Sunday, May 5, 2019

മനുഷ്യൻ ശ്വാസം കൊണ്ടും വിശ്വാസങ്ങൾ കൊണ്ടുമാണ് ജീവിക്കുന്നത്

മനുഷ്യൻ ശ്വാസം കൊണ്ടും വിശ്വാസങ്ങൾ കൊണ്ടുമാണ് ജീവിക്കുന്നത് . വിശ്വാസങ്ങൾ ആർജിക്കപ്പെടുന്നവയാണ് . അത് സമൂഹത്തിൽ സാമിപ്യങ്ങളിൽ കൂടിയുണ്ടാകുന്നതാണ് .അത് കാറ്റിനൊപ്പവും കടലിനൊപ്പവും കഥകളിൽ കൂടിയും കാട്ടിലും നാട്ടിലും കുടിയേറും . പിന്നെ മനസ്സിലും മനസ്ഥിതിയിലും മനുഷ്യരിലും മാററം വിതക്കും . ഇന്നലെത്തെ മാറ്റം വിതച്ച വിശ്വാസം പിന്നെത്ത ആചാരവും അനാചാരവും പിന്നെ അടിച്ചമർത്തുന്ന നിഷ്ട്ടയും അത് കഴിഞ്ഞു അധികാര സ്വരൂപങ്ങളും പിന്നെ ചട്ടങ്ങളും ചട്ടകളും ചടങ്ങുകളുമായി മനുഷ്യരെ ബന്ധിസ്ഥരാക്കി മൗലീക മത വിശ്വാസമായി മനുഷ്യന്റെ ചിന്തയെ ചവുട്ടിമെതിച്ചു നിര്ജീവമാക്കി മെരുക്കി മായ്ക്കുന്നു .
മനുഷ്യനായാൽ വിശ്വാസങ്ങൾ വേണം . പക്ഷെ വിശ്വാസങ്ങൾ സ്വതന്ത്ര ചിന്തകളെ തടവറകളാകുമ്പോൾ വിശ്വാസം ചിന്തകൾക്ക് അന്തമിട്ടു മനുഷ്യനെ അടിമകളാക്കും .അത് ചിലപ്പോൾ മത സ്വരൂപ അധികാരങ്ങളാകാം . രാഷ്ട്രീയ അധികാര സ്വരൂപങ്ങളാകാം പാർട്ടി സംഘടന അധികാര സ്വരൂപങ്ങളാകാം .
വിശ്വാസം നല്ലത് . അന്ധവിശ്വാസവും തീവ്ര വിശ്വാസവും മൗലീക വാദവും മനുഷ്യനെ പലപ്പോഴും മനുഷ്യത്തമില്ലാത്തവരാക്കും .മനുഷ്യത്വം നഷ്ട്ടപെടുത്തുന്ന ഏതിനോടും യോജിപ്പില്ല . വിശ്വാസങ്ങൾ മനുഷ്യനെ നേരും നന്മയും സ്‌നേഹമുള്ളവരൂമാക്കിയില്ലെങ്കിൽ അത് ചത്തു മരവിച്ചതാണ് . കൊല്ലും കൊലയും അടിച്ചമർത്തലും ആണിനേയും പെണ്ണീനെയും മനുഷ്യനെയും വിവേചിക്കുന്ന ഒന്നിനോടും യോജിപ്പില്ല .ആദ്യം മനുഷ്യരാവുക . അവസാനം മനുഷ്യരാകുക .
ജെ എസ് അടൂർ .

No comments: