Monday, May 6, 2019

അമൂൽ ബേബി: അട്ടർലി ബട്ടർലി അമൂൽ !!!



രാഹുൽ ഗാന്ധി അമൂൽ ബേബി തന്നെയാണ്. കാരണം അമൂൽ ഇന്ത്യയുടെ ആത്മാഭിമാനത്തിന്റെ പ്രതീകമാണ്. ഇന്ത്യയിൽ വീണ്ടെടുക്കപ്പെടേണ്ട, വിജയിക്കേണ്ട ഭാവിയുടെ പ്രതീകം.
സഖാവ് അച്യുതാന്ദനോട് പൂർണ്ണമായും യോജിക്കുന്നു. രാഹുൽ ഗാന്ധി ഒരു അമൂൽ ബേബിയാണ്. അത് കൊണ്ട് “മേം ഭീ അമൂൽ ബേബി ഹൂം”!
ചെറുപ്പത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന പടം അമൂൽ ടിന്നുകളിൽ പതിച്ചിരുന്ന ഒരു ബേബിയുടേതായിരുന്നു. ഇന്ത്യയിലെ ഏതു സാധാരണക്കാരനും അല്പം പാൽ കുടിക്കാൻ വഴിയുണ്ടാക്കിയത് ആ അമൂലാണ്. അത് മാത്രമല്ല അമൂൽ പാൽപ്പൊടിയും അമൂൽ ബട്ടറും കുട്ടിയായിരിക്കുമ്പോൾ കഴിച്ചതാണ് എന്റെ ആരോഗ്യത്തിന്റെയും ബുദ്ധിയുടെയും രഹസ്യം. അറ്റർലി ബട്ടർലി അമൂൽ ആയത് കൊണ്ടാണ് ആരൊക്കെ ചീത്ത വിളിച്ചാലും സന്തോഷത്തോടെ കേട്ട് രസിച്ചു ചിരിക്കാൻ പറ്റുന്നത്. അമൂൽ ബേബിയുടെ മനസ്സിൽ നിന്ന് ഊറി വരുന്ന ചിരി 
പല വിപ്ലവീരന്മാരുടെയും മക്കളെപ്പോലെ മൾട്ടിനാഷണൽ നെസ്‌ലെ ബേബിമാരെപ്പോലെയല്ല അമൂൽ ബേബിമാർ. കാരണം അമൂൽ ബേബി ഇന്ത്യയിലെ കർഷകന്റെയും ഗ്രാമങ്ങളുടെയും സ്വാശ്രയത്തിന്റെയും ഇന്ത്യൻ ദേശീയതയുടെയും ഇന്ത്യയെ മാറ്റിമറിച്ച ധവളവിപ്ലവത്തിന്റെയും പേരാണ്.
അമൂൽ എന്നത് ഇന്ത്യയിലെ സഹകരണപ്രസ്ഥാനത്തിന്റെ പേരാണ്. മലയാളിയുടെയും ഓരോ കർഷകരുടെയും അഭിമാനമായ വർഗീസ്‌ കുര്യൻ ഒരു ജീവിതകാലം അപ്പാടെ ചെലവാക്കി പടുത്തുയർത്തിയ ആനന്ദ് മിൽക്ക് മാർക്കെറ്റിങ്ങ്‌ കോ-ഓപ്പറേറ്റിവ് എന്ന ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ പേരാണ്. ഗുജറാത്തിലെ ഒരു കുഗ്രാമത്തിലെ ഗാരേജിൽ വച്ചു ഒരു മലയാളി യുവാവ് കണ്ട മഹാവിപ്ലവസ്വപ്നത്തിന്റ പേരാണ് അമൂൽ. ഇൻഡ്യ ഒട്ടാകെ പടർന്ന ഒരൊറ്റ വിപ്ലവമേയുള്ളൂ -ധവളവിപ്ലവം. ഇന്ത്യയിലെ കുഗ്രാമങ്ങളിൽ കർഷകന് തൊഴിലും സുസ്ഥിരമായ ആദായഗ്യാരണ്ടിയും പശു പരിപാലനവും ആരോഗ്യവും പ്രദാനം ചെയ്ത ജയ് കിസാൻ എന്ന രാഷ്ട്രീയമാണ് അമൂൽ. ഒരു കുഗ്രാമത്തെ ആനന്ദ് എന്ന മാറ്റത്തിന്റെ ആധുനികപട്ടണമാക്കിയ മാറ്റത്തിന്റെ കഥയാണ് അമൂൽ.
നെസ്‌ലെ എന്ന മൾട്ടി നാഷണൽ കുത്തകയെ തോൽപ്പിച്ച ഇന്ത്യൻ ഗ്രാമീണരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച പാൽ സൊസൈറ്റികൾ എന്ന സാമ്പത്തികബദലായ സഹകരണ പ്രസ്ഥാനത്തിന്റെ പ്രതീകമാണ് അമൂൽ.
ഒരു കാലത്തു പട്ടിണി കൊണ്ട് വറുതിമുട്ടിയ ഇന്ത്യയെ ലോകത്തെ നമ്പർ വൺ പാൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യമാക്കി മാറ്റിയ ഇന്ത്യൻ ഗ്രാമീണവിപ്ലവത്തിന്റെ പേരാണ് അമൂൽ. കൊൺഗ്രസ്സ് ഇന്ത്യക്ക് വേണ്ടി എന്ത് ചെയ്തു എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് അമൂൽ. യഥാർത്ഥ ഇന്ത്യൻ വിപ്ലവം. റഷ്യയിലെ ഒക്ടോബർ വിപ്ലവത്തിന്റെ വായ്ത്താരികളും കപട വാക്ധോരണി കാല്പനികതയുമല്ല ഇന്ത്യൻ ധവള വിപ്ലവ സഹകരണ പ്രസ്ഥാനത്തിന്റെ മുഖമായ അമൂൽ.
