Sunday, May 5, 2019

തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അജണ്ട സെറ്റ് ചെയ്യുന്നത് ആരാണ്? എങ്ങനെ?


കേരളത്തിലെ തിരെഞ്ഞെടുപ്പ് പ്രചാരത്തിലും വ്യവഹാരത്തിലും ഉള്ള പ്രധാന പ്രശ്‌നം ആരാണ് എന്താണ് തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അജണ്ട സെറ്റ് ചെയ്യുന്നത് എന്നതാണ്. ഇത് കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മനസ്ഥിതി ചെന്ന്പെട്ടിരിക്കുന്ന വല്ലാത്ത ഒരു അവസ്ഥയെആണ് കാണിക്കുന്നത്.
കഴിഞ്ഞ ചില വര്ഷങ്ങളായി ജനങ്ങളെ ബാധിക്കുന്ന ജീവിത പ്രശ്നങ്ങളോ, സാമ്പത്തിക പ്രതി സന്ധികളോ, ഏറി വരുന്ന സാമൂഹിക സാമ്പത്തിക അസാമാനതകളോ, വിലകയറ്റുമോ, പരിസ്ഥിതി പ്രശ്നങ്ങളോ തിരെഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമകാറില്ല. കഴിഞ്ഞ കുറെ വര്ഷങ്ങളായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ആയുധം നെഗറ്റീവ് ക്യാമ്പയ്‌നിങ്ങാണ്.
ഒരു രാഷ്ട്രീയ കക്ഷി എന്ത് ചെയ്യാൻ പോകുന്നു എന്നതിലുപരി എതിർ കക്ഷി എന്ത് ചെയ്തില്ല അല്ലെങ്കിൽ ചെയ്യുന്നു എന്നതും എതിർ സ്ഥാനാർത്ഥികളെ എത്ര മാത്രം വ്യക്തി പരമായും രാഷ്ട്രീയമായും ഇകഴ്ത്താമോ എന്നതിലാണ് ഫോക്കസ്. പിന്നെ വാക്കുകളിലും വിനിമയ വ്യവഹാരങ്ങളിലും നിറഞ്ഞു കൊണ്ടിരിക്കുന്ന അസഹിഷ്ണുതയും അക്രമ സ്വഭാവവും. പരസ്പരം സാമൂഹിക മാധ്യമങ്ങളിൽ കാണുന്ന തെറി വിളിയും പരസ്പരം കല്ലെറിയലും, വ്യത്യസ്ത അഭിപ്രായമുള്ളവരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നതും എല്ലാം വളരെ സിനിക്കലായ അസഹിഷ്ണുത കൂടി വരുന്ന ഒരു സമൂഹത്തിന്റെ നേർ കാഴ്ച്ചയാണ്.
ഹിന്ദുത്വ സവർണ്ണാധി പത്യ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വിജയം അവർക്ക് പ്രധാന രാഷ്ട്രീയ വ്യവഹാര റഫറൻസ് പോയിന്റ് ആകുവാൻ സാധിച്ചു എന്നതാണ്. കേരളത്തിലെ തിരെഞ്ഞെടുപ്പിൽ ബി ജെ പി ക്ക് സീറ്റ് കിട്ടിയില്ലെങ്കിലും ഇന്ന് അവരാണ് അജണ്ട സെറ്റ് ചെയ്യുന്നത്. മറ്റ് കക്ഷികൾ ആ അജണ്ടകളോട് പ്രതീകരിക്കുന്ന ഒരു റിയാക്റ്റിവ് മോഡിലാണ്.
ഇതിന് ഒരു കാരണം ഇന്ത്യയിലെ തിരെഞ്ഞെടുപ്പ് അധികാര രാഷ്ട്രീയത്തിൽ ബി ജെ പി ക്കും നരേന്ദ്രമോദി -അമിത് ഷാ കൂട്ട് കച്ചവടത്തിന്റെ അപ്രമാദിത്തമാണ്. രണ്ടാമത്തെ കാരണം ഇന്ന് തിരെഞ്ഞെടുപ്പ് രാഷ്ട്രീയം സ്വത രാഷ്ട്രീയം (identity )മാത്രമായി ചുരുങ്ങികൊണ്ടിരിക്കുന്ന അവസ്ഥ. ഓരോ രാഷ്ട്രീയ പാർട്ടിയും സീറ്റു നിർണ്ണയിക്കുന്നതും കൊടുക്കുന്നതും അതാത് മണ്ഡലത്തിലെ ജാതി -മത സ്വത്ത അടിസ്ഥാനത്തിലുള്ള ജനസംഖ്യ അനുപാതത്തിലാണ്. മതേതര പുരോഗന രാഷ്ട്രീയം പറയുമ്പോഴും സ്ഥാനാർഥി നിർണയം ജാതി -മത സ്വതത്തിന്റെ അടിസ്ഥാനത്തിലാണ്. അതിൽ പ്രത്യയ ശാസ്ത്ര ബോധ്യങ്ങൾക്ക് ഒന്നും വലിയ കാര്യമില്ല.
അത് കൊണ്ട് തന്നെ വോട്ട് പിടിക്കുന്നതിലും പ്രചാരണത്തിലും ഉള്ള പ്രധാന സബ് ടെക്സ്റ്റ് ജാതി മത മനസ്ഥിതികളാണ്. പ്രധാന ടെക്സ്റ്റ് പലപ്പോഴും അതത് സ്ഥാനാര്ഥികളെ പുകഴ്ത്തുന്നതിലും എതിർ സ്ഥാനാർത്ഥിയെ എത്രമാത്രം ഇകഴ്ത്തുന്നതിലുമാണ്. പ്രത്യയ ശാസ്ത്ര വിഷയങ്ങളോ മറ്റ്‌ ജനകീയ പ്രശ്ങ്ങളോ അധികം ചർച്ചയിൽ കാണുന്നില്ല.
ഇതിന് ഒരു കാരണം ടി ആർ പി യിൽ കണ്ണും നട്ടിരിക്കുന്ന ടി വി മാധ്യമങ്ങൾ അന്നന്നത്തെ അത്താഴത്തിനുള്ള വകക്കുള്ള അന്തിചർച്ചകൾക്കായി തിരെഞ്ഞെടുപ്പ് രാഷ്ട്രീയ വ്യവഹാരത്തെ ചുരുക്കി. അപ്പോൾ അതിന് അനുസരിച്ചു പ്രതീകരിക്കുവാൻ രാഷ്ട്രീയ പാർട്ടികൾ നിർബന്ധിതരാകുന്നു ഇന്ന് ടി വി മാധ്യമങ്ങളിൽ ഒട്ടു മിക്കതും ഒരു വെസ്റ്റഡ് ഇന്റസ്റ്റഡ് നെറ്റ്വർക്കിന്റെ ഭാഗമാണ്. പലപ്പോഴും സാമ്പത്തിക വരേണ്യ വിഭാഗത്തിന്റെയും അധികാര കക്ഷി രാഷ്ട്രീയ വരേണ്യരുടെയും കൂട്ട് കച്ചവടത്തിന്റെ അടയാളങ്ങളായി കോർപ്പറേറ്റ് മാധ്യമ താല്പര്യങ്ങൾ. ഭരണ പാർട്ടികൾക്ക് സർക്കാർ ചിലവിൽ പരസ്യങ്ങൾ ഇഷ്ട്ടം പോലെ നൽകി ഇന്ന് മുഖ്യധാര മാധ്യമങ്ങളെ കൈയിലെടുക്കാൻ കഴിയും. ഇന്ന് ഈ സാധ്യതകൾ എല്ലാം ഇഷ്ട്ടം പോലെ ഉപയോഗിക്കുന്നത് മോഡിയും സവർണ്ണാധിപത്യ രാഷ്ട്രീയ താല്പര്യങ്ങളും അതിന് പുറകിലത്തെ ശിങ്കിടി മുതലാളിത്ത താല്പര്യങ്ങളുമാണ്.
അതൊക്കെ കൊണ്ട് തന്നെ സംഘ പരിവാർ കേരള രാഷ്ട്രീയത്തിലെ റെഫെറെൻസ് പോയിന്റായി മാറിയിരിക്കുന്നു. അത് സീറ്റ് കിട്ടുന്നതിലും അപകടകരമായ സാമൂഹിക മനസ്ഥിതിയിലേക്കാണ് കേരളത്തിനെ കൊണ്ട് പോകുന്നത്.
ഇന്ന് കേരളത്തിൽ പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം ഒരു അതി ജീവന പ്രതി സന്ധിയെ നേരിടുകയാണ്. അവരിൽ പലരും സെല്ഫ് ഡിനേയൽ മോഡിലാണെങ്കിലും കാലിനടിയിലെ മണ്ണ് തെന്നിമാറുന്നത് നേതാക്കളിൽ പലർക്കും അറിയാം. ചെറുപ്പക്കാർക്ക് കക്ഷി രാഷ്ട്രീയത്തിൽ താല്പര്യം കുറഞ്ഞു കുറഞ്ഞു ഇല്ലാതാകുന്ന അവസ്ഥ. അതുപോലെ കക്ഷി രാഷ്ട്രീയം ഭരണ അധികാര അകത്തളങ്ങളിൽ എത്തുവാനുള്ള ഒരു കരിയർ ഉപാധി മാത്രമായി ചുരുങ്ങി തുടങ്ങുമ്പോൾ പ്രത്യയ ശാസ്ത്ര പ്രകടന വാചോപടങ്ങളെ പറയുന്നവരും കേൾക്കുന്നവരും ഗൗരവമായി എടുക്കാത്ത അവസ്ഥ.
തിരെഞ്ഞെടുപ്പ് രാഷ്ട്രീയ ഗോദയിലുള്ള കേരളത്തിലെ പരമ്പരാഗത പാർട്ടികൾ അതിജീവന യുദ്ധത്തിലാണ്. കേരളത്തിൽ അംഗസംഖ്യയിൽ മുന്നിൽ നിൽക്കുന്ന സി പി എം നു കേരളത്തിൽ മുന്ന് ലക്ഷം അംഗങ്ങളും വിപുലമായ ഒരു ഇന്സ്ടിട്യൂഷനൽ നെറ്റ്വർക്കുമുണ്ട്. മൂന്ന് ലക്ഷം എന്നത് ജനസംഖ്യയിൽ കേവലം ഒരു ശതമാനത്തിൽ താഴെ . പക്ഷെ ആ പാർട്ടിക്ക് പോലും ഒറ്റക്ക് നിന്നാൽ എത്ര ശതമാനം വോട്ട് കിട്ടുമെന്ന് കണ്ടറിയണം. അഖിലേന്ത്യ തലത്തിൽ അത് ജീവന്മരണ അതിജീവനത്തിലാണ്. ബംഗാളിലും ത്രിപുരയിലും അടിത്തറഇളകി താഴെ വീണ അവസ്ഥ. വോട്ട് ശതമാനം മൂന്നിൽ താഴെ പോകുന്ന അവസ്ഥ. പാർലമെന്റിൽ ഒറ്റ സംഖ്യയിൽ ആയ അവസ്ഥ.
ഇന്ത്യയിലേ പരമ്പാഗത പാർട്ടിയായ കോൺഗ്രസിന്റെ അവസ്ഥ ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാനാകാത്ത അവസ്ഥ. അധികാരത്തിൽ ഇരുന്ന തഴമ്പ് പിടിച്ച നേതാക്കൾക്ക് പലപ്പോഴും അധികാരമില്ലതെ പിടിച്ചു നിൽക്കുവാൻ കഴിയാതെ വരുമ്പോൾ അവനവിസ അതി ജീവനത്തിലേക്ക് ചുരുങ്ങി ഭരണ അധികാര ശീതളിമക്ക് വേണ്ടി ഏത് ചെകുത്താന്റെ കൂടെ കൂടാൻ മടിയില്ലാത്ത നേതാക്കൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ കൂടുതലുള്ള പാർട്ടിയായി കൊണ്ഗ്രെസ്സ് എത്തിചേർന്നു നിൽക്കുന്ന പരിതാപകരമായ അവസ്ഥ. അവിടെ മഹാത്മ ഗാന്ധിയുടെ രാഷ്ട്രീയ ധാര്മികതയോ നെഹ്റുവിയൻ പ്രത്യയ ശാസ്ത്രമോ ഒന്നുമല്ല വിഷയം നേതാക്കൾക്ക് ഭരണ അധികാര സന്നാഹങ്ങൾക്കരികിൽ എത്തുവാനുള്ള അതിജീവന ഓട്ടപാച്ചിലാണ്. പിന്നെയുള്ള പാർട്ടികൾ പലതും എങ്ങനെയെങ്കിലും പിടിച്ചു നിൽക്കുവാനുള്ള തത്രപ്പാടിലാണ്. ശ്രീ കെ എം മാണിയുടെ ജീവിതം അസ്തമിച്ചതോടെ നേതാക്കൾ മാത്രമവേശിഷിക്കുന്ന കേരള കോൺഗ്രസിന് പ്രസക്തി ഇല്ലാതായി. മുസ്ളീം ലീഗ് സംഘടന ബലമുള്ള പാർട്ടിയാണെങ്കിലും വിദ്യാഭ്യാസവും വിവരവു മുള്ള പുതിയ തലമുറയെ ആകർഷിക്കുവാൻ കഴിയായതെ വയസ്സാകുന്ന പാർട്ടി.
അറുപതുകളുടെ അവസാനം മുതൽ എൺപത് കളുടെ അവസാനം വരെയുള്ള 20വർഷങ്ങളിൽ വളർന്നു വന്നവരാണ് ഇന്നത്തെ രാഷ്ട്രീയ പാർട്ടി നേതാക്കളും അവരുടെ പ്രധാന അനുഭാവികളും. തൊണ്ണൂറുകൾക്ക് ശേഷമുണ്ടായവരിൽ ബഹു ഭൂരി ഭാഗം പേരും പരമ്പരാഗത അധികാര കക്ഷി രാഷ്ട്രീയയത്തിന് അതീതമായി ഇൻസെന്റീവ് ബേസ്ഡ് കാഴ്ചപ്പാടുള്ളവരാണ്.
ഇങ്ങനെയുള്ള അതി ജീവനത്തിന്റെ മരണ ഭീതിയിൽ മിക്ക രാഷ്ട്രീയ പാർട്ടികൾക്കും പ്രത്യയ ശാസ്ത്ര ചർച്ചകൾക്കോ ഭാവി രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കോ വേണ്ടി ചിന്തിക്കുവാൻ സമയമില്ല. മാക്സിസ്റ്റ് പാർട്ടിയിൽ പോലും മാർക്സ് ഒഴിച്ച് ബാക്കിയെന്തും ഉള്ള അവസ്‌ഥ. ഇടതായാലും വലതായാലും സ്ഥിരം സോഷ്യൽ വെൽഫയെറിസം വിവിധ കളർ കലർത്തി വ്യത്യസ്ത കുപ്പികളിൽ വിൽക്കാൻ ശ്രമിക്കുന്നതിന് അപ്പുറം രാഷ്ട്രീയ അജണ്ടകൾ സെറ്റ് ചെയ്യുവാൻ ത്രാണിയില്ലാത്ത അവസ്ഥ.
അങ്ങനെയുള്ളപ്പോഴാണ് കേരളത്തിൽ ഭരണ ബാഗേജിന്റെ പ്രശ്ങ്ങൾ ഇല്ലതെ പതിനെഞ്ചു ശതമാനത്തിലേറെ വോട്ടും ഒരുപാട് പണവും കേന്ദ്ര ഭരണ സന്നാഹങ്ങളും കേരളത്തിൽ മുക്കിലും മൂലയിലുമുള്ള ആർ എസ് എസ് ശാഖകളും ജാതി സംഘടനകളുടെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള സഹായവുമായി ബി ജെ പി മാധ്യമ രാഷ്ട്രീയ അജണ്ടകൾ സെറ്റ് ചെയ്യുന്നത്. അതിനോട് പ്രതികരിക്കുവാൻ വിധിക്കപെട്ട അവസ്ഥയിലാണ് അതിജീവന പോരാട്ടത്തിൽ പ്രത്യയ ശാസ്ത്ര ബോധ്യങ്ങളെ നീണ്ട അവധിക്ക് വിടുന്ന പ്രായമേറിക്കൊണ്ടിരിക്കുന്ന പരമ്പരാഗത അധികാര പാർട്ടികൾ. ആ പാർട്ടീകളുടെ നേതാക്കൾക്കും പാർട്ടികൾക്കും വയസ്സായി തുടങ്ങിയിരിക്കുന്നു.
അങ്ങനെയുള്ള അവസ്ത്ഥയിൽ എൽ ഡി എഫ് നേതാക്കളും അനുഭാവികളും ശിങ്കിടികളും പറയുന്ന പ്രധാന വിഷയം ഹിന്ദു നാമധാരികളായ കൊണ്ഗ്രെസ്സ് കാരെല്ലാം സംഘ് പരിവാറുകാരോ അല്ലെങ്കിൽ പ്രോക്സി ബി ജെ പി ക്കാരോ ആണെന്ന് പറഞ്ഞു പരത്തി വോട്ട് പിടിക്കുക എന്ന ഗതികെട്ട തന്ത്രമാണ് . ഇതിന് വസ്തുതാപരമായി യാതൊരു ബന്ധവുമില്ലെങ്കിലും പോസ്റ്റ് ട്രൂത്‌ പ്രതിലോമ രാഷ്ട്രീയ വ്യവഹാരത്തിൽ എന്തും സമൂഹ മാധ്യമങ്ങളിൽ കൂടി നൂറു പ്രാവശ്യം പറഞ്ഞു ബോധിപ്പിക്കുവാനുള്ള ശ്രമം. പുരോഗമനമെന്ന നാട്യത്തിൽ നാട്ടിലുള്ള കൊണ്ഗ്രെസ്സ് കാരെ സംഘിയാക്കി കൊണ്ഗ്രെസ്സ് =ബി ജെ പി എന്ന് പറയുന്ന പ്രതിലോമ അതിജീവന രാഷ്ട്രീയ വ്യവഹരത്തിന്റെ പിന്നിൽ ' ചെന്നായ് വരുന്നേ വരുന്നേയ് ' എന്ന് പറഞ്ഞു കേരളത്തിൽ ഏതാണ്ട് 47%വരുന്ന മുസ്‍ലീം കൃസ്ത്യൻ വോട്ടുളിൽ നിന്നു ഗണ്യ ഭാഗം ന്യൂന പക്ഷ വോട്ടുകൾ എങ്ങനെയെങ്കിലും സംഘടിപ്പിച്ചു ഭൂരി പക്ഷം സീറ്റ് സ്വപ്‍നം കാണുക എന്ന ഉടനടി അതിജീവന അടവുനയത്തിൽ കൂടുതലൊന്നും ഇല്ല. എന്നാൽ ഈ ഉടനടി അടവ് നയം അല്പ ലാഭം പെരും ഛേദം എന്ന അവസ്ഥയിൽ ആ പാർട്ടിയെ കൊണ്ടെത്തിക്കും എന്നതിൽ തർക്കമില്ല. അത് ലോങ്ങ് ടേമിൽ ബി ജെ പി യെ വളർത്തും സി പി എമ്മിനെ തളർത്തും. കാരണം 'ചെന്നായ് വരുന്നേ വരുന്നേ 'എന്ന് എല്ലാവരെയും പേടിപ്പിച്ച കുട്ടിയെയാണ് ചെന്നായ് ആദ്യം കഥ കഴിച്ചത്.
കോൺഗ്രസിന്റെ അവസ്ഥ കേരളത്തിൽ ഒരു ഡിഫെൻസിവ് റിയാക്ടീവ് മോഡിലാണ്. അവിടെ ഒരു പാർട്ടി എന്നതിനേക്കാൾ വ്യക്തി ഗത നേതാക്കളുടെ ഗ്രൂപ്പുകളുടെ പരസ്പര പാരവെപ്പിൽ അധിഷ്ഠിതമായ എല്ലാ തലത്തിലും അവനവിനിസം കൂടി വരുന്ന ഒരു സഹകരണ സംഘം നെറ്റ് വർക്ക് സെറ്റപ്പാണ്. പാർട്ടി ജയിച്ചില്ലെങ്കിലും എനിക്ക് ഏത് വിധേനയും ജയിക്കണം എന്ന് കരുതുന്ന ഒരുപാട് പേരുള്ളയിടം. സ്വന്തം പാർട്ടി സ്ഥാനാർത്ഥികൾക്ക് പോലും കൂടെ നിന്ന് പരാ പണിയുക എന്നതാണ് രാഷ്ട്രീയം എന്ന് ചെറുപ്പം മുതലേ പരിശീലിച്ചു ഉസ്താദുമാർ. അത് കൊണ്ട് തന്നെ അവിടെ ഓരോ സ്ഥാനാർത്ഥിയും അവരവരുടെ അതി ജീവന പോരാട്ടത്തിലാണ്. അതിലപ്പുറം ഒരു അജണ്ടയും കാണുവാൻ പ്രയാസം. പിന്നെ ഓരോ സ്ഥാനാർത്ഥികളും എങ്ങനെയെങ്കിലും ജയിക്കുക എന്നതിൽ കവിഞ്ഞു എന്തെങ്കിലും വലിയ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് കൊണ്ഗ്രെസ്സ്കാർ പോലും സമ്മതിക്കുമെന്ന് തോന്നുന്നില്ല.
അങ്ങനെ ഇടതും വലതും മധ്യവും എല്ലാം ഇന്ന് അറിഞ്ഞോ അറിയാതയോ സവർണ്ണ ഹിന്ദുത്വ രാഷ്ട്രീയം സെറ്റ് ചെയ്യ്ത അജണ്ട ട്രാപ്പിലാണ്. അത് കൊണ്ട് തന്നെ ആരെന്തു എഴുതിയാലും പറഞ്ഞാലും നിലപാട് എടുത്താലും ആ ആളുടെ ജാതി മത സ്വതങ്ങൾ ആദ്യം നോക്കുന്ന പ്രതി ലോമ രാഷ്ട്രീയം കേരള രാഷ്ട്രീയവും സമൂഹവും എത്തി നിൽക്കുന്ന അപകടകരമായ പ്രതി സന്ധിയെയാണ് കാണിക്കുന്നത്.
കേരള രാഷ്ട്രീയം മാറുവാൻ പോകുകയാണ്.
ജെ എസ് അടൂർ

No comments: