ശാന്തിവനം കേരളത്തിൽ നിലനിർത്തേണ്ട ജൈവ വൈവിധ്യത്തിന്റെ പ്രതീകമാണ് .
ചെറുപ്പത്തിൽ കണ്ട ജൈവവൈവിധ്യങ്ങൾ കേരളത്തിൽ നിന്ന് അന്യം നിന്നു. അതിന്റെ സ്ഥാനത്തു മോണോ കൾച്ചർ റബർ ബോഡിലൂടെ റബ്ബർ മര കൈയേറ്റങ്ങളിലൂടെ കെട്ടിട, റോഡ്, വൈദ്യുത വികസനത്തിലൂടെ ഉപഭോഗ സംസ്കാരത്തിന്റെ മലിന്യകൂമ്പാരങ്ങളിലൂടെ വലിച്ചെറിയപ്പെട്ട ദശലക്ഷം പ്ലാസ്റ്റിക് കുപ്പികളിലൂടെ നമ്മുടെ മനസ്സിനെയും മണ്ണിനെയും മലകളെയും താഴ്വരങ്ങളേയും കായലിനെയും ആറിനെയും കടലിനെയും കാറ്റിനെയും നാടിനെയും മാലിന്യ പൂരിതമാക്കി.
അങ്ങനെ ഒരു മലീനസമായ മനസ്സാണ് ജൈവ വൈവിധ്യത്തിൻറെ ശേഷിച്ച തുരുത്തുകളെ റിയൽ എസ്റ്റേറ്റിന് വേണ്ടിയും 11 കെ വി ലൈനിനു വേണ്ടിയും 'വികസനത്തിന് ' വേണ്ടിയും നശിപ്പിച്ചു നാം ഇരിക്കുന്ന കൊമ്പ് മുറിച്ചു ഈ ഭൂമിയുടെ മനോഹരമായാ പച്ചപ്പിന്റെ വൈവിധ്യങ്ങളെ കൊന്നു കൊലവിളിക്കുന്നത്.
ഇത് പോലെയുള്ള പച്ചപ്പിന്റെ വൈവിധ്യങ്ങളെ നശിപ്പിച്ചു നദി കൈയ്യേറി തോടുകൾ നികത്തി , കണ്ടങ്ങളിൽ അംബര ചുംബികൾ പണിത് മലകൾ പൊട്ടിച്ചു പ്രകൃതിയെ അനുദിനം കൊന്ന് മഴപെയ്തു വെള്ളം കയറിയാൽ വിളിച്ചു കൂവി നിലവിളിക്കുന്ന മലയാളി മനസ്സും സർക്കാരുമൊക്കെയാണ് നമ്മുടെ നാട്ടിലെ അനുദിന ദുരന്തങ്ങൾ
അത് കൊണ്ട് ഈ നാട്ടിലെ പച്ചപ്പിന്റെ വൈവിധ്യങ്ങളിൽ താല്പര്യമുള്ള ആണുങ്ങളും പെണ്ണുങ്ങളും എല്ലാം പറവൂരിന് അടുത്തുള്ള ശാന്തി വനത്തിലേക്ക് തീർഥയാത്ര പോയി മരങ്ങൾ വീണ്ടും നട്ട് പ്രതിഷേധിക്കണം. ഇത് ഒരു വീട്ടുകാരുടെ മീനാ മേനോൻ എന്ന ഒരു സഹോദരിയുടെ ഒറ്റയാൾ പോരാട്ടമല്ല . നാടിന്റെ നന്മയുടെ നന്മക്കു വേണ്ടിട്ടുള്ള പോരാട്ടമാകണം. അത് ഇവിടുത്തെ നവ മാധ്യമങ്ങളും ഓൺലൈൻ മീഡിയയും മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുക്കണം.
കാരണം ഇത് ഒരു ശാന്തി വനത്തിന്റെ കാര്യമല്ല കേരളത്തിന്റെ ഭാവിയുടെ കാര്യമാണ്. നമ്മൾ പാർട്ടി ജാതി മത ഭേദമെന്യ പ്രതീകരിക്കണ്ടത് കേരളത്തിലെ സമൂഹത്തിലും പ്രകൃതിയിലും രാഷ്ട്രീയത്തിലും വൈവിധ്യം നിലനിർത്തണ്ടതിനാണ്
ജെ എസ് അടൂർ
No comments:
Post a Comment