ആ ലെഗസി ഉള്ളവരാണ് അമൂൽ ബേബിമാർ. അതുകൊണ്ടു തന്നെ, വേറിട്ട രാഷ്ട്രീയം പറയുന്ന, വേറിട്ട സ്വപ്നം കാണുന്ന ഒരു മലയാളിയുടെ ഗുജറാത്തിബദൽ സ്വപ്ന സാക്ഷത്കാരത്തിന്റെ പേരാണ് അമൂൽ ബേബി.
ഇന്ത്യയെ കൊൺഗ്രസ്സ് എങ്ങനെ മാറ്റി എന്നതിന് ഉള്ള രണ്ടു മറുപടികളാണ്. ഗുജറാത്തിലെ ആനന്ദും അഹമ്മദബാദിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും. ഒന്ന് വർഗീസ് കുര്യൻ എന്ന കേരളം ഇന്ത്യക്ക് കൊടുത്ത മഹാസംഭാവന. മറ്റത്. രവി മത്തായി എന്ന മലയാളി ഇന്ത്യൻ സംരംഭകത്വത്തിന് കൊടുത്ത സംഭാവന. ഇതിനു രണ്ടിനു പുറകിലും മലയാളികളാണെങ്കിൽ ഒരു മലയാളിയെ കല്യാണം കഴിച്ച ഗുജറാത്തിയായ വിക്രം സാരാഭായി ഇന്ത്യയെ മാറ്റി മറിച്ച ടെൿനോളജി വിപ്ലവത്തിന്റെ ആദ്യസ്വപ്നമാണ് തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്റർ. ആ തുമ്പയിൽ നിന്ന് രാഷ്ട്ര പതി ഭവൻ വരെ എത്തിയ അബ്ദുൽ കലാം എന്ന ഗ്രാമീണബാലനെ 'വാണം വിടുന്നവൻ ' എന്ന് ആക്ഷേപിച്ച അതേ മനസ്ഥിതിയാണ് രാഹുൽ ഗാന്ധിയെ പപ്പു എന്ന് വിളിപ്പിക്കുന്നത്.
ഒരിക്കൽ, കേരളത്തിലങ്ങിങ്ങും പെണ്ണുങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ വിദേശത്തെല്ലാം അതൊക്കെ ചായ കുടിക്കുന്നത് പോലെ സാധാരണമാണ് എന്ന് പറഞ്ഞു ചിരിച്ച ആൺകോയ്മായുടെ പുതിയ അവതാരമാണ് രമ്യ ഹരിദാസ് എന്ന യുവതിയെ ആക്ഷേപിച്ച വിജയ രാഘവന്റെ ഓക്കാനം വരുത്തുന്ന സ്ത്രീവിരുദ്ധത. അത് ഒരു കാലത്തും ഒരു നവോത്ഥാനമതിലുകൊണ്ടും മറക്കാനൊക്കില്ല.
അമൂൽ ബേബിയും പപ്പുവും എല്ലാം രാഷ്ട്രീയ പ്രയോഗങ്ങളാണ്.
അത് കൊണ്ട് തന്നെ രാഹുൽ ഗാന്ധി എന്ന അമൂൽ ബേബിക്കെതിരെ സംഘി ട്രോളുകൾ 'പുരോഗമന' ആവേശത്തോടെ എറിയുമ്പോൾ അറിയുക ഇന്നത്തെ ഇന്ത്യയിൽ നരേന്ദ്രമോഡിക്ക് ബദൽ പുതിയ അമൂൽ സ്വപ്നം മുന്നോട്ട് വയ്ക്കുന്നത് സുന്ദരനും ബുദ്ധിമാനുമായ, അമൂൽ പുഞ്ചിരിയുള്ള രാഹുൽ ഗാന്ധി എന്ന അമൂൽ ബേബിയാണ്. അത് കൊണ്ട് മേ ഭീ അമൂൽ ബേബി ഹും എന്ന പുതിയ ഹാഷ് ടാഗ് കണ്ടു ഗുജറാത്തിലെ ആനന്ദിനെ പോലെ ആനന്ദിക്കാം.
Because Amul is a symbol of India's pride, signifying self reliance, economic empowerment of rural India and harbinger of cooperative movement. A counter narrative to crony capitalism. Amul is the name of an alternative. Hence say I am an Amul Baby too !!
# I am an Amulboy too.
Share an alternative dream. The choice is between politics of hate and politics of hope. India needs politics of hope. So share this politics of hope for every Indian. Share and spread hope. Smile like an Amul Baby. 
ജെ എസ് അടൂർ

No comments: