Sunday, May 5, 2019

ഞാന്‍ മുസ്ലീങ്ങളെ അറിഞ്ഞ വഴികള്‍ - ആറു വിവേചനങ്ങള്‍ വരുന്ന വഴികള്‍ : ഓസ്ലോ കഥകള്‍

ഞാന്‍ മുസ്ലീങ്ങളെ അറിഞ്ഞ വഴികള്‍ - ആറു
വിവേചനങ്ങള്‍ വരുന്ന വഴികള്‍ : ഓസ്ലോ കഥകള്‍
-----------------------------------------------------------------------------------
ഓസ്ലോയില്‍ ഞാന്‍ എത്തിയത് തണുപ്പ് അസ്ഥികളില്‍ അരിച്ചു കയറുന്ന കാലത്താണ് . മൈനസ് 21 സെല്‍ഷ്യസ് .
അലസ സൂര്യന്‍മാര്‍ ഒളിച്ചും പാത്തും കളിക്കുന്ന ജനുവരിയുടെ വെള്ള പുതച്ച കൊടും ശൈത്യത്തിലേക്ക് ഞാനിറങ്ങി നടന്നു . ഉറഞ്ഞു വെളുത്ത നദികള്‍ സ്വര്‍ഗ്ഗതിലേക്കുള്ള വെള്ളി വഴികള്‍ എന്ന് തോന്നിയ ഒരു കാലം .
കിളികളെല്ലാം എങ്ങോ പോയി മറഞ്ഞിരുന്നു. മരങ്ങള്‍ ഇലകൊഴിഞ്ഞു ഗാഡ നിദ്രയിലാണ്. എങ്ങും മഞ്ഞിന്‍റെ വെള്ള പുതപ്പുകള്‍ മാത്രം. സൂര്യന്‍ രാവിലെ കൊട്ട് വായിട്ടു ഉറക്കം ഉണരുമ്പോള്‍ വാച്ചില്‍ മണി പത്തു. ഉച്ച കഴിയുമ്പോഴേക്കും കക്ഷി മേഘപുതപ്പു പുതച്ചു ഒരു മടിയനെ പോലെ ചുരുണ്ട് കൂടി വീണ്ടും ഉറക്കം. ഭാഷണം ഇല്ല. വാക്കുകള്‍ ഇല്ല. ശബ്ദം കേള്‍ക്കാനും ഇല്ല.
തണുത്ത വിറച്ച ഏകാന്തതയില്‍ കൂട്ടിനു ചൂട് കട്ടന്‍ ചായയും പുസ്തകങ്ങളും മാത്രമുള്ള ദിനങ്ങള്‍. ഏകാന്തയുടെ ഒരു നൂറു വര്‍ഷങ്ങള്‍ വീണ്ടും വായിച്ചു .
യു , എന്‍ ഗസ്റ്റ് ഹൌസില്‍ രണ്ടു ആഴ്ച്ച താമസിച്ചപ്പോഴേക്കും മടുത്തു. മിണ്ടാനും പറയാനും പോലും ആളില്ല. ഓഫീസില്‍ എല്ലാ കാര്യവും ഓണ്‍ ലൈന്‍. എന്‍റെ നോര്‍വീജിയന്‍ സഹ പ്രവര്‍ത്തകര്‍ മൂന്ന് മണിക്ക് ഓഫീസ് കാലിയാക്കി പോകും. വേറെ എങ്ങും ആ തണുപ്പത്ത് പോകാന്‍ ഇല്ലാത്തതു കൊണ്ട് ഞാന്‍ ഏതെങ്കിലും പുസ്തകം വായിച്ചു അവിടെ ആറൂ മണി വരെ ഇരിക്കും. രാവിലെയും ഉച്ചക്കും വൈകിട്ടും പിസ്സാ. വിശപ്പകറ്റാന്‍ ഏക ശരണം തൊട്ടു അടുത്തുള്ള പിസ്സാ കട മാത്രം . പിസ്സാ തിന്നു കൊതി മാറി . വേറെ വല്ലതും കിട്ടണമെങ്കില്‍ കുറെ നടക്കണം .
നടക്കുന്നത് ചന്ദ്രനില്‍ നടക്കുന്നത് പോലെ ഒരു ഏര്‍പ്പാടാണ്. അടിമുതല്‍ മുടി വരെ തെര്‍മല്‍ കവചങ്ങള്‍ ഒക്കെ മൂടി നടന്നു പരിചയം അധികം ഇല്ല . റോഡില്‍ മഞ്ഞു മാറ്റിയതിനു ശേഷം ഉള്ള ഐസ് അടിഞ്ഞു ഒരു ഗ്ലാസ്‌ ഷീറ്റ് പോലെ ആകും. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ വീണു നടുവോടിഞ്ഞു കഥ കഴിയാനും മതി. .
അങ്ങനെ രണ്ടും കല്‍പ്പിച് ഞാന്‍ വീട് തേടി ഇറങ്ങി. അങ്ങനെയാണ് ഞാന്‍ ആദ്യമായി ജീവിതത്തില്‍ വിവേചനം എന്താണെന്നു രുചിച്ചരിഞ്ഞത് മഞ്ഞു നിറഞ്ഞ ഓസ്ലോയില്‍ ആണ് . കാരണം നെറ്റില്‍ വീട് വാടകക്കു കൊടുക്കുന്ന പോര്‍ട്ടലുകള്‍ എല്ലാം നോര്‍വീജിയന്‍ ഭാഷയില്‍ . നോര്‍വേക്കാരി ആയിരുന്ന എന്‍റെ സെക്രട്ടറി ടോര്നിപണ്ട് പട്ടാളത്തില്‍ ആയിരുന്നു. നല്ല തടിയും തണ്ടും ഉള്ള പെണ്ണ്. ന്യായമായും എനിക്ക് അവരെ അല്‍പ്പം പേടിയായിരുന്നു. ചോദിച്ചാല്‍ പുള്ളിക്കാരി ലിങ്ക് അയച്ചു തരും .ലിങ്കെല്ലാം നോര്‍വീജിയന്‍ പോര്‍ട്ടലുകളും. ഞാന്‍ കുഴങ്ങി. എന്തായാലും ഗൂഗിള്‍ ദൈവങ്ങള്‍ തുണയായി.
അങ്ങനെ ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ ഉപയോഗിച്ചു ഞാന്‍ കണ്ട വീടു വാടകക്ക് കൊടുക്കുന്നവര്‍ക്കെഴുതി. എനിക്ക് നല്ല ഒന്നാന്തരം ഒരു ആന്ഗ്ലോ സാക്സന്‍ വൈറ്റ് പ്രോട്ടെസ്റ്റെന്ടു ഡബിള്‍ ബാരല്‍ ക്രിസ്ത്യന്‍ പേരുള്ളതിനാല്‍ മറുപടി തുരു തുരെ വന്നു . ഞാന്‍ ഹാപ്പി . വീട് ഏതു വേണം എന്ന് തിരഞ്ഞെടുത്താല്‍ മതി. പക്ഷെ പിന്നാണ് കാര്യങ്ങള്‍ അത്ര എളുപ്പം അല്ല എന്നു പിടി കിട്ടിയത് . കാരണം വളരെ കഷ്ട്ടം സഹിച്ചു തണുപ്പും താണ്ടി അഞ്ചു കിലോ ഭാരം ഉള്ള വിവിധ കൊട്ടുകളും ഒക്കെ ഇട്ടു മൂണ്‍ വാക്കും നടത്തി വീടെത്തിയ എന്‍റെ മുഖം കാണുമ്പൊള്‍ അവരുടെ മുഖത്തെ ഫ്യുസ് പോകും . എന്നിട്ട് വളരെ വിഷമത്തോടെ പറയും. " സോറി വീ ഹാവ് ആള്‍ റെഡി ഏഗ്രിഡ് ടു ഗിവ് ടു അനതര്‍ പെഴ്സന്‍ ".
എവിടെ ചെന്നാലും ഗതി ഇത് തന്നെ .ഈ-മെയിലില്‍ വളരെ കാര്യമായി പറഞ്ഞവര്‍ പോലും എന്‍റെ മുഖം കാണുമ്പൊള്‍ കാര്യം മാറും. അഞ്ചു വീട് കണ്ടു ഞാന്‍ തൊറ്റു തുന്നം പാടി. അവിടെ ഉള്ള ഒരു ഇന്‍ഡ്യക്കാരന്‍ കൂട്ട്കാരനോടു വിവവരം പറഞ്ഞു . അയാള്‍ ഉള്ള കാര്യം പറഞ്ഞു .
നിങ്ങള്‍ക്ക് അവര്‍ക്കിഷട്ടപെട്ട ഒരു പേരുണ്ട് .പക്ഷെ ഇന്‍ഡ്യക്കാരന്‍ ആണെന്ന് കണ്ടപ്പോള്‍ കാലുമാറും . കാരണം ' ദേ പ്രിഫര്‍ ടു ഗിവ് ഇറ്റ്‌ ടു ദോസ ഫ്രം യുറോപ്പ് " . വളരെ മയത്തില്‍ പറഞ്ഞത് അവിടെ എങ്ങനെ വംശീയത പറയാതെ വിവേചനം പ്രയോഗിക്കുന്നു എന്നതാണ്. അവരെല്ലാം എന്നോട് വളരെ മാന്യമായി ആണ് സംസാരിച്ചത് . ഒരു വിവേചനവും ഒറ്റ നോട്ടത്തില്‍ തോന്നില്ല. പക്ഷെ ആദ്യമായാണ് എന്‍റെ ജീവിതത്തില്‍ വിവേചനം എന്താണെന്നു മന്സ്സിലാക്കി തുടങ്ങിയത് .
കാരണം വിവേചനം എന്നത് അനുഭവിച്ചെങ്കിലെ അറിയുവാന്‍ സാധിക്കുകയുള്ളൂ . നോര്‍വേയില്‍ വച്ചാണ് എനിക്ക് ശരിക്കും ദളിത് സമുദായത്തില്‍ ഉള്ളവര്‍ അനുഭവിക്കുന്ന വിവേചനം കൊണ്ടറിഞ്ഞ്‌ മനസ്സില്ലാക്കാന്‍ സാധിച്ചത് . ഒരു ന്യൂന പക്ഷ വിഭാഗം എങ്ങനെയൊക്കെ വിവേചനം അനുഭവിക്കുന്നു എന്ന് അത് അനുഭവിച്ചറിഞ്ഞവര്‍ക്ക് മാത്രമേ മന്സ്സിലാകുള്ളൂ. വിവേചനങ്ങള്‍ വരുന്ന വഴികള്‍ പലതാണ് . അത് നേരിട്ട് അനുഭവിക്കാത്തവര്‍ക്ക് മസ്സിലകുവാന്‍ പോലും പ്രയാസം ആയിരിക്കും .
അവസാനം ഞാന്‍ സാധാരണ മുസ്ലീങ്ങള്‍ കൂടുതല്‍ ഉള്ള ഗ്രോന്‍ലാന്‍ഡ്‌ എന്ന ഭാഗത്ത്‌ വീട് എന്‍റെ ഒരു നോര്‍വീജിയന്‍ സഹ പ്രവര്‍ത്തകയുടെ ശിപാര്‍ശയില്‍ എടുത്തു . പക്ഷെ അപ്പാര്‍ട്ട്മെണ്ട് ഉടമക്ക് എനിക്ക് എന്താണ്ട് നാലായിരത്തില്‍ അധികം ഡോളര്‍ പ്രതി മാസവാടക സ്ഥിരം കൊടുക്കാന്‍ കപ്പാസിറ്റി ഉണ്ടോഎന്നറിയണം . അയാള്‍ എന്നെ വിളിച്ചു പറഞ്ഞു " നിങ്ങളുടെ ബോസിന്‍റെ കൈയ്യില്‍ നിന്ന് എനിക്ക് നിങ്ങള്ക്ക് സ്ഥിരം ജോലിയാണെന്നും ശമ്പളം ഇത്രയുണ്ടെന്നും ഒരു ലെറ്റര്‍ വേണം "
ഞാന്‍ പറഞ്ഞു " ഐ ആം ദി ബോസ്സ് ഹിയര്‍'. ഐ ലീഡ് ദി യു എന്‍ ടീം . ഐ കാന്‍ ഓഫ് കോഴ്സ് ഷെയര്‍ മൈ ഒഫീഷ്യല്‍ പേ സ്ലിപ് ' . ഞാന്‍ പേ സ്ലിപ്പുമായി അവിടെ ചെന്നപ്പോള്‍ അയാള്‍ അത് തിരിച്ചും മറിച്ചും നോക്കി. അപ്പോഴേക്കും എന്‍റെ വിസിറ്റിംഗ് കാര്‍ഡ്‌ റെഡി ആയിരുന്നു. അതും ഒരെണ്ണം കൊടുത്തു. എന്നിട്ട് അയാള്‍ സത്യം പറഞ്ഞു . ആദ്യമായാണ് അയാള്‍ ആ ശമ്പള ബാന്‍ഡില്‍ ഉള്ള ഒരു നോണ്‍-യുറോപ്പിയനെ കാണുന്നത് .
അന്നാണ് ഇന്ത്യയിലെ പല നഗരങ്ങളിലും മുസ്ലീങ്ങള്‍ക് വീട് കിട്ടുവാനുള്ള പ്രയാസം മനസ്സിലായത് . മുസ്ലീങ്ങള്‍ക്ക് ഇന്ന് പല യുറോപ്പ്യന്‍ നഗരങ്ങളിലും വീട് കിട്ടുവാന്‍ ചിലപ്പോള്‍ പ്രയാസപ്പെടാന്‍ സാദ്ധ്യത ഉണ്ട് . അപ്പോള്‍ ആണ് ഐ എ എസ് കരാനയാല്‍ പോലും ഒരു ദളിതന്‍ എങ്ങനെയൊക്കെ വിവേചനം അനുഭവിക്കും എന്ന് എനിക്ക് മനസില്ലായത്‌ . കാരണം നോര്‍വെയില്‍ ഉയര്‍ന്ന ഡിപ്ലോമാടിക് സ്ടാറ്റസ് ഉള്ള സീനിയര്‍
യു എന്‍ ഉദ്യോഗസ്തനായിട്ടും പല പ്രാവശ്യം വിവേചനം മനസ്സില്ലാക്കുവാന്‍ സാധിച്ചിട്ടുണ്ട് .
വിവേചനം എന്നത് പുസ്തകം വായിച്ചാലും സോഷ്യല്‍ തിയറി പഠിച്ചാലും മാത്രം മനസ്സിലാകില്ല. അതു തന്നെയായിരുന്നു തിലകും ഗാന്ധിയും തമ്മിലുള്ള വ്യത്യാസം . കാരണം ഗാന്ധിജി തെക്കേ ആഫ്രിക്കയില്‍ വച്ച് വംശ വിവേചനം അനുഭവിച്ചില്ലെങ്കില്‍ അദ്ദേഹം ഗാന്ധിജി ആകില്ലായിരുന്നു . വിവേചനം - ജാതിയുടെ പേരില്‍ ആയാലും , മതത്തിന്‍റെ പേരില്‍ ആയാലും , ഭാഷയുടെ പേരില്‍ ആയാലും ലിങ്ങ-ഭേദത്തിന്‍റെ പേരില്‍ ആയാലും അത് അനുഭവിക്കുന്നവര്‍ക്ക് മാത്രം ഉള്ളില്‍ തട്ടുന്ന ഒന്നാണ്. അത് നോക്കിലും , വാക്കിലും , ശരീര ഭാഷയിലും എല്ലാം വെളിവായി വരും. അത് പച്ചയ്ക്ക് പറയണം എന്നില്ല. പലപ്പോഴും വിവേചനം അനുഭവിക്കുന്നത് ഒരു വ്യക്തിയുടെ ഉള്ളില്‍ ആയിരിക്കും .വളരെ സബ്ജെക്ടീവും - ഇന്‍റെര്‍ സബ്ജെക്ട്ടീവും ആയ വിവേചനം പലപ്പോഴും വസ്തു നിഷ്ട്ടമായി തെളിയിക്കാന്‍ സാധിക്കില്ല.
പലപ്പോഴും മറ്റുള്ളവര്‍ വിവേചിചില്ലെങ്കിലും പലര്‍ക്കും അത് പല വിചിത്ര രീതിയില്‍ ആയിരിക്കും തോന്നുക.
എങ്ങനെയാണ് വാര്‍പ്പ് മാതൃകകള്‍ ഉണ്ടാകുന്നത് ? ഒരിക്കല്‍ ഞാന്‍ ഓസ്ലോയിലെ മെട്രോയില്‍ യാത്ര ചെയ്യുക ആയിരുന്നു. അടുത്തിരുന്ന നോര്‍വീജിയന്‍ മാന്യന്‍ എന്നോട് ചോദിച്ചു :
" യു മസ്റ്റ്‌ ബി ഫ്രം ശ്രീ ലങ്കാ "
"യെസ് , യു മെ കണ്‍സിഡര്‍ സൊ . മൈ പ്ലേസ് ഈസ് ജസ്റ്റ് തെര്‍ട്ടി മിനിട്ട്സ് ഫ്ലൈറ്റ് ഫ്രം കൊളമ്പോ"
" സൊ . യു മസ്റ്റ്‌ ബി ഇന്‍ ടു ക്ലീനിംഗ് "
" എസ് "
വിച്ച് കമ്പനി "
ഞാന്‍ പറഞ്ഞു : എഫ് എന്‍ ( യു എന്‍ എന്നതിന്‍റെ നോര്‍വീജിയന്‍ പരിഭാഷ)
അപ്പോള്‍ അയാള്‍ ചോദിച്ചു ' അപ്പോള്‍ യു എന്നില്‍ നിനക്ക് ക്ലീനിംഗ് പണിയാണോ "
" അങ്ങനേം വേണെമെങ്കില്‍ പറയാം . ബിക്കോസ് വീ ആര്‍ ഇന്‍ ടു ആ സോര്‍ട്ട് ഓഫ് സ്കാവെന്‍ജിംഗ് വര്‍ക്ക് "
എന്നിട്ട് ചിരിച്ചു കൊണ്ട് ഞാന്‍ എന്‍റെ വിസിറ്റിംഗ് കാര്‍ഡ് അയാള്‍ക്ക്‌ കൊട്ടുത്തു .
അയാള്‍ അത് കണ്ടു ചെറുതായി ഒന്ന് ചമ്മി. അത് മറക്കാനായി സോറി പറഞ്ഞിട്ട് വീണ്ടും ചോദിച്ചു : ഈ യു എന്‍ ഏതു സ്കാവെന്‍ ജിംഗ് പണി ആണ് ചെയ്യുന്നത് "
ഞാന്‍ പറഞ്ഞു :" റിച്ച് ആണ്ട് പവര്‍ഫുള്‍ കണ്ട്രീസ് ബോബ് ആന്‍ഡ്‌ ഷിറ്റ് എറൌണ്ട് ഇന്‍ സൊ മേനി കണ്ട്രീസ്. ആന്‍ഡ്‌ ദെന്‍ ദേ കാള്‍ യു എന്‍. ആന്‍ വീ ക്ലീന്‍ അപ് ദി ഷിറ്റ് ദേ ക്രിയേട്ടട്"
അയാള്‍ ഈ ചോദ്യങ്ങള്‍ ചോദിച്ചത് എന്‍റെ രൂപവും മീശയും നിറവും എല്ലാം ഒരു ശ്രീ ലങ്കന്‍ അഭയാര്‍ഥിയുടേത് പോലെയായാതിനാല്‍ ആണ് . നോര്‍വേ പോലുള്ള രാജ്യങ്ങളില്‍ അഭയാര്‍ഥികള്‍ക്ക് ആദ്യം കിട്ടുന്ന പണി തൂപ്പ് തന്നെ. അതുകൊണ്ട് തന്നെ ശ്രീലങ്കനെ പോലെ അവര്‍ക്ക് തോന്നിക്കുന്ന ഞാനും ക്ലീനിംഗ് തൊഴിലാളി ആണ് എന്ന് അവര്‍ക്ക് തോന്നിയത് ഈ വാര്‍പ്പ് മാതൃകകള്‍ സമൂഹത്തില്‍ സജീവമായാത് കൊണ്ടാണ്. ഇത് വിവേചനം ആകണം എന്നില്ല. പക്ഷെ അയാളുടെ " യു മസ്റ്റ്‌ ബി ഇന്‍ ടു ക്ലീനിംഗ് "? എന്നത് ഒരു ഒന്നന്നര ചോദ്യം ആയിരന്നു .
ഞാന്‍ ഓസ്ലോയില്‍ താമസിച്ച ഗ്രന്ലാന്‍ഡില്‍ കൂടുതല്‍ മുസ്ലീങ്ങള്‍ ആണ് താമസിച്ചിരുന്നത്. പക്ഷെ സംഗതി വിചിത്രം ആയിരുന്നു . അവിടെ സൊമാലിയക്കാരും , എറിത്രിയക്കറും , തുര്‍ക്കികളും , ഇറാക്കികളും, പാകിസ്ഥാനികളും ഉണ്ട് . കൂടുതല്‍ പാകിസ്താനില്‍ നിന്ന് പണ്ട് വന്ന വരായിരുന്നു . അവരാണ് നോര്‍വെയിലെ ഏറ്റവും വലിയ മൈനോരിറ്റി കമ്മ്യുനിട്ടി. കുര്‍ദീഷ് കാരും ഉണ്ട് . അവരെല്ലാം തന്നെ അഭയാര്‍ഥികള്‍ ആണ് . പക്ഷെ തൊട്ടു അടുത്ത കെട്ടിടങ്ങളില്‍ താമസിക്കുന്ന ഇവര്‍ തമ്മില്‍ ഉള്ള സംസാരവും ഇടപെടലും വളരെ വിരളം . സോമാലിയക്കാര്‍ക്ക് അവരുടെ കടകള്‍, അവരുടെ ബാര്‍ബര്‍ ഷോപ്പുകള്‍ , അവരുടെ ക്ലബ് . മറ്റെല്ലാവര്‍ക്കും അവരവരുടെ സംവിധാനങ്ങള്‍ .രണ്ടു കൂട്ടരും മുസ്ലീങ്ങള്‍ ആണെങ്കിലും പാകിസ്ഥാനി മുസ്ലീങ്ങള്‍ സോമാലികളെ 'താഴെ' യുള്ളവരായി ആണ് കണ്ടത് . നല്ല വെള്ള നിറമുള്ള കുര്‍ദീഷ് കാരും ടര്‍ക്കിഷ് ആളുകളും അവരെ തന്നെ യുറോപ്പിയൻ മാരായാണ് കണ്ടത് . അവര്‍ക്ക് മറ്റു മുസ്ലീങ്ങളുമായി വിരളമായ സംസര്‍ഗം മാത്രം.
ചുരുക്കി പറഞ്ഞാല്‍ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ താസിക്കുന്ന പല ഭാഷകള്‍ സംസാരിക്കുന്ന പല നിറങ്ങള്‍ ഉള്ള മുസ്ലീങ്ങള്‍ തമ്മില്‍ തമ്മില്‍ സംസാരിക്കുന്നതു പോലും കുറവ് .അവിടെ ഉള്ള ഒരു പഞ്ചാബ്‌ - ഇന്ത്യ റേസ്ട്ടോറെന്‍റെ നടത്തുന്നത് പാകിസ്താനില്‍ നിന്നുള്ള ആള്‍ . സ്വാഭാവികമായും എന്നോട് കൂടുതല്‍ താല്പര്യം കാണിച്ചത്‌ അവിടെ ഉണ്ടായിരുന്ന ലാഹോര്‍ ഡാബയും മറ്റു പാകിസ്താനി കടകളും പിന്നെ ശ്രീ ലങ്കന്‍ റെസ്ടോരന്ടുമാണ് . ഒരിടത്ത്പോയാല്‍ ബോളിവുഡ് ഗാനങ്ങളും മറ്റിടത്തു തമിഴ് പാട്ടും. അവര്‍ക്ക് കൂടുതല്‍ അടുപ്പം തോന്നിയത് തോട്ടടുതുള്ള സോമാലിയന്‍ മുസ്ലീമിനോടല്ല. അവര്‍ക്ക് അടുപ്പം തോന്നിയത് ഇന്‍ഡ്യക്കാരനായ ഒരു ക്രിസ്ത്യനിയോടോ ഹിന്ദുവിനോടോ ആണ്. കാരണം വീക്ക് എന്‍ഡില്‍ ഹിന്ദുക്കളായ ഇന്‍ഡ്യക്കാരെല്ലാം ഒന്നുകില്‍ പാകിസ്ഥാനി രസ്റ്റോരേന്ടില്‍ കാണും അല്ലെങ്കില്‍ ശ്രീലങ്കന്‍ കടയില്‍ പോയി കൊത്തു റോട്ടിയോ , മസാല ദോശയോ കഴിക്കും. കാരണം മതത്തെക്കള്‍ വലുതാണ്‌ ' ടെയിസ്റ്റ് ബഡ് ' അഥവാ നാവിലെ രുചി മണങ്ങള്‍. അതുക്കും മേലെയാണ് ബോളി വുഡ് പാട്ടുകളും തമിഴ് പാട്ടുകളും . ചുരുക്കത്തില്‍ മത വിശ്വാസങ്ങളെക്കള്‍ പലപ്പോഴും മനുഷ്യരെ അടുപ്പിക്കുന്നത് രുചി മണങ്ങളും സംഗീതവും സിനിമയും ഒക്കെയയാണ് എന്ന് മനസ്സില്ലായത് ഓസ്ലോയില്‍ വച്ചാണ്.
ഇതിക്കെ ആണെങ്കിലും നോര്‍വേയിലെ സാധാരണ ആളുകള്‍ മുകളില്‍ പറഞ്ഞ വിവിധ ആളുകളെ മുസ്ലീങ്ങള്‍ ആയാണ് കണ്ടത്. അവരെ ആരും നേരിട്ട് ഒരുകാരണ വശാലുംവിവേചിക്കാറില്ല .
ഒട്ടുമിക്ക നോര്‍വീജിയന്‍ ആള്‍ക്കറും വളരെ നല്ല മനുഷ്യര്‍ ആണ്. വിവേചനങ്ങളെ എതിര്‍ക്കുന്നവരും .കാര്യം ഇതൊക്കെ ആണെങ്കിലും അവിടെയുള്ള ശ്രീ ലങ്കക്കാര്‍ക്കും പാകിസ്ഥാനി മുസ്ലീങ്ങള്‍ക്കും വിവേചനം പലപ്പോഴും 'ഫീല്‍ ' ചെയ്യും.
നമ്മള്‍ വ്യക്തി പരമായി വിവേചനം അനുഭവിക്കുമ്പോള്‍ എന്തൊക്കെ മാനസീക പ്രതീകരണങ്ങള്‍ ആണ് ഉണ്ടാകുന്നത് ? ആദ്യം അത് ക്ഷതം ഏല്‍പ്പിക്കുവാന്‍ സാധ്യത ഉള്ളത് ' സെല്‍ഫ് വര്‍ത്" എന്ന മാനസിക അവസ്ഥക്കാണ് . പിന്നെ ഉള്ളിന്‍റെ ഉള്ളില്‍ തുല്യ പൌരന്‍ അല്ല എന്ന തോന്നല്‍. പിന്നെ ചിലപ്പോള്‍ ഒരു അരക്ഷിതാവസ്ത . ഇതില്‍ നിന്നെല്ലാം ഉണ്ടാകുന്ന ഒരു കലിപ്പ് .ഇത് പലര്‍ക്കും പല രീതിയില്‍ പല സ്ഥലത്തും വിവിധ രീതിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തോന്നലുകള്‍ ആണ്. അത് വസ്തു നിഷ്ഠമായി ശരി ആകണം എന്നില്ല. അത് ചിലരില്‍ ഭയം ഉണ്ടാക്കും. ഭയവും അരക്ഷിത അവസ്ഥയും ആണ് മനുഷ്യരെയും മൃഗങ്ങളെയും അക്രമ വാസന ഉള്ളവര്‍ ആക്കുന്നത്. ഭയം പലപ്പോഴും ഒരു സോഷ്യല്‍ പരനോയ ആകുമ്പോള്‍ അത് മത ഭ്രാന്തിനും ഭീകരതക്കും വഴി മരുന്നിടാം.
ഇതിനു ഒരു മറു പുറം കൂടിയുണ്ട്. സൗദി അറേബ്യയില്‍ താമസിക്കുന്ന ഒരു കേരള ക്രിസ്ത്യനിയോടോ ഹിന്ദുവിനോടോ ചോദിച്ചാല്‍ നോര്‍വേയില്‍ താമസിക്കുന്ന മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ വിവേചനം പലപ്പോഴും അനുഭവിക്കുന്നവര്‍ ആയിരിക്കും. അതതു രാജ്യങ്ങളില്‍ അത് ആരും പുറമേ കാണിക്കാറില്ല. പക്ഷെ കലിപ്പ് ഉള്ളില്‍ കാണും .സൗദിപോലുള്ള രാജ്യങ്ങളില്‍ പണിയെടുക്കുന്ന മുസ്ലീങ്ങള്‍ അല്ലാത്തവരുടെ മാനസിക അവസ്ഥയില്‍ ചിലപ്പോള്‍ ചിലരുടെ എങ്കിലും ഉള്ളില്‍ കലിപ്പ് കണ്ടു എന്ന വരാം .
ഒരു ദിവസം ഉച്ചക്ക് വലിയ ശബ്ദത്തോടെ ഒരു ബോംബ്‌ പൊട്ടുന്നതിന്‍റെ ശബ്ദം കേട്ടൂ .ഞാന്‍ എന്‍റെ ഓഫീസില്‍ ആയിരുന്നു ഏതാണ്ട് ഒരു കിലോ മീറ്റര്‍ അകലെ. പെട്ടന്ന് ആകാശം പുക കൊണ്ട് മറഞ്ഞു. ദിവസം - ജൂലൈ 21, 2011. പെട്ടന്ന് പോലീസ് വാനുകള്‍ റോഡുകളിലൂടെ അതിവേഗത്തില്‍ ഇരമ്പി . ആംബുലന്‍സുകള്‍ ആരവത്തോടെ പാഞ്ഞു. എന്‍റെ ഓഫീസില്‍ ഉള്ളവര്‍ ഉടനെ തന്നെ സ്ഥലം കാലിയാക്കി. ഞാന്‍ അവിടെ കുറെ നേരം ഇരുന്നു ന്യൂസ് തപ്പി . എന്നിട്ട് പതിയെ എന്‍റെ താവളത്തിലെക്ക് നടന്നു. അവിടെയെല്ലാം മരണ നിശബ്ദത. എല്ലാ മുസ്ലീം നെയിബര്‍ ഹുഡിലും ഒറ്റ മനുഷ്യരെയും കാണാനില്ല. ഭീതിയുടെ നിശ്വാസം കെട്ടിടങ്ങളില്‍ നിശബ്ദമായി കാറ്റിനൊപ്പം ഒഴികി നടന്നു. തെരുവാകെ ഭീതികൊണ്ട് നിറഞ്ഞു .ഭാഷണമില്ല. വാക്കുകള്‍ ഇല്ല. ഭീതി നിറഞ്ഞ ആളില്ലാ വീഥികളില്‍ എല്ലാം പട്ടാളവും പോലീസും .
ഞാന്‍ വൈകിട്ട് ഭക്ഷണം കഴിക്കുന്ന ലാഹോര്‍ ഡാബ മുന്നില്‍ പൂട്ടി ഇട്ടിരിക്കുന്നു . ഞാന്‍ പിന്നിലെ വാതിലൂടെ അകത്തു കടന്നപ്പോള്‍ കട നിറയെ ആളുകള്‍ . അവര്‍ ടീവി യുടെ മുന്നില്‍ ആണ് . അപ്പോള്‍ കട ഉടമ പറഞ്ഞു ' ഞങ്ങളുടെ ഒരേ ഒരു പ്രാര്‍ത്ഥന ഈ ഭീകരത കാണിച്ചത്‌ ഒരു മുസ്ലീം ഭ്രാന്തന്‍ ആകരുതേ എന്നാണ് ' . ആ കടയിലെ അടക്കി പിടിച്ച സംസാരത്തില്‍ നിന്നും നിശ്വസങ്ങളിലും എനിക്ക് ഭയം അടുത്തു അറിയാന്‍ കഴിഞ്ഞു .
ആറുമണിയോടെ പോലീസ് ഭീകരന്‍റെ പേര് ടീവിയിലൂടെ വെളിയില്‍ വിട്ടു : 'ആന്‍ഡേഴ്സ് ബെവെരിക്ക്. പെട്ടന്ന് അവിടെ എല്ലാം " മാസ അള്ളാ" ശബ്ദങ്ങള്‍ ഉയര്‍ന്നു . അവിടെ കയ്യടി മുഴങ്ങി . കട ഉടമ അവിടെ ഉണ്ടായിരന്ന ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഗുലാബ് ജാം സന്തോഷത്തോടെ തന്നു . തെരുവുകളില്‍ ആളുകള്‍ ഇറങ്ങി . അവടെഎങ്ങും ആശ്വാസത്തിന്‍റ നിശ്വാസങ്ങള്‍ നിറഞ്ഞു.
നോര്‍വെയിലെ ആദ്യത്തെ ഭീകരാക്രമണം നടത്തിയ ആന്‍ഡേഴ്സ് ബെവേരിക് ജന്മം കൊണ്ട് ലൂഥറന്‍ സഭക്കാരന്‍ ആയിരുന്നു നോര്‍വെക്കാരന്‍ തന്നെ . അവന്‍ ബോംബു വച്ചും
ഉറ്റയാ എന്ന ദ്വീപില്‍ വെടി വെച്ചുമായി കൊന്നത് 77 നോര്‍വീജിയന്‍ ചെറുപ്പക്കാരെയാണ് .
അതിനു കാരണം അവനു മുസ്ലീങ്ങളോടും മൈഗ്രന്‍സിനോടും ഉള്ള അടങ്ങാത്ത വിദ്വേഷം . കാരണങ്ങളില്‍ ഒന്ന് അവന്‍റെ ക്ലാസ്സില്‍ പഠിച്ച പാകിസ്ഥാനി മുസ്ലീങ്ങള്‍ ആണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയതു. അവര്‍ക്കെല്ലാം നല്ല ശമ്പളം ഉള്ള കോര്‍പ്പെരേട്ടു ജോലികള്‍. ഭീകര നായകന്‍ കോഴ്സ് പൂര്‍ത്തിയാക്കിയില്ല . അവനു നല്ല ജോലി കിട്ടിയില്ല . അതിനു കാരണമായി അവന്‍ കണ്ടത് പഠിച്ചു നല്ല മാര്‍ക്ക് വാങ്ങി ജോലി മേടിച്ച പാക്കിസ്ഥാനി മുസ്ലീങ്ങള്‍ ആണ് . അവര്‍ അവനര്‍ഹമായ അവസരങ്ങള്‍ തട്ടിഎടുക്കുന്നു എന്നതാണ് അവന്‍റെ ധാരണ. നോര്‍വെയിലെ ഏറ്റവു, വലതു പക്ഷ തീവ്ര പാര്‍ട്ടിയുടെ പേര് " പ്രോഗ്രെസ്സിവ് ' പാര്‍ട്ടി എന്നാണ് . അങ്ങനെയുള്ള പാര്‍ട്ടിയുലെ അംഗം ആണ് ബെവെരിക്ക് . പക്ഷെ അടുത്ത തിരെഞ്ഞെടുപ്പില്‍ ആ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് കിട്ടി അവരും ഭരണത്തില്‍ പങ്കാളികളികള്‍ ആയതിന്‍റെ രാഷ്ട്രീയ മനശാസ്ത്രം അവര്‍ക്ക് മൈഗ്രന്സിനോടുള്ള കലിപ്പാണ്. മൈഗ്രണ്ട് കംമ്യുനിട്ടിയില്‍ ഒട്ടു മുക്കാലും മുസ്ലീങ്ങള്‍ തന്നെ. മൈഗ്രന്‍സ് ക്ലീനിങ്ങും മറ്റു മാനുവല്‍ ജോലികള്‍ ഒക്കെ ചെയ്തു കഴിഞ്ഞാല്‍ പലര്‍ക്കും കുഴപ്പമില്ല. എന്നാല്‍ ഇങ്ങനെയുള്ള മൈഗ്രന്സിന്‍റെ രണ്ടാം തലമുറയും മൂന്നാം തലമുറയും പഠിച്ചു വലിയ ഉദ്യോഗങ്ങളില്‍ കയറി കാശുഉണ്ടാക്കുന്നത്‌ പലര്‍ക്കും സുഖിക്കില്ല. നോര്‍വേയിലെ ഏറ്റവും വലിയ കാര്‍ ഡീലര്‍ ഒരു പാകിസ്താനി മുസ്ലീം ആണ് . ഓസ്ലോയില്‍ ഏറ്റവും തിരക്കുള്ള ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ ഒരു ടര്‍കിഷ് -നോര്‍വീജിയന്‍റെയാണ് . ഈ വിജയ ഗാഥകള്‍ പത്രങ്ങളിലും ടീവിയിലും കാണിക്കുമ്പോള്‍ പലര്‍ക്കും കലിപ്പ് കൂടും .
ഒരു ഇരുപതു കൊല്ലം കഴിഞ്ഞു കേരളത്തിലെ ഏറ്റവും സാമ്പത്തിക മുന്നേറ്റം ഉള്ളത് ബിഹാറി , ബംഗാളി മൈഗ്രന്‍സായിരിക്കും എന്ന് കരുതുക. അപ്പോള്‍ കാണാം മലയാളികളില്‍ പലരുടെയും കലിപ്പ് .
ഈ നോര്‍വേ കഥ പറഞ്ഞത് വിവേചനത്തിന്‍റെവിവിധ തലങ്ങളുംഅതിന്‍റെ സാമൂഹിക -രാഷ്ട്രീയ സങ്കീര്‍ണതകളും സന്ദേഹങ്ങളും സാമൂഹിക അരക്ഷിതാവസ്ഥയും ചൂണ്ടി കാട്ടാനാണ് . കാരണം ബെവേരിക്കിനു തോന്നിയത് മെരിട്ടിന്റെ പേരില്‍ അവന്‍ വിവേചനം അനുഭവിച്ചു എന്നാണ് . അവന്‍ ആഗ്രഹിച്ച അവസരം കിട്ടാത്തതില്‍ ഉള്ള കലിപ്പ്.
അഡോള്‍ഫ് ഹിട്ലര്ക്ക് വിയന്ന അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സില്‍ പ്രാവേശനം 1907 ഇല്‍ കിട്ടിയിരുന്നെങ്കില്‍ ലോകത്തിന്‍റെ ചരിത്രം മറ്റൊന്ന് ആകുമായിര്‍ന്നു . വിയന്ന ഫൈന്‍ ആട്സ് സ്കൂളിലെ പ്രധാനികളെ എല്ലാം യഹൂദന്‍മാരായിരുന്നു. പ്രവേശനം കിട്ടാതെ കാശില്ലാതെ അലഞ്ഞ അയാളില്‍ അയാള്‍ അന്ന് അനുഭവിച്ച വിവേചനത്തിന്‍റെ കൈപ്പു കലങ്ങി മറിഞ്ഞു ലോകത്തെ ഞെട്ടിച്ച ഭീകരതയുടെ അടങ്ങാത്ത കലിപ്പായി മാറി.
തുടരും .
ജെ എസ് അടൂർ

No comments: