സാമൂഹിക മാധ്യമങ്ങളിലെ തെറി വെറിയന്മാർ.
ഫേസ് ബുക്കിൽ തെറി ഒളിഞ്ഞും തെളിഞ്ഞും പറയുന്നവർ ഒരുപാട് ഉണ്ട് . ചിലർ സ്വന്തം ഐഡിയിൽ നിന്നു പറയുമ്പോൾ ഒരുപാട് പേർ ഫേക്ക് ഐഡിക്ക് പിന്നിൽ മറഞ്ഞിരുന്നു തെറി പറയും.
തെറി വാക്കുകൾ പലപ്പോഴും മനുഷ്യൻ മറച്ചു വയ്ക്കുന്നതും ചെയ്യുന്നതുമായ കാര്യങ്ങളും വിചാരങ്ങളും പരസ്യമായി പറയുന്നയൊന്നാണ്. തെറി വാക്കുകളുടെ പ്രയോഗത്തിൽ പൊതുവേയുള്ളത് പുരുഷ ജാതി മേധാവിത്ത മനോഭാവങ്ങളാണ്. അതിൽ തന്നെ ഒരുപാട് പദങ്ങൾ ഗുഹ്യ ഭാഗം വിവരണവും ലൈംഗിക ചേഷ്ട വിവരണവുമാണ്
പൊതുവെ ഫേസ് ബുക്കിൽ ഏറ്റവും കൂടുതൽ തെറി പറയുന്നത് സ്ത്രീകൾക്കെതിരെയാണ്. കേരളം ഏത്ര പുരോഗമിച്ചു എന്നു പറഞ്ഞാലും ഇപ്പോഴും പ്രാകൃതമായ പുരുഷു മേധാവിത്തവും സ്ത്രീ വിരുദ്ധതയും കൂടുതളുള്ള ഒരു സമൂഹമാണ്. അങ്ങനെയുള്ള അധമ സാമൂഹിക മനസ്ഥിതിയുടെ പരിച്ഛേദമാണ് സാമൂഹിക മാധ്യമങ്ങൾ.
ഫേസ് ബുക്കിൽ തെറി പറയുന്നവരിൽ ചില പാറ്റേൺ ഉണ്ട്. അതിൽ പ്രധാനം കക്ഷി രാഷ്ട്രീയ സംഘ ബലത്തിന്റ ഏറ്റവും ദുര്ഗന്ധപൂരിതമായ അധോവായു വിന്യാസമാണ്. അതു പലപ്പോഴും ചെയ്യുന്നത് സംഘബലത്തിൽ ഫേക്ക് ഐഡിയുള്ള വെട്ടുകിളികളും പാർട്ടി തിമിരം ബാധിച്ചു സ്വബോധം നഷ്ട്ടപെട്ടവരുമാണ് ഈ കാര്യത്തിൽ ഒരു പാർട്ടിക്കാരും മോശമല്ല..എല്ലാ പാർട്ടികളിലും തെറി വേറിയന്മാരുണ്ട്.
ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത് സ്ത്രീകളാണ്. അതിൽ തന്നെ പൊതുവിടത്തിൽ നിന്ന് അഭിപ്രായം പറയാൻ പ്രാപ്‌തിയുള്ള സ്ത്രീകളെയാണ് ടാർഗറ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം നിഷ പുരുഷത്തമന് എതിരെ ആയിരുന്നു ഒരു പത്രത്തിന്റെ സർക്കുലേഷനിൽ ജോലി ചെയ്യുന്നയാൾ അടക്കം അസഭ്യ ആഭാസ പ്രയോഗങ്ങൾ ചൊരിഞ്ഞത്. അതു സ്ത്രീ വിരുദ്ധത മാത്രം അല്ല നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഏത്ര മാത്രം സംഘ ബല ഹിംസ മനസ്ഥിതിയുള്ളവരാണ് എന്ന് കാട്ടി തരുന്നു
ഇന്നലെ നിഷ പുരുഷോത്തമനെയാണ് ടാർഗറ്റ് ചെയ്തത്. അതിനു മുമ്പ് സുനിത ദേവദാസിനെയും ശ്രീജ നെയ്യാറ്റിൻകരയും കെ ആർ മീരയെയും മന്ത്രി മേഴ്സികുട്ടിയമ്മയെയും അതു പോലെ പൊതു രംഗത്തുള്ള സ്ത്രീകളെയും സ്ത്രീ വിരുദ്ധ പൂരിത അസഭ്യ വർഷം നടത്തിയത പ്രബുദ്ധ പുരോഗമന കേരളത്തിലാണ് . അതിൽ സി പി എമ്മും, കോൺഗ്രസ്സും, ബി ജെ പി യും ലീഗും അടക്കം എല്ലാ പാർട്ടികളിലുമുള്ള കാലാൾപ്പട്ടയുമുണ്ട്.
പലപ്പോഴും സംഘബലത്തിൽ ഒളിഞ്ഞും തെളിഞ്ഞും തെറി പറയുന്നവർ ഒറ്റക്ക് കണ്ടാൽ എലിയെപ്പോലെയോടും. സംഘ ബലത്തിൽ അഭിരമിക്കുന്നവരാണ് കൂടുതലും. ഒറ്റക്ക് ഏറ്റവും അരക്ഷിത ബോധമുള്ളവർ. പലർക്കും ഇതു പകർച്ച വ്യാധി പോലെയാണ്. മൂന്നു പേര് തെറി വിളിച്ചാൽ പിന്നെ നാലാമനും അഞ്ചാമനും വിളിക്കും
പലപ്പോഴും വ്യത്യസ്ത്തമായ രാഷ്ട്രീയ അഭിപ്രായങ്ങളോട്, നിലപാടുകളോടുള്ള അസഹിഷ്ണുത വെറുപ്പിന്റെ രാഷ്ട്രീയമായി രൂപപ്പെടുന്നു. വ്യത്യസ്തമായ വീക്ഷണമുള്ളയാളെ ആദ്യം ശത്രു പക്ഷത്തു പ്രതിഷ്ഠിക്കും. അയാൾ ആദ്യം പാർട്ടി(ഏത് പാർട്ടിയുമാകട്ടെ ) വിരുദ്ധരായി ചാപ്പ കുത്തും.
അങ്ങനെ ചാപ്പ കുത്തിയാൽ ആ ആൾ അക്രമണതിന്റെ 'ലെജിറ്റിമേറ്റ് ' ടാർഗറ്റ് ആകും. ഒരാൾ ഒരു പാർട്ടിയുടെ വിരുദ്ധൻ ആയാൽ ആയാൽ ആക്രമിക്കപ്പെടണം എന്ന സിഗ്നൽ കൊടുക്കുന്നത് 'മാന്യൻ 'മാർ എന്ന് കരുത്തപ്പെടുന്നതാണ്.
അവർ ആക്രമിക്കാൻ സിഗ്നൽ കൊടുക്കുന്ന ഭാഷയിൽ തെറി കാണില്ല. പക്ഷെ അക്രമ ഭാഷകാണും . ഇവരിൽ പലരും പുസ്തകം എഴുതിയവരോ സാഹിത്യകാരൻ മാരോ, സിനിമ വിദ്വാൻമാരോ അഥവാ പൊതുവെ ബുദ്ധി ജീവികൾ എന്ന പൊതു ബോധത്തിൽ ജീവിക്കുന്നവരുമായിരിക്കും
ഇതിൽ അധികം കാണുന്ന ഒരു പാറ്റേൺ ഉണ്ട്. ആശയങ്ങളെ വിമര്ശിക്കുന്നതിന് പകരം എതിർപുള്ള ആളുകളെ സംഘ ബലത്തിൽ ആക്രമിച്ചു ഭയപെടുത്തുക, നിശ്ശബ്ദരാക്കുക എന്നതൊക്കെയാണ് .
ആശയത്തെ പ്രതിരോധിക്കാൻ കാമ്പില്ലാത്തവരാണ് ആളുകളെ ആക്രമിക്കുന്നത്. ആളുകളെ ആക്രമിക്കുമ്പോൾ സ്ത്രീകളാണെങ്കിൽ ഏറ്റവും മ്ലേച്ഛമായ സ്ത്രീ വിരുദ്ധ പ്രയോഗംങ്ങൾ ആയിരിക്കും. പുരുഷന്മാരായാൽ അവരുടെ അമ്മയെയോ അച്ഛൻനെയോ ജാതിയെയോ മതത്തെയോ പറഞ്ഞായിരിക്കും തെറി
ഈയിടക്ക് ബി ആർ പി ഭാസ്‌ക്കർ ഒരു പാർട്ടിക്കാർക്ക് അനിഷ്ടമായ ഒരു പ്രതികരണം ഒരു പ്രമുഖപാർട്ടിയുടെ പ്രമുഖ സോഷ്യൽ മീഡിയ വക്താവിന്റ് ത്രെഡിൽ എഴുതി. അനിഷ്ടമായ വാചകം എഴുതിയത് ശത്രു പക്ഷത്തു പ്രതിഷ്ട്ടിക്കപെട്ട ആളായത് കൊണ്ടു 'ലെജിറ്റിമേറ്റ് ടാർഗറ്റ് ' ആയിരുന്നു. അങ്ങനെ ആദ്യ സിഗ്നലിങ് 'വൃദ്ധ ശരീരവും ജീർണ മനസ്സും ' എന്ന പ്രായം പറഞ്ഞുള്ളു ടാർഗെറ്റിങ് . അതു അതെ സംഘ ബലത്തിലുള്ള മറ്റു 'സാംസ്‌കാരിക നായകർ ' ഏറ്റെടുത്തു.
മണിക്കൂറുകൾക്കുള്ളിൽ പറഞ്ഞ ഒരു വാചകത്തെപിടിച്ചു ബി ആർ പി എന്ന ശത്രു പക്ഷത്തുള്ള ലെജിറ്റിമേറ്റ് ടാർഗെറ്റിനെ മാന്യൻമാർ മാന്യ ഭാഷയിൽ ആക്രമിച്ചു സിഗ്നൽ കൊടുത്തു. പലരും ചീത്ത പറയാൻ അവരുടെ ടൈംലൈനും ത്രെഡും തുറന്നിട്ടു കൊടുക്കും
ഒരു സാഹിത്യകരന്റെ ത്രെഡിൽ ശത്രു പക്ഷത്തുള്ള ബി ആർ പി യെ മ, താ, പൂ, ഊ കൂട്ടി ചീത്ത വിളിച്ചതും പ്രായത്തെ വച്ചുള്ള അസഭ്യ വർഷങ്ങൾ കണ്ടപ്പോൾ ദുഃഖമാണ് തോന്നിയത്. സാധാരണ ടൈം ലൈനിൽ അസഭ്യത കണ്ടാൽ ഡിലീറ്റ് ചെയ്യുകയാണ് ഞാൻ ഉൾപ്പെടെ പലരും ചെയ്യുന്നത്
കെ എം ഷാജഹാൻ ഭരണ പാർട്ടികളിൽ ഉള്ളവർ അടി തൊട്ട് മുടി വരെ ശത്രു പക്ഷത്തു സ്ഥിരം പ്രതിഷ്ഠിച്ച ഒരാൾ. ഒരിക്കൽ അയാളുടെ ടൈം ലൈനിൽ പതിനയ്യായിരം തെറി വിളിച്ചിട്ടും ചിലരുടെ കലിപ്പ് മാറിയില്ല. സാംസ്‌കാരിക നായകർ അനങ്ങിയില്ല.
കാരണം അയാൾ അക്രമിക്കപ്പെടെണ്ട ശത്രുവാണു എന്ന വെറുപ്പിന്റെ മനസ്ഥിതിയാണ് . ആ വെറുപ്പിന്റെ മനസ്ഥിതി കൂടുമ്പോഴാണ് വാക്കുകൾ കൊണ്ടുള്ള ആക്രമത്തിൽ നിന്ന് പ്രവർത്തി കൊണ്ടുള്ള അക്രമമാകുന്നത്.
ഇത്രയും ഞാൻ എഴുതിയത് പലർക്കും സുഖിക്കില്ല. അപ്പോൾ ചെയ്യുന്നത് ശത്രു പക്ഷത്താക്കും. എന്നിട്ട് ഒളിഞ്ഞും തെളിഞ്ഞും ഇവിടെയും വാട്സ്ആപ്പ് ഗ്രൂപ്പിലും ആക്ഷേപിക്കും. അതാണ് കക്ഷി രാഷ്ട്രീയ നാട്ടു നടപ്പ്
തെറിവാക്കുകളും പ്രയോഗങ്ങളും അസഭ്യ വാക്കും വാചകങ്ങളും മിക്കവാറും ഭാഷകളിൽ എല്ലാവർക്കും അറിയാം. സംസ്കാരം എന്ന പദത്തിന്റെ അർത്ഥം ഭാഷയും ജീവിത മൂല്യങ്ങൾ എല്ലാം ഏത്ര മാത്രം മറ്റുള്ളവർക്ക് ഹാനി വരുത്താതെ ഉപദ്രവിക്കാതെ വർത്തിക്കാം എന്നാണ്.
പലപ്പോഴും പലരും നമുക്ക് ഇഷ്ടം ഇല്ലാത്തത് വീട്ടിലും നാട്ടിലും സ്‌കൂളിലും ഓഫീസിലുമൊക്കെ പറയും. ചിലർ പരസ്യമായി. ചിലർ രഹസ്യമായി. ചിലർ പുറകിൽ. വിയോജിപ്പുകളും വിമർശനങ്ങളും അസൂയകളും മറ്റുള്ളവരെ അംഗീകരിക്കാനുള്ള വിമുഖതയും മനുഷ്യ സഹജമാണ്.
എതിർപ്പിനോടും വിമർശനത്തോടും എങ്ങനെ നേരിടുന്നു എന്നതാണ് ഒരാളുടെ സംസ്കാരത്തിന്റെ അളവ് കോൽ.
എതിർപ്പിനെ 'തെറികുത്തരം മുറിപ്പത്തൽ 'എന്ന രീതിയിൽ അക്രമോല്സുകമായി നേരിടുന്ന ഒരുപാട് പേരുണ്ട്.
അക്രമം ഒരു മനസ്ഥിതിയാണ്. ഹിംസ ഒരു മാനസിക സമീപനമാണ്. ഏറ്റവും കൂടുതൽ അക്രമ ത്വര കാണിക്കുന്നത് അരക്ഷിത ബോധം കൂടുതൽ ഉള്ളവരാണ്. മൃഗങ്ങളും മനുഷ്യരും.
പലപ്പോഴും സ്വയം ഉള്ളിൽ ആത്മവിശ്വാസവും ധൈര്യവുള്ളവർ മറ്റുള്ളവരെ അങ്ങോട്ട് കയറി ആക്രമിക്കില്ല. അതു ഒരു മനസ്ഥിതിയാണ് .സ്വയം ബഹുമാനമുള്ളവർ മറ്റുള്ളവരെയും ബഹുമാനിക്കുന്നു
നേർ വിപരീത ആശയമുള്ള മനുഷ്യരോട് നിങ്ങൾ എങ്ങനെ ഇടപെടുന്നു എന്നതാണ് നിങ്ങളുടെ അടിസ്ഥാന ആത്മാഭിമാനത്തിന്റ പ്രതീകം. നിങ്ങളെ ശത്രു സ്ഥാനത്തു നിർത്തിയിരിക്കുന്നവരെപോലും ബഹുമാനിക്കുവാനും സ്നേഹിക്കുവാനും സാധിക്കുമ്പോഴാണ് നിങ്ങൾ പ്ര -ബുദ്ധൻ ആകുന്നത്.
ആശയങ്ങളുടെ സംവാദ വിമർശനങ്ങളിലൂടെയാണ് വിജ്ഞാനവും ശാസ്ത്രവും ചരിത്രത്തിലൂടെ വളർന്നത്. എല്ലാവരും എല്ലാ കാര്യങ്ങളിലും യോജിച്ചു ഒരുപോലെ ചിന്തിക്കുന്ന ഒരു സമൂഹം ശുഷ്ക്കവും പരമഅധികാര ആയുധങ്ങളുടെ വരുതിയിലുള്ളതായിക്കും.
ഏകാധിപത്യ പരമാധികാര സമൂഹത്തിൽ ഏകരൂപ ആശയ വിശ്വാസത്തിൽ കഴിയുന്നത് ജയിലിൽ അടക്കപ്പെട്ട മാനസിക അവസ്ഥയായിരിക്കും.
ആശയ വിയോജിപ്പുകളും പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങളുമാണ് ജനായത്ത സമൂഹത്തിന്റെ ജീവ വായൂ.
ശക്തമായ പ്രതിപക്ഷമാണ് ശക്തരായ ഭരണാധിപരെക്കാൾ ജനായത്ത മൂല്യങ്ങളെ സമൂഹത്തിലും രാജ്യത്തും നില നിർത്തുന്നത്.
ഒരിക്കൽ നെഹ്രുവിന്റ് ആശയങ്ങളെ അടിമുടി വിമർശിച്ച വാജ്‌പയിയെ കണ്ടപ്പോൾ ഉജ്ജ്വല പ്രസംഗം ആയിരുന്നു എന്ന് ജവഹർലാൽ നെഹ്‌റു അഭിനന്ദിച്ചു പറഞ്ഞത് ഒരിക്കൽ വാജ്പയി തന്നെ പറഞ്ഞിട്ടുണ്ട്.
തെറിയും അസഭ്യവും വർഷിക്കുന്നവർ അവരുടെ മനസ്സിലെ ദുർഗന്ധങ്ങളാണ് പുറത്തു വിടുന്നത് . പലപ്പോഴും മനസ്സിൽ കെട്ടി കൂടിയിരിക്കുന്ന കലിപ്പും വെറുപ്പുമാണ് തെറി വർഷമായി പരിണമിക്കുന്നത്. അതു അക്രമ വാക്കുകളായി ഉപയോഗിക്കുന്നവർ പലരും ഏറ്റവും കൂടുതൽ അരക്ഷിത ബോധം പേറുന്നതായിരിക്കു
മറ്റു ചിലർ വെറുതെ തെറി വിളിക്കുന്നത് ഒരു വിരേചന സുഖത്തിനാണ്. വയറ്റിൽ കെട്ടി കിടക്കുന്നത് കീഴ്ശ്വാശമായി പോക്കി ആശ്വാസം നേടുന്നത് പോലെ.
തെറി നാവിൽ കെട്ടികിടക്കുമ്പോഴും പലരും അതു പറയാത്തത് വാക്കിലും പ്രവർത്തിയിലും വീണ്ടുവിചാരമുള്ളവരായത് കൊണ്ടാണ്. .
അറിവുകൾ മാത്രം കൊണ്ടു നമ്മൾ മനുഷ്യരാകില്ല. തിരിച്ചറിവും വീണ്ടുവിചാരങ്ങളും, വിവേകവും, വിവേചനബുദ്ധിയുമൊക്കെയാണ് നമ്മുടെ മാനവികതയുടെയും സമീപനതിന്റെയും പ്രതീകങ്ങൾ. ഭാഷ മനസ്സിന്റെ ബഹിർസ്പുരണമാണ്
എല്ലാ പാർട്ടികളിലുമുള്ള തെറി വേറിയന്മാർ മനസ്സിലാക്കണ്ടത് സ്ത്രീ വിരുദ്ധ തെറിയിലും അല്ലാത്ത തെറികൊണ്ടു വോട്ടു കുറയുക അല്ലാതെ കൂടുകയില്ല.
ജെ എസ് അടൂർ
പിൻകുറി : ഇവിടെ തെറി വചനങ്ങൾ ഉള്ള സ്ക്രീൻ ഷോട്ടോ അസഭ്യ വാക്കുകളോ ഇടുന്നത് ഡിലീറ്റും. ആവശ്യമെങ്കിൽ ബ്ലോക്കും . ഏത് പാർട്ടിക്കാരായാലും അതാണ് നിലപാട്.
No comments:
Post a Comment