ഇത് നേരത്തെ എഴുതിയതാണ്.ഇപ്പോഴും പ്രസക്തം. ഇത് ത്രീ പുരയിലെ കാര്യം മാത്രം അല്ല. എല്ലായിടത്തും ഇതൊക്കെ തന്നെയാണ് നടന്നത് നടക്കുന്നത്. പല സംസ്ഥാനങ്ങളിലും കോൺഗ്രസിനു സംഭവിച്ചത്. സി പി.എം ഉൾപ്പെടെയുള്ള പാർട്ടികൾക്ക് സംഭവിക്കുന്നത്. പറയാതെ വയ്യ
എങ്ങനെയാണ് ത്രിപുര കൊണ്ഗ്രെസ്സ് മുക്തമായത് ?
ഇന്നു ഭരണം ഇല്ലാതെ മിക്ക മുഖ്യധാര രാഷ്ട്രീയ പാർട്ടിക്കും ഒരിടത്തും ഒരുപാട് നാൾ ഒറ്റക്ക് പിടിച്ചു നിൽക്കുവാൻ പ്രായസമാണ്.
ഇന്നു ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടി നടത്തി കൊണ്ടു പോകണെമെങ്കിൽ നൂറു കണക്കിന് കോടികളുടെ ഇന്വേസ്റ്മെന്റ് വേണം. ഒരു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ ആണെകിൽ ശാപ്പാടിനും തുണിക്കും മണിക്കും വണ്ടിക്കും വീട്ട് ചിലവിനും കാശു വേണം. തിരഞ്ഞെടുപ്പിന് നിൽക്കണം മെങ്കിൽ കാശു വീശിയേറിയണം. അതിനു കീശയിലും മേശയിലും കാശു നിറയെ വേണം.
ഭരണമില്ലെങ്കിൽ മേശയും കസേരയും കാശും ഇല്ല. പണമുള്ളവനെ ഇന്ന് രാഷ്ട്രീയ പാർട്ടിയിൽ പിടിച്ചു നിൽക്കാൻ കഴിയുള്ളു. ഭരണമില്ലെങ്കിൽ പാർട്ടികളെയും പാർട്ടി നേതാക്കളേയും മുമ്പ് കാശ് കൊടുത്തവർ പോലും ഒഴിവാക്കും. പണവും ഭരണവും ഇല്ലാത്ത പാർട്ടിക്കാരെയും പാർട്ടികളെയും പണക്കാർക്ക് പുച്ഛമാണ്. ഇതൊന്നും ഇല്ലെങ്കിൽ ആരും മൈൻഡ് ചെയ്യുകയില്ല.
ഇതിനു പല കാരണങ്ങൾ ഉണ്ട്.
1). കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷമായി പലരും ഒരു പാർട്ടിയിൽ ചേർന്ന് നേതാവ് ആകുന്നത് രാഷ്ട്രീയ ദർശനങ്ങൾ കൊണ്ടോ പ്രത്യയ ശാസ്ത്ര ബോധ്യം കൊണ്ടൊന്നുമല്ല. അത് അധികാര രാഷ്ട്രീയത്തിലെക്കും സർക്കാർ ഭരണ സന്നാഹങ്ങളുടെ സ്ഥാന- മാന സുഖ ലോലുപതകളിലേക്കും, പെർക്ക് കളിലെലേക്കും നോട്ടം വച്ചുള്ള ഒരു കരിയർ ഓപ്ഷൻ ആയാണ്.
ഇവരുടെ പാർട്ടി ലോയൽറ്റി എന്നു പറയുന്നത് പവർ നോട് ഉള്ള ലോയൽറ്റിയാണ്. എനിക്ക് എന്ത് തടയും എന്ന അവനവനിസ അവസര വാദ അരാഷ്‌ടീയമാണ് അവരുടെ ട്രേഡ് മാർക്ക്. എനിക്ക് ഈ പാർട്ടിയെ കൊണ്ട് എന്ത് പ്രയോജനം കിട്ടും എന്ന ആളുകൾ കൂടുമ്പോൾ ആ പാർട്ടി പതിയെ ആരാഷ്‌ടീയവൽക്കരിക്കപ്പെടും.
ഇന്ന് പാർട്ടികളുടെ കൂടെ കൂട്ടുന്നവരിൽ ഒരു ഗണ്യമായ വിഭാഗം ഭരണ അധികാരത്തിൽ നിന്ന് പ്രയോജനം പറ്റാനാണ്. അതിൽ മദ്യ മാഫിയയും റിയൽ എസ്റ്റേറ്റ് തരികിടകളും ബ്ലേഡ് കാരും, മണലൂറ്റ്, പാറമട ഗാങ്ങും ഒക്കെ കാണും. അത്യാവശ്യം ക്വാട്ടേഷൻ ഗാങ്ങും പിന്നാമ്പുറത്തു കാണും. ആദർശങ്ങളും ആശയങ്ങളും ചതുക്കിച്ചു ദ്രവിച്ചു കൂടുതലും ആമാശ താല്പര്യക്കാരുടെ സംഘമാകുമ്പോഴാണ് ഇന്ന് മുഖ്യ ധാര ഭരണ പാർട്ടികൾ ചെകുത്താനും കടലിനുമിടക്ക് പെട്ട് ഉഴലുന്നത്.
ആമാശയവൽക്കരണ കാലത്തു ആശയവൽക്കരണത്തിന് ആർക്കും കാലോം നേരോമില്ല. മിക്ക നേതാക്കളും സ്വന്തം കാര്യം സിന്ദാബാദ് എന്ന ബിസിനസ് മോഡിലാണ് .
ഭരണ പാർട്ടികളുടെ കുഴലൂതി കഴിയുന്ന സൂത് സെയേഴ്‌സായ ബുദ്ധി ജീവികളിൽ പലരും അധികാരത്തിന്റെ തണലിൽ സ്ഥാന-മാന മോഹങ്ങളിൽ ജീവിച്ചു മരിക്കുന്നവരാണ്. ഇങ്ങനെ ഉള്ളിൽ കാമ്പില്ലാതെ കഴിയുന്ന രാഷ്ട്രീയ പാർട്ടി കൾക്ക് ഭരണമില്ലാതെ ഒരു പത്തു കൊല്ലം പിടിച്ചു നില്ക്കാനുള്ള കരുത്തില്ലെന്നതാണ് സത്യം
2), ചിലർ ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് മറ്റൊരു രാഷ്ട്രീയ പാർട്ടിയോടുള്ള ഭയം കലർന്ന വെറുപ്പ് കൊണ്ടാണ്. ശത്രുവിന്റ് ശത്രു മിത്രം എന്ന ലോജിക്.
ഈ ശത്രുത വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടോ സ്വത പരമായ കാര്യങ്ങൾ കൊണ്ടോ ആകാം. അങ്ങനെ സീ പി എമി നോടുള്ള വിരോധം കൊണ്ട് കൊണ്ഗ്രെസ്സ് ആയവരും. ബി ജെ പി യോടും കോൺഗ്രസിനോടും ഉള്ള വിരോധം കൊണ്ടു സീ പി എമ്മിലോ മറ്റു പാർട്ടികളിലോ ചേരുന്നവർ ഉണ്ട്.
ചിലർ സ്വത പരമായ ശത്രുത കൊണ്ടായിരിക്കും. മുസ്ലിങ്ങളോട് പല കാരണ ങ്ങളാൽ ഉള്ള വെറുപ്പ് കൊണ്ടു ബി ജെ പി യിൽ ചേരുന്നത് പോലെയും ആർ എസ് എസിനോടുള്ള വെറുപ്പ് കൊണ്ടു എസ് ഡി പി ഐ യിലോ സീ പി എമില്ലോ ചേരുന്നത് പോലെ.
അവരുടെ ഉള്ളിലെ കലിപ്പാണ് അവരുടെ രാഷ്ട്രീയം. ഈ കലിപ്പിൽ നിന്നാണ് പകയുടെയും വയലന്സിന്റെയും അഗ്രെസ്സിവ് പൊളിറ്റിക്സ് ഉണ്ടാകുന്നത്.
3)ഒരു കൂട്ടർ ചേരുന്നത് പീയർ ഗ്രൂപ്പ് സോഷ്യലൈസേഷൻ കൊണ്ടാണ്.
അച്ഛൻ കമ്മ്യൂണിസ്റ്. അച്ഛന്റെ മോനായ ഞാനും കമ്മ്യുണിസ്റ്റ്. അമ്മാവൻ ആർ എസ് എസ്. അങ്ങനെ ഞാൻ എ ബി വി പി ആയി. ഞങ്ങളുടെത് പഴയ കൊണ്ഗ്രെസ്സ് കുടുംബമാണ് അതുകൊണ്ട് ഞാനും കൊണ്ഗ്രെസ്സ്. ഞങ്ങളുടെ ജാതിയിൽ യുള്ളവരെല്ലാം ഒരു പാർട്ടി; ഞാനും ആ പാർട്ടി. ഞങ്ങളുടെ വീട്ടിലും കുടുംബത്തിലും എല്ലാം ദൈവ വിശ്വാസികളാണ്; അതു കൊണ്ടു ദൈവത്തിനു എതിരായ അവിശ്വാസികളായ കമ്മ്യുണിസ്റ്റകാരുടെ കൂടെ കൂടുന്ന പ്രശ്നം ഇല്ല.
കോളേജിൽ ചെന്നപ്പോൾ അവിടെല്ലാവരും എസ് എഫ് ഐ അങ്ങനെ ഞാനും എസ് എഫ് ഐ . എന്റെ കൂട്ടുകാരെല്ലാം കേ എസ് യു അങ്ങനെ ഞാനും കേ എസ് യു ആയി. ഇങ്ങനെയുള്ളവരിൽ ഭൂരിപക്ഷംവും സോഷ്യൽ കൺഫെർമിസം കൊണ്ടും സോഷ്യൽ കൺസേർവെയ്‌റ്റിസം കൊണ്ടും ഒരു രാഷ്ട്രീയ പാർട്ടിയിൽ എത്തപ്പെട്ടതാകാം. അവരുടെ മോട്ടിവേഷൻ കിൻഷിപ് ടൈസ്, ഫ്രണ്ട്ഷിപ് ടൈസ്, പിന്നെ അതിൽ നിന്ന് ഉണ്ടാകുന്ന ഹേഡ് മെന്റാലിറ്റി.
4)നാലാമത്തെ, കൂട്ടർ വിന്നിംഗ് സൈഡിന്റെ കൂടെ സ്വയം പ്രൊട്ടക്ഷന് വേണ്ടിയോ അല്ലെങ്കിൽ സ്വയ താല്പര്യങ്ങൾക്ക് വേണ്ടിയോ ആയിരിക്കും. അതു കൊണ്ടാണ് ആർ എസ് എസ് കാരനായ ഒരാൾ ഇടതു പക്ഷ സർവീസ് സംഘടനയിൽ ചേർന്ന് ഇടതു പക്ഷമോ കൊണ്ഗ്രെസ്സ് സർവീസ് സംഘടനയിൽ ചേർന്ന് അവരുടെ പക്ഷമോ ആകുന്നത്. കാരണം ഭരണത്തിൽ ഉള്ളവരുടെ കൂടെ കൂടിയിട്ടേ കാര്യങ്ങൾ കാണാനൊക്കൂ.
ചുരുക്കത്തിൽ ഇന്ന് രാഷ്ട്രീയ ദർശങ്ങൾ കൊണ്ടോ പ്രത്യയ ശാസ്ത്ര ബോധ്യം കൊണ്ടോ രാഷ്ട്രീയ പാർട്ടികളിൽ ചേരുന്നവരുടെ എണ്ണം കുറവാണ്.
കുറെ നാൾ ഭരണത്തിൽ ഇല്ലെങ്കിൽ ഈ മേൽ പറഞ്ഞു കൂട്ടരിൽ പലർക്കും ഒരു പൊളിറ്റിക്കൽ ഇൻസെന്റീവ് ഇല്ലാതാകും. ഇരുപത് വർഷം കോൺഗ്രസിൽ പ്രവർത്തിച്ചു ഒരു കരിയർ സ്‌കോപ്പും ഇല്ലാത്ത അവസ്ഥ. ഒന്നും ആയില്ല എന്ന കരിയർ ഫ്രസ്ട്രേഷൻ.
സ്വന്തം പാർട്ടിയിലെ ഹൈ കമാൻഡ് ഏഴാം കൂലികൾ ആയി കരുതുന്നു എന്ന തോന്നൽ. അതു മാത്രമല്ല ഭരണ അധികാര അഹങ്കാരമുള്ളവരുടെ അക്രമം . ഇങ്ങനെ സഹികെട്ടു ദേഷ്യവും സങ്കടവും ഉള്ള, ഡൽഹി ദർബാറും ഹൈ കമാൻഡും അവഗണിച്ച കുറെ കൊണ്ഗ്രെസ്സ് കാരാണ് ത്രീ പുരയിൽ ഉണ്ടായിരുന്നത്.
രാഷ്ട്രീയം മുഴു സമയം തൊഴിലാക്കിയവരുടെ പോക്കറ്റ് അധികാരമില്ലെങ്കിൽ കാലിയാണ്. പണം ഇല്ലാതായപ്പോൾ പിണമാകുന്ന അവസ്ഥ. ആർക്കും ഒരു നിലയും വിലയും ഇല്ലാത്ത അവസ്ഥ.
അടീം കൊണ്ടു പുളീം കുടിക്കുന്ന അവസ്ഥയിൽ ആയിരുന്നു ത്രിപുരയിലെ കൊണ്ഗ്രെസ്സ്കാർ. കൊണ്ഗ്രെസ്സ് ഡൽഹി മാനേജർ മാർ വെറും രണ്ടു ലോക സഭ സീറ്റുള്ള ത്രീപുര വരെ വണ്ടികൂലീം കൊടുത്തു പോയാൽ റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റ് കമ്മിയാണെന്നും കരുതി.
ഇതു കൊണ്ഗ്രെസ്സ്കാരെ കാട്ടിൽ ബിജെപി സ്ട്രാറ്റജി ടീമിന് മനസ്സിലായി . സ്റ്റോക്ക് താഴ്ന്നിടിഞ്ഞ ഒരു കമ്പിനിയെ അക്യുവർ ചെയ്തു കുറെ ഇൻവെസ്റ്റ് ചെയ്യതാൽ മാർക്കറ്റ് പിടിച്ചെടുക്കാം എന്ന സിമ്പിൾ ബുദ്ധി. തൃപുര ലോ ഹാങ്ങിങ് ഫ്രൂട്ട് ആണെന്ന് മനസ്സിലാക്കിയ ബി ജെ പി ഒരു വർഷം മുമ്പ് മാത്രം കളത്തിൽ ഇറങ്ങി പണി തുടങ്ങി.
കൊണ്ഗ്രെസ്സ് കാർ ഡൽഹിയിൽ ഇരുന്നു പണവും പണിയും ഇല്ലാതെ കോട്ടുവാ വിട്ടു മസിൽ പിടിച്ചു വല്ല്യ ആള് ചമഞ്ഞു ജീവിച്ചു. ബോറടിച്ച നേതാക്കൾ ഒരു റിലാക്സേഷനു വേണ്ടി വേക്കേഷന് പോയി. ഒടുവിൽ പണ്ടാരാണ്ടു പറഞ്ഞത് പോലെ മണ്ണും ചാരി നിന്നോൻ പെണ്ണിനേം കൊണ്ടുപോയി.
അമിത് ഷായുടെ മിടുക്കിനെക്കാൾ കൊണ്ഗ്രെസ്സ് നേതാക്കളുടെ ഗമണ്ടൻ മണ്ടത്തരങ്ങൾ കൊണ്ടാണ് ബി ജെ പി പലയിടത്തും വിജയിക്കുന്നത്.
ഇരുപത് കൊല്ലത്തെ കലിപ്പ് ആണ് ജയിച്ചപ്പോൾ തീർക്കുന്നത്.ത്രീപുരയിലെ കൊണ്ഗ്രെസ്സ്കാർ ഒരു സുപ്രഭാത്തിൽ സംഘികൾ ആയതല്ല. അവരെ കൊണ്ഗ്രെസ്സ് ഹൈ കമ്മാൻഡും അവഗണിച്ചതു കൊണ്ടും, പിന്നെ സീ പി എമ്മിന്റ അധികാര അഹങ്കാര അക്രമം ത്വരയിൽ മനം മടുത്തും ആണ് കൊണ്ഗ്രെസ്സ്കാർ അടപടലോടെ ബി ജെ പി പാളയത്തിൽ എത്തിയത്.
വിന്നിങ് സൈഡിന്റെ കൂടെ നിൽക്കുക എന്ന സോഷ്യൽ കണ്ഫെമിസം. ഒരു സമൂഹത്തിലെ വലിയ പങ്കു ആളുകളും സോഷ്യൽ കൺഫെമിസ്റ്കളാണ്.
അവർക്ക് ഭരണത്തിലും അധികാരത്തിലും വലിയ സ്റ്റേക്ക് ഒന്നുമില്ല. അവൻ ഒഴുക്കിനൊത്തു നീന്തി കുഴപ്പം ഒന്നുമില്ലാതെ ജീവിക്കണം എന്നുള്ളവാരാണ്. ഇവിടെ ആരു വന്നാലും അവർക്ക് ജോലിയും കൂലിയും ഇല്ലെങ്കിൽ ശാപ്പാട് ഇല്ല. അത് കൊണ്ടു തന്നെ അവർ വിന്നിങ് സൈഡിനോട് കൂടി സൗകര്യത്തിനായി കൂടും I
അങ്ങനെയാണ് ത്രിപുര കൊണ്ഗ്രെസ്സ് മുക്തമായത്.
ജെ എസ് അടൂർ
No comments:
Post a Comment