Sunday, May 5, 2019

ശാന്തി വനത്തോടൊപ്പം: ജൈവ വൈവധ്യത്തിനായ് നാടിന്റെ നന്മക്കായി




എന്റെ കുട്ടിക്കാലത്തെ ഏറ്റവും പച്ചപ്പായ ഓർമ്മ സ്‌കൂളിന്റെ പുറകിലെ നെടുമ്പ്രത്തു കാവിലെ വൃക്ഷങ്ങളുടെ ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് കയറി ഒരു പുതിയ ഭൂമിയും ആകാശവും കണ്ടെത്തുവാൻ തുടങ്ങിയകാലമാണ്. കാവിലെ കുളവും കുളത്തിലെ ആമ്പൽ പൂക്കളും പരൽ മീനുകളും ആമകളും, അതും കഴിഞ്ഞു ഒരു മരത്തിന്റെ ചുവട്ടിലെ ഭഗവതി പ്രതിഷ്‌ഠയും അതിനും പുറകിൽ ഉള്ള വള്ളിക്കാടുകളും ചൂരൽ ചെടികളും എല്ലാം എന്റെ മനസ്സിനെ ഭൂമിയിലെ കാറ്റും കരുണയും തണലുകളും കൊണ്ട് നിറച്ചു. മരങ്ങളും മഴയും കുളവും കുളകോഴികളും ഞാവൽ പഴങ്ങളും, പൂവരിശും വയണയും വട്ടയും കാഞ്ഞിരവും പാലാപ്പൂ മണവും കാട്ടു ചെമ്പകപൂക്കളുടെ ലഹരി ഗന്ധവും, മാതള മരവും, ആഞ്ഞിലിയും അതിലെ മഞ്ഞപഴത്തിന്റെ മധുരവും എല്ലാം ഓർമ്മകളിൽ കുടിയേറി എന്നെ ഭൂമിയുടെ ഉപ്പാക്കി മാറ്റി. കാവിൽ പെടുക്കാൻ പാടില്ലന്നറിഞ്ഞപ്പോൾ പ്രകൃതിയിലെ ദൈവീകതയെ പതിയെ കണ്ടെത്തി തുടങ്ങി.
ഒരു പക്ഷെ ആ കുട്ടിക്കാലത്തെ കാവ് ഓർമ്മകളാണ് പിന്നീട് സയലന്റ് വാലി ക്യാമ്പയ്‌നിലേക്കും അത് കഴിഞ്ഞു പഠിച്ച ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിന് അടുത്തുള്ള മുട്ടകുന്നുകളിൽ മരം നടന്നതിന്റെ ഭാഗമായതും പതിയെ ആക്ടിവിസത്തിലേക്ക് തെന്നിമാറിയതും. അത് തന്നെ ജീവിതമായതും. ഞാൻ പ്രകൃതിയിൽ കൂടെയാണ് മനുഷ്യനെയും പിന്നെ മനുഷ്യ അവകാശങ്ങളെയും കണ്ടെത്തിയത്. ' കാട് എവിടെ മക്കളെ, മേടെവിടെ മക്കളെ, കാട്ടു പൂഞ്ചോലയുടെ കുളിരിവിടെ മക്കളെ? ' ഒക്കെ പാടി നടന്നും കടമ്പനിട്ടയുടെ ശാന്തയും കുറത്തിയും നാട്‌ നീളെ ചൊല്ലി നടന്ന ഒരു തലമുറയിലൂടെയാണ് രാഷ്ട്രീയം മനസ്സിലേറ്റിയത്. എന്റെ നാട്ടു കാരനായ കെ ജി എസിന്റെ കൊച്ചിയിലെ വൃക്ഷങ്ങളും എന്റെ നാടായ കടമ്പനാട്ട് കടമ്പില്ല എന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹത്തിന്റ മനുഷ്യ അവകാശ നിലപാടുകളോട് ചേർന്ന് നടന്നത്.
പിന്നെ അപ്പർ അസമിലും കാവുകൾ കണ്ടപ്പോഴാണ് സേക്രഡ് ഗ്രോവിനെകുറിച്ച് വായിക്കുവാനും പഠിക്കുവാനും തുടങ്ങിയത്. അങ്ങനെയാണ് ഭൂമിയിലെ കോടാനുകോടി വരുന്ന വൈവിധ്യ പച്ചപ്പുകളുടെ മനോഹര ദൈവീകതയെ പരി രക്ഷിക്കുവാനുള്ള ഒരു സാമൂഹിക സാംസ്ക്കാരിക പാരിസ്ഥിതിക ഇടപെടലാണ് കാവുകൾ അഥവാ സേക്രഡ് ഗ്രോവുകൾ എന്ന് മനസ്സിലായത്. അത് ജൈവ വൈവിധ്യങ്ങളുടെ നേർകാഴ്ചകളാണ്.. അത് ഇന്ത്യയിൽ പലയിടത്തും പിന്നെ തെക്കു കിഴക്ക് തായ്‌ലണ്ടിലും കമ്പോഡിയയിലും ലാവോസിലും വിയറ്റ്നാമിലും ഇന്തോനേഷ്യയിലും ബാലിയിലും ബോർണിയോയിലും മലേഷ്യയിലും പിന്നീട് ജപ്പാനിലും ചൈനയിലും കൊറിയയിലും ആഫ്രിക്കയിൽ പലയിടത്തും കണ്ടിട്ടുണ്ട്.
അങ്ങനെ ചെറുപ്പത്തിൽ കണ്ട ജൈവവൈവിധ്യങ്ങൾ കേരളത്തിൽ നിന്ന് അന്യം നിന്നു. അതിന്റെ സ്ഥാനത്തു മോണോ കൾച്ചർ റബർ ബോഡിലൂടെ റബ്ബർ മര കൈയേറ്റങ്ങളിലൂടെ കെട്ടിട, റോഡ്, വൈദ്യുത വികസനത്തിലൂടെ ഉപഭോഗ സംസ്കാരത്തിന്റെ മലിന്യകൂമ്പാരങ്ങളിലൂടെ വലിച്ചെറിയപ്പെട്ട ദശലക്ഷം പ്ലാസ്റ്റിക് കുപ്പികളിലൂടെ നമ്മുടെ മനസ്സിനെയും മണ്ണിനെയും മലകളെയും താഴ്വരങ്ങളേയും കായലിനെയും ആറിനെയും കടലിനെയും കാറ്റിനെയും നാടിനെയും മാലിന്യ പൂരിതമാക്കി.
അങ്ങനെ ഒരു മലീനസമായ മനസ്സാണ് ജൈവ വൈവിധ്യത്തിൻറെ ശേഷിച്ച തുരുത്തുകളെ റിയൽ എസ്റ്റേറ്റിന് വേണ്ടിയും 11 കെ വി ലൈനിനു വേണ്ടിയും 'വികസനത്തിന് ' വേണ്ടിയും നശിപ്പിച്ചു നാം ഇരിക്കുന്ന കൊമ്പ് മുറിച്ചു ഈ ഭൂമിയുടെ മനോഹരമായാ പച്ചപ്പിന്റെ വൈവിധ്യങ്ങളെ കൊന്നു കൊലവിളിക്കുന്നത്.
എന്റെ സുഹൃത്ത് Rajanirnayak Ashok Karthaയാണ് പറവൂരിന് അടുത്തുള്ള ശാന്തി വനത്തിന് നേരെയുള്ള സർക്കാർ വൈദ്യതി ബോർഡ് അതിക്രമങ്ങളെക്കുറിച്ച് പ്രതീകരിക്കണം എന്ന് പറഞ്ഞത്. അതിനെകുറിച്ച് അന്ന് തന്നെ Harish Vasudevan Sreedevi ചോദിച്ചറിഞ്ഞു. അവിടെ പോകണമെന്നും ഈ അനീതിക്ക് എതിരെയുള്ള ക്യാംപെയ്‌നിൽ പങ്കു ചേരണം എന്ന് കരുതിയെങ്കിലും അമിതമായ ജോലി തിരക്കിൽ അതിന് സാധിച്ചില്ല എന്നതിൽ ദുഖമുണ്ട് .
ഇപ്പോൾ സുഹൃത് KJ Jacob എഴുതിയ ആർട്ടിക്കിൾ വായിച്ചപ്പോഴാണ് കൂടുതൽ വ്യക്തത വന്നത്. ഇത് പോലെയുള്ള പച്ചപ്പിന്റെ വൈവിധ്യങ്ങളെ നശിപ്പിച്ചു നദി കൈയ്യേറി തോടുകൾ നികത്തി , കണ്ടങ്ങളിൽ അംബര ചുംബികൾ പണിത് മലകൾ പൊട്ടിച്ചു പ്രകൃതിയെ അനുദിനം കൊന്ന് മഴപെയ്തു വെള്ളം കയറിയാൽ വിളിച്ചു കൂവി നിലവിളിക്കുന്ന മലയാളി മനസ്സും സർക്കാരുമൊക്കെയാണ് നമ്മുടെ നാട്ടിലെ അനുദിന ദുരന്തങ്ങൾ
അത് കൊണ്ട് ഈ നാട്ടിലെ പച്ചപ്പിന്റെ വൈവിധ്യങ്ങളിൽ താല്പര്യമുള്ള ആണുങ്ങളും പെണ്ണുങ്ങളും എല്ലാം തീർഥയാത്ര പോയി മരങ്ങൾ വീണ്ടും നട്ട് പ്രതിഷേധിക്കണം. ഇത് ഒരു വീട്ടുകാരുടെ മീനാ മേനോൻ എന്ന ഒരു സഹോദരിയുടെ ഒറ്റയാൾ പോരാട്ടമല്ല നടി നാടിന്റെ നന്മയുടെ നന്മക്കു വേണ്ടിട്ടുള്ള പോരാട്ടമാകണം. അത് ഇവിടുത്തെ നവ മാധ്യമങ്ങളും ഓൺലൈൻ മീഡിയയും മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുക്കണം.
കാരണം ഇത് ഒരു ശാന്തി വനത്തിന്റെ കാര്യമല്ല കേരളത്തിന്റെ ഭാവിയുടെ കാര്യമാണ്. നമ്മൾ പാർട്ടി ജാതി മത ഭേദമെന്യ പ്രതീകരിക്കണ്ടത് കേരളത്തിലെ സമൂഹത്തിലും പ്രകൃതിയിലും രാഷ്ട്രീയത്തിലും ആവശ്യമായ വൈവിധ്യങ്ങളെ നിലനിർത്താനാണ്. 
I request my friend Ashish Kothari to take note of this and raise the issue at the national level. These small struggles to protect biodiversity is also about an alternative political vision. Let us make it in to broader symbolic struggle. Thanks to all friends who are already in it 
ജെ എസ് അടൂർ

No comments: