Sunday, May 5, 2019

എത്രമാത്രം ജനായത്തപരമാണ് ഇന്ത്യയിലെ തെരെഞ്ഞടുപ്പ് ?


ഇന്ത്യൻ ലിബറൽ ജനാധിപത്യം ജാതി -മത ഫ്യൂഡൽ സാമൂഹിക വ്യ്വവസ്ഥയുടെ മുകളിൽ വച്ചിരിക്കുന്ന ഒരു മേൽക്കൂരയോ മേലാപ്പൊ മാത്രമാണ്. അത് കൊണ്ട് തന്നെ ഇടത് പ്രത്യയ ശാസ്ത്രമായാലും വലതു പ്രത്യയ ശാസ്ത്രമാണെങ്കിലും മധ്യ പ്രത്യയ ശാസ്ത്രമാണെങ്കിലും അതിനടിയിലെ ഘടന ജാതി മത സ്വതങ്ങളുടേതും വിവേചനങ്ങളുടേതും ആൺകോയ്‌മയുടേതും സവർണ്ണ മേധാവിത്തത്തിന്റേതുമാണ്.
എല്ലാ പാർട്ടികളുടെയും സ്ഥാനാർഥി നിർണ്ണയത്തിൽ അവരുടെ ജാതി -മത- കുടുംബ സ്വതങ്ങൾ (identity affiliation) അവരുടെ രാഷ്ട്രീയ പ്രതിബദ്ധ ബോധ്യങ്ങളെക്കാൾ (ideological commitment ) പ്രധാനമാണ്. അത് കൊണ്ടാണ് ഒരു ദളിത് സ്ഥാനാർത്ഥിക്ക് റിസർവേഷൻ മണ്ഡലത്തിന് അപ്പുറം കൊടുക്കാത്തത്. അത് കൊണ്ടാണ് മണ്ഡലത്തിലെ ഭൂരി പക്ഷ വോട്ടർ മാരുടെ ജാതിയും മതത്തിനും അനുസരിച്ചു മാത്രം സ്ഥാനാർത്ഥികളെ നിർത്തുന്നത്. അത് കൊണ്ടാണ് സ്ത്രീകൾക്ക് വിരലിലെണ്ണാവുന്ന സീറ്റുകൾ നൽകുന്നത്.
ഈ ഫ്യൂഡൽ അന്തർ ഘടനയും ജനായത്ത മൂല്യങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളും , പണാധിപത്യവുമാണ് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ പൊള്ളയാക്കുന്നത്. അങ്ങനെയാകുമ്പോഴാണ് തെരഞ്ഞെടുപ്പുകൾ രാഷ്ട്രീയ പാർട്ടി വരേണ്യ നേതാക്കളും കോർപ്പറേറ്റ് വരേണ്യരും ജാതി മത സംഘടന വരേണ്യരും തമ്മിലുള്ള ഒരു കൂട്ട് കച്ചവടമാകുന്നത്. കോർപ്പറേറ്റ് മീഡിയ എന്നത് അവരുടെ കുഴലൂത്തുകാരായി പരിണമിച്ചു. ജനങ്ങൾ പാസ്സീവ് വോട്ടർമാർ എന്നതിലുപരി സജീവ പൗരൻമാരായി ചോദ്യങ്ങൾ ചോദിക്കേണ്ടത് ഇപ്പോഴാണ് .
ജെ എസ് അടൂർ

No comments: