Sunday, May 5, 2019

ഓൺലൈൻ മാധ്യമ കടമ്പകൾ : മറുനാടൻ ബിസിനസ് മോഡൽ

27 April 2019
കേരളത്തിലും ഇന്ത്യയിലും ഉള്ള കോർപ്പറേറ്റ് മാധ്യമങ്ങൾ നിലനിൽക്കുന്നത് കോർപ്പറേറ്റ് പരസ്യം കൊണ്ടും സർക്കാർ പരസ്യം കൊണ്ടുമാണ് . പെയ്ഡ് ന്യൂസ് ഇന്ന് പലപ്പോഴും ഡീലുകളുടെ ഭാഗമാണ് . എല്ലാ പത്രങ്ങളും ടി വി ചാനലുകളും ഇന്ന് മാധ്യമ കച്ചവടത്തിന്റെയോ രാഷ്ട്രീയ പ്രചാരണത്തിന്റെയൊ ഭാഗമാണ് . കേരളത്തിൽ ഒരു പക്ഷെ ഇത്രമാത്രം ജാതി മത ചിന്തകൾ വളർത്തിയത് ഇവിടുത്തെ പത്രങ്ങളും ടി വി യുമാണ് . പുരോഗമനം എന്നും നവോത്‌ഥാനം എന്നും നാഴികക്ക് നാല്പത് പ്രാവശ്യം പറയുന്നവരാണ് ഏലസ്സ് കച്ചവടവും അത്ഭുത രോഗശാന്തിയും പൊങ്കാലയും എല്ലാം വിറ്റു കാശാക്കുന്നത് .
മറുനാടൻ എന്ന ഓൺ ലൈൻ മാധ്യമത്തെ തുടക്കം മുതൽ വീക്ഷിക്കുന്നു . അതിന്റ ബിസിനസ് മോഡൽ പല തരത്തിലും ബദൽ മോഡലാണ് . കേരളത്തിലെ കോർപ്പറേറ്റ് പാർട്ടി മീഡയ സീനിൽ ഒരു ഓൺലൈൻ ഒറ്റക്ക് പിടിച്ചു നിൽക്കണമെങ്കിൽ പാടാണ് . ഇക്കാര്യത്തിൽ പിടിച്ചു നിന്നതും പിടിച്ചു നിൽക്കുന്നതും മറുനാടനാണ് .അതിന് ഒരു കാരണം ഷാജൻ സ്കറിയ എന്നയാൾ ' തോൽക്കാൻ എനിക്ക് മനസ്സില്ല ' എന്ന മട്ടിൽ 24x7 ഒരു അഗ്രെസ്സിവ് സംരംഭകനായി പണി ചെയ്യുന്നു എന്നതാണ് .
ഹിറ്റ് കൂട്ടാൻ ഷാജൻ പഠിച്ച പണി പതിനെട്ടും നോക്കും . അതിനോട് പലതിനോടും പലർക്കും യോജിക്കുവാനാകില്ല .കുറെ പേർക്ക് തികഞ്ഞ വിയോജിപ്പ് കാണും ..ഷാജൻ പല സമയത്തു പല സെഗ്‌മെന്റിനെ ടാർജറ്റ് പല രീതിയിൽ പല ട്രിക്കുകൾ പരീക്ഷിക്കും .മുഖ്യധാര മാധ്യമങ്ങൾ മുക്കുന്ന വാർത്തകൾ പോക്കും . പ്രമുഖരെ ടാർജറ്റ് ചെയ്യും . ഫ്രാങ്കോയോട് ദാക്ഷണ്യം ഇല്ലാതെ ടാര്ഗറ്റ്‍ ചെയ്യും .. നിറം മാറ്റി മാറ്റി കളിക്കും .സോഷ്യൽ മീഡിയയെ ഉപയോഗിക്കും . ഷാജനെ ഒരു ' ഗോ ഗെറ്റെർ ' അഗ്രെസ്സിവ് ന്യൂ മീഡിയ സംരംഭകനായാണ് കാണുന്നത് . അതിൽ മഴയോടും മലയിടിച്ചിലിനോടും മലേറിയയോടും വന്യ മൃഗങ്ങളോടും പടവെട്ടി പിടിച്ചു കയറി വിജയിക്കാൻ ഉറച്ച ഒരു കുടിയേറ്റ കർഷകനെകാണാം .
മിക്കവാറും എല്ലാ പത്രങ്ങളും കേരളത്തിൽ പച്ച പിടിച്ചത് പല വേലകൾ കാണിച്ചു തന്നെയാണ് .മറു നാടൻ എന്ന് പേരു തന്നെ ഒരു മാധ്യമത്തിന് പറ്റിയ സെക്സി പേരല്ല .അത് കൊണ്ട് തന്നെ പേരിലും പ്രവർത്തിയിലും അട്ടിമറി എന്ന തന്ത്രമാണ് ഷാജൻ പയറ്റുന്നത് .ഷാജൻ ഈ രംഗത്ത് മറുനാടൻ എന്ന പേരു പോലെ തന്നെ ഒരു 'outsider ' തന്ത്രമാണ് പയറ്റുന്നത് . അത് ഒരു വ്യത്യസ്ത അവിയൽ മോഡലാണ് .ഒരു തലത്തിൽ റിബൽ .വേറൊരു തരത്തിൽ മുഖ്യ ധാരയെ പകർത്തൽ, മറ്റൊരു തലത്തിൽ ഇക്കിളി .മറ്റൊരു തലത്തിൽ ആക്ടിവിസ്റ്റ് ജേണലിസം . സീരിയസ്സും സിനിക്കലും. സീരിയസ് എവിടെ അവസാനിക്കുന്നു എന്നോ ട്രിവിയ എവിടെ തുടങ്ങുന്നുവെന്നോ പറയാനാകാത്തയൊന്നാണ് . എല്ലാമാണ് . ഇടക്ക് ഒഴുക്കിന് എതിരെ നീന്തും . ചിലപ്പോൾ തിരിഞ്ഞു ഒഴുക്കിന് ഒപ്പം നീന്തും . നീന്തു അറിയാവുന്നത് കൊണ്ട് കര പറ്റും . മലയാളത്തിലെ ഏറ്റവും നല്ല പുസ്തക റിവ്യൂ പ്രസിദ്ധീകരിക്കുന്ന മറു നാടൻ തനി നിറം ലൈനോ, വാർത്ത തലക്കെട്ടും അല്പം മസാലയും ചേർത്ത റീ സൈക്‌ളിംഗോ അല്ലെങ്കിൽ ' പോടാ പുല്ലേ ' എന്ന ലൈനോ ഒക്കെ പിന്തുടരും . സോഷ്യൽ മീഡിയയെ സസൂക്ഷമം വീക്ഷിക്കുന്ന ഷാജൻ വൈറൽ ആകാൻ സാധ്യതയുള്ള പോസ്റ്റുകൾ ആദ്യമേ പോക്കും . ഈ മസാല അവിയൽ മോഡൽ പല ചേരുവയിൽ ഷാജൻ പരീക്ഷിക്കും . ഇന്ന് വെണ്ടക്കയാണെങ്കിൽ .നാളെ അത് വഴുതനങ്ങയോ .മറ്റെന്നാൾ കുംബ്ലങ്ങയോ ആകാം . എന്തായാലും ഹിറ്റ് മേളിലോട്ട് പോയി . മറുനാടനിൽ വന്നാൽ മറ്റ് മുഖ്യധാരാ മാധ്യമങ്ങളെക്കാൾ വായനക്കാരുണ്ടാകും എന്ന് ഷാജൻ തെളിയിച്ചതും ഈ അവിയൽ മോഡലിന് വിജയിക്കാൻ ഇടം നൽകി . കാര്യങ്ങൾ ആരൊക്കെ എന്ത് പറഞ്ഞാലും ഷാജന്റെ ഇൻസ്റ്റന്റ് റെസ്പോൺസ് ക്ലിക്കായതിന് ഒരു കാരണം അയാളുടെ സ്‌ക്രീൻ പ്രെസൻസാണ് .
ഇതിലെല്ലാം ഷാജൻ കണ്ണ് വയ്ക്കുന്നത് ഗൂഗിൾ യു ട്യൂബ് ഓൺലൈൻ പരസ്യങ്ങളാണ് . ഓരോരുത്തരും ഷാജനെയും മറുനാടനെയും ചീത്ത വിളിക്കുന്തോറും നെഗറ്റിവ് പബ്ലിസിറ്റിയിൽ വളർന്ന ഒന്നാണ് മറുനാടൻ . പല പത്രക്കാർക്കും ഷാജനോട് ഉള്ളത് ഒരു ഗ്രേഡ്‌ജിങ് അട്മിറേഷനാണ് . അതിന് ഒരു കാരണം പത്രക്കാരിൽ സംരംഭകർ കുറവാണ് . ഷാജന്റെ ബിസിനസ് മോഡൽ വിജയിക്കാൻ ഒരു കാരണം
അയാൾ 24x7 എന്ന രീതിയിൽ ടോട്ടൽ ഡെഡിക്കേറ്റഡ് പണി ചെയ്യുന്ന ആരെയും കൂസാത്ത പ്രകൃതമായതിനാലാണ് .
.മറു നാടൻ ഒരു സക്സസ് ഫോര്മുലയാകുന്നതിന്റെ മുന്നെയാണ് ഞാൻ ഷാജനെ.കാണുന്നത് .കേരളത്തിലെ ഒരു സീനിയർ പത്ര പ്രവർത്തകനാണ് പരിചയപ്പെടുത്തിയത് . ഷാജൻ ബ്ളാക് മെയിൽ ചെയ്ത് കാശു വാങ്ങും എന്ന് പലരും പറഞ്ഞു പരത്തി ..അതിൽ ഒരു തരി സത്യവും ഇല്ല എന്നതാണ് ഈ കാര്യങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്ന എന്റെ ബോദ്ധ്യം . ഷാജനെ നേരിട്ട് അറിയാവുന്നർക്ക് മനസ്സിലാകും അയാളുടെ ആരെയും കൂസാത്ത പ്രകൃതം അതിന് പറ്റിയതല്ല എന്ന് . അയാൾക്ക് വേണ്ടുവോളം ഉള്ളത് ഒരു ഗോ ഗേറ്റർ കില്ലെർ ഇൻസ്റ്റിക്ടാണ് എന്ന് തോന്നിയിട്ടുണ്ട് . അത് പണ്ട് വേണ്ടുവോളം ഉണ്ടായിരുന്നവരാണ് ഇന്ന് കേരളത്തിലെയും ഇന്ത്യയിലെയും പല സംരംഭകരും .
You can totally disagree with Marunadan . You can totally disagree with Shajan . But now you can't simply ignore him or his online entrepreneurial venture .
കാരണം ഇന്ന് കേരളത്തിലും ഇന്ത്യയിലും ഉള്ള ഓൺലൈൻ ന്യൂസ് സൈറ്റുകളിൽ 99% ഓടുന്നത് പൈസ ഉള്ള സംഘടനകളോ ആളുകളോ സ്പോൺസർ ചെയ്യുന്നത് കൊണ്ടാണ് . കേരളത്തിലും സ്ഥിതി അത് തന്നെ .
ഇന്ത്യയിൽ ഇരുപത് കൊല്ലം മുമ്പ് ഓൺലൈൻ മാധ്യമം എന്ന ആശയവുമായി ഇറങ്ങിയ ആളാണ് ഞാൻ . പതിനായിരം രൂപ മുതൽ മുടക്കിൽ ഞാനും times of india യിലെ സീനിയർ ജേണലിസ്റ്റ് ആയിരുന്ന ഹ്യൂതോഷി ഡോക്ട്ടരും ഒരുമിച്ചു പൂനയിൽ തുടങ്ങിയതാണ് ഇൻഫോചെയിഞ്ചു . പ്രതി ദിനം ഏതാണ്ട് ഒരു ലക്ഷം ഹിറ്റുകൾ ഉണ്ടായിരുന്നു . വളരെ സീരിയസായ കണ്ടന്റ് .പക്ഷെ അന്ന് ഗൂഗിൾ ആഡ് ഇല്ലായിരുന്നു . പിന്നീട് ഞങ്ങൾ പിടിച്ചു നിന്നത് ഇൻഫോചേഞ്ചു കൺസൾട്ടിങ് ഗ്രൂപ് തുടങ്ങി ക്രോസ്സ് സബ്‌സിഡി മോഡൽ കൊണ്ടാണ് .കുറെ കഴിഞ്ഞപ്പോൾ ടാറ്റാ ട്രസ്റ്റ്‌ സഹായിച്ചു . എന്നാൽ ഏതാണ്ട് 18 കൊല്ലം നടത്തിയ (www.infochangeindia.org) ഇന്ന് നടത്തി കൊണ്ട് പോകുവാൻ ഒരു റെവന്യൂ മോഡൽ ഇല്ല . ഒരു പക്ഷെ ഞാൻ 24x7 എന്ന രീതിയിൽ ഞാൻ നിന്നിരുന്നു എങ്കിൽ അത് ഇന്ത്യയിലെയും ലോകത്തെയും ഒരു സക്സസ് മോഡൽ ആയിരുന്നേനെ . ഇപ്പോൾ ഞങ്ങൾ ആർക്കൈവ് കാത്തു സൂക്ഷിക്കുന്നു . വീണ്ടും ചിലപ്പോൾ ഞാൻ രംഗത്ത് ഇറങ്ങും .
ഏത് സംരംഭം ആണെങ്കിലും അത് വിജയിക്കുവാൻ ഊണിലും ഉറക്കത്തിലും അതിനെ ധ്യാനിച്ചു നൂറു ശതമാനം തോൽക്കാൻ എനിക്ക് മനസ്സില്ല എന്ന ഫുൾ പാഷനിൽ പോയേലേ വിജയിക്കുകയുള്ളൂ . അത് രാഷ്ട്രീയമായാലും അത് തന്നെ . Entrepreneurial energy ഇല്ലാത്തവർക്ക് പിടിച്ചു നിൽക്കാനാകില്ല .കാരണം എല്ലാ സംരംഭകങ്ങളും ഒരു മാരത്തോൺ ആണ് . ഉടനടി നടക്കുന്ന സ്പ്രിന്റല്ല
ഇന്ന് ഒരു ഓൺലൈൻ മീഡിയ കടമ്പയിൽ പിടിച്ചു നിൽക്കാൻ എളുപ്പമല്ല .അവിടെ ഇത്രയും നാൾ കേരളത്തിൽ അമ്പതിൽ അധികം പത്ര പ്രവർത്തകരുമായി പിടിച്ചു നിൽക്കുന്നു എന്നത് ചെറിയ കാര്യമല്ല . അതിനുള്ള 24x7 ഡെഡിക്കേഷനും തോൽക്കാൻ തനിക്ക്‌ മനസില്ല എന്ന സമീപനവുമാണ് ഷാജനെ വ്യത്യസ്തനാക്കുന്നത് . You can hate him . You may totally disagre with his changing political positions . But no longer possible to ignore him.അതാണ് അവരുടെ മാധ്യമ തന്ത്രവും പ്രസക്തിയും .അതും ഒരു ബിസിനസ് മോഡലാണ് .
പക്ഷെ ഏതൊരു സംരംഭവും സസ്‌റ്റൈനബിൾ ആകുന്നത് അതിന്റ സ്ഥാപക സംരംഭകനെ അതിജീവിച്ചു സ്വന്തമായ സ്വത്വവും ജീവനും ഉണ്ടാകുമ്പോഴാണ് .അതാണ് ഒരു വ്യക്തി കേന്ദ്രീകൃത സംരംഭക മോഡലും ഒരു സംരംഭക സ്ഥാപന വ്യവസ്ഥയും തമ്മിലുള്ള വ്യത്യസം .ആദ്യത്തേത് കോട്ടേജ് ഇൻഡസ്ട്രി . രണ്ടാമത്ത്ത് വ്യവസ്ഥാപിത സംരംഭക ബ്രാൻഡ് . മറുനാടന് ഷാജനെ അതി ജീവിക്കാൻ കഴിഞ്ഞാൽ അത് കേരള മാധ്യമ രംഗത്തെ ഒരു ബിസിനസ് മോഡലാകും .അതിന് മറുനാടന് കഴിയുമോ ?
ജെ എസ് അടൂർ

No comments: