കഴിഞ്ഞ തിരഞ്ഞെടുപ്പിന് ചിലത് പഠിച്ചു . ഒന്നാമതായി , പാർട്ടി വെത്യാസമേന്യ മനുഷ്യരിൽ വളരുന്ന അസഹിഷ്ണ്തയാണ് . ഒരാൾക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ടായാൽ സംവേദിക്കുവാൻ ഇടം കുറഞ്ഞു . കാരണം അസഹിഷ്ണുത കൂടി .പിന്നീട് കൂട്ടമായി ആക്രമിക്കുക . ട്രോളുക . ഇത് പാർട്ടി വെത്യാസമെന്യേ ഫേസ്ബുക്കിൽ കണ്ടതാണ് . ഇതിൽ തന്നെ പച്ചത്തെറിയും അശ്‌ളീലവും ഏറ്റവും കൂടുതൽ സ്ത്രീകളുടെ നേർക്കായിരുന്നു . അസഹിഷ്ണ്തയിൽ നിന്ന് വെറുപ്പും .വെറുപ്പിൽ നിന്ന് ആക്രമണ ത്വരയും ഒരേ മനസ്ഥിതിയുടെ പ്രോഗ്രെഷനാണ് . ഇത് നമ്മുടെ സമൂഹത്തിൽ വളർന്നു വരുന്ന കലിപ്പ് നിറഞ്ഞ വിഭാഗീയതയും വെറുപ്പും കാരണമാണോ എന്ന് പഠിക്കണം
പിന്നെ ഒരു കാര്യം .എന്ത് പറയുന്നത് എന്നതല്ല വിഷയം .ആര് പറയുന്നു എന്നതാണ് . ഒരാളുടെ ഐഡന്റിറ്റി (ജാതി -മത-പാർട്ടി ) ഇത്രമാത്രം പ്രസക്തമാകുന്നത് കേരളത്തിലെ മനസ്ഥിതിയിൽ വിഭാഗീയത കൂടുന്നുവോ എന്ന് ചോദ്യമുളവാക്കും . വിഭാഗീയ ചിന്താഗതിയിൽ നിന്നാണ് പലപ്പോഴും വർഗീയത വളരുന്നത് .
ഈ കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ എനിക്ക് നേരിട്ട് അറിയാവുന്ന ആലത്തൂരിലെ സ്ഥാനാർഥിയായ രമ്യക്ക് ഐക്യ ദാർഢ്യം കൊടുത്തത് പരസ്യമായിട്ടായിരുന്നു .അതിനോട് ആർക്കും വിയോജിക്കാം . യോജിക്കാം .അത് സ്വാഭാവികമാണ് . എന്നാൽ എന്നെ അതിശയിപ്പിച്ചത് അസഹിഷ്ണുതയുടെ കൂടുതലാണ് .
എന്നെ അറിയാത്ത മൂന്ന് നാലു പേർ ഇൻബോക്സിൽ വന്നു ഭീഷണിപ്പെടുത്തി . ഒരാൾ പറഞ്ഞു പോസ്റ്റ് പെട്ടെന്നു പിൻ വലിച്ചില്ലെങ്കിൽ വിവരമറിയുമെന്നു .വേറൊരാൾ പറഞ്ഞു കേസ് കൊടുക്കും .വേറെ ഒരാശാൻ വന്ന് എന്നെ തിരെഞ്ഞെടുപ്പ് കോഡ് ഓഫ് കൺടെക്റ്റ് പഠിപ്പിക്കുവാൻ വന്നു .
വെറുതെ ചൊറുതണവുമായി നടന്ന ഫേക്ക്കളെ ലിസ്റ്റിൽ നിന്ന് വെട്ടി . ചിലർ സഹിക്കാൻ വയ്യാതെ എന്നെ അൻഫ്രണ്ട് ചെയ്‌തു. അതിൽ ചിലർ തിരെഞ്ഞെടുപ്പ് ജ്വരം കഴിഞ്ഞു വീണ്ടും ഫ്രണ്ട്സ് റീക്വസ്റ്റ് അയച്ചിട്ടുണ്ട് . ഇപ്പോൾ അയ്യായിരവും തികഞ്ഞു അത് കൊണ്ട് അതിൽ ഇനി വെട്ടി നിരത്താതെ വേക്കന്സി ഇല്ല . ഇങ്ങനെ അസഹിഷ്ണുത മൂത്തു അൻഫ്രണ്ട് ചെയ്ത അടൂരിന് അടുത്തുള്ള ഒരാൾ എന്നെ അതിശയിപ്പിച്ചു . കാരണം .അദ്ദേഹം ജനായത്ത സഹിഷ്ണുതയുടെ വക്ത്തവായാണ് എന്നെ പരിചയപെട്ടത് .
എനിക്ക് ഏറ്റവും ബഹുമാനം തോന്നിയത് സി പി എമ്മിന്റെയും സി പി ഐയുടെയും നേതാക്കളോടും പ്രവർത്തകരോടുമാണ് . ഗ്രാസ്റൂട്ടിൽ പ്രവർത്തിക്കുന്നവർ . അവരാരും ഫേസ്ബുക്കിൽ മാത്രം ജീവിക്കുന്നവരല്ല . .എന്റെ സ്വന്തം പഞ്ചായത്തു പ്രസിഡന്റ് ഉൾപ്പെടയുള്ളവർ .അവർ സ്നേഹപൂർവ്വം വിയോജിച്ചു . അടൂരിലും പത്തനംതിട്ട ജില്ലയിലും ഉള്ള എൽ ഡി എഫ് നേതാക്കളിൽ പലരും എന്റെ അടുത്ത സുഹൃത്തുക്കളാണ് .അവരിൽ പലരും വിയോജിപ്പ് രേഖപെടുത്തിയെങ്കിലും സ്നേഹത്തിന് ഒരു കുറവുമില്ല .അസഹിഷ്ണ്തയുടെ ലാഞ്ചന കാണിക്കാത്തത് പരസ്പര സ്നേഹവും ബഹുമാനവും ഉള്ളത് കൊണ്ടാണ് .
എന്നാൽ ഫേസ് ബുക്കിൽ നമ്മൾ എല്ലാം വെറും ഐഡികൾ മാത്രമാണ് .അത് ഒരാളുടെ വ്യക്തിത്തത്തിന്റെ പത്തു ശതമാനം പോലും കാണിക്കുന്നില്ല . കാരണം ഇത് ഒരു പ്രോജെക്റ്റ്ഡ് വിർച്വൽ ഇടമാണ് .ഒരു ഇമാജിൻഡ് കമ്മ്യുണിറ്റി . അത് കൊണ്ട് തന്നെ ഇവിടെ ഒരാളെ വിമര്ശിക്കുന്നതിലോ ഇകഴ്ത്തുന്നതിലോ ഒന്നും കാര്യമില്ല. വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളുമാണ് ജനായത്ത സമൂഹത്തിന്റെ പ്രത്യേകത . എല്ലാവര്ക്കും ഒരേ അഭിപ്രായങ്ങളും നിലപാടുകളും വേണമെന്ന് ശഠിക്കുന്ന ഒരു സമൂഹം വിരസവും സർഗ്ഗരഹിതവുമായിരിക്കണം
എന്റെ ശരിയായിരിക്കണം എല്ലാവരുടെയും ശരിയെന്നു കരുതിന്നിടത്താണ് എല്ലാ ഡോഗ്മയുടെയും തുടക്കം . നമ്മുടെ മതത്തിന്റെ ജാതിയുടെ പാർട്ടിയുടെ നിലപാടുമായി യോജിക്കാത്തവർ വിരോധികളും ശത്രുപക്ഷത്തു നിർത്തി വക വരുത്തേണ്ടവരാണ് എന്ന് മനസ്ഥിതി വ്യാപകമാകുമ്പോഴാണ് ഏകാധിപത്യ പ്രവണതകളും , ഫാസിസ്റ്റ് സാമൂഹിക സാഹചര്യവുമുണ്ടാകുന്നത് .
ജെ എസ് അടൂർ .
No comments:
Post a Comment