Tuesday, May 21, 2019

ജാതി , വർണം ഭാഷ , സംസ്കാരം : സാംസ്കാരിക നായകർ ഉണ്ടാകുന്നത് എങ്ങനെ ?

ജാതി , വർണം ഭാഷ , സംസ്കാരം : സാംസ്കാരിക നായകർ ഉണ്ടാകുന്നത് എങ്ങനെ ?
ലോകത്തുള്ള മറ്റ് ഇടങ്ങളിലേക്കാൾ ഇന്ത്യ വ്യത്യസ്തമാകുന്നത് ഇവിടുത്തെ സമൂഹവും സംസ്കാരവും ചരിത്രവും ദൈവ വിചാരങ്ങളും കുടുംബ സംവിധാനവും ആചാര വിചാരങ്ങളും രാഷ്ട്രീയവുമെല്ലാം ശ്രേണീവല്കൃതമായ ജാതിബദ്ധമാണ് എന്നതാണ് . ഇന്ത്യയിലെ ദൈവ വ്യസ്തപോലും വർണ്ണ - ജാതി ബദ്ധമാണ് . ഇവിടെ ' ഹിന്ദു -മത ' ഭ്രാന്ത് എന്നതിനേക്കാൾ വർണ്ണ -ജാതി - വർഗ്ഗ മേൽക്കോയ്‌മ വെറികളാണ് വിഭാഗീയത (sectarian )യുടെയും അത് മൂത്തു വർഗീയ ( communal ) വിവേചന വികാര -വിചാര രാഷ്ട്രീയത്തിന്റ തായ് വേര് .
ഹിന്ദുത്വയുടെ പ്രധാന ആചാര്യനായ ഹിന്ദു മഹാസഭയുടെ നേതാവ് സവർക്കർ ദൈവ വിശ്വാസമില്ലാത്ത ' യുക്തി 'വാദിയായിരുന്നു .അദ്ദേഹത്തിന്റെ അനുചരനായ ഗോഡ്‌സെ ഒരു മത ഭ്രാന്തൻ എന്നതിനേക്കാൾ പൂനയിലെ പേഷ്വാ ബ്രാഹ്മണ മേൽക്കോയ്മ അധികാര വ്യവസ്ഥ മനസ്സിലേറ്റി അതിൽ തീവ്ര വാദം മൂത്തു അതിന് ബദലായി എന്തിനെയും വെറുത്തു , വെറുപ്പിന്റെ രാഷ്ട്രീയത്തെ ആവാഹിച്ചു ചിന്തയിലും പ്രവർത്തിയിലും ഹിംസ നിറവെറ്റിയ ആളാണ് . വെറുപ്പിന്റെയും വർണ്ണ -ജാതി വിവേചനത്തിന്റെയും വിചാരധാരയിലെ ഹിംസയുടെ ആദ്യ അപ്പോസ്തലൻ ആയിരുന്നു ഗോഡ്‌സെ..അത്‌ കൊണ്ടാണ് ഇന്ന് ചിലർക്ക് 'രാജ്യ -സ്നേഹ ' വിശുദ്ധനാകുന്നതും മറ്റുള്ളവർക്ക് ഭീകര ഹിംസ രാഷ്ട്രീയത്തിന്റെ അടയാളപ്പെടുത്തലും ആകുന്നത് .
ജാതിബോധം വളരെ ചെറുപ്പത്തിലേ ആചാര വിചാരങ്ങൾകൊണ്ട് മസ്തിഷ്‌കത്തിൽ ഉറപ്പിക്കുന്ന അടിസ്ഥാന സ്വതബോധമായ കൂട്ട് ഓർമ്മകളുടെ (collective memories ) ഒരു സോഫ്ട്വെയർ മദർ ബോഡാണ് . അതിന്റ ആദ്യ യൂസേഴ്സ് മാനുവലാണ് മനു സ്‌മൃതി (സ്‌മൃതി എന്ന വാക്ക് തന്നെ കൂട്ട് ഓർമ്മകളെ അടയാളപ്പെടുത്തുന്നുഒന്നാണ് ).മനു സ്മ്രിതി എന്നത് ഒരേ സമയം ചാതുർ വർണ്യം ( വർണ്ണം -നിറം )ത്തിലധിഷ്ട്ടിതമായ സാമൂഹ്യ വ്യവസ്ഥയും , ദൈവീക വ്യവസ്ഥയും രാഷ്ട്രീയ വ്യവസ്ഥയുമായിരുന്നു . അതിൽ ഒരു വലിയ പരിധിവരെയുള്ളത് വംശധിഷ്ഠിത വർണ്ണവും ആ ലോജിക്കിൽ നിന്ന് വളർത്തിയെടുത്ത 'സ - വർണ്ണ ' ബോധ മേൽക്കോയ്‌മയുമാണ് .
ഇന്നും ഇന്ത്യയിൽ എല്ലായിടത്തും ' നിറം ' ഒരു പ്രശ്നം തന്നെയാണ് . അത് കല്യാണ പരസ്യ പോർട്ടലുകളിൽ ഇപ്പോഴുംമുണ്ട് . പേരറിയാത്ത പെൺ കിടാവിന് പോലും ' കോതമ്പ് കതിരിന്റെ ' നിറമാണ് എന്നാണ് കവി പാടിയത് . ഈ വർണ്ണ (നിറ ) ബോധം ഏറ്റവും കൂടുതൽ ഉള്ളത് വടക്കു പടിഞ്ഞാറേ ഇന്ത്യയിലാണ് . അത്‌ കൊണ്ട് കൂടിയാണ് മിക്കപ്പോഴും ഇരുണ്ട /തവിട്ട് നിറമുള്ള വ്യത്യസ്ത ശരീര പ്രകൃതിയും ഭാഷയുമുള്ള മിക്കവരെയും 'മദ്രാസികൾ ' എന്ന് വിളിക്കപെടുന്നത് . സത്യത്തിൽ ഇന്ത്യൻ റെയ്ൽവെക്കൊപ്പം ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രെസിഡെൻസിയിൽ നിന്നും വടക്കോട്ട് യാത്ര ചെയ്തവരെ വിളിച്ചാണ് അന്ന് തുടങ്ങിയത് . എന്ത് തന്നെയായാലും ഇന്ത്യയിലെ സിനിമയിലിലും രാഷ്ട്രീയത്തിലും എല്ലാം നിറം ഇന്നും ഒരു വിഷയമാണ് . ' കാലേ ' (കറുത്തത് ') എന്നത് വംശീയ വിചാരവുമാണ് .
വംശ വർണ്ണ ബോധം ശ്രേണീ വൽക്കരിച്ചാണ് ഒരു 'വെർട്ടിക്കൽ ' സാമൂഹിക രാഷ്ട്രീയ വ്യവസ്ഥ ഇന്ത്യൻ ആചാര വിചാര , ഭാഷ ' സംസ്കാര' മെന്ന ' ' ആർഷ ഭാരത ' - 'സംസ്കാര ' മെന്ന് നിർമ്മിതി. ' സംസ്കൃതം ' എന്ന 'സാംസ്ക്കരിക്കപെട്ട് ' ഭാഷ വ്യവഹാര വ്യാകരണ ബദ്ധ മേൽക്കോയ്മായിൽ നിന്നാണ് , സംസ്കാരം ' എന്ന പദം പോലും ഉളവായത് . സംസ്‌കൃതം ' ദേവ വാണി ' യായത് കൊണ്ട് ബ്രാമ്മണർക്ക് മാത്രമേ ' സംസ്‌കൃത ' സംസ്കാരം എന്നതിന് അധികാരമുളൂ ..അത്‌ കൊണ്ടാണ് ഇന്ത്യയിലും (ഒരു വലിയ പരിധി വരെ കേരളത്തിലും ) ' സാംസ്കാരിക നായകർ ' ഒട്ടുമിക്കതും ബ്രാഹ്മണരോ അവരുടെ ശിങ്കിടി മേൽ ജാതിക്കാരോ അല്ലെങ്കിൽ ' സംസ്കൃതവൽക്കരി ' ക്കപെട്ടവരൊയാണ് .
മ്ലെച്ഛ ജാതികൾക്കോ (പുറം മതങ്ങൾക്കോ ) ' സാംസ്കാരിക നായക ' പട്ടം കിട്ടുവാൻ പ്രയാസമാണ് . കേരളത്തിലേ ആദ്യ വ്യാകരണ മെഴുതിയ ചാണ്ടി , കേരള ' പാണിനി ' ആകാത്തതും അത് കൊണ്ടാണ് . കേരളത്തിൽപോലും ദളിത് വിഭാഗത്തിലോ മുസ്ലീ വിഭാഗത്തിലോ എത്ര ' സാംസ്കാരിക നായകർ ' ഉണ്ട് ? സംകൃതവൽക്കരിക്കപ്പെടാൻ വെമ്പുന്ന നസ്രാണി സംസ്ക്കാരം ' കട്ടക്കയം ക്രൈസ്തവ കാളിദാസൻ പൊട്ടകുളത്തിൽ പുളവൻ ഫണീന്ദ്രൻ ' എന്ന് പണ്ട് ട്രോളിയത് ' സാംസ്കാരിക ' നായകരാണ് .
ഈ വർണ്ണ -വംശ - ജാതി മേൽക്കോയ്‌മ അറിഞ്ഞും അറിയാതെയും ഇന്ത്യയിൽ എല്ലാ രംഗത്തുമുണ്ട് . അതിനുള്ളിലെ സവർണ്ണ മനോഭാവ മേധാവിത്തം പുരുഷ കേന്ദ്രീകൃതമാണ് . ശ്രേണി ബദ്ധ വെർട്ടിക്കൽ ചാതുർ വർണ്ണ്യ വ്യവസ്ഥ മാത്രമല്ല സ്ത്രീകളെ എങ്ങനെ ' നിലക്ക് നിർത്തണമെന്നും ' വരുതിയിൽ നിർത്തണം ' എന്നും മനുസ്മ്രിതി എന്ന അടിസ്ഥാന സാമൂഹിക രീതി ' ധർമ്മ ' ശാസ്ത്രത്തിൽ പറയുന്നുണ്ട് . ' ശുദ്ധിയില്ലാത്ത സ്ത്രീയും ' മ്ലേച്ച ജാതി - മതസ്ഥരും ആചാര വിചാര ' സംസ്കാര ' ദൈവ വ്യസ്ഥക്ക് പുറത്താണ് . അന്നും ഇന്നും . അതിനെ മാറ്റുവാൻ ഇന്ത്യൻ ഭരണഘടനക്കോ , സുപ്രീം കോടതിക്കു പോലും കഴിയുന്നില്ലതാണ് എന്നതാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലു വിളി
ഈ വംശ - വർണ്ണ - ബ്രമ്മണ - സംസ്‌കൃത മേധാവിത്തത്തിന് ബദലുകൾ തെക്കേ ഏഷ്യയിൽ ആദ്യമായി ഉണ്ടായത് ബുദ്ധ - പാലി - പ്രാക്രുത് വിചാര വിപ്ലവത്തിലൂടെയാണ് .അത് വർണ്ണ -വംശ -ലിംഗ വിവേചനകൾക്കതീതമായി മനുഷ്യനെയും പ്രകൃതിയെയും കണ്ണി ചേർക്കുന്ന പുതിയ അവബോധത്തിന്റ ബോധി വൃക്ഷചുവട്ടിലാണ് ഒരു ' പ്രാകൃത ' ( eco- centric and bio centric) ജീവ ബദ്ധ വിചാരധാരയിലൂടെയാണ് ഗൗതമൻ ബുദ്ധനായത് . അങ്ങനെ വിവേചനത്തിന് അപ്പുറമായി മനുഷ്യരെ തുല്യരായികാണുന്ന ആദ്യത്തെ ഇഗാലിറ്റേറിയൻ രീതി ശാസ്ത്ര സാമൂഹിക ദര്ശനമായത് കൊണ്ട് കൂടിയാണ് ബുദ്ധിസം ജനായത്ത ബോധത്തിന്റെയും ജനാധിപത്യ സംഘ സംവിധാനത്തിന്റെയും ചരിത്രത്തിലെ ആദ്യ പരീക്ഷണങ്ങളിൽ പ്രധാനപെട്ട ഒന്നാകുന്നത് . അത് കൊണ്ട് തന്നെയാണ് ' ബോധി' എന്നത് വ്യത്യസ്ത അടയാളപ്പെടുത്തലാണ് . കാരണം ആദ്യ ബദലുകളുടെ അന്വേഷണത്തിന്റ അടയാളപ്പെടുത്തലാണ് അത് . അത്‌ കൊണ്ട് തന്നെയാണ് '
ഇന്ത്യയിൽ തന്നെ ബദലുകളുടെ വ്യത്യസ്ത ധാരകൾ എന്നും ഉണ്ടായിരുന്നു . ബുദ്ധൻ തൊട്ട് കബീറും , ഫുലെയും , നാരായണ ഗുരുവും അയ്യങ്കാളിയും അംബേദ്ക്കറും എല്ലാം വൈവിധ്യമാർന്ന ബദൽ ധാരകളുടെ ബോധി വൃക്ഷങ്ങളാണ് . അങ്ങനെയുള്ള ബദൽ അന്വേഷങ്ങളുടെ തുടർ ധാരകളുടെ ഒഴുക്കിലെ ഒരു ചെറു ഓളമായാണ് ' ബോധിഗ്രാം ' എന്ന തിരിച്ചറിവ് മുപ്പത് കൊല്ലം.മുമ്പ് എന്റെ മനസ്സിൽ കയരി ചിന്തകൾക്കും വ്യവഹാരങ്ങൾക്കും ഉണർവേകിയത്
തുടരും .
അടുത്തത്:
ഇന്ത്യൻ രാഷ്ട്രീയവും ജനായത്തവും എങ്ങനെയാണ് ഇങ്ങനെ ആയത് ?
ജെ എസ് അടൂർ

No comments: