തെരഞ്ഞെടുപ്പുകളിൽ, നിലവിലുള്ളതിൽ ഭേദമായത് എന്നതിൽ കവിഞ്ഞ്, ആത്യന്തികമായി നല്ലത്, എന്നൊന്നില്ല. ഓരോ രാഷ്ട്രീയ ചരിത്ര പ്രതിസന്ധികളിൽ തമ്മിൽ ഭേദമായ അഥവാ താരതമ്യേന അപകടം കുറഞ്ഞ പാർട്ടികളേയോ മുന്നണികളേയോ ആണ് തെരഞ്ഞെടുക്കണ്ടത്.
അടുത്ത തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ഉള്ള രണ്ടു മുന്നണികളും സംസ്ഥാന തലത്തിൽ പല ചേരുവ മുന്നണികളുമാണ്. പ്രധാന ദേശീയ പാർട്ടികൾ ഏകദേശം 31% വോട്ട് ഷെയർ ഉള്ള ബി ജെ പ് യും ഏകദേശം 20% വോട്ട് ഷെയർ ഉള്ള കോൺഗ്രസ്സുമാണ്. ബി ജെ പി ക്കു ഭരണത്തിൽ ഉള്ളതിന്റെ പ്രയോജനവും ഇന്ത്യയിലെ വമ്പൻ കോർപ്പറേറ്റ് കുടുംബങ്ങളുടെ പിന്തുണയും വേണ്ടതിലധികം പണവും ശിങ്കിടി കോർപ്പറേറ്റ് മാധ്യമപ്പടയും. വിവിധ പാർട്ടികളുമായി തിരഞ്ഞെടുപ്പിന് ശേഷം ഡീൽ ഉറപ്പിക്കുവാൻ ഉള്ള രാഷ്ട്രീയ കോർപ്പറേറ്റ് ദല്ലാളുമാരുമുണ്ട്. ആർ എസ് എസ കേഡറിന്റെ രാഷ്ട്രീയ പിൻ ബലമുണ്ട്. പക്ഷെ പറഞ്ഞത് ഒന്നും ചെയ്യാതെ വാചക കസർത്തും ഗിമ്മിക്കുകളും കൊണ്ട് പിടിച്ചു നിൽക്കുന്ന മോഡിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത കുറവാണ്. കോൺഗ്രസിന് മൂന്ന് പ്രധാന സംസ്ഥാനങ്ങൾ ജയിച്ചതിൻറെ ആവേശവും വളരെ ഊർജസ്വലമായി നേതൃത്വം കൊടുക്കുന്ന രാഹുൽ ഗാന്ധിയുടെ ദേശീയ സാന്നിധ്യവും പോസിറ്റീവ് പ്രതിഛായയും വ്യത്യസ്തമായ ഒരു ജനപക്ഷ മാനിഫെസ്റ്റോയുമുണ്ട്. പക്ഷെ പഴയ ഭരണ ബാഗേജുകളും എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഗ്രൂപ് വഴക്കുകളും നെഗറ്റിവ് മീഡിയയുമെല്ലാം വെല്ലുവിളികളുമാണ്.
.രണ്ടു മുന്നണികൾക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയിൽ സംസ്ഥാന തല പാർട്ടികളുടെ, തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള നിലപാട് നിർണായകമാകും. അത് കൊണ്ട് തന്നെ ആര് സർക്കാർ ഉണ്ടാക്കുമെന്ന് പ്രവചിക്കാൻ സാധ്യമല്ല. എന്തായാലും മുപ്പത് സീറ്റിന്റെ വ്യത്യാസമായിരിക്കും ആര് സർക്കാർ ഉണ്ടാക്കുമെന്ന് നിർണ്ണയിക്കുന്നത്.
ഈ തെരഞ്ഞെടുപ്പ് രണ്ടു തലത്തിലാണ് നടക്കുന്നത് . ദേശീയ തലത്തിലും സംസ്ഥാന -പ്രാദേശിക തലത്തിലും .ദേശീയ തലത്തിൽ, ഇത്, ഇപ്പോൾ ഭരണത്തിലുള്ള എൻ ഡി എ യും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു പി എ യു മാണ്. ഇതിന്റെ രണ്ടിന്റെയും പ്രധാന ക്യാംപെയ്ൻ നേതാക്കളായ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും മുന്നോട്ട് വയ്ക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ചുള്ള വ്യത്യസ്ത ദർശനങ്ങളാണ്. മോഡി പ്രതിനിധാനം ചെയുന്നത് ഭൂരിപക്ഷ ഹിന്ദുത്വ വർഗീയ സവർണാധിപത്യ ദേശീയതയും മോഡി കേന്ദ്രീകൃത ഭരണവുമാണ്. രാഹുൽ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യൻ ഭരണഘടനയിലുറച്ച മതേതര ജനകീയ സ്ത്രീ പക്ഷ ജനാധിപത്യ പ്രക്രിയയും ഇൻക്ലൂസിവ് ജനായത്ത ഭരണവുമാണ്. ഇതിൽ ഏത് ജനങ്ങൾ തെരഞ്ഞെടുക്കുന്നു എന്നത് ഇന്ത്യയുടെ ഭാവിക്ക് നിർണ്ണായകമാകും.
എന്നാൽ ഈ ദേശീയ തലത്തിനു അപ്പുറം വിവിധ സംസ്ഥാന പാർട്ടികളുടെ പക്ഷമാണ് ഏതാണ്ട് അമ്പത് ശതമാനം സീറ്റുകൾ. അത് കൊണ്ട് തന്നെ പല സംസ്ഥാന-പ്രദേശിക തലങ്ങളിലെ രാഷ്ട്രീയ വ്യവഹാരം ദേശീയ തലത്തിൽ നിന്ന് വ്യത്യസ്തമാണ് .അവിടുത്തെ മുന്നണി ചേരുവകളും പ്രധാന വിഷയങ്ങളും അതാത് സംസ്ഥാനത്തെ രാഷ്ട്രീയ - സാമൂഹിക ചരിത്ര അവസ്ഥകൾക്കനുസരിച്ചാണ് .. അതു കൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് ഒരേസമയസം രണ്ടു തലത്തിലുള്ള രാഷ്ട്രീയ വ്യവഹാരങ്ങളാണ് .. ദേശീയ വിഷയങ്ങളും പ്രാദേശിക വിഷയങ്ങളും ഒരു പോലെ ഇതിൽ നിർണായകമാകും.
സർക്കാർ ആരുടേയായാലും ശക്തമായ ഒരു പ്രതിപക്ഷമുണ്ടാവാൻ സാധ്യത കൂടുതലാണ്. ഇന്ത്യൻ ഭരണ ഘടനയുടെയും ജനാധിപത്യത്തിന്റെയും ഭാവി കാത്തു സൂക്ഷിക്കുവാനും ഇന്ത്യയിലെ ന്യൂന പക്ഷ ദളിത് ആദിവാസി വിഭാഗങ്ങൾക്കും സ്ത്രീകൾക്കും, പാവപ്പെട്ടവർക്കും സുരക്ഷയും തുല്യനീതിയും ഉറപ്പാക്കുവാനും പ്രതിജ്ഞാബദ്ധമായ ഒരു സർക്കാർ രാഷ്ട്രീയ – ചരിത്ര അനിവാര്യതയാണ്.
ജെ എസ് അടൂർ
No comments:
Post a Comment