Sunday, May 5, 2019

ഞാന്‍ മുസ്ലീങ്ങളെ അറിഞ്ഞ വഴികള്‍ - നാല്. കാബുള്‍ ഞെട്ടലുകളും താലിബാന്‍ ഭ്രാന്തും.

Js Adoor is with Rubin DCruz and 21 others.
ഞാന്‍ മുസ്ലീങ്ങളെ അറിഞ്ഞ വഴികള്‍ - നാല്.
കാബുള്‍ ഞെട്ടലുകളും താലിബാന്‍ ഭ്രാന്തും.
കാബുള്‍ ചരിത്രത്തിന്‍റെ ഇടനാഴികയായ ഒരു വിചിത്ര നഗരമാണ്. ഒരു പാടു ചോര കഥകള്‍ ഉള്ള ഒരു നഗരം .ഹിന്ദുകുഷ് മലനിരകളുടെ താഴ്വരയില്‍ ഉള്ള ഈ നഗരത്തിന്‍റെ ചുറ്റും മലകളാണ്. ഏകദേശം 3500 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ നഗരം തെക്കേ ഏഷ്യയും മദ്ധ്യ ഏഷ്യയും ബന്ധിപ്പിച്ചിരുന്ന ഒരു വലിയ ഒരു ട്രേഡ് ഇടനാഴികയായിരുന്നു. ഈ നഗരം കാണാത്ത മതങ്ങള്‍ ഇല്ല . ഇവിടെ സോരാഷട്രീയ മതവും , ഹിന്ദു മതവും , ബുദ്ധിസവും , ക്രിസ്തീയ മതവും പിന്നെ ഇസ്ലാം മതവും നിലയുറപ്പിച്ച ചരിത്രമാണ്. ഈ നഗരം സില്‍ക്ക് റൂട്ടിലെ അന്താരാഷ്ട്ര വ്യപാര ഇടനാഴിക മാത്രമല്ല. മറിച്ചു ആയിരകണക്കിന് വര്‍ഷങ്ങളായി ഒരു പാടു യുദ്ധങ്ങള്‍ കണ്ട നാടാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ തിമൂര്‍ ഷാ ദുറാനി( 1772- 1793)യുടെ കാലത്താണ് കാബൂള്‍ അഫ്ഗാനിസ്താനിന്‍റെ തലസ്ഥാനമായത്. ആദ്യത്തെ ഇസ്ലാമിക് ഡയിനാസ്റ്റി സ്ഥാപിച്ചത് 870ലാണ്‌ .
അങ്ങനെയുള്ള കാബൂളിലാണ്‌ 2004 ഏപ്രിലില്‍ ഞാന്‍ വിമാനം ഇറങ്ങിയത്‌. ദല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്‍ഡ്യ വിമാനത്തില്‍. ജീവിതത്തില്‍ ആദ്യമായാണ് അത് പോലൊരു വിമാനത്താവളം കാണുന്നത് . അത് കൊട്ടരക്കരയിലെ ബസ് സ്ടാണ്ടിന്‍റെ ഒക്കെ അത്രയും ഉള്ള ഒരു ഏര്‍പ്പാടായിരുന്നു അന്ന് . ഒരു മേക് ഷിഫ്റ്റ് സംവിധാനം . വലിയ ആള്‍ തിരക്ക് . കണ്‍വെയര്‍ ബല്‍ട്ടും ഒന്നുമില്ല. പഴയ വിമാനതാവളത്തിന്‍റെ ബില്ടിങ്ങുകള്‍ എല്ലാം ബോംബിങ്ങില്‍ നശിച്ചു പോയിരുന്നു.
കാബൂളും അഫ്ഗാനിസ്ഥാനും എനിക്ക് വേറിട്ടൊരു അനുഭവം ആയിരുന്നു. സോവിയറ്റ് യുണിയനും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തിലും , അതിന്‍റെ ബാക്കി പത്രമായ മധ്യകാലത്തെക്കാള്‍ കഷ്ട്ടമായ താലിബാനും കാബൂള്‍ നഗരത്തിന്‍റെ മുഖം വികൃതമാക്കി. എയര്‍ പോര്‍ട്ടില്‍ തുടങ്ങിയ കള്‍ച്ചര്‍ ഷോക്ക് നഗരത്തിലുള്ള എന്‍റെ ഓഫീസിലെക്ക് യാത്ര തിരിച്ചപ്പോള്‍ അതില്‍ അധികമായി. എങ്ങും ബോംബിട്ടു നശിപ്പിക്കപെട്ട കെട്ടിടങ്ങള്‍.
എന്‍റെ ഞെട്ടല്‍ തുടങ്ങിയത് എന്നെ സ്വീകരിക്കുവാന്‍ വന്ന എന്‍റെ സഹപ്രവര്‍ത്തകരില്‍ നിന്ന് തന്നെയാണ്. എന്നെ സ്വീകരിക്കാന്‍ എത്തിയത് എന്‍റെ ഓഫീസിലെ പ്രൊടോക്കാള്‍ ഓഫീസര്‍ ആയ റഷീദയാണ് . വളരെ സുന്ദരിയും മിടുക്കിയും ആയ സ്ത്രീ. തല തട്ടം കൊണ്ട് മറച്ചിട്ടുണ്ട്‌. എന്നാല്‍ മുഖം നല്ലത് പോലെ കാണാം. റഷീദക്കൊപ്പം രണ്ടു ആണുങ്ങള്‍ കൂടി വന്നിട്ടുണ്ട്. അപ്പൊഴാണ് ഞാന്‍ രണ്ടു വണ്ടികള്‍ എന്നെ സ്വീകരിക്കുവാന്‍ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയതു. ഞാന്‍ ചോദിച്ചു എന്തിനാണ് രണ്ടു വണ്ടികള്‍. റഷീദ പറഞ്ഞു
'സോറി സര്‍ . ഇന്‍ അഫ്ഗാനിസ്ടാന്‍ ഫ്രം താലിബാന്‍ ടൈം , വുമന്‍ ആര്‍ നോറ്റ് സപ്പോസ്ട് ടു സിറ്റ് വിത്ത്‌ എനി മെന്‍ അദര്‍ ദാന്‍ ദോസ് ഫ്രം ഹേര്‍ ഓന്‍ ഫാമി ലി "
ചുരുക്കത്തില്‍ ഒരു സ്ത്രീയും അന്യ പുരുഷനോടൊപ്പം ഒരു കാറില്‍ സീറ്റ് പങ്കിടാന്‍ പാടില്ല. അതുകൊണ്ട് റഷീദക്ക് എന്‍റെ കാറില്‍ ഒരുമിച്ച് സഞ്ചരിക്കുകാന്‍ ആകില്ലായിരുന്നു . ഇത് എന്‍റെ ഞെട്ടലിന്‍റെ ആരംഭം മാത്രമായിരുന്നു . ഞാന്‍ അഫ്ഗാനിസ്ഥാനില്‍ ചെന്ന സമയത്ത് നാറ്റോയുടെ സൈനീക ഇടപെടല്‍ കാരണം താലിബാന്‍ പിന്‍വാങ്ങി ഇടക്കാല ഭരണം ഹമീദ് കര്‍സായിയുടെ നേതൃത്വത്തില്‍ ആയിരുന്നു. പക്ഷെ താലിബാന്‍ വെറും അഞ്ചു കൊല്ലം കൊണ്ട് സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ച പലതും വിട്ടു മാറിയിട്ടാല്ലയിരുന്നു.
താലിബാനെ കുറിച്ച് കേട്ടതെല്ലാം ആധുനിക സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്കെല്ലാം ഞെട്ടല്‍ ഉണ്ടാക്കുന്നതായിരുന്നു. താലിബാന്‍ എന്നതിന്‍റെ അര്‍ഥം തന്നെ വിദ്യാര്‍ഥികള്‍ എന്നതാണ്. താലിബാന്‍ എന്ന മിലിറ്റണ്ട് ഇസ്ലാമിക ഗ്രൂപ്പ് തുടങ്ങുന്നത് അഫ്ഗാന്‍ അഭായത്രികള്‍ക്ക് വേണ്ടി പാകിസ്താനില്‍ തുടങ്ങിയ ഇസ്ലാമിക മത -മൌലീക പാഠ ശാലകളില്‍ ആണ് . അതിനു ഒത്താശ നല്‍കിയത് പാകിസ്ഥാനിലെ ഐ എസ ഐ യും പിറകില്‍ നിന്ന് അമേരിക്കയും ആണ് .
കാരണം സോവിയറ്റ് കംമ്യുനിസത്തെ തുരത്തി എറിയുവാന്‍ പറ്റിയ ഒരു മറുമരുന്നായാണ് മത മൌലീക വാദത്തെ അമേരിക്കന്‍ ശീത കാല യുദ്ധവിദഗധര്‍ കണ്ടത് . അതിനായി അവര്‍ അഗ്രെസ്സിവ് ഇവന്ജില്‍ക്കല്‍ ക്രിസ്ത്യന്‍ ഗൃപ്പുകളെ ഒളിഞ്ഞും തെളിഞ്ഞും റൂമെനിയയിലും റഷ്യയിയിലും മറ്റും സഹായിച്ചു. അതുപോലെ മിലിറ്റണ്ട് ഇസ്ലാമിക ഗ്രൂപ്പുകളെ സൗദി അറേബ്യയും പാകിസ്ഥാനെയും ഉപയോഗിച്ചു പണവും ആയുധവും നല്‍കി സഹായിച്ചു. സോവിയറ്റ് അധിനിവേശത്തിനു ബദലായി മുജാഹിദീന്‍ യോദ്ധാക്കളെ വളര്‍ത്തി. ആ മൂശയില്‍ വളര്‍ന്ന ഒരു വൈറസ് ആയിരുന്നു താലിബാന്‍ . ഇതു വെളുക്കാന്‍ തേച്ചത് പാണ്ടായി പോയ കഥകൂടി യാണ്. ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക മിലിട്ടണ്ട് തീവ്ര വാദത്തിന്‍റെ വൈറസ് വളര്‍ത്തിഎടുത്തതു അമേരിക്കയും സോവിയറ്റ് യുനിയനുമായുള്ള ശീതയുദ്ധത്തിന്‍റെ തന്ത്രപുരകളില്‍ ആയിരുന്നു. റിലീജിയെസ് ഐഡിയോലജിയെ എങ്ങനെ പൊളിറ്റിക്കല്‍ ആയുധമായി ഉപയോഗിക്കാമെന്ന പരീക്ഷണത്തില്‍ ആണ് അപകടകരമായ ഈ വൈറസ് രൂപ പെട്ടത്. അതിനു സഹായിയായി നിന്നത് പാകിസ്ഥാനിലെ സിയ ഉല്‍ ഹക്കിന്‍റെ പട്ടാള ഭരണകൂടവും പിന്നെ സൗദി അറേബ്യയുടെ പണവുമാണ്‌. കയ്യില്‍ നിന്നും കൈവിട്ടു പോയ ഈ വൈറസ്സ് ആണ് പിന്നെ അനേക ആയിരം ചെറുപ്പക്കാരെ തല തിരിഞ്ഞ ജിഹാദിലെലേക്ക് തള്ളി വിട്ടത് .താലിബാനില്‍ തുടങ്ങിയ പ്രക്രിയയാണ് ഇന്ന് ഐ എസ് അതി ഭീഭല്‍സ ഭീകരതയില്‍ എത്തി നില്‍ക്കുന്ന ത്രീവ ആക്രമണ ത്വരയുള്ള വൈറസ്സ് .അതിനു അനുപൂരകമായി വളര്‍ന്നു വന്ന സാലാഫി മൌലീക വാദവും അതിന്‍റെ രാഷ്ട്രീയവും ഒരു പാട് മുസ്ലീം ചെറുപ്പകാരെ മയക്കി എടുക്കുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ് . ഇങ്ങനെയുള്ള മത മൌലീക തീവ്ര വാദങ്ങളെ എങ്ങെനെ നേരിടാം എന്നതാണ് സാധാരണ സമാധാനത്തിലും സന്തോഷത്തിലും കഴിയാന്‍ ആഗ്രഹിക്കുന്ന ഭൂരി പക്ഷം മുസ്ളീങ്ങളും നേരിടുന്ന വെല്ലുവിളി .
മുജാഹിദിന്‍റെ ഭാഗമായി വളര്‍ന്നു വന്ന അനേക വാര്‍ ലോര്‍ഡുകള്‍ പല ചൂഷണങ്ങളും നടത്തി . അവര്‍ ഒരു വശത്തുടെ അമേരിക്കന്‍ പണം അടിച്ചു മാറ്റുകയും മറു വശത്തൂടെ പോപ്പി കൃഷി വ്യാപിച്ചു അന്താ രാഷ്ട്ര മാര്‍കേട്ടിലേക്ക് മയക്കു മരുന്ന് കയറ്റി അയച്ചു അധികാര മത്തു പിടിച്ച കോടീശ്വരന്‍ മാരായി . അവര്‍ ദുബായിലും വിദേശങ്ങളിലും പണം ഇന്‍വെസ്റ്റ്‌ ചെയ്തു . ജനങ്ങള്‍ പട്ടിണിയിലും ഭീതിയിലും. ഈ സാഹചര്യങ്ങളെ മുതലെടുത്ത്‌ കൊണ്ടാണ് പകിസ്ടാനിന്‍റെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള സഹായത്തോടെ സൗദി അറേബ്യയുടെ ധന സഹായത്തോടെയും മുള്ള ഒമറിന്‍റെ നേത്രത്വത്തില്‍ 1996താലിബാന്‍ കാബുള്‍ പിടിച്ചടക്കി .
താലിബാന്‍റെ പ്രാകൃത മുഖം ലോകം കണ്ടു ഞെട്ടിയത് ലോക ഹെറിട്ടെജു ആയിരുന്ന അഞ്ചാം നൂറ്റാണ്ടിലെ ബാമിയാന്‍ ബുദ്ധ പ്രതിമകളെ 2001 ബോംബിട്ട് തകര്‍ത്തപ്പോഴാണ് . പക്ഷെ ഞാന്‍ വീണ്ടും ഞെട്ടിയത് കാറിന്‍റെ ഡിക്കി തുറന്നു വച്ച് അതില്‍ യാത്ര ചെയ്യുന്ന മുഖം മൂടിയ സ്ത്രീകളെ കണ്ടാണ്‌. താലിബാന്‍ തികഞ്ഞ സ്ത്രീ വിരുദ്ധ നയങ്ങളാണ് നടപ്പാക്കിയത്. സ്ത്രീകള്‍ക്ക് സ്കൂളിന്‍ പോകനോ പൊതു ഇടങ്ങളില്‍ പോകുവാനോ കഴിയില്ലായിരുന്നു . സ്ത്രീകള്‍ക്ക് അന്യ പുരുഷനെ നോക്കുന്നതോ ഇട പഴകുന്നതോ നിഷിധമാണ്. ശരി ആ യുടെ പേരില്‍ താലിബാന്‍ കാട്ടി കൂട്ടിയ ആധുനീക വിരുദ്ധമായ മദ്ധ്യ കാല മത മൌലീക രാഷ്ട്രീയം വെറുപ്പിന്‍റെ രാഷ്ട്രീയമായിരുന്നു , അതില്‍ ഇസ്ലാമിന്‍റെ സമാധാനമോ , കാരുണ്യമോ , സമഭാവനയോ ഇല്ലായിരുന്നു. അത് മനുഷ്യ അവകാശങ്ങളുടെയും നീതിയുടെയും നഗ്ന ലംഘനങ്ങള്‍ ആയിരുന്നു. താലിബാന്‍ തുടങ്ങി വച്ച ഭ്രാന്ത്‌ ഏറ്റവും കൂടുതല്‍ കൊന്നതും മുസ്ലീങ്ങളെ തന്നെയായിരുന്നു. അങ്ങനെയുള്ള ആക്രമണ സ്വഭാവമുള്ള വെറുപ്പിന്‍റെയും അരക്ഷിതാവസ്ഥയുടെയും മത മൌലീക രാഷ്ട്രീയം ഏറ്റവും കൂടുതല്‍ ദോഷം ചെയ്തതും ഇതിലൊന്നും പെടാത്ത ബഹു ഭൂരിപക്ഷം മുസ്ലീം സമുദായത്തെ ആയിരുന്നു.
അത് മാടാകൊമ്പി മുതലാളിയോ എന്‍റെ കൂട്ടൂകാരായ നിസ്സമോ , ഹനീഫ് ഭായിയോ പ്രതിനിധികരിച്ച സമാധാനത്തിന്‍റെയുംസ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഇസ്ലാമും ആയി ഒരു ബന്ധവും ഇല്ലാത്ത ഒന്നായിരുന്നു . അത് വെറുപ്പിന്‍റെയും സ്ത്രീ വിരുദ്ധതയുടെടെയും ആക്രമണത്തിന്‍റെയും പര്യായമായിരുന്നു . ആധുനിക കാലത്ത് ജീവിക്കുന്ന ബഹു ഭൂരിപക്ഷം വരുന്ന മുസ്ലീങ്ങള്‍ അടക്കമുള്ള സാധാരണ ജനങ്ങളില്‍ ഭയം സൃഷ്ട്ടിക്കുന്ന ഒന്ന്. ഇസ്ലാന്മോ ഫോബിയ എന്ന അവസ്ഥ പരന്നത് 1994 മുതല്‍ താലിബാന്‍ കാട്ടി കൂട്ടിയ അക്രമോല്സുകമായ ഇസ്ലാമിക തീവ്ര വാദം അറിഞ്ഞത് മുതലാണ്‌ .ആ താലിബാന്‍ വൈറസ് പല രീതിയില്‍ മ്യുട്ടെറ്റ് ചെയ്തു പല രൂപത്തിലും ഭാവത്തിലും ലോകമാകെ പരന്നു അക്രമങ്ങളിലൂടെ ഭീതി വിതച്ചു. ഇന്നു ആ വൈറസ് എങ്ങിനെയൊക്കെ എവിടെയൊക്കെ പടരുന്നു എന്നറിയാന്‍ തന്നെ പ്രയാസമാണ്
എന്നാല്‍ ഇങ്ങനെയുള്ളവര്‍ മുസ്സ്ലീം ജനസംന്ഖ്യയില്‍ അര ശതമാനം പോലും ഇല്ല എന്ന് തിരിച്ചറിയണ്ടത് ഉണ്ട് . അഫ്ഗാനിസ്ഥാനില്‍ ഉള്ള ഭൂരി ഭാഗം ജനങ്ങളും താലിബാനേ പിന്താങ്ങുന്നവര്‍ അല്ല.
എന്നെ ഏറ്റവും വേദനിപ്പിച്ച രണ്ടു അനുഭവം കൂടെ പറഞ്ഞു നിര്‍ത്താം. 2006 ഇല്‍ ബാന്കൊക്കിലുള്ള എന്‍റെ ഓഫീസിലേക്ക് സി എന്‍ എന്‍ ഇല്‍ നിന്നും ഒരു ഫോണ്‍ വന്നപ്പോള്‍ രാവിലെ പത്തു മണി. അവര്‍ക്ക് എന്നോടാണ് സംസാരിക്കേണ്ടത്. അവര്‍ എന്നോട് ചോദിച്ചത് എന്‍റെ സഹ പ്രവര്‍ത്തകരായ നാലു പേര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപെട്ടതിനെ കുറിച്ചുള്ള പ്രതീകരണമാണ് . അന്ന് ഞാന്‍ ഒരു വലിയ അന്താരാഷ്ട്ര വികസന സംഘടനയുടെ നേത്രത്വ സ്ഥാനത്താണ്‌ . സത്യത്തില്‍ ഈ വിവരം ഞാന്‍ അറിഞ്ഞത് സി എന്‍ എന്‍ വിളിച്ചു ചോദിച്ചപ്പോള്‍ ആണ് . ഉടനെ തന്നെ ഞാന്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ഉള്ളവരുമായി സംസാരിക്കുകയാണെന്നും പതിനഞ്ചു മിനിട്ട് കഴിഞ്ഞു വിളിക്കാന്‍ പറഞ്ഞു. കാര്യം സത്യമായിരുന്നു . എന്‍റെ രണ്ടു സഹപ്രവത്തകരായ സ്ത്രീകളും അവരുടെ കൂടെ ഇന്‍റെന്‍ഷിപ്പ് ചെയ്തു കൊണ്ടിരുന്ന പത്തൊമ്പത് വയസ്സായ ഒരു യുവതിയും ഡ്രൈവറും രാവിലെ 8.30ഇന് ഒരു ട്രെയിനിംഗ് സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ മസാര്‍ ഷെരീഫിന് അടുത്തു കൊല്ലപെട്ടൂ. ഇവര്‍ നാലു പേരും ആ നാടുകാര്‍ തന്നെ, രണ്ടു പേരേ ഞാന്‍ ചില മാസങ്ങള്‍ക്ക് മുന്ന കാബുള്‍ സന്ദര്‍ശിച്ചപ്പോള്‍ സ്ടാഫ് മീറ്റിംഗില്‍ കണ്ടതാണ്. അവര്‍ക്ക് അഞ്ചും പത്തും വയസ്സുള്ള കുട്ടികള്‍ ഉള്ള അമ്മമാരായിരുന്നു .
ഞാന്‍ ഉടനടി ക്രൈസിസ് മാനേജെമെന്‍റ് നടപടികള്‍ എടുത്തു . ഉടനെ തന്നെ കാബൂളിലേക്ക് തിരിക്കുവാന്‍ തീരുമാനിച്ചു. ഞങ്ങളുടെ ബ്രീട്ട്ടിഷ്കാരിയായ സെക്ക്യുരിറ്റി അഡ്വൈസര്‍ ഞാന്‍ കാബൂളിലേക്ക് പോകുന്നതിനെ നഖ ശിഖാന്തം എതിര്‍ത്തു. ഞാന്‍ പോയാല്‍ എന്‍റെ ജീവിതം അപകടത്തിലകുമെന്നു അവര്‍ക്ക് ഉറപ്പായിരുന്നു. പക്ഷെ മരിച്ച എന്‍റെ സഹപ്രവര്‍ത്തകരുടെ വീടുകളില്‍ പോകണം എന്ന് എന്‍റെ മനസ്സു പറഞ്ഞു.കാബുളില്‍ നിന്ന് മഷര്‍ ശേരീഫിലേക്ക് പോകുവാന്‍ ഒരുപാടു ദൂരം ഉണ്ട് . അവസാനം എന്‍റെ നിര്‍ബന്ധിതിനു വഴങ്ങി ഞാന്‍ കാബൂളില്‍ നിന്നും ഹെലികോപ്ട്ടരില്‍ മഷര്‍ ഷെരീഫിന് പോകുവാന്‍ അനുവാദം തന്നു ഞാന്‍ അതിനും തയ്യാറായില്ല. അവസാനം എനിക്ക് എന്ത് സംഭവിച്ചാലും ഞാന്‍ മാത്രമാണ് ഉത്തരവാദി എന്ന് അവര്‍ക്ക് എഴുത്ത് എഴുതിയിട്ട് ഞാന്‍ കാബൂളില്‍ എത്തി.
അവിടെ ഞാന്‍ അഫ്ഗാന്‍ വേഷം അണിഞ്ഞു കാറില്‍ രണ്ടു സഹ പ്രവര്‍ത്തകരുമായി മഷര്‍ ശേരീഫിലേക്ക് തിരിച്ചു. പോകുന്ന പല വഴിക്കും കാര്‍ നിര്‍ത്തി . കാരണം അവിടയും ഇവിടെയും എല്ലാം വെടിയൊച്ചകള്‍ . ഒരു യുദ്ധ ഭൂമിയിലൂടെയുള്ള യാത്ര ജീവിതത്തില്‍ മറക്കാന്‍ സാധിക്കില്ല. ഞങ്ങള്‍ വൈകുന്നേരത്ത് അവിടെ എത്തി. ഞങ്ങളുടെ ഓഫീസ് ഗസ്റ്റ് ഹൌസില്‍ താമസിച്ചിട്ട് കൊല്ലപെട്ട സഹ പ്രവര്‍ത്തകരുടെ വീട്ടില്‍ എത്താന്‍ റോഡുകള്‍ എന്ന് വിളിക്കാന്‍ കഴിയാത്ത തകര്‍ന്ന വഴികളിലൂടെ ഞങ്ങള്‍ രണ്ടു മണിക്കൂര്‍ യാത്ര ചെയ്തു അവരുടെ ഗ്രാമത്തില്‍ എത്തി. അവരുടെ ഭര്‍ത്താവിനെയും അങ്ങളമാരെയും കെട്ടി പിടിച്ചു വിതുമ്പാന്‍ അല്ലാതെ എനിക്ക് ഒന്നും കഴിഞ്ഞില്ല.
അവര്‍ കൊല്ല പെട്ടത്ത് സ്ത്രീകള്‍ പൊതു പ്രവര്‍ത്തനം നടത്തുന്നു എന്ന ഒറ്റക്കാരണത്താല്‍ ആണ് . അവരെ കൊന്നത് താലിബാന്ടെ കാലാള്‍പ്പട തന്നെ. എന്‍റെ യാത്ര അതീവ രഹസ്യമായിട്ടായിരുന്നു. ചോദിച്ച ചെക്ക് പോസ്ട്ടിലെലെല്ലാം എന്‍റെ പേര്‍ സലിം എന്നാണ് എന്‍റെ അഫ്ഗാന്‍ സഹപ്രവര്‍ത്തകര്‍ പറഞ്ഞേത്‌ . അവര്‍ ആ പേരില്‍ എന്‍റെ ഓഫീസ് ഐടെന്റ്റി കാര്‍ഡു ഉണ്ടാക്കിയിരുന്നു. കാരണം എന്‍റെ യധാര്‍ത്ഥ ഐഡന്ട്ടിടി അവര്‍ അറിഞ്ഞിരുന്നെങ്കില്‍ ഇത് എഴുതുവാന്‍ ഞാന്‍ ഞാന്‍ ഇവിടെ കാണെണമെന്നില്ല.
അഫ്ഗാനിസ്ഥാനിലെ സാധാരണ മനുഷ്യര്‍ സ്നേഹം ഉള്ളവരാണ്. ഏറ്റവും കൂടുതല്‍ വിശ്വാസിക്കുവാന്‍ കൊള്ളുന്നവര്‍ . പക്ഷെ താലിബാന്‍ അഫ്ഗാനിസ്ഥന്‍റെ മുഖം മാത്രമല്ല വികൃതമാക്കിയത് . അത് ലോകമാകമാനം ഒരു പാടു തെറ്റി ധാരണകള്‍ മുസ്ലീങ്ങളെ കുറിച്ച് തന്നെ നിര്‍മിച്ചു .അവരില്‍ നിന്നാണ് ഇന്ന് ലോകത്തില്‍ പല ഭാഗത്തും അറിഞ്ഞോ അറിയാതയോ തുടങ്ങിയ ഇസ്ലാമോ ഫോബിയുടെ തുടക്കം.
കാബൂളില്‍ നിന്ന് വന്ന വിമാനത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ ഹി ഏയര്‍പോര്‍ട്ടില്‍ ഒരു ശവപെട്ടിക്കായി കാത്തു നിന്നു. എന്‍റെ ഒരു മൂത്ത സഹോദരന്‍ ആയ ഡോ.രാജേഷ്‌ തന്‍ടെന്ന്‍റെ ഭാര്യ മാര്‍ത്തയുടെ ശവപെട്ടിക്കു വേണ്ടിയാണ് ഞാനും സുഹൃത്തുകളും കാത്തു നിന്നത്. ആ ശവപെട്ടി ഡല്‍ഹയിലെ പ്രിയ എന്ന സംഘടനയുടെ ആസ്ഥാനത്ത് വെച്ച് തുറന്നു ഞങ്ങള്‍ എല്ലാം അറിയുന്നു മാര്‍ത്തയുടെ വിറങ്ങലിച്ച മുഖം കണ്ടു ഞങ്ങള്‍ എല്ലാവരും തേങ്ങി തേങ്ങി കരഞ്ഞു. രണ്ടു ദിവസം മുന്‍പ് കാബൂളിലെ ഇന്റര്‍ കൊണ്ടിനെന്‍റെ ഹോട്ടലില്‍ അത്താഴവും കഴിഞ്ഞു ലിഫ്റ്റില്‍ കയറുന്നതിനു മുന്പെയാണ് പാവം മാര്‍ത്തയെ ആ മത ഭ്രാന്തന്‍മാര്‍ വെടി വച്ച് വീഴ്ത്തിയത് . അന്ന് എട്ടു വേറെ ആളുകളും കൊല്ലപെട്ടു .
ഇസ്ലാമിന്‍റെ പേരില്‍ മനുഷര്യരെ കൊല്ലുന്ന മതഭ്രാന്തന്‍മാരല്ല ഞാന്‍ അറിയുന്ന ഒരൊറ്റ മുസ്ലീങ്ങള്‍ പോലും. എന്നാലും എന്‍റെ അഫ്ഗാനിസ്ഥാന്‍ ഈ അനുഭവങ്ങള്‍ ഇന്നും എന്നില്‍ ഒരു നീറ്റാലാണ്‌ .
അതുകൊണ്ട് തന്നെയാണ് ഞാന്‍ എല്ലാവിധ മത മൌലീക തീവ്ര വാദങ്ങളെയും എതിര്‍ക്കുന്നത്. അത് കൊണ്ടു തന്നെയാണ് ഞാന്‍ ഭൂരി പക്ഷ വര്‍ഗീയതയും ന്യൂന പക്ഷ വര്‍ഗീയതയും ഒരു പോലെ എതിര്‍ക്കുന്നതു. അതുകൊണ്ടാണ് മതത്തിന്‍റെ ജാതിയുടെയും പേരില്‍ ഉള്ള എല്ലാ വിവേചനങ്ങളെയും എതിര്‍ക്കുന്നത് . അത് കൊണ്ട് തന്നെയാണ് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നത് . അത് കൊണ്ട് തന്നെയാണ് ബര്‍മയിലെ രോഹിന്ഗ്യ മുസ്ലീങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടു യു എന്‍ ഹുമന്‍ റൈറ്റ് കൌണ്‍സിലില്‍ സംസാരിക്കുന്നതു . അത് കൊണ്ട് തന്നെയാണ് പാകിസ്ഥാനിലെ ബ്ലാസ്ഫിമി ലോയെ എതിര്‍ക്കുന്നതും അതിന്‍റെ ഇരകള്‍ ആക്കെപെട്ട ക്രിസ്ത്യാനികള്‍ക്ക് വേണ്ടി സംസാരിക്കുന്നത് കാരണം അവരെല്ലാം അത്യന്തികവുമായി മനുഷ്യര്‍ ആണെന്ന ബോധ്യമാണ്. അത് കൊണ്ട് തന്നെ യാണ് മതത്തിനും ജാതിക്കും ഭാഷക്കും രാഷ്ട്രത്തിനും അതീതമായി മനുഷ്യരെ മനുഷര്യയായി കാണുവാന്‍ കഴിയുന്നതും
തുടരും

No comments: