Tuesday, August 25, 2020

ഈസ്റ്റാംമ്പൂളിലെ കാറ്റുകൾ പറഞ്ഞ കഥകൾ -3. അധികാരവും മതവും പള്ളിയും

 ഈസ്റ്റാംമ്പൂളിലെ കാറ്റുകൾ പറഞ്ഞ കഥകൾ -3.

അധികാരവും മതവും പള്ളിയും
ജനുവരി പതിമൂന്നാം തിയതിയിൽ ഹിപ്പൊഡോം സ്റ്റേഡിയത്തിൽ തേരോട്ട മത്സരമില്ലായിരുന്നുവെങ്കിൽ ഇപ്പോൾ കാണുന്ന ഹാഗി സോഫിയുണ്ടാകില്ലായിരുന്നു
ഏതാണ്ട് ആയിരത്തി നാനൂറ്റി എമ്പെത്തെട്ടു വർഷം മുമ്പ്, സീ ഈ 532 ഇലെ ജനുവരി 13 നു ജസ്റ്റീനിയൻ ചക്രവർത്തി തേരോട്ട മത്സരം നടത്തിയത് അസ്വസ്ത്തരായ നഗരത്തിലെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനായിരുന്നു
ഭരണത്തിൽ ഏറി അഞ്ചു കൊല്ലത്തിനകം സെനറ്റിലുള്ളവരിൽ പലരും നഗരവാസികളിൽ പ്രമുഖരും ജസ്റ്റീനിയൻ ചക്രവർത്തിക്ക് എതിരെ തിരിഞ്ഞും.
ഇതിന് പ്രധാന കാരണം അന്നത്തെ പ്രധാനമന്ത്രി ജോൺ കാപ്പഡോഷ്യനും അയാളുടെ ഏറ്റവും അടുത്ത സാമ്പത്തിക മന്ത്രി ട്രിബോണിയാനും കൂടുതൽ നികുതിയും അധികാര അഹങ്കാരവും കൊണ്ടു ജനങ്ങളെ വെറുപ്പിച്ചു.
കിട്ടിയ നികുതിയിൽ നിന്ന് യുദ്ധത്തിന് എന്ന പേരിൽ ഉപയോഗിക്കുകയും അഴിമതി നടത്തുകയും ചെയ്തു.
ഇന്നത്തെ ഫുഡ്‌ബോൾ ക്ലബുകൾ പോലെ ആയിരുന്നു അന്നത്തെ തേരോട്ട മത്സരം ക്ലബുകൾ. അവർക്കു വ്യപാരികളും ധനാഢ്യരും പണവും ഒത്താശകളും ചെയ്തു.
അവിടെ നാലു തേരോട്ട സംഘങ്ങൾ ഉണ്ടായിരുന്നു. അവയിൽ പ്രമുഖർ പച്ച നിറധാരികളായ ഗ്രീൻ കൂട്ടരും, നീല നിറധരികളായ ബ്ലൂ കൂട്ടരും ആയിരുന്നു.
ഇവർക്ക് വലിയ ജന സ്വാധീനമുണ്ടായിരുന്നു. അവർക്ക് രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടലുമുണ്ടായിരുന്ന. ഫലത്തിൽ അവർ രാഷ്ട്രീയ പാർട്ടികളുടെ പഴയ രൂപമായിരുന്നു ജോൺ കപ്പഡോഷ്യൻ രാജി വയ്ക്കണം എന്നായിരുന്നു ആവശ്യം
ഇതു കാരണം തേരോട്ട മത്സരം നീട്ടി വച്ചു കൊണ്ടിരുന്നു. അവസാനം ചക്രവർത്തി തേരോട്ട മത്സരത്തിന് അനുമതി നൽകി.
കൊട്ടാരത്തിന്റ ബാൽക്കണിയിൽ നിന്ന് ജസ്റ്റീനിയൻ കൊടിവീശി ഉത്ഘാടനം ചെയ്തു.
അപ്പോഴേക്കും ജനം ജോൺ കപ്പോഡോഷ്യനെ പുറത്താക്കണം എന്നാർത്തു . അയാളുടെ സൈനികർ ജനത്തിന് നേരെ തിരിഞ്ഞപ്പോൾ ജനങ്ങൾ കൊട്ടാരം ആക്രമിച്ചു.
കാര്യങ്ങൾ കൈ വിട്ട് പോയതോടു കൂടി ജസ്റ്റീനിയനും കൂട്ടരും രക്ഷപ്പെടാൻ വേണ്ടിയുള്ള വഴികൾ തേടിയതോടെ ജസ്റ്റീനിയൻ ചക്രവർത്തിയുടെ ഭാര്യ തിയോഡോറ നേതൃത്വ റോൾ എടുത്തു.
തിയോഡോറ അസാധാരയായ ചക്രവർത്തിനിയായിരുന്നു. സിറിയയിൽ ഒരു സർക്കസ് മൃഗ പരിശീലകന്റ.മകളായാണ് ജനിച്ചത്. അവരുടെ അമ്മ അത്യാവശ്യം പാട്ടും ഡാൻസുമൊക്കെയായി ജീവിച്ചു. അങ്ങനെ തിയോഡോറയും നാടക നടിയും നർത്തകിയുമായി . കോൺസ്റ്റനോപ്പിലെ വരേണ്യരുടെ കിടപ്പറ പങ്കിട്ടു. അങ്ങനെയാണ് അവർ ജെസ്റ്റീനിയനുമായി സ്നേഹത്തിലായത്.
ലഹളക്കാർ കൊട്ടാരത്തിനും നഗരത്തിനും തീയിട്ടു. ഹാഗി സോഫിയ കത്തി നശിപ്പിച്ചു.
അന്ന് തിയോഡോറ പറഞ്ഞ പ്രസംഗത്തിലെ രണ്ടു വാചകങ്ങൾ പ്രശസ്ത്മായി.
മരിക്കുന്നെങ്കിൽ ചക്രവർത്തിയായി സിംഹത്തെപ്പോലെ ആത്മാഭിമാനത്തോടെ മരിക്കുക. ജീവിക്കുന്നെങ്കിൽ ആത്മാഭിമാനത്തോടെ ജീവിക്കുക.
ഓടിപോകുന്ന അഭയാർത്ഥിയായി ജീവിക്കുന്നത് മരണത്തിലും കഷ്ട്ടം.
അടുത്ത വാചകം ഞാൻ മിക്കവാറും ഉപയോഗിക്കുന്നയൊന്നാണ്. ജീവിതത്തെ സ്വാധീനിച്ച ആ വാചകം.
തിയോഡോറ, ജസ്റ്റീനിയൻ ചക്രവർത്തി പലായനം ചെയ്യുവാൻ തീരുമാനിച്ച മീറ്റിങ്ങിൽ പറഞ്ഞു എന്നതാണ് അനുമാനം
Winners never quite and quitters never win.
പിന്നീട് പലരും പറഞ്ഞ ആ വാക്യത്തിന് തുല്യമായ ഗ്രീക്വാക്യം ആദ്യം പറഞ്ഞത് തിയഡോറയാണെന്നന്നാണ് ഒരു അനുമാനം
തിയോഡറ അന്ന് ചരിത്രം കുറിച്ചു. അവർ കൈകൂലി കൊടുത്തു (സ്വർണ്ണം നാണയങ്ങൾ കൊടുത്തു )ബ്ലൂ വിഭാഗക്കാരെ കൂടെ കൂട്ടി. മറ്റവൻ തിരെഞ്ഞെടുത്ത ചക്രവർത്തിയെ കൊന്നു.
കൊട്ടാരം അട്ടിമറിയെ ബുദ്ധി പരമായ നീക്കത്തിലൂടെ തോൽപ്പിച്ചു. തിയോഡറക്ക് ഇഷ്ടം ഇല്ലാത്ത ജോൺ കപ്പഡോഷ്യസിനെ പുറത്താക്കി.
ഈ വിജയത്തിന്റെ മഹത്വം ഘോഷിക്കുവാൻ ലോകത്തിലെ ഏറ്റവും മഹത്തായ പള്ളി എന്ന ആശയം തിയോഡറയുടെ ഉപദേശം ആയിരുന്നു. അതു കൊണ്ടു തന്നെ നാല്പത്തി എട്ടു വയസ്സിൽ മരിച്ച അവർ വിശുദ്ധയായി. അവരെകുറിച്ചുള്ള സിനിമയാണ് സ്ലേവ് എമ്പ്രെസ്സ്.
ജനുവരി 14 നു തീവെച്ച ഹാഗി സോഫിയയുടെ പണി ഒറ്റ മാസത്തിനുള്ളിൽ സി ഈ 532, ഫെബ്രുവരി 23 നു തുടങ്ങി. തീ പിടിച്ചാൽ നശിക്കാത്തതും വലിയ താഴികക്കുട ഡിസൈൻ ചെയ്തത് ആ കാലത്തെ ഏറ്റവും വലിയ ഗണിത ശാസ്ത്രം വിദ്വാൻ മാരായിരുന്നു
ഹാഗി സോഫിയയയുടെ ആർക്കിടെക്റ്റുകൾ ഇസെഡോർ മിലിറ്റസും അന്തിമിയോസ് ട്രലാസുമായിരുന്നു. ജ്യോമട്രിയിലും ഗണിത് ശാസ്ത്രത്തിലും റോമാ സാമ്രാജ്യത്തിൽ അറിയപ്പെട്ടിരിന്നവരായിരിന്നു ഇരുവരും. അവർ ക്രിസ്തീയ വിശ്വാസികൾ അല്ലായിരുന്നു. ഒരു പക്ഷെ അവർ ഗ്രീക്ക് വിജ്ഞാന ദേവതയായ സോഫിയയുടെ ഉപാസകാർ ആയിരിക്കും.
ഹാഗി സോഫിയ ഒരു തരത്തിൽ പഴയ ഗ്രീക്ക് സങ്കൽപ്പവും ക്രിസ്തീയ സങ്കല്പവും ചേർന്നതാണ്.
കോൺസ്റ്റന്റോനോപ്പിളിലെ ബൈസന്റിയം സംസ്കാരം ഹെലിനിസ്റ്റിക് സംസ്കാരമായിരുന്നു. അവിടുത്തെ പ്രധാനആരാധന മൂർത്തികൾ ഗ്രീക്ക് മിതോളേജിയിളുള്ള ദേവീ ദേവന്മാരായിരുന്നു
സോഫിയ എന്നത് ഇന്ത്യയിലെ സരസ്വതി പോലെ വിജ്ഞാന ദേവതയായിരുന്നു.
അവിടെയുണ്ടായിരുന്ന വിജ്ഞാന ദേവതയായിരുന്ന സോഫിയയെ പിന്നീട് കൃ
സ്തീയ തിയോളേജിയിൽ ലോഗോസ് എന്നത് ദൈവിക ജ്ഞാനമാണെന്ന് വ്യാഖ്യനിച്ചാണ് അതു ഗ്രീക്ക് ഓർത്തഡോൿസ്‌ ധാരയിൽ ഹാഗി സോഫിയ അഥവാ വിശുദ്ധ സോഫിയ എന്ന പേരിൽ കൂദാശ ചെയ്തത്
ഇപ്പോൾ ഹാഗി സോഫിയ നിൽക്കുന്ന സ്ഥലത്തു ആദ്യമുണ്ടായിരുന്നു എന്ന് കരുതുന്ന സോഫിയ ക്ഷേത്രവും അതു കഴിഞ്ഞു തീ പിടിച്ചു നശിച്ച മൂന്നു പള്ളികളുമുണ്ടായിരുന്നു
ഹാഗി സോഫിയ പണിതത് അഞ്ചു കൊല്ലവും പത്തു മാസവും കൊണ്ടാണ്. പതിനായിരം പേരാണ് അനുദിനം പണിയാൻ ഉണ്ടായിരുന്നത്. വിവിധ തൂണുകളും മാര്ബിളും റോമാ സാമ്രജ്യത്തിന്റ വിവിധ ഇടങ്ങളിൽ നിന്ന് കൊണ്ടു വന്നു
27 ഡിസംബറിൽ സി ഈ 537 ഇൽ കോൺസ്റ്റന്റോ നോപ്പിളിലെ പാർത്രിയാർക്കീസ് മെനാസ് ഹാഗി സോഫിയ റോമാ സാമ്രജ്യത്തിന്റ അസ്ഥാന ബസിലിക്കയായി കൂദാശ ചെയ്ത്.
പിന്നീട് 553 ലെ ഭൂകമ്പത്തിൽ വന്ന കേടുപാടുകൾ ജസ്റ്റെനിയൻ തന്നെ നന്നാക്കി
ജസ്റ്റിനിയന്റെ രാജകീയ അധികാര പ്രൗഢിയുടെ അടയാളമായാണ് ഹാഗി സോഫിയ തുടങ്ങിയത്. ജസ്റ്റെനിയൻ ചക്രവർത്തി ചരിത്രത്തിൽ ഇടം പിടിച്ചത് ഇന്നും നിലനിൽക്കുന്ന ഹാഗി സോഫിയകൊണ്ടും അതുപോലെ എല്ലാ ആധുനിക നിയമ സംഹിതകളുടെ അടിസ്ഥാനമായ ജസ്റ്റീനിയൻ കൊഡായ കോർപസ് ജൂറിസ് സിവിലിസിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ്
ജസ്റ്റീനിയനാണ് ഒരു വിധത്തിൽ പൊതു കാര്യ നയങ്ങളും ഭരണ പ്രകിയ (ഗവര്ണൻസ് )നിയമ സംഹിതകളും ഏകോപിപ്പിച്ചു ഭരിച്ചത് . 532 ലെ നീക്കിയ ലഹളയിൽ നിന്ന് പഠിച്ച പാഠമുൾക്കൊണ്ടാണ് പിന്നീട് ജസ്റ്റീനിയൻ ഭരിച്ചത്. തിയോഡോറയായിരുന്നു ഒരു വലിയ അധികാര കേന്ദ്രം.
സി ഇ 532 ഇൽ ജസ്റ്റീനിയൻ ചക്രവർത്തിയുടെ രാഷ്ട്രീയ പ്രതിസന്ധി കടക്കുവാൻ തുടങ്ങിയ ഒരു സാമ്പത്തികസംരംഭവും മത വിശ്വാസ സ്ഥാപന സംരംഭവും അതോടൊപ്പം അധികാരത്തിന്റെ ഐഡിയോളേജിയുമായിരുന്നു
പ്രതിദിനം പതിനായിരം പേർക്ക് ജോലിയും കൂലിയും പട്ടിണിയും പരിവേദനങ്ങളും മാറ്റി. ക്രിസ്തീയ ഓർത്തഡോൿസ്‌ പാരമ്പര്യത്തെ ഉറപ്പിച്ചപ്പോഴും ഗ്രീക്ക് ദേവ വിശ്വാസങ്ങളെ തള്ളിപ്പറയാതെ കൂട്ടിയിണക്കി. ഹാഗി സോഫിയയുടെ വെളിയിൽ ഗ്രീക്ക് മിതോളേജിയിൽ നിന്നുള്ള ശില്പ രൂപങ്ങളും തൂണുകളുമുണ്ടായിരുന്നു.
അതു സാമ്രജ്യ ബസിലിക്ക ആയതോട് കൂടി റോമൻ ചക്രവർത്തിമാരുടെ കീരീടധാരണം അവിടെയായി.
അധികാരത്തിന്റെ ആസ്ഥാന പള്ളികളും മോസ്‌കുകളും ക്ഷേത്രങ്ങളുമെല്ലാം അധികാരത്തിന്റെ യുക്തി സമ്മതികളുടെ ജനകീയ അടയാളങ്ങൾ അയിരുന്നു. ചരിത്രത്തിൽ ഉടനീളം.
എല്ലാ രാഷ്ട്രീയ അസ്ഥാന പള്ളികളും ക്ഷേത്രങ്ങളും മതവിശ്വാസത്തിൽ ഊന്നിയ സ്വത്വ ബോധ സംഘടിത ബലയുക്തിയാണ് . ജനങ്ങളെ അവരവരുടെ വിശ്വാസ സത്വ ബോധത്തിൽ സംഘടിപ്പിച്ചായിരുന്നു രാജാക്കന്മാർ അവരുടെ ഭരണ അധികാര സാധുത നിർമ്മിച്ചത്
അതു കൊണ്ടു തന്നെയാണ് അതു സമ്പത്തിന്റയും രാഷ്ട്രീയ അധികാരത്തിന്റെയും ഭണ്ഡാരങ്ങളും നിലവറകളുമാക്കി അതിനു മേൽ മതവിശ്വാസ ദാർഢ്യങ്ങളെ കുടിയിരുത്തി, സ്വത രാഷ്ട്രീയ അധികാരം കൈയാളിയത്.
സ്വർണ്ണവും സ്വത്തും അധികാരികൾക്ക്.അതൊന്നും ഇല്ലാത്തവർക്ക് വിശ്വാസവും ആചാരങ്ങളും പ്രത്യാശകളും കാശു വാങ്ങി അനുഗ്രഹമായി വിൽക്കാൻ പുരോഹിത വർഗ്ഗവും.
അങ്ങനെയുള്ള അധികാര ഭരണ ഏർപ്പാട് തുടങ്ങിയിട്ട് മൂവായിരത്തിൽ അധികം വർഷം. ഫറാവോനും മഹതിയാം ബാബിലോണും സിന്ധു തട രാജ്യങ്ങളും എല്ലാം.
ഇതിന് ഒരു മാറ്റം വരുവാൻ തുടങ്ങിയത് പതിനെട്ടും പത്തൊമ്പതാം നൂറ്റാണ്ടിളുമാണ്.
പള്ളി വേറെ പള്ളിക്കൂടം വേറെ പള്ളിയും അമ്പലവും വേറെ രാഷ്ട്രീയ അധികാരം വേറെയെന്ന സെകുലർ രാഷ്ട്രീയത്തിനു യഥാർത്ഥ തുടക്കം ഒന്നാം ലോക മഹായുദ്ധത്തിനു ശേഷവും സോവിയറ്റു ഒക്ടോബർ വിപ്ലവത്തിനു ശേഷവും
പക്ഷെ നൂറു കൊല്ലത്തിനു ശേഷം വീണ്ടും മത സ്വത്വ ബോധങ്ങളെ പുറകിൽ നിന്നെടുത്ത് പുന പ്രതിഷ്ഠിച്ചു വീണ്ടും സത്വ ബോധം രാഷ്ട്രീയം കൊണ്ടു അധികാര രാഷ്ട്രീയത്തെ സാധൂകരിക്കാനുള്ള ശ്രമമാണ് കാണുന്നത്
അതാണ് ഇപ്പോൾ ഹാഗി സോഫിയുടെ കാര്യത്തിലും അയോദ്ധ്യയിലും തിരുവനന്തപുരത്തു പോലും കാണുന്നത്.
ജെ എസ് അടൂർ
തുടരും
ഹാഗി സോഫിയ -അധികാരത്തിന്റെ നാൾ വഴികൾ
Sajan Gopalan, James Varghese and 104 others
5 comments
8 shares
Like
Comment
Share

No comments: