Tuesday, May 21, 2019

അമ്മ ആദ്യമായി അടിച്ചത് കള്ളം പറഞ്ഞതിനാണ്

.
അമ്മ ആദ്യമായി അടിച്ചത് കള്ളം പറഞ്ഞതിനാണ് .പൂവരിശും കമ്പ് വച്ചാണ് അടിച്ചത് എന്ന് നല്ല ഓർമ്മയുണ്ട് . ആദ്യ ബാലപാഠം കള്ളം പറയരുത് .കള്ളം ചെയ്യരുത് . കൈക്കൂലി വാങ്ങരുത് എന്നാണ് . എന്റെ മക്കളോട് അവരുടെ അമ്മയും വളരെ ഗൗരവമായി പറഞ്ഞു കൊടുത്തത് അതാണ് .അത് അവരുടെ അമ്മ നൂറ് പ്രാവശ്യം ആവർത്തിക്കും .
ഒരിക്കൽ ഞാൻ ഒരു ചെറിയ കള്ളം ചെയ്തു .പണ്ട് യൂ ജി സി / ജെ ആർ എഫ് പരീക്ഷക്ക് ടി എ ഉണ്ടായിരുന്നു . ഞാൻ രണ്ടു ദിവസം മുമ്പ് കേരളത്തിൽ ,നിന്ന് പൂനക്ക് വന്ന ട്രെയിൻ ടിക്കെറ്റ് റ്റി എ ക്കു കൊടുത്തു ഏതാണ്ട് 700 രൂപ ടി എ സംഘടിപ്പിച്ചു . യഥാർത്ഥത്തിൽ ഹോസ്റ്റലിൽ താമസിക്കുന്ന ഞാൻ അതിന് അർഹനല്ല ..അന്ന് എന്റെ കൂടെ എഴുതാൻ വന്ന അന്നത്തെ സന്തത കൂട്ടുകാരിയും ഇന്നത്തെ ജീവിത പങ്കാളി ബീന പറഞ്ഞു അത് വലിയ തെറ്റാണ് . ഞാൻ പറഞ്ഞു അത് ചെറിയ തുകയല്ലെ . അവർ പറഞ്ഞു ചെറിയ കള്ളവും വലിയ കള്ളവും എല്ലാം കള്ളമാണ് . അത് തെറ്റ് തന്നെയാണ് എന്ന് പറഞ്ഞു എന്നെ കുറ്റപെടുത്തികൊണ്ടിരുന്നു . അങ്ങനെ ഒരിറക്കത്തിൽ ബൈക്ക് തെന്നി ആദ്യമായി ബൈക്കിൽ നിന്ന് വീണു . പതിയ ആയതിനാൽ രണ്ടു പേർക്കും അധികം ചതവുകൾ പറ്റിയില്ല ..ആശുപത്രിയിൽ പോയി മരുന്ന് വച്ച് കെട്ടാൻ ആ കാശിന്റെ പകുതി പോയി . ബാക്കി അവിടെ കോളേജിന് അടുത്തു എന്നും ഇരിക്കുന്ന ഒരാൾക്ക് കൊടുത്തു . എന്റെ കൂട്ടുകാരി പറഞ്ഞു . കണ്ടല്ലോ ഫലം . നെവർ എവർ ഡു ഇറ്റ് എഗൈൻ .ദാറ്റ് ഈസ് ഏ കണ്ടീഷൻ !! പിന്നെ ജീവിതത്തിൽ ഇത് വരെ അർഹിക്കാത്ത ഒരു നയാ പൈസ എടുത്തിട്ടില്ല .
ചുരുക്കത്തിൽ മിക്ക മൂല്യങ്ങളും വീട്ടിൽ പഠിക്കുന്നവയാണ് . വീട്ടിൽ ചോദിക്കാനും പറയാനും വിമർശിക്കുവാനും കളിയാക്കാനും ശാസിക്കാനും ആളുണ്ടായാൽ ആളുകളിൽ കുറെ മാറ്റം വരും .
ചോറും ചൊല്ലും കൊടുത്തു വളർത്തണം എന്നാണ് പ്രമാണം എന്ന് എന്റെ വല്യമ്മച്ചി പറയുമായിരുന്നു . പിന്നെ വല്യമ്മച്ചി പറയ്യുന്ന സ്ഥിരം പല്ലവി . ദൈവത്തെ പേടിയും മനുഷ്യനെ ശങ്കയ്യും വേണമെന്നാണ് . അന്ന് അത് കേൾക്കുന്നത് കലിപ്പായിരുന്നു . പക്ഷെ നാലു വയസ്സ് മുതൽ കേട്ടത് ഒക്കെ മനസ്സിൽ നിന്ന് പെട്ടെന്ന് മാഞ്ഞു പോകില്ല .
ജെ എസ് അടൂർ

No comments: