Friday, August 28, 2020

മനുഷ്യ അവസ്ഥയും ടെക്നോളജീയും-1

 മനുഷ്യ അവസ്ഥയും ടെക്നോളജീയും

ഒന്ന്
മനുഷ്യൻ പ്രകൃതി വിഭവങ്ങളെ സർഗാത്മക ഉപയോഗിച്ചു ഊർജ്ജമാക്കി അവയെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിനെയാണ് ടെക്നൊലെജി എന്ന് പറയുന്നത്.
മനുഷ്യ ചരിത്രവും ടെക്നൊലെജിയും തുടങ്ങുന്നത് മരങ്ങളിലും കല്ലുകളിലും പിന്നെ മണ്ണിലുമാണ്. പ്രകൃതിയുടെ വിവിധ ഭാവങ്ങളായ മണ്ണിനെയും കല്ലിനെയും, മരങ്ങളെയും മൃഗങ്ങളെയും പക്ഷികളെയും അഗ്നിയെയും കാറ്റിനെയും വെള്ളത്തെയും വായുവിനെയും കണ്ടും കൊണ്ടും അറിഞ്ഞത് മുതലാണ് ഇന്ന് നമ്മൾ കാണുന്ന എല്ലാത്തിന്റെയും തുടക്കം.
ഇന്നും കല്ലൂകൾ എറിഞ്ഞു മാങ്ങ വീഴ്ത്താനും കല്ലുകൾ ആയുധങ്ങളാക്കി മനുഷ്യരെയും പോലീസിനെയൊക്കെ എറിയാനും പലതും എറിഞ്ഞു ഉടക്കാനുമുള്ള ശീലം മനുഷ്യൻ പുരാതനശിലാ യുഗം കൊണ്ടു നടക്കുന്ന ശീല ഓർമ്മകളാണ്. തെറ്റാലി മനുഷ്യൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് പതിനായിരകണക്കിന് വര്ഷങ്ങളായി.
മനുഷ്യൻ ആദ്യം എഴുതിയതും വരച്ചതും നിറങ്ങൾ ഉപയോഗിച്ചതും കല്ലുകളിലാണ്. പത്തു കൽപ്പനകൾ എന്ന ആദ്യ സാമൂഹിക ഭരണ പാഠങ്ങൾ ടാബ്‌ലെറ്റ് എന്ന കല്ലുകളിലാണ്.
ബുദ്ധനെ ലോകം അറിഞ്ഞത് കല്ലെഴുത്തിലൂടെയും കൽ പ്രതിമകളിലൂടെയുമാണ്. കല്ലച്ചിലാണ് അക്ഷരങ്ങൾ അച്ചടിച്ചു തുടങ്ങിയത്.
അതു കൊണ്ടാണ് അന്നും ഇന്നും മനുഷ്യൻ കല്ലിൽ ദൈവത്തിന്റ അവതാരങ്ങളെ കാണുന്നത്. മിക്കവാറും തീർത്ഥാടനങ്ങൾ ഇപ്പോഴും കല്ലുകൾ തേടിയോ അല്ലെങ്കിൽ വലിയ കല്ലിനു ചുറ്റുമോ കല്ലറകളിലെക്കോയാണ്.
കല്ലിൽ നിന്നും കല്ല്കൊണ്ടുള്ള ടെക്നൊലെജിയിലാണ് സത്യത്തിൽ മനുഷ്യൻ ഇന്നും ജീവിക്കുന്നത്.
പാറയിൽ തുരന്നുണ്ടാക്കിയ ഗുഹകൾ ആവസമാക്കിയ മനുഷ്യൻ ഇന്നും അതെ പാറ പൊട്ടിച്ച കല്ലും സിമന്റും മണലും കൊണ്ടുണ്ടാക്കിയ വീടുകളിൽ താമസിക്കുന്നു. കല്ല് അറകളിൽ അടക്കപെടുന്നു.
കല്ലും കാറ്റും അഗ്നിയും വെള്ളവും അറിഞ്ഞു ഇണക്കിയാണ് മനുഷ്യൻ ഇത് വരെ വന്നത്. ആദ്യം കല്ലെറിഞ്ഞു വേട്ട ചെയ്ത മൃഗങ്ങളെ വെട്ടി മുറിക്കാൻ കൽ മഴുകളുണ്ടാക്കി.
മനുഷ്യൻ തെറ്റാലി മുതൽ കപ്പലും റോക്കറ്റും മൊബൈൽ ഫോണും ഉണ്ടാക്കുന്നത് ഭൂമിയിനിന്നുള്ള കല്ലുകളും മണ്ണും സംസ്കരിച്ചു കൊണ്ടാണ്. കല്ലുകളെ കണ്ടും തൊട്ടും അറിഞ്ഞും പഠിച്ചുമാണ് മനുഷ്യൻ എല്ലാ ലോഹങ്ങളും കണ്ടെത്തിയത്.
ചെമ്പും ഈയവും ഇരുമ്പും കണ്ട്, തീയിൽ ഉരുക്കി മെരുക്കാൻ പഠിച്ച മനുഷ്യൻ. അതു കൊണ്ടു പാത്രങ്ങൾ മാത്രമല്ല ആയുധങ്ങളും നിർമ്മിച്ചു.
തെറ്റാൽ ടെക്നൊലെജി വലുതാക്കി കല്ലുകൾ കൊണ്ടു അഗ്നികൊണ്ടും മനുഷ്യൻ യുദ്ധം ചെയ്തു.
വേട്ടയാടിയ മൃഗങ്ങളെ മെരുക്കി മനുഷ്യരെ മൃഗങ്ങളെപ്പോലെ കൊല്ലുവാൻ പഠിച്ചു. മനുഷ്യൻ ടെക്നൊലെജി ഉപയോഗിച്ച് ജീവിക്കുവാൻ പഠിച്ചത് പോലെ ടെക്നൊലെജി ഉപയോഗിച്ച് കൊല്ലുവാനും പഠിച്ചു. മനുഷ്യ അവസ്ഥയുടെ വിരോധാഭാസമാണത്.
ജീവിക്കുവാനും വധിക്കുവാനും ഒരേ തരം ടെക്നൊലെജി ഉപയോഗിക്കുന്ന മനുഷ്യൻ.
ഏതാണ്ട് ഏഴായിരം കൊല്ലം മുമ്പ് ആണ് ഉരുളുന്ന കല്ലുകളുടെ തിരിച്ചറിവിൽ നിന്ന് വീലുകൾ ഉപയോഗിച്ചു വാഹനമുണ്ടാക്കുവാൻ തുടങ്ങിയത്.
അന്ന് മൃഗങ്ങളെ മെരുക്കി ഊർജം ഉപയോഗിച്ചു വാഹനമോടിച്ച മനുഷ്യൻ ഇന്ന് ഹോഴ്സ് പവർ അടിസ്ഥാനമാക്കി ഭൂമിൽ നിന്നുള്ള ലോഹങ്ങൾ കൊണ്ടു വാഹനങ്ങളുണ്ടാക്കി ഭൂമിയിൽ നിന്നുള്ള എണ്ണകൊണ്ടു ഓടിക്കുന്നു.
പഴയ മരങ്ങളിൽ നിന്നും കല്ലിൽനിന്നും വെള്ളത്തിൽ നിന്നും നൈരന്തര്യത്തിലൂടെയാണ് നാം ഇപ്പോഴും ജീവിക്കുന്നത്..
ജെ എസ് അടൂർ
തുടരും

No comments: