Sunday, May 5, 2019

തിരെഞ്ഞെടുപ്പ് പലപ്പോഴും തമ്മിൽ ഭേദം തൊമ്മൻ എന്ന നിലക്കാണ്.

ഇവിടെ പലരും അവരവരുടെ ഇഷ്ടനിഷ്ടങ്ങൾക്ക് അനുസരിച്ചു ഏതൊക്കെ സ്ഥാനാർത്ഥികൾ ജയിക്കണം തോൽക്കണം എന്നൊക്കെയിട്ടു. അങ്ങനെയൊരു സാഹസത്തിന് ഞാൻ മുതിരില്ല. അവരവർ അവരുടെ ബോധ്യങ്ങൾ അനുസരിച്ചു വോട്ട് രേഖപെടുത്തും. വോട്ട് കൂടുതൽ കിട്ടുന്നവർ ജയിക്കും കേരളത്തിലെ ബഹു ഭൂരിഭാഗം വോട്ടർമാരും ഏതെക്കെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യും എന്ന് ഇതിനകം തീരുമാനിച്ചു കാണും. എത്ര ബഹളവും വാശിയുമൊന്നും കാണിച്ചത് കൊണ്ട് ആരും വോട്ടു മാറി ചെയ്യുകയില്ല. പിന്നെ സോഷ്യൽ മീഡിയിലെ കടുത്ത പാർട്ടി തീവ്ര വാദികൾ എല്ലാം ഏറിയാൽ രണ്ടായിരം. അതിൽ തന്നെ പലർക്കും വോട്ട് ചെയ്യാനാകില്ല.
സത്യത്തിൽ തിരെഞ്ഞെടുപ്പ് പലപ്പോഴും തമ്മിൽ ഭേദം തൊമ്മൻ എന്ന നിലക്കാണ്. സർവ്വ സമ്പൂർണ്ണരായ സ്ഥാനാർത്തികളെയൊ പാർട്ടികളെയോ കാണുവാൻ പ്രയാസം. പാർട്ടി ലോയൽറ്റി ജ്വരം ബാധിച്ച ഒന്നോ രണ്ടോ ശതമാനം ജനങ്ങൾ ഒഴിച്ചുള്ളവർക്ക് എല്ലാ തിരഞ്ഞെടുപ്പും അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പല ഘടകങ്ങളെ ആശ്രയിച്ചുള്ള താരതമ്യ നിർണ്ണയം മാത്രമാണ്. അവർ സാഹചര്യം മാറുന്നത് അനുസരിച്ചാണ് പലപ്പോഴും വോട്ട് ചെയ്യുന്നത്.
അത് കൊണ്ട് ജനാധിപത്യമായൊരു തിരഞ്ഞെടുടുപ്പിൽ ഒരാൾ ജയിച്ചാൽ കൂടുതൽ സന്തോഷമോ വേറൊരാൾ തോറ്റാൽ അതീവ ദുഖമോ തോന്നാറില്ല. വർഗീയ വിഷം ചീറ്റി ബഹുസ്വരതയെ ഇല്ലാതാക്കി വിവേചനം ചിന്തയിലും വാക്കിലും പ്രവർത്തിയിലും നിറച്ചവർ അധികാരത്തിൽ വരരുത് എന്ന ഒരൊറ്റ ആഗ്രഹമേയുള്ളൂ.

No comments: