമതിയുടെ 'കറ ' പുരളാത്ത മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട പ്രിൻസിപ്പൽ സെക്രട്ടറിയെ ഒരു കാരണവും കാണിക്കാതെ മാറ്റിയത് ശരിയാണോ? അതു മാത്രം അല്ല അദ്ദേഹത്തപോലെ വളരെ 'നല്ല 'ട്രാക്ക് റിക്കോഡുള്ള ഒരാളെ അവധിക്ക് പോകാൻ പറയുന്നത് ന്യായമാണോ?
ആ പാവം സ്ത്രീയെ എന്തിനാണ് ഇങ്ങനെ കഷ്ട്ടപെടുത്തുന്നത്.? ഈ കോവിഡ് കഷ്ട്ടകാലത്തു ഒരു വരുമാനം പോലും ഇല്ലാത്ത വാടക വീട്ടിൽ താമസിക്കുന്ന അവരുടെ കഞ്ഞികുടി മുട്ടിച്ചത് കൊണ്ട് സർക്കാരിന് എന്ത്‌ പ്രയോജനം?
വിദ്യച്ചക്ത്തിബോഡ് തൊട്ട് ആത്മാർത്ഥയോടും 'സത്യ സന്ധത' യോടെ മുഖ്യ മന്ത്രിക്ക് വേണ്ടി രാപ്പകൽ ജോലി ചെയ്ത ഒരു മാന്യ ഉദ്യോഗസ്ഥനെ മാറ്റിയത് ചതി അല്ലേ? അദ്ദേഹം ചെയ്ത കുറ്റം എന്താണ്? ആരേലും വിവാദം ഉണ്ടാക്കിയാൽ ഒരാൾ എങ്ങനെ കുറ്റക്കാരൻ ആകും?
ആരുടെ മുഖം രക്ഷിക്കാനാണ് ഇവരെ രണ്ടു പേരെയും പറഞ്ഞു വീട്ടിൽ വിട്ടത്.?
ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?
ആർക്കറിയാം?
അറിയുന്നവർ പറഞ്ഞു തരണേ.
ആരാണ് ജനങ്ങളോട് ഉത്തരം പറയേണ്ടത്?
ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്
ആർക്കറിയാം?
ജെ എസ് അടൂർ
Methilaj MA, Rammohan Kt and 376 others
95 comments
33 shares
Like
Comment
Share

No comments: