മാപ്പുയി മിങ്ങായ് ദം റോ
" മാപുയി മിങ്ങായ് ദം റോ ' എന്ന്
പു സോറ ഒരു കവിൾ നിറയെ നെല്ല് വാറ്റ് ഉള്ളിലെക്ക് ഇറക്കി നീട്ടി പ്പാടി .
പു സോറ ഒരു കവിൾ നിറയെ നെല്ല് വാറ്റ് ഉള്ളിലെക്ക് ഇറക്കി നീട്ടി പ്പാടി .
അത് മിസോറാമിലെ ഗ്രാമങ്ങളിൽ പാടുന്ന ഒരു നാടൻ പാട്ടാണ് . ഞങൾ താമസിച്ചിരുന്ന കുന്നിറങ്ങി ഒരു തോട്ടിലെ വെള്ളത്തിൽ കയറി ഇറങ്ങി അടുത്ത കുന്ന് കയറി കാട്ടിലെ വഴികളിലൂടെ നടന്നാൽ അവരുടെ ജൂം എന്ന കൃഷിയിടത്തിൽ എത്താം . അവിടെ പണി ചെയ്യാൻ വരുന്ന സുന്ദരി മിസോ പെൺ കുട്ടികളെകാണുമ്പൊൾ , പയ്യൻമാർ മൂളും
" മാപ്പുയി മിങ്ങായ് ദം റോ '
" മാപ്പുയി മിങ്ങായ് ദം റോ '
ചന്തമുള്ള സുന്ദരീ നീയൊന്നു ക്ഷമിക്ക് , നിന്നെകണ്ടാൽ പിന്ന ഉറക്കം പോകും , ചന്തമുള്ള പെണ്ണെ ഞാൻ ഒന്നൂടെ നിന്നെ നോക്കിക്കോട്ടെ , നീ ചൂടാവല്ലേ ' അങ്ങനെ പോകുന്നു പാട്ടിന്റെ വരികൾ .
ഞാൻ പഠിപ്പിക്കുന്ന കോളേജിൽ മാപുയിമാർ കുറെയുണ്ടായിരുന്നു. രാവിലെ അഞ്ചു മണിക്ക് കോളേജ് തുടങ്ങിയാൽ.ഒമ്പത് മണിയോടെ ക്‌ളാസ്സെല്ലാം കഴിയും . പല പെൺ കുട്ടികളും അവരുടെ കുട്ടികളെയും കൊണ്ടാണ് വരവ് . കല്യാണത്തിന് മുന്പ് കാമുകരിൽ ജനിക്കുന്ന കുട്ടികൾ .
അങ്ങനെ ഒരു കുട്ടിയുടെ കുട്ടിയുടെ പേര് ചോദിച്ചപ്പോഴാണ് അൽപ്പം നാണത്തോടെ
'ലാൽ പഫ ' . ദൈവത്തിന്റെ കുഞ്ഞു എന്നർത്ഥം .അങ്ങനെ ദൈവത്തിന്റെ കുറെ കുഞ്ഞുങ്ങൾ മമിതിലെ പാതയോരങ്ങളിൽ ഓടികളിച്ചു.
അങ്ങനെ ഒരു കുട്ടിയുടെ കുട്ടിയുടെ പേര് ചോദിച്ചപ്പോഴാണ് അൽപ്പം നാണത്തോടെ
'ലാൽ പഫ ' . ദൈവത്തിന്റെ കുഞ്ഞു എന്നർത്ഥം .അങ്ങനെ ദൈവത്തിന്റെ കുറെ കുഞ്ഞുങ്ങൾ മമിതിലെ പാതയോരങ്ങളിൽ ഓടികളിച്ചു.
കുന്നിറങ്ങി തോട് കയറി കാട് കയറി ഇറങ്ങുന്നതിന് മുമ്പ് പലതും സംഭവിക്കും എന്ന് അവിടെ ഹിസ്റ്ററി പഠിപ്പിക്കുന്ന പു സൊറായാണ് പറഞ്ഞത് ..വൈകുന്നേരങ്ങളിൽ വഴട്ടിയ പന്നിയിറച്ചിയും, ഡായിനാമീറ്റ് കാന്തരികളുമായി നെല്ല് വാറ്റിയ കുപ്പിയുമായി പൂ സൊറയെത്തും . ഏതാണ്ട് ആറടി . മെലിഞ്ഞു വെളുത്ത പ്രകൃതം .കണ്ണുകൾ മദ്യ ലഹരിയിൽ ചുവന്നു കിടക്കും . മിക്കപ്പോഴും ജീൻസും അദ്ദേഹത്തിന് ഇഷ്ടമുള്ള മഞ്ഞ ടീ ഷർട്ടുമാണ് വേഷം ..കല്യാണം കഴിക്കാതെ ജീവിക്കാൻ തീരുമാനിച്ചവൻ
മാമിത് ഗ്രാമത്തിലെ ഏറ്റവും സമ്പന്നമായ വീട്ടിൽ നിന്നാണ് ..അച്ഛൻ ഗോത്ര മൂപ്പനായിരുന്നു . ഒരു ചേട്ടൻ സ്ഥലം എം എൽ ആ ..മറ്റെയാൾ ഐ എ എസ് . വേറൊരാൾ അവിടുത്തെ പ്രെസ്‌ബേറ്ററിയാൻ ചർച്ചിലെ സീനിയർ പാസ്‌റ്റർ . കുന്നുംപുറത്തുള്ള നാട്ടിൽ അകെ ഒരു മാരുതികാറും പിന്നെ ഒരു ജിപ്സിയും ഉള്ളത് അവരുടെ വീട്ടിൽ .
പു സൊറ പഠിച്ചത് ഷില്ലോങ്ങിലും പിന്നെ ഡൽഹിയിലുമാണ് .നല്ല വായനയും വിവരവുമുള്ളയാൾ . അവിടുത്തെ പ്രധാന ബുദ്ധി ജീവിയായിരുനു പു സൊറ .
പു സൊറ പഠിച്ചത് ഷില്ലോങ്ങിലും പിന്നെ ഡൽഹിയിലുമാണ് .നല്ല വായനയും വിവരവുമുള്ളയാൾ . അവിടുത്തെ പ്രധാന ബുദ്ധി ജീവിയായിരുനു പു സൊറ .
ഞാനും മണിപ്പുരിൽ നിന്നുള്ള പു സിങ്ങും താമസിച്ചത് തടി കൊണ്ട് നിർമിച്ച തൂണിൽ നിർത്തി കുന്നിൻ ചരുവിൽ ഉള്ള രണ്ടു നിലയുള്ള വീട്ടിൽ . അതും പു സോറയുടെ വീട്ടുകാരുടെതായിരുന്നു. താഴെയും മുകളിലുമായി ഓരോ മുറി .മുകളിൽ ഒരു ചെറിയ അടുക്കള . മുകളിലെ റൂം റോഡരികിലും താഴത്തെത് കുന്നിൻ ചരുവിലെ ഇടവഴിയിലോട്ട് ഇറങ്ങുന്നത് . രണ്ടു മുറിയും വേറെയാണ് .അതുകൊണ്ട് തന്നെ അത്യാവശ്യം പ്രൈവസിയുണ്ട് . താഴത്തെ മുറിയുടെ ജനൽ തുറന്നിട്ടാൽ ലാവണ്യമുള്ള കാറ്റും മനസ്സ് നിറക്കുന്ന പച്ചകുന്നുകളും അതിരാവിലെ നാലു മണിക്കെത്തുന്ന സൂര്യൻ തഴുകിയും പിന്നെ കിളികൾ ഉണർത്തു പാട്ട് പാടി വിളിച്ചു എഴുനേൽപ്പിക്കാനുമുള്ള ഒരു മുറി ..അവിടെ ബിഥോവോന്റെ സിംഫണികൾ കേട്ട് , ഇടക്കിടെ മലയാളം പാട്ടുകൾ കേട്ട് സാധു കൊച്ചു കുഞ്ഞുപദേശിയുടെ പാട്ടുകൾ ഇടക്കിടെ മൂളി ഒറ്റക്ക് പുസ്തങ്ങളുടെ ഇടയിൽ കഴിഞ്ഞു . ഗവേഷണ പുസ്തകങ്ങൾ നോവലുകൾ ചരിത്രം..രാവിലെ എട്ടു മണി കഴിഞ്ഞാൽ പാട്ട് കേൾക്കും വായിക്കും വൈകിട്ട് നടക്കാൻ പോകും .
ആറു മണിക്ക് പന്നിയിറച്ചിയോ ബീഫോ ഒക്കെയായി പു സൊറ എത്തും . ഇക്‌ണോമിക്‌സ് പഠിപ്പിക്കുന്ന പൂ സിങ്ങാണ് പ്രിൻസിപ്പൽ . അയാൾ താമസിക്കുന്നത് എന്റെ മുറിയുടെ മുകളിൽ . ഏതാണ്ട് നാല്പത് വയസ് . നെഹുവിൽ നിന്ന് ഇക്കോണോമിക്സിൽ പി എഛ് ഡി ..പക്ഷെ ആശാൻ പഠിപ്പിക്കുന്ന ഭാഗം ടെക്സ്റ്റ് ബുക്ക് നോക്കുന്നതല്ലാതെ ഒരു പുസ്തകം തുറന്നു നോക്കില്ല . പക്ഷെ ക്‌ളാസ് കഴിഞ്ഞാൽ ആശാൻ മാ പുയി മാരുടെ കൂടെ കുന്നുകയറി കൃഷി സ്ഥലത്തു പോകും. കാട്ടിൽ പോയി കാട്ടൂ കോഴിയെ പിടിച്ചു കറിവച്ചു നെല്ല് വാറ്റുമടിച്ചു ഉറങ്ങിഎണീറ്റ് അഞ്ചു മണിക്ക് വീട് പറ്റും . പു സിങ് കാമുകിമാരെ കാണുവാനാണ് പോകുന്നത് എന്ന് കേൾവി ഉണ്ടായിരുന്നു .വളരെ ഗോപ്യമായി മാന്യനായ സിങ്ങിന് മൂന്ന് കാമുകിമാരുണ്ടെന്ന് പു സൊറ പറഞ്ഞു .
ചെറുപ്പകാലത്തു പു സൊറ അവിടുത്തെ സുന്ദരിമാരുടെ ആരാധന പാത്രമായിരുന്നു . അവിടെ ചിലരുമായി വളരെ അടുപ്പവുമായിരുന്നു .ഡൽഹിയിൽ പോയി ഒരു പഞ്ചാബി പെണ്ണിനോട് സ്നേഹം കൂടി ഒരു കൊല്ലം കൂടെ താമസിച്ചിട്ട് അവനെ കളഞ്ഞു വീട്ടുകാർ പറഞ്ഞ പഞ്ചാബിയെകെട്ടി അവർ അവിടെ യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നു .അതോടെ പ് സൊറ പ്രേമ ജ്വരങ്ങളിൽ നിന്ന് വോളിൻറെറി റിട്ടേയർമെൻറ് എടുത്തു .
ഗവേഷണം മുഴുമിക്കാതെ തിരിച്ചു വന്ന അയാൾക്ക് കുടുംബ ബലം കൊണ്ട് നെഹ്റു ഐസ്വാൾ കാമ്പസ്സിൽ ജോലി കിട്ടി .അവിടെ ഇഗ്ളീഷ് - ലിങ്ങുസ്റ്റിക്സ് അധ്യാപകനായി ഞാനും ചേർന്നു .അങ്ങനെയാണ് പു സൊറയുമായി കൂട്ടുകൂടിയത് .
അങ്ങനെയിരിക്കുമ്പോഴാണ് അയാളുടെ ഐ എ എസ് ചേട്ടനും എം എൽ ഏ ചേട്ടനും പാസ്റ്റർ ചേട്ടനും ഒത്തു പിടിച്ചു നെഹുവിന്റ ഒരു കോൺസ്റ്റിറ്റുവന്റ് കോളേജ് സർക്കാർ ചിലവിൽ മമിതിൽ തുടങ്ങി . ഐസ്വാളിൽ നിന്ന് ആറു മണിക്കൂർ ടാറില്ലാത്ത റോഡിൽ കൂടെ യാത്ര ചെയ്യണം .
പു സൊറ കാരണമാണ് ഞാൻ പുതിയ കോളേജിൽ ചേർന്നത് . കാരണം എന്റെ ഗവേഷണത്തിന്റ ഭാഗമായ ഏത്നോഗ്രാഫിക്ക് പറ്റിയ സ്ഥലം . എനിക്ക് വേണ്ടി എല്ലാം ചെയ്ത് തന്നത് പു സൊറായാണ് .
വൈകുന്നേരങ്ങളിലെ ഞങ്ങളുടെ ഡിന്നർ ഡിസ്കഷൻ പാതി രാത്രി വരെപോകും . പോകാൻ നേരത്തു ഒന്ന് മുറുക്കികൊണ്ടാണ് ആശാൻ അഞ്ചു മിനിറ്റ് അപ്പുറം ഉള്ള വീട്ടിൽ പോകുന്നത് . അന്ന് അയാൾക്ക് നാല്പത്തഞ്ചു വയസ്സുണ്ട് . എല്ലാ പ്രവിശ്യവും പു സൊറയോട് പറയും ഇങ്ങനെ കുടിക്കരുതെന്നു .അപ്പോൾ ചിരിച്ചു കൊണ്ട് ഒരു കവിൾ എടുത്തിട്ട് പറയും " യു ആർ വേഴ്സ് ദാൻ മൈ പാസ്റ്റർ ബ്രദർ "
പു സിങ് വളരെ കുറച്ചു കുടിച്ചു .ഞാനും പു സൊറയും തമ്മിലുള്ള ചർച്ച കേട്ടിട്ടു പറയും .." ഐ ഡോണ്ട് മൈൻഡ് കൂകിങ് ഫോർ യു ഗയ്‌സ് . ബികോസ് ഐ ഡോണ്ട് നീഡ് റ്റു റീഡ് ബുക്സ് , and ഒൺലി നീഡ് റ്റു ലിസൺ റ്റു ബോത്ത് ഓഫ് യു "
അങ്ങനെ ഇരിക്കെ വെക്കേഷൻ വന്നു ..എല്ലാവരോടും യാത്ര പറഞ്ഞു എന്നെ മാരുതി ജിപസിയിൽ രണ്ടു കിലോമീറ്റർ അകലെയുള്ള ബസ് സ്റ്റാൻഡിൽ ഇറക്കി കെട്ടിപിടിച്ചു പാഞ്ഞു " പു ജൊൻ കൺവെ മൈ ഗ്രീറ്റിംഗ്‌സ് റ്റു യുവർ ഫ്രൺഡ് ബീന '
രണ്ടു മാസം അവധി കഴിഞ്ഞു ഞാൻ ഒരു ശനിയാഴ്ച്ച വീണ്ടും മമിതിൽ വണ്ടിയിറങ്ങി ..മുറിയിൽ വന്നപ്പോൾ എട്ടു മണി .ക്ഷീണം കൊണ്ട് അപ്പഴേ ഉറങ്ങി .രാവിലെ എഴുനേറ്റ് വെളിയിലുള്ള പൈപ്പിൽ നിന്ന് പല്ലു തേക്കാനായി കതക് തുറന്നപ്പോൾ ഞാൻ ഞെടി . എന്റെ മുറിയുടെ ഭിത്തിയിൽ ഒരു ശവപ്പെട്ടി ചാരി വച്ചിരിക്കുന്നു. ശവപെട്ടി കണി കണ്ടുണർന്നാൽ വല്ലാത്ത അസ്വസ്ഥത മനസ്സിൽ കേറിപറ്റും.
ആശങ്കയോടെ, ഞാൻ റോഡിൽ കയറി കാര്യം തിരക്കി
"പു സൊറ മരിച്ചു പോയി . ഇന്നലെ ഐസ്വാളിൽ വച്ച് " എന്റെ ചെവിയിൽ ആയിരം തേനീച്ചകൾ ഇരമ്പുന്നത് പോലെ തോന്നി . തിരികെ മുറിയിൽ വന്ന് കുറെ നേരം വെറുതെ ഇരുന്നു . ഓർമ്മകൾ ഒരു സ്‌ക്രീനിൽ എന്നപോലെ മാറി മാറി വന്നു .
കണ്ണ് നിറഞ്ഞു .വിങ്ങൽ തൊണ്ടയിലുടക്കി .വല്ലാത്ത ഒരു നിശബ്ദത എന്നെ പൊതിഞ്ഞു .
ഒരു പേപ്പർ എടുത്തു രാജി കത്ത് സിംഗിനെ ഏൽപ്പിക്കുവാൻ അടുത്ത വീട്ടിൽ കൊടുത്തും .ജനൽ തുറന്നിട്ട് നിശ്ശ്ബ്ദമായി ആ മലകളുടെ പച്ചപ്പിനെ മനസ്സിൽ അവസാനമായി ആവാഹിച്ചു .
പിന്നെ പതിനൊന്ന് മണിക്കുള്ള വണ്ടിക്കായി മരങ്ങളുടെ തണലിലൂടെ ഞാൻ ഒറ്റക്ക് ഒരു ബാഗും തോളിലിട്ട് നടന്നു . ബസ്സ് നീങ്ങി പത്തു കിലോമീറ്റർ കഴിഞ്ഞപ്പോൾ , ഒരു ആംബുലൻസിന് സൈഡ് കൊടുത്തും .
കാറ്റ് മുഖത്തടിച്ചു .
അപ്പോൾ വീണ്ടും പു സോറയെ ഓർത്തു
കാറ്റ് മുഖത്തടിച്ചു .
അപ്പോൾ വീണ്ടും പു സോറയെ ഓർത്തു
'മാ പുയി മിങ്ങായ് ദം റോ ' ആ വരികൾ മന സ്സിൽ ഉടക്കി തൊണ്ടയിൽ തട്ടി നിന്നു . കണ്ണ് നിറഞ്ഞു താടിയിൽകൂടി ഒഴുകി .കണ്ണുനീരിന്റെ ഉപ്പ് ചുണ്ടിലറിഞ്ഞു . വണ്ടി നീങ്ങികൊണ്ടിരുന്നു ഒരു കാഴ്ചയും കണ്ടില്ല . വീണ്ടും ആ വരികൾ ചുണ്ടിൽ ഒരു നിശബ്ദ തേങ്ങലായി ഉടക്കി നിന്നു
'മാപുയി മിങ്ങായ് ദം റോ "
'മാപുയി മിങ്ങായ് ദം റോ "
ജെ എസ് അടൂർ
No comments:
Post a Comment