Wednesday, July 12, 2017

ഭൂരി പക്ഷവും ന്യൂന പക്ഷവും

.
ലോകത്തെ എല്ലാ രാജ്യങ്ങളിലും ഭൂരി പക്ഷം വരുന്ന സാധാരണക്കാര്‍ സമധാനമായും സുരക്ഷിത മായും ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് .അവരുടെ മതവും വര്‍ണ്ണവും ചരിത്രവും എന്തും ആകെട്ടെ .ഏതു രാജ്യത്തെ സാധാരണക്കാരായ മനുഷ്യരോട് ചോദിക്കൂ .അവര്‍ക്ക് വേണ്ടത് ജീവിക്കുവാന്‍ ഒരു വീടും, ജോലിയും, സുരക്ഷയും , സമധാനവുമാണ്. ഇത് വെറും വാക്കല്ല, ഞാന്‍ ഏകദേശം ഒരു നൂറ്റി ഇരുപതു രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കാണും . ഞാന്‍ ഏതു രാജ്യത്തു പോയാലും അവിടുത്തെ സാധാരണക്കാരായ മനുഷ്യരോട് സംസാരിക്കും. അവരുടെ നിലപാടുകള്‍ മിക്കപ്പോഴും അവരെ ഭരിക്കുന്നവരുടെ നിലപാടുകള്‍ ആകണമെന്നില്ല.മിക്കപ്പോഴും അതിനു വിരുദ്ദവുമാണ്
കാരണം പലപ്പോഴും രാജ്യം ഭരിക്കുന്നതും മതങ്ങളെ വരുതിയിലാക്കി ജനങ്ങളെ ഭിന്നിപ്പികുന്നതും ഒരു രാഷ്ട്രീയ വരേണ്യ ന്യൂന പക്ഷമാണ്. അവര്‍ മത-വിശ്വാസങ്ങളെയും സത്വങ്ങളെയും ഉപയോഗിച്ച് രാഷ്ട്രീയ ഭരണം കൈയ്യാളുന്നത് മൂന്ന് 'എം' ഉപയോഗിച്ചാണ് . 'Market, Military and Media'. പലപ്പോഴും ഈ വരേണ്യ ന്യൂന പക്ഷമാണ് 'പുലി വരുന്നേ , പുലി വരുന്നേ' എന്ന് സാധാരണക്കാരെ ഭയപ്പെടുത്തി അരക്ഷിതാവസ്ഥ ജന മനസ്സുകളില്‍ സൃഷ്ട്ടിച്ചു ഭൂരി ഭാഗം വരുന്ന ജനങ്ങളെ ഭരിക്കുന്നത്. ഇങ്ങനെയുള്ളവര്‍ ജനാധിപത്യവും , മതാധിപത്യവും , എകാതിപത്യവും, രാജാധിപത്യവും ഉപയോഗിച്ച് ജനങ്ങളെ ഭരിക്കും . അവരാണ് യുദ്ദങ്ങളും യുദ്ധ ശ്രുതികളും ഉണ്ടാക്കുന്നത് . അവരാണ് പലപ്പോഴും ജാതി-മത-വര്‍ണ്ണ വിഭജനങ്ങള്‍ സൃഷ്ട്ടിച്ചു തമ്മില്‍ അടുപ്പിക്കുന്നത്. യുദ്ധങ്ങളെ തീരുമാനിക്കുന്നത് ന്യൂന പക്ഷെ വരേണ്യര്‍ ആണെങ്കിലും കൊല്ലപെടുന്നത് അവരല്ല . കൊല്ല പെടുന്നത് സാധാരണക്കാരാണ്. വര്‍ഗീയ ലഹള ആസ്സൂത്രണം ചെയ്യുന്ന വരേണ്യര്‍ അല്ല മരിക്കുന്നത്. തമ്മില്‍ തല്ലിച്ച് കൂടുതല്‍ മരിക്കുന്നത് അതതു മത- സമുദായങ്ങളിലെ പാവ പെട്ട മനുഷ്യരാണ്. കുറെ പാവപെട്ട മനുഷ്യര്‍ കൊല്ലപെട്ടലോ മരിച്ചാലോ അംബാനിക്കും അദാനിക്കും കച്ചവടമാണ് പ്രധാനം .
അത് കൊണ്ട് തന്നെ ജാതിയുടെയും വംശത്തിന്റെയും , മതതങ്ങളുടെയും പേരില്‍ നടത്തുന്ന എല്ലാ ത്രീവ വാദ അക്രമ രാഷ്ട്രീയ പ്രത്യായ ശാസ്ത്രങ്ങളെയും ചോദ്യം ചെയ്യ പെടണം. അങ്ങനെയുള്ള ത്രീവവാദ അക്രമങ്ങള്‍ മുസ്ലീം മതത്തിന്‍റെ പേരില്‍ ആയാലും , ക്രിസ്ത്യന്‍ മതത്തിന്‍റെ പേരില്‍ ആയാലും , യൂദ മതത്തിന്‍റെ പേരില്‍ ആയാലും ബുദ്ധ മതത്തിടെ പേരില്‍ ആയാലും, ഹിന്ദു മതത്തിന്‍റെ പേരില്‍ ആയാലും ചോദ്യം ചെയ്യ പെടണം. അത് കൊണ്ട് തന്നെ താലിബാനും , ഐ സ്സും, ത്രീവ സയോനിസവും , സംഘ പരിവര്‍ ഹിന്ദുത്വ ത്രീവതയും ക്രിസ്ത്യന്‍ ത്രീവ്ര വാദികളെയും ചോദ്യം ചെയ്യണം . കാരണം ഈ അപകട കാരികള്‍ ആയ വൈറസ്സുകളെ സമൂഹത്തില്‍ പല രീതിയില്‍ കടത്തി വിട്ടു അരക്ഷിത ബോധം ശ്രിഷിട്ട്ക്കുന്നത് പലപ്പോഴും രാജ്യവും ഭരണവും സമ്പത്ത് വ്യവസ്ഥയും പിടിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന ഒരു വരേണ്യ ന്യൂന പക്ഷമാണ് . ഒസാമ ബിന്‍ ലടെന്‍ വന്നത് കോടി കണക്കിനു സ്വത്തുള്ള കുടിമ്പത്തില്‍ നിന്നാണ് .
ഒരു കാര്യം കൂടി. ബഹു ഭൂരി പക്ഷം വരുന്ന നാനാ ജാതികളില്‍ പെട്ട പല ഭാഷ സംസാരിക്കുന്ന ഭൂരിപക്ഷം ഹിന്ദുക്കളും സംഘ പരിവാരല്ല. അവര്‍ സമാധാനമായും സന്തോഷമായും ജീവിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണ മനുഷ്യര്‍ ആണ് . ഇന്ത്യയിലും ലോകത്തും ജീവിക്കുന്ന ക്രിസ്ത്യാനികളില്‍ ബഹുഭൂരിഭാഗവും 'ക്രൂസേട് ' കാരല്ല! അതുപോലെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളും 'ജിഹാദി' കള്‍ അല്ല. ഇവരെല്ലെം സമാധാനമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് .
എന്നാല്‍ വരേണ്യ ന്യൂന പക്ഷം ആളുകള്‍ പല മാദ്ധ്യമങ്ങളില്‍ കൂടെ 'തെളിവ് ' നിരത്തി 'മറ്റുള്ള' വരെ എല്ലാവരെയും ഒരു 'ശത്രുവിന്‍റെ 'വാര്‍പ്പ് മാതൃക' രൂപത്തില്‍ പ്രചരിപ്പിച്ചു അരക്ഷിതാവസ്ത കൂട്ടി അവര്‍ക്ക് 'സുരക്ഷ' വാഗ്ദാനം ചെയ്തു ഭരണം കൈയ്യാളാന്‍ നിരന്തരം ശ്രമിക്കും അങ്ങനെയാണ് വിവിധ 'stereotype' കള്‍ നിമ്മിക്ക പെടുന്നത് . ഇത് മത ത്തിന്‍റെ പേരില്‍ മാത്രം അല്ല നടന്നത്. നടക്കുന്നത് . എല്ലാ വിധ ഏകാതിപത്യ പ്രവണതകളും ഒരു ' ശത്രുവിനെ ' വാര്‍തുണ്ടാക്കി അത് ചൂണ്ടി കാണിച്ചു ഭയപെടുത്തി 'സുരക്ഷ വാഗ്ദാനം ' ചെയ്ത് ഭരണം പിടിച്ചെടുക്കും
ഇത് ചരിത്രത്തില്‍ ഉടനീളം പല ഭാവത്തിലും രൂപത്തിലും അരങ്ങേരുന്നതാണ്.
അതുകൊണ്ട് തന്നെ ഞാന്‍ എല്ലാ വര്‍ഗീയ രാഷ്ട്രീയത്തിനും എതിരാണ്. അത് ക്രിസ്ത്യന്‍ വര്‍ഗീയതയാലും, ഇസ്ലാം വഗീയത ആയാലും , ഹിന്ദുത്വ വര്‍ഗീയത ആയാലും , ബുദ്ധിസ്റ്റ് വര്‍ഗീയത് ആയാലും ഒരു പോലെയാണ് . അത് കൊണ്ട് തന്നെയാണ് ഞാന്‍ സാര്‍വ ലൌകീക മാനവ മൂല്യങ്ങള്‍ക്കും , പ്രകൃതി സംരക്ഷണത്തിനും , മനുഷ്യ അവകാശങ്ങള്‍ക്കും വേണ്ടി നില കൊള്ളൂന്നത്. അതുകൊണ്ടാണ് ഞാന്‍ മനുഷ്യനെ ജാതി-മത-ലിങ്ങ- വംശങ്ങളുടെ പേരില്‍ വിവേചിച്ചു തമ്മില്‍ അടിപ്പിക്കുന്നതിനെ എതിര്‍ക്കുന്നത് . അതുകൊണ്ട് തന്നെയാണ് മതത്തിന്‍റെ യും ജാതിയുടെ യും വംശത്തിന്‍റെ യും പേരില്‍ ആളുകളെ കൊല്ലുന്നതിനെ എതിര്‍ക്കുന്നത്. എല്ലാ തരം വര്‍ഗീയതയും മറ്റൊരു തരം വര്‍ഗീയതക്കും കളമോരുക്കും എന്ന് മറക്കാതിരിക്കുക. ഇത് കൊണ്ട് പ്രയോജനം ഉണ്ടാക്കുന്നവര്‍ ഒരു വരേണ്യ -താല്‍പ്പര ന്യൂന പക്ഷം ആണെന്ന് തിരിച്ചറിയുക . ഇതു 'ഇസത്തിന്‍റെ' പേരില്‍ ആയാലും ഹിംസയും ആക്രമങ്ങളും അഴിച്ചു വിടുന്നതിനെ എതിര്‍ക്കുക തന്നെ വേണം. അത് എന്തിന്‍റെ പേരില്‍ ആയാലും .
ഒരു സമുദായത്തിലുള്ള ആളുകളെ ശത്രൂ പക്ഷത്തു കുടിയിരുത്തി ഭയ -അരക്ഷിത അവസ്ഥ സ്രിഷിട്ടിച്ചു സാധാരണ ജനങ്ങളെ വിഭജിച്ചു വിഘടിപ്പിച്ചു ആണ് രാഷ്ട്രീയ-സാമ്പത്തിക വരേണ്യ ന്യൂന പക്ഷം മുതലെടുപ്പുകള്‍ നടത്തുന്നതു . ന്യൂന പക്ഷമായ ബ്രിട്ടീഷു കാര്‍ ഇന്ത്യയും ലോകവും ഭരിച്ചതു ജനങ്ങളെ വിഘടിപ്പിച്ചു നിര്‍ത്തിയാണ് എന്ന് മറക്കാതിരിക്കുക. .

ദിലീപ് എന്താണ് കേരളത്തോട്‌ വിളിച്ചു പറയുന്നത് ?


കഴിഞ്ഞ ഇരുപതു കൊല്ലങ്ങളില്‍ സമൂഹത്തിലും , രാഷ്ട്രീയത്തിലും , വിദ്യാഭ്യാസ രംഗത്തും സാംസ്‌കാരിക മണ്ഡലത്തിലും കുറെ പുഴുക്കുത്തുകള്‍ പടര്‍ന്നു കേരളത്തെ ഒരു രോഗതുര സമൂഹമാക്കിയിട്ടുണ്ട്. ഇത് പല തലത്തിലും ഉണ്ട്. ഇതിന്‍റെ എല്ലാം പ്രതീഫലനമാണ് മലയാള സിനിമയിലും സിനിമ രംഗത്തും കാണുന്നത് .ഒരു തരത്തില്‍ മിക്ക മലയാള സിനിമകളും ഈ പുഴുക്കുത്തുകളെ പ്രചരിപ്പിച്ചു പൊതു മനോഭാവമാകാന്‍ സഹായിച്ചിട്ടുണ്ട് . ഇതിന്‍റെ ഒരു പ്രതീകമാണ്‌ നടിക്ക് നേരെ നടന്ന ലൈംഗീക ആക്രമണവും അതിന്‍റെ പേരില്‍ ദിലീപ് എന്ന സിനിമ സെലിബ്രിറ്റി ബിസിനസ്സ്കാരെന്‍റെ അറസ്റ്റും. ഇതിനു ഒരു തരത്തില്‍ നമ്മള്‍ എല്ലാവരും ഉത്തര വാദികളാണ്. ഇവിടെ ദിലീപ് എന്ന നടനെക്കാള്‍ പ്രധാനം നമ്മുടെ സമൂഹത്തിലെ മാറ്റങ്ങളെ നമ്മള്‍ എങ്ങനെ മനസ്സിലാക്കുന്നു എന്നതാണ്. കാരണം ചെറിയതും വലുയതുമായ ദിലീപുമാര്‍ പല പുരുഷന്മാരുടെ മന്സ്സിനകത്തും പിന്നെ കേരള സാമൂഹിക മനസ്ഥിതിയിലും ഉണ്ടെന്നതാണ്. അങ്ങനെയുള്ള ദിലീപുമാരെ സൃഷ്ട്ടിച്ചതും ആഘോഷിച്ചതും നമ്മുടെ സമൂഹം ആണെന്നെത് മറക്കരുത്.
മലയാള സിനിമയിലെ അപചയ-മാലിന്യങ്ങളുടെ ഒരു പ്രതീകം മാത്രമാണ് ദിലീപ്. അയാള്‍ അടയാളപെടുത്തുന്ന മാലിന്യ സംസ്കാരത്തിന്‍റെ ഭാഗം തന്നെയാണ് തിരഞ്ഞെടുപ്പില്‍ നിന്ന് ജയിച്ചു സിനിമക്കരായ ജന പ്രധിനിധികള്‍ ആയ പലരും . അതെ മനസ്ഥിതിയുള്ളവര്‍ രാഷ്ട്രീയത്തിലും ബിസിനസ്സിലും സ്വദേശത്തും വിദേശത്തും ഉണ്ട് .ഇപ്പോള്‍ ദീലീപിന്‍റെ അറസ്റ്റ്
ആഘോഷിക്കുന്നവരില്‍ പലരും അതുപോലെ അയാളുടെ കടകള്‍ ആക്രമിക്കുന്നവരും അതെ രോഗതുര മനോഭാവത്തിന്‍റെ പ്രതീകങ്ങള്‍ ആണ്.
കേരള സമൂഹത്തിലെ പുഴുകുത്തുകളില്‍ പ്രധാനം ഒരു പണാധിപത്യ സമൂഹമായി എല്ലാ രംഗത്തും പരിണമിച്ചു എന്നതാണ് . ഇതിനു അനുപൂരകമായി ഒരു വല്ലാത്ത ഭോഗ - ഉപഭോഗ സമസ്കാരവും സാമൂഹിക മനസ്ഥിതിയില്‍ കടന്നു കയറി.എങ്ങനെ എങ്കിലും 'വിജയിച്ചു' കുറെ പണമുണ്ടാക്കി ഏറ്റവും 'വില' യുള്ള കാറും, ഫോണും , വീടും , മറ്റു സന്നാഹങ്ങളും ഉണ്ടാക്കുക എന്നതായി ഒരു പാട് പേരുടെ ജീവിത ലക്‌ഷ്യം തന്നെ. എങ്ങനെ പണം ഉണ്ടാക്കുന്നു എന്നത് പ്രശ്നമാല്ലതായി. അങ്ങനെയാണ് അനധികൃത പാറ മടകളും, മണലൂറ്റും, വ്യാജ മദ്യ കച്ചവടവും , സ്പെകുലട്ടിവ് 'റിയല്‍ എസറ്റെറ്റു' കച്ചവടവും , ബ്ലേട്‌ കമ്പനികളും കേരളത്തില്‍ വിജയത്തിലേക്കുള്ള ചവിട്ടു പടികള്‍ ആയതു. കേരളത്തില്‍ പൈസ ഇഷ്ട്ടം പോലെ ഉണ്ടെങ്കില്‍ എങ്ങനെ ആ പൈസ ഉണ്ടാക്കി എന്നത് വിഷയമല്ലാതെയായി. ഒരാളുടെ 'നിലയും വിലയും' ഇന്ന് അളക്കുന്നതു അയാള്‍ ഉപയോഗിക്കുന്ന കാറിലും , ആയാള്‍
കാണിക്കുന്ന ഉപ-ഭോഗ അഹങ്കരങ്ങങ്ങളിലും , ഷോ ഓഫിലും ആണ് . അങ്ങനെ തികച്ചും ഉപരിപ്ലവമായ ഒരു സമൂഹത്തില്‍ നിന്നാണ് ചവറു സിനിമകള്‍ ഉണ്ടാകുന്നതു . അനുകരണം( social Mimicking) തന്നെ എല്ലാ രംഗത്തും ഒരു 'കലാ രൂപം'മായി മാറി . അങ്ങനെയാണ് കേരളത്തിളെ ടീവി കളിലും സമൂഹത്തിലും 'മിമിക്രി' കേരളത്തിന്‍റെ 'തനതായ കലാരൂപമായത്. അതുകൊണ്ട് തന്നെയാണ് 'മിമ്മിക്രി' നല്ലത് പോലെ കാണിക്കുന്നവര്‍ പലരും സെലിബ്രിട്ടികള്‍ ആയതു.
എങ്ങനെയും എന്ത് ചെയ്തും കാശുണ്ടാക്കി 'വലിയ' ആളായി 'വലിയ കാറും, വീടും' ഒക്കെ കാണിച്ചു മഹാന്‍ ആകണമെന്നു ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ ഉണ്ടാകുമ്പോള്‍ ഒരു 'അഗ്ഗ്രെസ്സിവ് ' ആയ സാമൂഹിക മനസ്ഥിതി ഉണ്ടാകുന്നു. ജീവിതം തന്നെ ആരെയൊക്കെയോ തോല്‍പ്പിക്കുവാനുള്ള ഒരു മത്സര പരക്കം പാച്ചിലകുന്നു. ഇത് തന്നെ പലരുടെ മനസ്സിലും അസ്വസ്ഥയും അരക്ഷിത അവസ്ഥയും ഉണ്ടാക്കുന്നു. ഇങ്ങനെയുള്ള ഒരു അവസ്ഥയില്‍ ആണ് 'വയലന്‍സ്' നമ്മുടെ ചിന്തയിലും വിചാരത്തിലും , വാക്കിലും , രാഷ്ട്രീയത്തിലും സിനിമയിലും ഒക്കെ ഉണ്ടാകുന്നത്. കബാലിയും, പുലി മുരുകനും , ആറാം തമ്പുരാനും, 'കമ്മീഷനറും, ഒക്കെ മലയാളികളുടെ മനസ്സില്‍ ഒരു ബാധ പോലെ സന്നിവേശിക്കുന്നത് ഇത് കൊണ്ടാണ് . മാഫിയ തലവന്മാരായ ഹീറോ വാര്‍പ്പ് മാതൃകകള്‍ മലയാള സിനിമകളില്‍ വേണ്ടുവോളം ഉണ്ട് . ക്രിമിനല്‍ ഹീറോകളെ ആഘോഷിക്കുന്ന മലയാള സിനിമകള്‍ക്ക് കേരളത്തില്‍ വലിയ സ്വീകാര്യത ഉണ്ടെന്നുമറക്കാതിരിക്കുക. ഇന്ന് മാഫിയ ക്വട്ടെഷന്‍
സംഘങ്ങള്‍ കേരളത്തിലെ എല്ലാ മേഘലകളിലും 'മോശ' മല്ലാത്ത ഒരു ബിസിനസ്സും ആയിരിക്കുന്നു. സമൂഹത്തിലെ
ഇന്ന് കേരളത്തിലെ കച്ചവടക്കാരില്‍ പലര്‍ക്കും , രാഷ്ട്രീയ നേതാക്കളില്‍ കുറെ പേര്‍ക്കും, മിക്ക രാഷ്ട്രീയ പാര്‍ടിക്കാര്‍ക്കും സിനിമ കാര്‍ക്കും അവരുടെ 'ഡര്‍റ്റി ഡിപ്പാര്‍റ്റമേന്ടു 'ഹാന്‍ഡില്‍ ചെയ്യാന്‍ 'ക്വട്ടെഷന്‍' സംഘങ്ങള്‍ ആവശ്യ ഘടകമായി. പലപ്പോഴും , രാഷ്ട്രീയ നേതാക്കളെയും, കാശുള്ള കച്ചവടക്കാരെയും , സിനിമ ക്കാരെയും , പോലീസ്സ്കാരില്‍ പലരെയും ബന്ധിപ്പിക്കുന്നത് പോലും 'ക്വട്ടെഷന്‍' ബിസിനിസ്സ്കാരാണ് . മൂത്തൂറ്റു കൊലപാതകവും, 'ടോട്ടല്‍ ' തട്ടിപ്പും അങ്ങനെ കഴിഞ്ഞ ദശകങ്ങളില്‍ ഉണ്ടായ പല കേസുകളിലും 'ക്വട്ടെഷന്‍' ഒരു അവിഭാജ്യ ഘടകം ആയിരിന്നു . ഇങ്ങനെയോക്കെയാണ് സമൂഹം തന്നെ ക്രിമിനല്‍വല്ക്കരിക്കപെടുന്നത്.
ഇങ്ങനെ ഒരു പണാധിപത്യ ആക്രമണ-മത്സര ത്വരയുള്ള സമൂഹത്തിലാണ്‌ മത-ജാതി വിഭാഗീയതകള്‍ വര്‍ദ്ധിക്കുന്നത്. മത്സര പാച്ചിലില്‍ പുറം തള്ള പെടുന്ന ആളുകള്‍ കൂടുതല്‍ പണവും പ്രതാപവും ഉള്ളവരോട് ഒരു 'എന്‍വിയസ്സ് ഗ്രട്ജു'( Envious grudge) പുലര്‍ത്തും . കേരളത്തില്‍ വളന്നു വരുന്ന സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ ആണ് വിഭാഗീയതക്കും വര്‍ഗീയതക്കും ഒരു കാരണം. അത് കൊണ്ടാണ് സമൂഹത്തില്‍ കൂടുതല്‍ അഗ്രെസ്സിവ് ബിഹവിയര്‍ കൂടുന്നത് . പലരുടെയും പ്രതീകരങ്ങങ്ങള്‍ സമൂഹ മാദ്ധ്യമങ്ങലില്‍ പോലും അക്രമങ്ങളാകുന്നത് നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വരുന്ന ആക്രമണ ത്വരയുടെ ലക്ഷണങ്ങളാണ്. ദിലീപിന്‍റെ അറസ്റ്റു ആഘോഷിക്കുന്നതും അയാളുടെ പുട്ട് കട തല്ലി തകര്‍ക്കുന്നതും , ലാലിസം പരിപാടി തകര്‍ന്നപ്പോള്‍ മോഹന്‍ ലാലിനെ ഫേസ് ബോക്കില്‍ ചീത്ത വിളിക്കുന്നതും എല്ലാം നമ്മുടെ സമൂഹത്തിന്‍റെ മനസ്സില്‍ അടിച്ചു കയറുന്ന ഹിംസയുടെ അടയാളങ്ങള്‍ ആണ് . പലപ്പോഴും കൂടുതല്‍ പണവും പ്രതപുമുള്ളവരെ അവരുടെ ജാതിയും മതവും തിരിച്ചു ടാര്‍ഗെട്ടു ചെയ്യുന്നതിലും ഇങ്ങനെയുള്ള സാമൂഹിക മനസ്ഥിതി ഒരു കാരണമാണ്.
ഒരു ഭോഗ- ഉപഭോഗ സമൂഹത്തില്‍ സ്ത്രീയെ ഒരു 'ഭോഗ വസ്തു' വായി കണ്ടു 'ഉപയോഗിക്കുക' എന്ന ഒരു അവസ്ഥ മേല്‍ പറഞ്ഞ പുഴുകുത്തുകലുടെ ഒരു വശമാണ്. അത് കൊണ്ട് തന്നെ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വീട്ടിലും നാട്ടിലും കൂടി . മലയാളി പുരുഷന്‍മാരില്‍ പലരും 'ഭാര്യയെ' പോലും അവരുടെ 'വിലയും നിലയും' കാണിക്കുവാനുള്ള ഒരു ഉപാധി ആക്കി മാറ്റുന്നതും ഉപരിപ്ലവ നിറഞ്ഞ ഒരു മീഡിയോക്കര്‍ സമൂഹത്തില്‍ ആണ് . ഇന്ന് കല്യാണങ്ങള്‍ ആലോചിക്കുന്നത് തന്നെ 'പാക്കേജു' നോക്കിയാണ്. വലിയ പണവും പത്രാസും ഇല്ലാത്ത പല ചെറുപ്പക്കാര്‍ക്കും ഇന്ന് കേരളത്തില്‍ കല്യാണം കഴിക്കുവാന്‍ പാടാണ്. കല്യാണവും വിവാഹ മോചനവും എല്ലാം ഇന്ന് 'പാക്കേജ് ' അനുസരിച്ചാണ്. സ്ത്രീ വിരുദ്ധത നമ്മുടെ രാഷ്ട്രീയത്തിലും, മാദ്ധ്യമങ്ങളിലും , സിനിമ കളിലും നിറയുന്നതിനു ഒരു കാരണമിതാണ് .
കഴിഞ്ഞ ഇരുപതു കൊല്ലത്തെ മലയാള സിനിമ ഈ മാല്യന്യ മനസ്ഥിതിയെ മഹത്വ വല്ക്കരിച്ചു ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് നല്‍കി. അതില്‍ തികഞ്ഞ സ്ത്രീ വിരുദ്ധതയും , നിയോ കന്‍സര്‍വേറ്റീവ് മനോഭാവവും, പുതു ഫ്യുഡലിസവും , മത-ജാതി സ്ടീരിയോടയിപ്പികളും കുത്തി നിറച്ചു , വയലന്‍സിനെ ആഘോഷിച്ചു, നാലാം തരം വളിപ്പുകളെ കാട്ടിയും കച്ചവട ചെരുവുകള്‍ നിരത്തിയുണ് സിനിമകള്‍ പലതും കേരള സമൂഹത്തിന്‍റെ രോഗാതുരമായ അവസ്തയെ കാട്ടുന്നത്. അത് കൊണ്ട് തന്നെയാണ് സിനിമ 'സെലിബ്രിട്ടി' സ്റ്റാറ്റസ് ഒരു ബിസിനസ് ആക്കി പലരും രാഷ്ട്രീയ നേതാക്കളോട് ശിങ്കിടി കൂടി സീറ്റ് തരപ്പെടുത്തി അവിടെയും 'വിജയിക്കുവാന്‍' ശ്രമിക്കുന്നത്. സുരേഷ് ഗോപിയും, മുകേഷും , ഇന്നെസേന്ടും, പ്രിയ ദര്‍ശനും എല്ലാം രാഷ്ട്രീയ -പദവി ഭാഗ്യ അന്വേഷികള്‍ ആകുന്നതു ഒരു കരിയര്‍ ഷിഫ്റ്റിന്‍റെ ഭാഗമാണ് .അല്ലാതെ അവര്‍ സമൂഹത്തിലോ രാഷ്ട്രീയത്തിലോ ഇടപെട്ടത് കൊണ്ടോ , എന്തെങ്കിലും മാറ്റം ഉണ്ടാക്കിയത് കൊണ്ടോ അല്ല. ഗണേശന്‍ എം-ല്‍-ഏ യും മന്ത്രിയും ഒക്കെ ആയതു മക്കള്‍ രാഷ്ട്രീയ ഫ്യുടലിസതിന്‍റെ ഭാഗമായും സിനിമ 'സെലിബ്രിട്ടി' സ്റ്റാറ്റസിന്‍റെ പേരിലുമാണ് .
ഒരു പക്ഷെ ദിലീപും എം എല്‍ ഏ യും മന്ത്രിയോമോക്കെ ആകാന്‍ സാധ്യത ഉണ്ടായിരുന്നു . കാരണം ഇപ്പോള്‍ ഉള്ള രാഷ്ട്രീയ പാര്‍ട്ടികളിലും എങ്ങനെയെങ്കിലും 'വിജയിക്കുക്ക' എന്ന മനസ്ഥിതിയായി. അതിനു അവര്‍ക്ക് വോട്ടു കിട്ടാന്‍ സാദ്ധ്യത ഉള്ള സിനിമ സെലബ്രിറ്റികളെ തിരഞ്ഞു പിടിച്ചു തിരഞ്ഞെടുപ്പില്‍ നിറുത്തുന്നതില്‍ ഒരു മടിയും ഇല്ല . അതികൊണ്ട് തന്നെയാണ് പത്തും മുപ്പതും വര്ഷം പാര്‍ട്ടിക്ക് വേണ്ടു പ്രവര്‍ത്തിച്ചവര്‍ക്ക് സീറ്റ് ഇല്ലെങ്കിലും കുറുക്കു വഴികളിലൂടെ ആളെ പറ്റിച്ചു ജയിപ്പിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഇത് അവര്‍ക്ക് അവരുടെ ജനപിന്തുണയില്‍ തന്നെ വിശ്വാസം ഇല്ലാത്തതു കൊണ്ടാണ്.
ദിലീപിന്‍റെ അറസ്റ്റു സമൂഹ മാധ്യമങ്ങളില്‍ ആഘോഷിക്കുന്നവരും മുഖ്യ മന്ത്രിയേയും പോലീസിനെയും അഭിനന്ദിക്കുന്നവരും മനസ്സിലാക്കേണ്ടത് കേരളത്തിലെ രാഷ്ട്രീയത്തിലും , സമൂഹത്തിലും , മത വ്യാപാര സ്ഥാപനങ്ങളിലും മാന്യന്മാരായി നടിക്കുന്ന നടക്കുന്ന ദിലീപുമാര്‍ കുറെയേറെ ഉണ്ടെന്നതാണ്. ഇവിടെ കുറും തോട്ടിക്കു തന്നെ വാതം പിടി പെടുമ്പോള്‍ ഒരു ദിലീപിന്‍റെ അറസ്റ്റില്‍ ആഘോഷിക്കുന്നത് കൊണ്ട് കാര്യം ഒന്നുമില്ല. അത് കൊണ്ട് ഇവിടെ പോലീസോ അവരുടെ രാഷ്ട്രീയ മേലാളന്മാരോ പ്രത്യകിച്ചും അത്ഭുതങ്ങള്‍ ഉണ്ടാക്കാന്‍ ഉള്ള സാധ്യതയുമില്ല.
മാറ്റം വരേണ്ടത് നമ്മുടെ മനസ്ഥിതിയില്‍ ആണ്. ഒരു ദിലീപിന്‍റെ നേരെ കൈ ചുണ്ടിയിട്ടു മാത്രം കാര്യമില്ല. നമ്മുടെ സമൂഹത്തിലെ ഉള്ള പുഴുകുത്തുകളെ മാറ്റുവാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. മാറ്റം ഉണ്ടെകേണ്ടത് നമ്മുടെ കുടുംബങ്ങളിലും നമ്മുടെ മനസ്ഥിതിയിലും പിന്നെ സമൂഹത്തിലും ആണ്.

ആടിനെ പട്ടിയാക്കുന്ന സ്ഥിതി വിവര കണക്കുകള്‍ !!


കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ ഡി ജി പി ടീ പി സെന്‍ കുമാര്‍ കേരളത്തിലെ ജനന-ജന സംഖ്യാ നിരക്കുകളെ കുറിച്ച് പറഞ്ഞ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ -സാമൂഹിക ധാരണകള്‍ വിവാദമായിരിക്കുകയാണ് . ഇതിനു ഒരു കാരണം അദ്ദേഹം കണക്കുകള്‍ വളച്ചൊടിച്ചു അദ്ദേഹത്തിന്‍റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ സാധൂകരിക്കാന്‍ ശ്രമിച്ചു എന്നതാണ് . ആ അഭിപ്രായങ്ങള്‍ക്ക് പിന്നിലുള്ള സ്ത്രീ വിരുദ്ധതയും ഇസ്ലാമോ ഫോബിയയും മറ്റും ഇപ്പോള്‍ ഡല്‍ഹി ദര്‍ബാര്‍ ഭരിക്കുന്ന സവര്‍ണ്ണ രാഷ്ട്രീയ വരേണ്യ കാഴ്ച്ചപ്പാടിനോട് അടുത്തു നില്‍ക്കുന്നത് വെറും യാദര്‍ശ്ചികം ആണെന്ന് തോന്നുന്നില്ല . ഇന്ഗ്ലീഷില്‍ ഒരു ചൊല്ലുണ്ട് " There are lies, damn lies and then statistics'.
കാരണം സ്ടാറ്റിട്ടിക്സു ഇരുപതാം നൂറ്റാണ്ടില്‍ പലപ്പോഴും വെറുപ്പിന്‍റെ രാഷ്ട്രീയം നിര്‍മിക്കുവാന്‍ ഉപയോഗിച്ചിട്ടുണ്ട് . ഹിടല്ര്‍ യഹൂദര്ക്ക് എതിരെ ഭൂരി പക്ഷ ജര്‍മന്‍ ജനതയെ ബ്രെയിന്‍ വാഷ്‌ ചെയ്യുവാന്‍ ഉപയോഗിച്ചതും വളച്ചൊടിച്ച 'സ്ഥിതി വിവര ' കണക്കുകളാണ് . അറുപതുകളുടെ ആദ്യം ബാല്‍ താക്കറെ തുടങ്ങിയ 'മാര്‍മിക് ' എന്ന മാസികയില്‍ ആദ്യം പ്രസിദ്ധീകരിച്ചത് ബോംബെ ടെലിഫോണ്‍ ഡയര്‍ക്ടറിയുടെ സ്ഥിതി വിവരകണക്കുകള്‍ ആണ് . അതില്‍ കൂടുതലും 'മദ്രാസികള്‍ ' എന്ന് അറിയപ്പെട്ട തമിഴ് -മലയാളികളൂടെതാണന്നു ചൂണ്ടികാണിച്ചു അവര്‍ താമസിയാതെ ബോംബെ പിടിച്ചെടുത്തു മറാത്തി 'മാനുസിനെ ദുര്‍ബല ന്യൂന പക്ഷം ആക്കും എന്ന് വരുത്തിയാണ് അവിടെയുള്ള സാധാരണക്കാരായ മറാത്തികളില്‍ വെറുപ്പിന്‍റെ രാഷ്ട്രീയം വിതച്ചു തെക്കേ ഇന്ത്യക്കാര്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചു വിട്ടു 'ശിവ സേന' എന്ന ഫാസിസ്റ്റ് സന്ഘടനക്ക് രൂപം നല്‍കിയത്.
സ്ഥിതി വിവര കണക്കുകുകള്‍ രാഷ്ട്രീയ തരാ തരം പോലെ ആവശ്യാനുസ്സരണം വളചൊടിച്ചു കള്ളത്തരങ്ങള്‍ 'സത്യ സന്ധമായി' പറഞ്ഞു ജനങ്ങളെ വിശ്വസിപ്പിച്ചു ആടിനെ പട്ടിയാക്കുന്ന വിദ്യയാണ് വെറുപ്പിന്‍റെ രാഷ്ട്രീയത്തിന്‍റെ ഒരു 'ടെക്കനിക്ക്'. ഇത് ഉപയോഗിച്ചാണ് പലപ്പോഴും 'സോഷ്യല്‍ പരനോയ ' (social paranoia) സ്രിഷ്ട്ടിച്ചു ഭയത്തിന്‍റെയും അരക്ഷിതാവസ്ഥയുടെയും സാമൂഹിക ധാരണകള്‍ ഭൂരി ഭാഗം ജനങ്ങളിലും വിതക്കുന്നതു . കണക്കുകള്‍ കള്ള ലാക്കോട് കൂടി ഉപയോഗിച്ചു ആടിനെ പട്ടിയാക്കും . എന്നിട്ട് പട്ടിയെ പേപ്പട്ടി ആക്കും. പേപ്പട്ടിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന 'കോമ്മണ്‍ സെന്‍സ് ' ഉണ്ടാക്കി വെറുപ്പിന്‍റെ രാഷ്ട്രീയം ഇറക്കി മനുഷ്യരെ തമ്മില്‍ അടിപ്പിച്ചു കൊന്നും കൊല വിളിച്ചുമാണ് ലോകത്തില്‍ പലയിടതും വെറുപ്പിന്‍റെ രാഷ്ട്രീയം ഉപയോഗിച്ച് ഫാസിസ്റ്റു രാഷ്ട്രീയം പല രൂപത്തിലും ഭാവത്തിലും പല രാജ്യങ്ങളിലും അരങ്ങേറുന്നത് . അങ്ങനെയുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് 'ഗോ രക്ഷയുടെ ' പേര് പറഞ്ഞു ഒരു മതത്തില്‍ ഉള്ള പാവപെട്ട ആളുകളെ അടിച്ചു കൊല്ലുന്നത്. ജുനെദ് അങ്ങനെയുള്ള വെറുപ്പിന്‍റെ രാഷ്ട്രീയത്തിന്‍റെ ബലിയാടാണ്.
കേരളത്തിന്‍റെ ചരിത്രം ഒരു കോസ്മോ പോളിറ്റന്‍ ചരിത്രമാണ് . ഇവിടുത്തെ സാമൂഹിക -സാസ്കാരിക മണ്ഡലങ്ങളില്‍ ഉള്ള ഈ കോസ്മോപോളിറ്റന്‍ കാഴ്ച്ചപ്പാടിനെ തുരങ്കം വച്ചു പരസ്പര ഭയവും വിഭാഗീയതെയും സൃഷ്ട്ടിക്കാന്‍ കുറെ നാളുകളായി സംഘ പരിവാറും അത് പോലെ പല വര്‍ഗീയ പാര്‍ട്ടികളും( എല്ലാ മതങ്ങളിലും ഉള്ള) ശ്രമിക്കുന്നുണ്ട് . അവര്‍ക്ക് ചൂട്ടു പിടിച്ചു കൊടുക്കാന്‍ ടീ പീ സെന്നിനെ പോലെ ഒരാള്‍ ശ്രമിക്കുന്നത് നിര്‍ദോഷമായ ഒരു മുന്‍ പോലീസ് മേധാവിയുടെ വെറും അഭിപ്രായ പ്രകടനങ്ങള്‍ ആണെന്ന് തോന്നുന്നില്ല.
കേരളത്തില്‍ ഇന്ന് ഏറ്റവും ജനന നിരക്ക് കുറവുള്ള ഒരു സമൂഹം ക്രിസ്ത്യനികളുടെതാണ് . ഇതിനു പല കാരങ്ങള്‍ ഉണ്ട് . ഇത് എങ്ങനെ ഉണ്ടായി എന്നു എന്‍റെ കുടുമ്പത്തിലെ മൂന്ന് തലമുറയില്‍ ഉണ്ടായ മാറ്റങ്ങളുടെ കഥ പറഞ്ഞാല്‍ മനസ്സിലാകും .
എന്‍റെ വല്യമ്മച്ചി പത്തു പ്രസവിച്ചു. ആറു പെണ്ണും നാല് ആണും . നാലാം ക്ലാസ്സ് വിദ്യാഭ്യാസം. വല്യപ്പന്‍ കൃഷിക്കാരന്‍. കൂട്ട് കുടുമ്പം . മൂത്ത പെണ്പിള്ളേര്‍ ഇളയതുങ്ങളെ വളര്‍ത്തി . ആമ്പിള്ളേര്‍ അപ്പനെ കൃഷിയില്‍ സഹായിച്ചു . പക്ഷെ എല്ലാരും പഠിച്ചു , പരസ്പരം സഹായിച്ചു .അടുത്ത തലമുറയില്‍ എല്ലാവര്ക്കും സാമ്പത്തികവും ജോലിയും ഒക്കെയായി. കാലം മാറി.
എന്‍റെ അപ്പന്‍-അമ്മയുടെ കാലം വന്നപ്പോള്‍ അവര്‍ അഭ്യസ്ഥ വിദ്യര്‍. രണ്ടു പേര്‍ക്കും 'നല്ല' സര്‍ക്കാര്‍ ഉദ്യോഗം. നാട്ടിലെ ആദ്യ കോണ്ക്രീറ്റ് വീട് . പക്ഷെ പിള്ളേരെ നോക്കാന്‍ ആളില്ല. അങ്ങനെ അവര്‍ രണ്ടു അവര്‍ക്ക് രണ്ടു എന്നായി. ഇന്ന് എന്‍റെ കുടുമ്പത്തില്‍ ഉന്നത വിദ്യാഭ്യാസം ഇല്ലാത്ത ആരുമില്ല. കൃഷി ചെയ്യുന്ന ആരുമില്ല. ഏറ്റവും വലിയ ശമ്പളം വാങ്ങുന്ന ലോകം എമ്പാടും ചിതറികിടക്കുന്ന ഞങ്ങളുടെ കുടുമ്പത്തില്‍ പലര്‍ക്കും കുട്ടികള്‍ ഇല്ല. ചിലര്‍ക്ക് ഒന്ന് . എന്‍റെ കുട്മ്പത്തില്‍ തന്നെ പി എച് ഡി ഉള്ളവര്‍ മുപ്പതില്‍ അധികം വരും. അവരില്‍ കൂടുതലും സ്ത്രീകള്‍ അവര്‍ക്കാര്‍ക്കും കുട്ടികളെ ഉണ്ടാക്കുവാനോ നോക്കുവാനോ സമയവും സൌകര്യവും ഇല്ല. ഭര്‍ത്താവ് പറയുന്ന താളത്തിന് തുള്ളൂന്നവര്‍ അല്ല. അവര്‍ തീരുമാനിക്കും അവര്‍ക്ക് കുട്ടികള്‍ എത്ര വേണമെന്ന്. ഈ മാറ്റം കേരളത്തിലെ പല സമുദായങ്ങളിലും ഉണ്ടായികൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ കേരളത്തില്‍ ജനന നിരക്ക് എല്ലാ സമുദായങ്ങളിലും കുറയും.
ലോകം മുഴുവന്‍ സഞ്ചരിച്ചു ജോലി ചെയ്യുന്ന എനിക്ക് ഒരു കുട്ടി മതി എന്ന് തീരുമാനിച്ചത് തന്നെ വിവാഹം കഴിഞ്ഞു മൂന്ന് കൊല്ലങ്ങള്‍ക്കു ശേഷമാണ് . അതും പല ചര്‍ച്ചകള്‍ക്കും ശേഷം. അതിനു ഒരു കാരണം എന്‍റെ ഭാര്യ അന്ന് പീ എച് ഡി ഗവേഷണത്തില്‍ ആയിരുന്നു . ഞാന്‍ ഫെല്ലോഷിപ്പ് കിട്ടി അമേരിക്കയിലും. രണ്ടു തല മുറകളില്‍ ഉണ്ടായ മാറ്റം അതിശയിപ്പിക്കുന്നതാണ്. എന്‍റെ വല്യമ്മ അകെ വായിച്ചത് വേദ പുസ്തകമാണ് . എന്‍റെ ഭാര്യ ബി എക്കും എം ഏ ക്കും ഒന്നാം റാങ്ക് കാരി. ഇന്ഡസ് വാലി സിവിലിസേഷനെ കുറിച്ച് വളരെ പ്രകീര്‍ത്തിക്കപെട്ട എച് ഡീ തീസിസ് എഴുതിയ ആള്‍. അത് കഴിഞ്ഞ ഉടനെ ബ്രാഡ്ഫോര്‍ഡ് യുണിവേര്സിട്ടിയില്‍ അസിറ്റന്‍റെ പ്രോഫെസറായി ജോലി കിട്ടിയിട്ടും പോകാത്ത ആള്‍ . എഴുത്തുകാരി . തനിക്കു ഇഷ്ട്ടമുള്ളത് ഇഷ്ട്ടം പോലെ ചെയ്യും എന്ന് സ്വതന്ത്ര ചിന്തയുള്ള ആള്‍ . വളരെ ആത്മ വിശ്വാസമുള്ളയാള്‍. ആദ്യത്തെ കുട്ടി കഴിഞ്ഞു ഏതാണ്ട് എട്ടു കൊല്ലം ചര്‍ച്ച ചെയ്തു രണ്ടാമതൊരു കുട്ടി ആകാം എന്ന് തീരുമാനമെടുത്തയാള്‍. പരസ്പരം ഇഷ്ട്ടപെട്ട് മൂന്ന് നാലു കൊല്ലം കൂട്ടുകാരായി നടന്നു കല്യാണം കഴിച്ചു കഴിഞ്ഞ ഇരുപത്തെട്ടു കൊല്ലങ്ങള്‍ ആയി കൂട്ടുകാരായി കഴിയുന്നവര്‍ . വ്യത്യസ്ത സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ . ഒരു മിച്ചു യാത്ര ചെയ്യുന്നവര്‍. എന്‍റെ വല്യമ്മയ്യില്‍ നിന്നും എന്‍റെ ജീവിത സഹയാത്രികയിലെക്കുള്ള ദൂരം വളരെ വളരെ വലുതാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നതു എന്‍റെ കൂട്ട്കാരിയെ തന്നെയാണ് . ഞങ്ങളുടെ മക്കള്‍ കല്യാണം കഴിക്കുമോ ഇല്ലയോ എന്നുള്ളത് അവരുടെ തീരുമാനമാണ്. ഈ മാറ്റങ്ങള്‍ ആണ് പത്തനംതിട്ട ജില്ലയില്‍ നെഗറ്റീവ് പോപ്പുലെഷന്‍ ഗ്രോത്തിന്‍റെ കാരണം . എന്‍റെ പെങ്ങളും കുടുംബവും ന്യുസിലാണ്ടില്‍ സ്ഥിര താമസം ആണ് .അവരുടെയും മക്കളുടെയും സ്ഥിതി വിവര കണക്കുകള്‍ കേരളത്തില്‍ ഇല്ല. എന്‍റെ മക്കളുടെ സ്കൂള്‍ പ്രവേശനത്തെ കുറിച്ചുള്ള സ്ഥിതി വിവരകണക്കുകള്‍ കേരളത്തിലെ കണക്കുകളില്‍ കാണാന്‍ വഴിയില്ല. ഇത് ഒരു ഒറ്റപെട്ട സംഭവം അല്ല. വെറും നാല്‍പതു കൊല്ലങ്ങള്‍ക്കുള്ളില്‍ എന്‍റെ കുടുമ്പത്തില്‍ ഉണ്ടായ വലിയ മാറ്റം ആണ് . എന്‍റെ വലിയപ്പന്‍റെ പരിസരങ്ങളും എന്‍റെ പരിസരങ്ങളുമായി അജ-ഗജാന്തരം വ്യത്യാസമുണ്ട് . ഇത് എന്‍റെ കഥ മാത്രമല്ല. ഇത് വായിക്കുന്ന ഒരു പാടു പേരുടെയും വീട്ടുകളില്‍ ഉണ്ടായ മാറ്റമാണ് . മാറ്റങ്ങള്‍ പലരുടെയും കുടുമ്പങ്ങളിലും സമുദായത്തിലും ഉണ്ടായതാണ് . ഉണ്ടാകുന്നതാണ് . കഴിഞ്ഞ നാല്പതോ അമ്പതോ കൊല്ലങ്ങള്‍ക്കുള്ളില്‍ ജനിച്ച എത്ര പേര്‍ക്ക് പത്തു കുട്ടികള്‍ ഉണ്ട് ? അഞ്ചു കുട്ടികള്‍ ഉള്ളവര്‍ തന്നെ കുറവാണ്.
മാറ്റങ്ങളില്‍ പ്രധാനം സ്ത്രീകളുടെ സാംമ്പത്തിക സാമൂഹിക അവസ്ഥയാണ് . കേരള സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്തു മാസ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങി ഒരു നുക്ലിയര്‍ കുടുമ്പ സംവിധാനത്തില്‍ വന്നപ്പോള്‍ കുട്ടികളെ ജനിപ്പിക്കുവാനും വളര്‍ത്തുവാനും സമയവും സൗകര്യവും ഇല്ലാതെയായി. അത് കേരളത്തിലെ എല്ലാ സമുദായങ്ങളില്‍ നടന്നതാണ്; നടക്കുന്നതാണ് . അതു ലോകത്തിലെ എല്ലാ സമൂഹങ്ങളിലും നടക്കുന്നതാണ് . ഒരു 25 കൊല്ലം കഴിയുമ്പോള്‍ കേരളത്തിലെ ജനസംഖ്യ ഇതിലും കുറയും . ഒരു പക്ഷെ മലയാളികള്‍ അല്ലാത്ത മൈഗ്രണ്ട് സമൂഹത്തിന്‍റെ ജന സംഖ്യ കൂടും . നോര്‍വേയില്‍ ഉള്ളതിനേക്കാള്‍ നോര്‍വീജിയക്കാര്‍ നോര്‍വേക്ക് വെളിയില്‍ ആണ് .
കേരളത്തില്‍ എനിക്ക് എല്ലാ തലത്തില്‍ ഉള്ള ആളുകളുമായി ബന്ധമുണ്ട് . ഏറ്റവും അഭ്യസ്ത വിദ്യരും സെന്‍ കുമാറിനെക്കാള്‍ വിദ്യാഭ്യാസവും വിവരമുള്ള ഒരു പാടു കൂട്ടൂകാര്‍ എനിക്ക് മുസ്ലീം ബാക്ക്ഗ്രൌണ്ടില്‍ നിന്നുമുണ്ട് . അതല്ലാതെ സാധാരണക്കാരായ ഒരു പാടു മുസ്ലീം സുഹൃത്തുക്കള്‍ ഉണ്ട് . അവരില്‍ പലര്‍ക്കും ഒരു കുട്ടി മാത്രമാണുള്ളത്. ചിലര്‍ക്ക് രണ്ടു. അതില്‍ കൂടുതല്‍ കുട്ടികളുള്ള സുഹൃത്തുക്കള്‍ എനിക്ക് കുറവാണ്. പറഞ്ഞു വന്നത് വിദ്യാഭ്യാസവും സാംമ്പത്തിക അവസ്ഥയും മാറുമ്പോള്‍ ജനന നിരക്ക് കുറയും . ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസത്തിനും സാമ്പത്തിക മുന്നെറ്റത്തിനും ഊന്നല്‍ കൊടുക്കുന്ന മുസ്ലീം സമുദയത്തിലെ ജനന നിരക്ക് ഭാവിയില്‍ വളരെ കുറയും എന്ന് ഡമോഗ്രഫിയെ കുറിച്ച് അടിസ്ഥാന വിവരമുള്ളവര്‍ക്ക് അറിയാം. അതു എങ്ങനെ സംഭവിക്കുന്നു എന്ന് എന്‍റെ കുടുമ്പത്തിലും നാട്ടിലും കണ്ടറിഞ്ഞത്‌ മാത്രമല്ല. ലോകത്തെ മിക്ക രാജ്യങ്ങളെ കുറിച്ചും വായിച്ചും കണ്ടു മറിഞ്ഞതാണ്
സെന്‍കുമാര്‍ വിളമ്പിയ ഇസ്ലാമോഫോബിയ ഒരു സാമൂഹിക-രാഷ്ട്രീയ രോഗ ലക്ഷണമാണ്.
ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താം. ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്താന്‍ പ്രയാസമാണ് . സാമ്പത്തിക ശാസ്ത്രത്തില്‍ പ്രൊ . എം ഏ ഉമ്മന്‍ സാറിന്‍റെ കൂടെ പി എച്ച് ഡി ചെയ്ത സെന്‍ കുമാര്‍ സാര്‍ പറഞ്ഞ സ്ഥിതി വിവര കണക്കുകള്‍ വിവര കേടുകൊണ്ടല്ല പറഞ്ഞത്. വിവരങ്ങള്‍ എങ്ങനെ 'ബുദ്ധി പൂര്‍വ ' മായി 'ഫ്രൈം' ചെയ്തു ഇപ്പോഴത്തെ രാഷ്ട്രീയ മേലാളന്‍മാരുടെ താളത്തിന് ഒത്തു എങ്ങനെ പാടം എന്ന് അദ്ദേഹം കാണിച്ചു തന്നു എന്ന് മാത്രം. തനിക്കു ഉതകുന്ന രീതിയിലെ വിവരങ്ങളെ എങ്ങനെ അവതരിപ്പിക്കണമെന്ന് 'ബുദ്ധി' ഉള്ളത് കൊണ്ടാണ് അദ്ദേഹം സ്ഥിതി വിവര കണക്കു വളച്ചു കെട്ടി ആടിനെ പട്ടിയാക്കാന്‍ ശ്രമിക്കുന്നത് . . നാട് ഓടുമ്പോള്‍ നടുവേ ഓടണമേന്നാണല്ലോ പ്രമാണം ! കഷ്ട്ടം എന്നല്ലാതെ എന്ത് പറയാന്‍ !!!