Sunday, May 5, 2019

സ്വത വാദികളും വർഗീയ വാദികളും നവ യഥാസ്ഥികരും


എല്ലാ മതങ്ങളിലും ജാതികളിലും പുതിയ സ്വത വാദികളും വർഗീയ വാദികളും നവ യഥാസ്ഥികരും പല കാരണങ്ങളാൽ പല അളവിൽ പല തരത്തിൽ പല തലത്തിൽ വളരുന്നുണ്ട്..അതിന് അനുസരിച്ചു വിഭാഗീയതകളും . ഇതിന് ഒരു വലിയ പരിധി വരെ വെള്ളവും വളവുമിട്ടുകൊടുക്കുന്നത് ഒഴുക്കിന് ഒത്തു നീന്തുന്ന മാധ്യമങ്ങളും നവ മാധ്യമങ്ങളുമാണ് . അവർ കാഴ്ചക്കാരുടെ എണ്ണം കൂട്ടാനും ഹിറ്റുകൾ കൂട്ടാനും ഉള്ള കച്ചവടത്തിന് അപ്പുറം സാമൂഹിക ഉത്തരവാദിത്തമോ ഫോർത് എസ്റ്റേറ്റെറ്റ് എന്ന നൈതീക സാമൂഹിക ഉത്തരവാദിത്തവും ഇല്ലാതെ പരസ്യ -വാർത്ത വിനിമയ വ്യപാര സ്ഥാപനങ്ങൾ മാത്രമായിരിക്കുന്നു . പലപ്പോഴും വിഭാഗീയ വർഗീയ ചേരു തിരിവികൾക്ക് എരിതീയിൽ എണ്ണ ഒഴിക്കുന്നത് നമ്മൾ കണ്ടു . രാഷ്ട്രീയപാർട്ടികൾ അടിസ്ഥാന പ്രത്യശാസ്ത്രവും സാമൂഹിക സാമ്പത്തിക ,പാരിസ്ഥിതിക പ്രശ്നങ്ങളൊക്കെ പതിയെ മാറ്റി വച്ച് നാട് ഓടുമ്പോൾ നടുവേ ഓടി വോട്ടിന് ഓടി എങ്ങനെയെങ്കിലും കൂടുതൽ വോട്ട് നേടി ഭരണത്തിൽ കയറുക എന്നതിന് ഉപരി വലിയ സാമൂഹ്യ മാറ്റ അജണ്ടയില്ലാത്ത സ്റ്റാറ്റസ് -ക്വോ അധികാര സ്ഥാപനങ്ങളും അതിന്റെ അനുചരന്മാരും ആയിരിക്കുന്നു .
ഈ അവസരത്തിൽ പല ജാതി മത പാർട്ടികളിൽ ഉള്ളവർ മറ്റുള്ളവരുടെ കണ്ണിലെ കരടിനെ ചൂണ്ടി കാണിക്കാനുള്ള വെമ്പലിൽ സ്വന്തം കണ്ണിലെ കോൽ കാണാറില്ല .അതാത് സമുദായത്തിൽ രഹസ്യമായോ പരസ്യമായോ സത്വ വാദവും അതിനെ ന്യായീകരിക്കുവാനും കഴിയുന്നവർക്ക് ഇന്ന് അതാത് സമുദായത്തിൽ കൂടുതൽ സ്വീകാര്യതയുണ്ട് എന്ന സ്ഥിതിയിലായിരിക്കുന്നു . .ഫേസ് ബുക്കിൽ ഇന്ന് ജാതി തിരിച്ചും സമുദായം തിരിച്ചും സഭ , പാർട്ടി തിരിച്ചും ക്ലോസ്ഡ് ഗ്രൂപ്പുകൾ ഉണ്ട് .അത് പോലെ വാട്സ് ആപ് ഗ്രൂപ്പുകളും . ഈ ഗ്രൂപ്പുകളിലെ ചർച്ചകൾ ഒരു പരിധി വരെ പലതും വെറുപ്പ്‌ പരത്തുന്നവയും വിഭാഗീയത കൂട്ടുകയും വർഗീയ ചേരി തിരുവകൾ കൂട്ടുകയും ചെയ്യുന്ന ഇടങ്ങളാണ് എന്നത് കേരളമെത്തിപെട്ടിരിക്കുന്ന വല്ലാത്ത അവസ്ഥയെ കാണിക്കുന്നു .
മുസ്ളീം സമുദായത്തിൽ നവ യാഥാസ്ഥിക കാഴ്ചപ്പാടും തീവ്ര മത മൗലീക വാദവും ഉണ്ടായി തുടങ്ങുമ്പോൾ അതിനെ പ്രതിരോധിച്ചു സമുദായത്തെ വിശ്വാസങ്ങൾക്കുള്ളിൽ തന്നെ നവീകരിക്കുവാൻ ആഹ്വാനം ചെയ്യുന്ന ഒരുപാട് പേരുണ്ട് . അവരിൽ പലരെയും നേരിട്ടറിയാം . അതിൽ നേരിട്ടറിയാത്ത ഒരാൾ ആണ് എം ഇ എസ്സിലെ ഡോ ഫസൽ ഗഫൂർ .അദ്ദേഹം മുഖം മറക്കുന്നതിന് എതിരെ എടുത്ത നിലപാട് അത് കൊണ്ട് തന്നെ പ്രസക്തമാണ് . ഇത് പോലെ പല തരം വർഗീയ സത്വ വാദങ്ങൾ ക്രിസ്ത്യൻ സഭകളിലുമുണ്ട് .അത് കന്യാസ്ത്രീകളുടെ സമരത്തോടുള്ള പ്രതീകരണങ്ങളിലും പാത്രീയാർകീസ് -ഓർത്തോഡോക്സ് സഭ വഴക്കുകളിലും സവർണ്ണ ക്രിസ്ത്യാനികളിലെ സവർണ്ണ മേധാവിത്ത വർഗീയ രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യത്തിലും എല്ലാം കാണാം .അത് കൊണ്ട് തന്നെ അതിനെ ഉള്ളിൽ നിന്ന് വിമർശിച്ചു സമുദായ നവീകരണം നടത്തുവാൻ ചരിത്ര സാമുദായിക നൈതീക ബോധമുള്ള ക്രിസ്ത്യാനികൾ ചെയ്യണ്ടതാണ് ..
ഹിന്ദു ജാതി മേധാവിത്ത വർഗീയതക്ക് എതിരെ ചെറുത്തു നിൽപ്പ് നടത്തുന്നതിൽ ബഹു ബഹു ഭൂരിപക്ഷവും ഹിന്ദുക്കൾ ആണെന്നത് കൊണ്ട് മാത്രമാണ് ഇന്ത്യ ഇന്നും ഒരു ജനാധിപത്യ രാഷ്ട്രമായി എന്തൊക്കെ കുഴപ്പങ്ങൾ ഉണ്ടെങ്കിലും നില കൊള്ളുന്നത് .
ഭൂരി പക്ഷ വറ്ഗ്ഗീയതയും ന്യൂന പക്ഷ വർഗീയതയും പരസപരം ഭയപ്പെടുത്തി പരിപോഷിപ്പിച്ചാൽ നമ്മുടെ നാട് കുട്ടിച്ചോറാകും .അത് കൊണ്ട് തന്നെ ന്യൂന പക്ഷ വിഭാഗങ്ങളിൽ വളരാൻ നോക്കുന്ന മത മൗലീക തീവ്ര വാദങ്ങളുമായി ഒത്തു തീർപ്പുണ്ടാക്കുന്നത് അപകടകരമാണ്. ഇത്‌ തിരിച്ചറിയുവാനുള്ള രാഷ്ട്രീയ ചരിത്ര വിദ്യാഭ്യസ സാമൂഹിക ബോധമുണ്ട് എന്നതാണ് ഡോ ഫസൽ ഗഫൂറിനെ വ്യത്യസ്തനാക്കുന്നത് . അദ്ദേഹം എടുത്ത നിലപാട് അത് കൊണ്ട് തന്നെ പ്രസക്തമാണ് .അത് പോലെ മോഡറേറ്റ് നിലപാട് മുസ്ലീ ലീഗ് എടുത്തത് കൊണ്ടാണ് എത്ര പല മത തീവ്ര വാദികളും ശ്രമിച്ചിട്ടും കേരളത്തിൽ വെറുപ്പിന്റെ ജിഹാദി പ്രത്യയശാസ്ത്രം വേരു പിടിക്കാഞ്ഞത് .
ഇത് കേരളമാണ്. ജാതിക്കും മതത്തിനും സമുദായത്തിനും അപ്പുറം നമ്മൾ എല്ലാവരും ഈ മലയാള നാടിനെയും ഇവിടുത്തെ മനുഷ്യരെയും ഒരു പോലെ തുല്യരായി കണ്ട് പരസ്പരം വിശ്വസിക്കുവാനും , ബഹുമാനിക്കുവാനും സ്നേഹിക്കുവാനും കഴിയുന്ന മനുഷ്യരാകണം .നമ്മുടെ ഓരോടുത്തരുടേയും കണ്ണിലെ കോലെടുത്തു തുടങ്ങുമ്പോൾ അന്യന്റെ കണ്ണിലെ കരട് മാറും . സ്വയം വിമർശനം നമ്മളിൽ ഓരോരുത്തരിലും നിന്ന് തുടങ്ങണം . മാറ്റം നമ്മളിൽ ഓരോരുത്തരുടെ മനസ്സിലും പിന്നെ വീട്ടിലും പിന്നെ സമുദായത്തിലും പിന്നെ നാട്ടിലുമാകണം . തെറ്റ് എവിടെ കണ്ടാലും തെറ്റാണ് എന്ന് പറയുന്നവർ കൂടുമ്പോൾ സമൂഹം മാറും . മാറ്റണം .കേരളത്തിൽ സർവ വ്യാപിയായ ഒരു നവീകരണത്തിന് നേരമായി .
ജെ എസ് അടൂർ .

No comments: