Sunday, May 5, 2019

കേരളത്തിൽ ഉന്നത വിദ്യാഭ്യാസം ആർക്ക് വേണ്ടി? എങ്ങനെ?

Js AdoorMay 10

കേരളത്തിൽ യൂണിവേഴ്സിറ്റികോളേജ്‌ മാത്രമല്ല യുണിവേഴ്സിട്ടികളും ഉന്നത വിദ്യാഭ്യാസവുമെല്ലാം പല വിധ പ്രതിസന്ധികളെ നേരിടുകയാണ്. ഇതിന് ഒരു പരിധിവരെയുള്ള കാരണങ്ങളിലൊന്ന് പാർട്ടി വിഭാഗീയവൽക്കരണം എല്ലാ തലത്തിലും നടക്കുന്നുവെന്നതാണ്. ഇത് രാഷ്ട്രീയ വിദ്യാഭ്യാസമല്ല. പക്ഷെ പാർട്ടി മേധാവിത്ത ആഭാസവൽക്കരണമാണ്..
മിക്ക ടീച്ചിങ് സ്റ്റാഫിന് അവരുടെ പാർട്ടി യൂണിയനുകൾ. നോൺ ടീച്ചിങ്‌ സ്റ്റാഫിന് അവരുടെ യൂണിയനുകൾ. ഒരൊറ്റ സർവീസ് യൂണിയൻ നേതാക്കളോട് അവർ ശമ്പളം മേടിക്കുന്ന 8, മണിക്കൂർ ഒരു ദിവസം പണി ചെയ്യുന്നോ എന്ന് മാത്രം ചോദിക്കരുത്. അങ്ങനെ വിവിധ പാർട്ടി അനുചരന്മാർക്ക് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന രീതിയിൽ സെനറ്റ്, സിൻഡിക്കേറ്റ്, വൈസ് ചാൻസലർ, പ്രൊ വൈസ്, രജിസ്റ്റർ സ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടികളുടെ അടിസ്ഥാനത്തിൽ വീതം വയ്ക്കും. അല്ലാത്തവരെ ഏതേലും സർക്കാർ ഗവേഷണ നിഷ്ഫല സംരംഭങ്ങളുടെ ഡയറ്കട്ടർ, അതുമല്ലെങ്കിൽ പി എസ് സി. പാർട്ടികളുടെ അനുചരന്മാർക്കും സില്ബന്ധികൾക്കും വച്ച് വീതിക്കാനുള്ളതായിരിക്കുന്നു കേരളത്തിലെ ഒട്ട് മിക്ക അക്കാഡമിക് പദവികളും .
ചുരുക്കത്തിൽ പാർട്ടിവൽക്കരണം കോളേജുകളിലും യുണിവേഴ്സിറ്റികളിലും സർക്കാർ കരിയർ പ്ലാനിംഗിന്റെ ഭാഗമാണ്. വിദ്യാർത്ഥി രാഷ്ട്രീയം ഇന്ന് പാർട്ടിക്കൾവേണ്ടി
ഛോട്ടാ നേതാക്കക്കളെയും ഗുണ്ടകളെയും ന്യായീകരണ തൊഴിലാളികളെയും നേതാക്കളുടെ ലോയലിസ്റ്റുകളെയും റിക്രൂട്ട് ചെയ്യാനുള്ള ഒരു ഗ്രൗണ്ട് മാത്രമായിരിക്കുന്നു എന്നതാണ് പ്രശ്നവും. അവിടെ രാഷ്ട്രീയ വിദ്യാഭ്യസം കുറവും പാർട്ടി ലോയൽറ്റി ഇൻസെന്റീവ് നെറ്റ് വർക്കിങ് കൂടുതലുമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ -സാമൂഹിക വിദ്യാഭ്യസവും ചർച്ചയും തിരഞ്ഞെടുപ്പും വേണെമെന്ന് ഉള്ള പക്ഷക്കാരനാണ് ഞാൻ. പൂനാ യുണിവേഴ്സിറ്റിൽ വളരെ സജീവമായി രാഷ്ട്രീയ സാമൂഹിക പ്രവർത്തനം ചെയ്താണ് ജീവിതത്തിൽ തന്നെ അറിവുകളും തിരിച്ചറിവുകളും തിരഞ്ഞെടുപ്പുകളുമുണ്ടായത്. പക്ഷെ രാഷ്ട്രീയ വിദ്യാഭ്യസവും അമിത പാർട്ടിവൽക്കണ മേധാവിത്തവുംഒന്നല്ല .
ഇന്ന് കേരളത്തിൽ ഇടതും വലതും മധ്യത്തിലുള്ള വലിയയൊരു ശതമാനം കോളേജ് യൂണിവേഴ്സിറ്റി അധ്യാപകരുടെ മക്കൾ പ്രൊഫെഷൻ കോളേജുകളിലോ യൂണിവേഴ്സിറ്റികളിലോ പഠിക്കുവാൻ പോകുന്നത് കേരളത്തിന് പുറത്താണ്. പലപ്പോഴും പ്രൈവറ്റ് യൂണിവേഴ്സിറ്റികളെയും പ്രൈവറ്റ് വിദ്യാഭ്യസത്തെയും ചോദ്യം ചെയ്യുന്നവരുടെ മക്കൾ പഠിച്ചതും പഠിക്കുന്നതും അങ്ങനെയുള്ള ഇടങ്ങളിലാണ്. പലരും പഠിക്കുന്നത് വിദേശത്താണ്.
കേരളത്തിൽ ഏറെ പാർട്ടി നേതാക്കളുടെയും 'പുരോഗമന ' ഉപരി മധ്യവർഗ്ഗക്കാരുടെയും മക്കൾ കേരളത്തിന് വെളിയിലും ഇന്ത്യക്ക് വെളിയിലും പഠിച്ചു സീനിയർ വൈസ് പ്രേസിടെന്റും സി ഇ ഒ യും മാനേജറുമൊക്കെയായി മൾട്ടി നാഷണൽ ബൂർഷ്വാ സാമ്രാജ്യത്വ കമ്പിനികളിലോ ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാതിക്കും. അവർക്കാർക്കും കേരളത്തിലെ ഉന്നത വിദ്യാഭ്യസം കോഞ്ഞാട്ടയായാൽ ഒരു പ്രശ്നവുമില്ല. അവരുടെ മക്കൾക്ക് അടിയോ കുത്തോ വെട്ടോ പേടിക്കണ്ട.
കോളേജുകളിൽ പാർട്ടി വളർത്തി അടിയും പിടിയും കൊടുത്തും വാങ്ങിയും പലപ്പോഴും പഠനവും പൂർത്തിയാക്കാതെ അല്ലെങ്കിൽ എങ്ങനെയെങ്കിലും പൂർത്തിയാക്കി ജോലിക്ക് അലയുന്ന സാധാരണക്കാരെയും പാവപ്പെട്ടവരെയും ഒരു പാർട്ടി നേതാക്കളും മൈൻഡ് ചെയ്യില്ല. ജീവനുള്ളവരെ ആർക്ക് വേണം. എന്നാൽ ഇവരിൽ ആരെങ്കിലും അടിപിടി കത്തികുത്തിൽ അല്ലെങ്കിൽ വെട്ടി കൊലയിൽ തീർന്നാൽ പിന്നെ മരിച്ചവരെ നേതാക്കൾക്കും പാർട്ടിക്കും മാധ്യമങ്ങൾക്കും വേണം. ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞു നോക്കാത്ത നേതാക്കൾ അവരുടെ കുടിലുകളിലേക്കും ചെറിയ വീടുകളിലേക്കും തീർഥയാത്ര പോകും. "ഇല്ല ഇല്ല രക്‌ത സാക്ഷികൾ മരിക്കുന്നില്ല എന്ന് മുദ്രാവാക്യം മുഴക്കും '. അല്ലെങ്കിൽ ' ഇല്ല , ഇല്ല , ബലിദാനം മറക്കില്ല ' എന്നു വിളിച്ചിട്ട് . പിന്നെ കാശു പിരിച്ചു രക്ത സാക്ഷി മണ്ഡപം, സ്‌മൃതി മണ്ഡപം ബലി കൂടീരം ഒക്കെ പണിത് ബാക്കിയുണ്ടെങ്കിൽ മക്കൾ കൊല്ലപ്പെട്ട അമ്മമാർക്ക് ഒരു വീട് കൊടുത്ത പത്ര മാധ്യമങ്ങളിലൂടെ പ്രതി ബദ്ധത തെളിയിക്കും. എന്നിട്ട് കൊലകളുടെ കണക്ക് എടുത്തു പരസപരം നേതാക്കൾ മാദ്ധ്യമങ്ങളിൽ അന്തി ചർച്ചകളിൽ നിറയും
അപ്പോൾ പല നേതാക്കളുടെ മക്കൾ ദുബായിലോ, അബുദാബിയിലോ ജർമനിയിലോ ന്യൂയോർക്കിലോ , യൂ കെ യിലോ ,ബാംഗ്ലൂരിലോ ബാങ്കോക്കിലോ കെന്റക്കി ഫ്രെയ്‌ഡ് ചിക്കനോ, മക്ഡൊണാൾഡോ അല്ലെങ്കിൽ ജാപ്പനീസ് സുഷിയോ ഒക്കെ സുഖമായി തിന്ന് ഏമ്പക്കം വിടുകയായിരിക്കും. .നാട്ടിൽ ചൂട് കൂടുമ്പോൾ വിദേശത്തുള്ള മക്കളോടൊത്തു അവർ ക്വളിറ്റി സമയം ചിലവഴിക്കും .അതൊക്ക നല്ലത് തന്നെ .
പക്ഷെ ഈ ഇരട്ടത്താപ്പുകളാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ അധമ വിദ്യാഭ്യാസമാക്കികൊണ്ടിരിക്കുന്നത് .അരാഷ്ട്രീയ പാർട്ടിവൽക്കരണത്തിന് അപ്പുറം ചിന്തിക്കാൻ ഒക്കാത്തത്ര വെസ്റ്റഡ് ഇന്ററസ്റ്റ് നെറ്റ് വർക്കായി മാറി . അതാണ് കേരളത്തിലെ ഉന്നത വിദ്യാസത്തിൽ ഉന്നതന്മാർക്കൊന്നും വലിയ താല്പര്യമില്ലാത്തത്.
അടി പിടി കൈയൂക്ക് പാർട്ടി പണിയൊക്കെ നടത്തി വിദ്യാഭ്യാസം നഷ്ട്ടപെടുന്നത് അധ്യാപകരുടെയും നേതാക്കളുടെയും മക്കൾക്കല്ലല്ലോ.
ജെ എസ് അടൂർ

No comments: