Sunday, May 5, 2019

ഇസ്ലാം പേടികളും മറ്റ് മുൻവിധികളും വാർപ്പ് മാതൃകകളും .


മനുഷ്യർ നേരിടുന്ന ഒരു വലിയ പ്രശ്‍നം മനുഷ്യരെ മനുഷ്യരായി മാത്രം കാണുന്നവർ ചുരുക്കമാണ് എന്നതാണ് . മനുഷ്യരെ ലിംഗത്തിന്റെയും മതത്തിന്റെയും , ജാതിയുടെയും വംശത്തിന്റെയും ദേശത്തിന്റെയും പ്രത്യയ ശാസ്ത്രത്തിന്റെയും പാർട്ടിയുടെയുമൊക്കെ പല വിധ മുൻ വിധികളോടെ കാണുന്നവരാണ് കൂടുതലും . ഇത് പലരും മനപ്പൂർവം ചെയ്യുന്നതല്ല
. ഇങ്ങനെയുള്ള മുൻ വിധികൾ പലയിടത്തും പൊതു ബോധമായി പരിണമിച്ചാണ് ഓരോരോ വാർപ്പ് മാതൃകൾ അഥവാ സ്റ്റീരിയോടൈപ്പുകൾ ഉണ്ടാകുന്നതും അത് അങ്ങനെയുള്ള മുൻ വിധികളെ വിവിധ ഇടങ്ങളിൽ സാധൂകരിക്കുകയും അതിൽ നിന്ന് അറിയാതെ ഇൻഗ്രൂപ് - ഔറ്റ്ഗ്രൂപ്( 'നമ്മളും ' 'അവരും ) സമീപനങ്ങൾ ഉണ്ടാകുകയും അതിന്റെ പേരിൽ മനസ്സിലും പിന്നെ സമൂഹത്തിലും വിവേചനങ്ങൾ ഉണ്ടാകുകയും അപരവൽക്കരണം (othering).തുടങ്ങി അത് അന്യവൽക്കരണ (alienation )ത്തിലേക്ക് പരിണമിച്ചു ശത്രു സ്ഥാനത്തു പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നു . ശത്രുവിനെ, വിരോധിയായി അസഹിഷ്ണ്തയോടെ കാണണമെന്നും അവർ ആക്രമണത്തിന് അർഹരാണ് എന്ന് വരുത്തി തീർക്കുന്നു . അങ്ങനെയാണ് എല്ലാത്തരം അറിഞ്ഞും അറിയാതെയുമുള്ള വിവേചനങ്ങളും അത് കൂടി അസഹിഷ്ണുതയും പീന്നീട് അക്രമവുമായി പരിണമിക്കുന്നത് ..
ഈ മനസ്ഥിതിയാണ് അക്രമ രാഷ്ട്രീയത്തിനും തീവ്ര വാദത്തിനും ഭീകര അക്രമങ്ങൾക്കും കാരണമായ മനസ്ഥിതി . എല്ലാ ആക്രമണങ്ങൾക്കും ഒരു കൂട്ടരെ ശത്രു സ്ഥാനത്തു പ്രതിഷ്ഠിച്ചാൽ പിന്നെ ഹിംസയെ ന്യായീകരിക്കാം . അങ്ങനെ ഹിംസ വീണ്ടും ഹിംസയെ ഉളവാക്കി സമൂഹത്തെ മുഴുവൻ ഹിംസാത്മകമാക്കും . ഹിംസാത്മകമാകുന്ന സമൂഹത്തിൽ പരസ്പര വിശ്വാസം നശിച്ചു എല്ലാവരെയും സംശയത്തോടെ നോക്കും .ഒരാൾ എന്താണ് പറയുന്നത് എന്നതിനേക്കാൾ ആരാണ് പറയുന്നത് എന്നത് അനുസരിച്ചു ആയിരിക്കും കേൾക്കുന്നത് ..അത്കൊണ്ട് തന്നെ പറയുന്നതും കേൾക്കുന്നതും രണ്ടായിരിക്കുകയും സമൂഹത്തിൽ മുൻ വിധികളിൽ പുതഞ്ഞ തെറ്റി ധാരണകൾ സാധൂകരിക്കപ്പെടുകയും ചെയ്യുന്നു .
കേരളത്തിൽ ഒരാൾ എന്താണ് പറയുന്നതിനുപരി ആരാണ് പറയുന്നത് എന്ന് കൂടുതൽ നോക്കുന്നത് മനുഷ്യനും മലയാളിയും എന്ന സത്വ ബോധങ്ങൾക്കപ്പുറം ജാതിയും മതവും നോക്കി പ്രതികരിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ പരസ്പര വിശ്വാസം നഷ്ട്ടപെട്ട രോഗാതുര അവസ്ഥയെയാണ് കാണിക്കുന്നത് . ഇതിനെ സാമൂഹിക മാധ്യമങ്ങൾ ആക്കം കൂട്ടി. പറയുന്നത് മൊഹമ്മദൊ , നിസമൊ , ജോണോ , ശശിയോ , മേനോനോ , നായരോ , നസീമയെ , സുരേഷോ , ഹരീഷോ സീമയോ , നസീമയെ എന്നൊക്കെ നോക്കി വായിക്കാനും പ്രതീകരിക്കുവാനും തുടങ്ങുമ്പോൾ നമ്മൾ നമ്മുടെ മനസ്ഥിതികൾ എങ്ങനെയുണ്ടാകുന്നു എന്ന് ചിന്തിക്കേണ്ടതാണ് . അത് പോലെ ഓരോരോ മനുഷ്യരെ ഓരോ പാർട്ടി കള്ളികളിൽ ചുരുക്കി അവർ പറയുന്നത് എന്തും ഒരേ ലെൻസിൽ കൂടി കണ്ടു പ്രതീകരിക്കുക എന്നത് . ഒരുദാഹരണം പറയാം . ഞാൻ രമ്യ ഹരിദാസ് എന്ന എനിക്ക് വളരെ വര്ഷങ്ങളായി അറിയാവുന്ന ഒരു സ്ഥാനാർഥിക്കു പിന്തുണ പറഞ്ഞപ്പോൾ .' പ്രബുദ്ധനായ ' ഒരു ' പുരോഗനകാരി ' പ്രതീകരിച്ചത് ' മധ്യ തിരുവിതാംകൂർ അച്ചായന്റെ കാഞ്ഞ ബുദ്ധി ' എന്നാണ് . ഇത്‌ മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്തതു കൊണ്ടും മുൻവിധികൾ അറിയാതെ മനസ്സിൽ പൂരിതമാകുന്നതു കൊണ്ടാണ് .
തായ് ലാൻഡിൽ ഉള്ള ഒരു മുൻവിധി ഇന്ത്യക്കാരനേയും ഒരു പാമ്പിനെയും കണ്ടാൽ , ഇന്ത്യക്കാരനെ ആദ്യം കൊല്ലണം , അവരാണ് കൂടുതൽ വിഷമുള്ളത് എന്നതാണ് .ഈ മുൻവിധിക്ക് ഒരു കാരണം എഴുപതുകൾ മുതൽ ബാങ്കോക്കിൽ ഏറ്റവും സാമ്പത്തിക ഉന്നമനം ഉണ്ടായ ഇന്ത്യയിലെ സർദാർജിമാരോട് ഉള്ള കലിപ്പ് കാരണമാണ് . അവരോട് സാമ്പത്തിക മത്സരമുള്ള ചൈനീസ് തായ് വംശജരാണ് ആ മുൻവിധി പൊതു ബോധമാക്കിയത് . തെക്കേ ഏഷ്യയിൽ നിന്നുള്ള തവിട്ട് -കറുപ്പ് വംശജരെ തായ് ഭാഷയിൽ 'ഖ്‌വാക്ക് ' എന്ന മുൻവിധി വാർപ്പ് മാതൃകയിലാണ് അറിയുന്നത് എൺപത്കളുടെ മദ്ധ്യം മുതൽ പൂനയിൽ പഠിക്കാൻ പോയി.അവിടെ പൂന യൂണിവേഴ്സിറ്റിയിൽ ഒരു എമ്പ്ലോയിമെൻറ്റ് ഓഫീസ് ഉണ്ടായിരുന്നു . അവിടെ ജോലി തേടി പേര് രജിസ്റ്റർ ചെയ്യാൻ ചെന്നപ്പോൾ അവിടെയിരുന്നയാൾ മറാത്തിയിൽ ചോദിച്ചു ' കുഡുൺ അലാ ' ' കേരൾ സെ ' അടുത്ത മറുപടി ' തൂ മദ്രാസി ലോക്‌ എ ദേശ്മേ , ഹം ച മഹാരാഷ്ട്ര മഥേ കാം കേലിയെ ക്യോമ് ആതാ ഹൈ ' ' യെ ദേശകാ നാം ഇന്ത്യ ഹൈ . കിസി കാ ബാപ് കാ ദേശ് നഹി ഹൈ , സബ്കാ ദേശ് ഹൈ ' എന്ന് പറഞ്ഞു ജോലി വേണ്ട എന്ന് പറഞ്ഞു ഇറങ്ങി പൊന്നു .അന്ന് മനസ്സിലായി മുൻ വിധിയും വാർപ്പ് മാതൃകകളും എന്താണ് എന്ന് .മിസോറാമിൽ ചെന്നപ്പോൾ ' ഇന്ത്യക്കാരെ " അവർ വിളിക്കുന്നത് മുൻവിധികളാൽ പൂരിതമായ 'വായി ' എന്ന വാക്കാണ്. ബസിൽ യാത്ര ചെയ്യുമ്പോൾ 'വായ് ' എന്നത് പല പ്രാവശ്യം കേട്ടു . കേരളത്തിൽ ജോലിക്ക്‌ വരുന്ന ബംഗാളിയെയും ബീഹാറിയെയും ആസാമിയെയും മലയാളികളിൽ ഒരു വലിയ വിഭാഗം മുൻവിധികളോടെ രണ്ടാം തരം ആൾക്കാരായാണ് തൊഴിലാളികളെ കാണുന്നത്. അവർ നമ്മുടെ 'സംസ്കാരത്തെ ' കളങ്കപെടുത്തും എന്നുവരെ ഒരു കവി ശ്രേഷ്ട്ട പറഞ്ഞു . വിവേചനങ്ങൾ തൊട്ട് അറിഞ്ഞേലെ മറ്റുള്ളവർ നേരിടുന്ന വിവേചനം മനസ്സിലാക്കുവാൻ സാധിക്കൂ. ലോകത്തെങ്ങും ന്യൂന പക്ഷക്കാരനായ ഒരു ഇന്ത്യക്കാരൻ എന്നത് എങ്ങനെ അനുഭവിച്ചത് എന്നറിയണമെങ്കിൽ അത് അനുഭവിച്ചവർക്ക് മാത്രം മനസ്സിലാകുന്നതാണ്.
1986 ഇൽ തുടങ്ങിയ യാത്ര ലോകത്തിന്റെ എല്ലാ കോണിലും കൊണ്ടുപോയ നിരന്തര യാത്രയിലാണ് . കഴിഞ്ഞ ഇരുപത് കൊല്ലങ്ങളിൽ ഏറ്റവും മുൻവിധി വാർപ്പ് മാതൃകകളിൽ പ്രതികരിക്കുവാനും ജീവിക്കുവാനും ഇട വന്ന മത സമൂഹങ്ങളാണ് മുസ്‌ലീം മത വിശ്വാസികൾ .അതിനെ തീവ്ര വാദവും അൽ ഖൈദയും ജിഹാദികളും ഒക്കെ ഒരു പരിധി വരെ കാരണമാണെങ്കിലും അതിന് ഒരു പ്രധാന കാരണം 9|11 മുതൽ അമേരിക്കൻ യൂറോപ്പ് പത്രമാധ്യമങ്ങളും അതെ തുടർന്ന് മറ്റ് രാജ്യങ്ങളിലെ മാധ്യമങ്ങളും മുൻവിധിയൊട് കൂടിയ വാർപ്പ് മാതൃകകൾ സൃഷ്ട്ടിച്ചു ഒരു വലിയ സമൂഹത്തിന് മുകളിൽ സംശയത്തിന്റെ മൂട് പടമിട്ടു ഇസ്ലാം പേടി ( islamophobia ) വളർത്തി .ഓരോ ജിഹാദി അക്രമങ്ങളും നടക്കുമ്പോൾ അങ്ങനെയുള്ള ഇസ്‌ലാമോഫോബിയ വളരുന്നു. അതിനെ പ്രതിരോധിക്കുവാൻ എന്ന മട്ടിൽ തീവ്ര മത മൗലീക വാദികൾ കലക്കവെള്ളത്തിൽ മീൻ പിടിച്ചു അവരുടെ ആത്മീയ വ്യാപാര കച്ചവടം കൂട്ടുന്നു. അവർ മാധ്യമ ശ്രദ്ധയെ ഉപയോഗിച്ചു അവരുടെ ബ്രാൻഡ് വിൽക്കാൻ ശ്രമിക്കും. അതിനെ തീവ്ര വലതു പക്ഷ വംശീയ മത വർഗീയ പാർട്ടികൾ പലയിടത്തും മുതലെടുക്കാൻ തുടങ്ങി . ഇന്ത്യയിലും അത് സംഭവിച്ചു. കേരളത്തിലും അത് പരത്താൻ ചിലർ ശ്രമിക്കുന്നു. ന്യൂന പക്ഷ വർഗീയതയും ഭൂരി പക്ഷ വർഗീയതയും പരസ്പരം പോഷിപ്പിച്ചു സമൂഹത്തിൽ മനുഷ്യർ തമ്മിലുള്ള പരസ്പര വിശ്വാസത്തെ ഇല്ലായ്‌മ ചെയ്യുന്നു
എന്നാൽ ഈ വാർപ്പ് മാതൃകകൾ എത്ര മാത്രം കപടമാണ് എന്ന് ഇന്ത്യയും ലോകവും മുഴുവൻ ഇട തടവില്ലാതെ സഞ്ചരിക്കുന്ന ഞാൻ കണ്ടിട്ടുണ്ട് .ഇന്ത്യയിൽ ഏറ്റവും മുൻവിധി വാർപ്പ് മാത്രകയിൽ പൊതു ബോധമാക്കിയ പാക്സ്ഥാനിൽ പല പ്രാവശ്യം പോയപ്പോൾ ആണ് അവിടുത്തെ സാധാരണ ജനങ്ങൾ ഇവിടെയുള്ള സാധാരണ മനുഷ്യരെപ്പോലെയാണ് എന്ന് .തിരിച്ചറിഞ്ഞത് . അവിടെ മുഖം മറച്ചു തെരുവിൽ സ്ത്രീകൾ നടക്കുന്നത് അധികം കണ്ടിട്ടില്ല .എന്റെ കൂടെ ജോലി ചെയ്ത് പാക്കിസ്ഥാനിലെ മുസ്‌ലീം സമുദായത്തിൽ ഉള്ള സ്ത്രീകൾ ഏറ്റവും നല്ല ആധുനിക വിദ്യാഭാസം ലഭിച്ച നമ്പർ വൺ പ്രൊഫെഷനലുകളാണ് .അവർ തലയും മുഖവും ചിന്തയും ഒന്നും മറക്കുന്നവരല്ല . സിയറി ലിയോണിലെ ഒരു ഗ്രാമത്തിൽ റംസാൻ മാസത്തിൽ നൃത്തം ചെയ്ത് ആഷ്‌ലേഷിച്ചു വരവേറ്റ ഗോത്ര സ്ത്രീകളെ കുറിച്ച് ഞാൻ മുമ്പ് എഴുതിയിട്ടുണ്ട് .അവർ ഇസ്ലാം മത വിശ്വാസികൾ തന്നെയായിരുന്നു . ലോകത്തു ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇൻഡോനേഷ്യ . അവിടെ ഏറ്റവും നന്നായി യോഗ്യ കർത്തയിലുള്ള പ്രംമ്പ എന്ന മഹാ വിഷ്ണു -ബ്രമ്മാവ് ക്ഷേത്രത്തിൽ രാമായണം ഏറ്റവും നന്നായി അവതരിപ്പിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും മുസ്ലീങ്ങളാണ് .
കേരളത്തിൽ ഏതാണ്ട് 27% മുസ്ലീങ്ങളുണ്ട് .കേരളത്തിന്റെ മണ്ണിനോടും മനസ്സിനോടും താദാത്മ്യം പ്രാപിച്ചു മലയാളത്തെ നെഞ്ചിലേറ്റുന്ന മലയാളിയുടെ രക്തത്തിന്റെയും മാംസത്തിന്റെയും നൂറ് ശതമാനം ഭാഗഭാക്കായി ഏതാണ്ട് ആയിരത്തി മുന്നൂറ് കൊല്ലം മലയാണ്മയെ ജീവിതം കൊണ്ട് സമ്പന്നമാക്കിയവർ . ഇവിടെ ഞാൻ കണ്ട 99.99 മുസ്ലീ സ്ത്രീകളും മുഖം മറക്കാതെ തന്നെയാണ് ജീവിച്ചതും ജീവിക്കുന്നതും . ഇതാണ് ലോകത്തെ മിക്ക രാജ്യങ്ങളിലേയും സ്ഥിതി . ബാങ്കോക്കിൽ സുഖുംവിത്തിൽ ചെന്നാൽ ജീൻസും ടോപ്പുമിട്ട് ഷോപ്പിംഗ് നടത്തുന്ന സൗദിയിൽ നിന്നും ഗൾഫിൽ നിന്നുമുള്ള ഒരുപാട് പേരെ കാണാം . കെയ്റോയിലും, ടെഹ്‌റാനിലും അമനിലും മൊറോക്കയിലും ട്യൂണിസിലും , ആൽമറ്റിയിലും സെൻട്രൽ ഏഷ്യയിലും ടാൻസാനിയിലും ബെയ്‌റൂട്ടിലും എല്ലാം മുഖം മറക്കാത്ത നൂറ് ശതമാനം മുസ്ളീം വിശ്വാസികളായ സ്ത്രീകളെയാണ് കണ്ടിട്ടുള്ളത് . ഒരു മതവും മത സമൂഹങ്ങളും ഏക ശിലാ രൂപിയല്ല . ലോകത്തുള്ള എല്ലാ മതങ്ങളെയും മനുഷ്യരെയും പോലെ ഏറ്റവും വൈവിധ്യമുള്ള മത സമൂഹങ്ങളാണ് മുസ്ലീങ്ങൾ എന്ന് തിരിച്ചറിയുക .
ഏതാണ്ട് ഒരു ശതമാനത്തിലും വളരെ ചുരുങ്ങിയ മത ഭ്രാന്തരും മൗലീക ത്രീവ്ര വാദികളും ലോകത്തിലെ എല്ലാ മത വിഭാഗങ്ങളിലും ഉണ്ട് .പലപ്പോഴും എറ്റവും കൂടുതൽ ശബ്ദമുണ്ടാക്കുന്ന ഈ കടുക്മണി ന്യൂന പക്ഷ മത തീവ്ര മത മൗലീക വാദികളാണ് പലപ്പോഴും മുൻവിധികൾ ശക്തിപെടുത്തുന്നത് .കേരളത്തിൽ മുഖം മറച്ചു നടക്കുന്നവർ പോയന്റ് ഒരു ശതമാനം പോലുമില്ലാത്ത ഒന്നിനെ മാധ്യമ ചർച്ചയാക്കുന്നത് തന്നെ മുൻ വിധികൾ നിറഞ്ഞ വാർപ്പ് മാതൃകൾ പൊതു ബോധമാക്കാൻ ശ്രമിക്കുന്ന സംഘി മനസ്ഥിതി നമ്മൾ അറിയാതെ നമ്മളിൽ കയറുന്നത് കൊണ്ടാണ്.
കഴിഞ്ഞ മുപ്പത് കൊല്ലം ഇന്ത്യയിലും ലോകത്തും വിവിധ ഇടങ്ങളിലും ജീവിച്ചു യാത്ര ജീവിതവും ജീവിതം യാത്രയുമാക്കിയ പാഠം എങ്ങും യാത്ര ചെയ്യാതെ ലോകത്തെ അറിഞ്ഞ എന്റെ വല്യമ്മച്ചി (അമ്മയുടെ അമ്മ ) അഞ്ചു വയസുള്ളപ്പോൾ പറഞ്ഞു തന്നതാണ് ' നമ്മൾ എല്ലാം മനുഷ്യരാണ് . എല്ലാ മനുഷരെയും സ്നേഹിക്കുക .ആരെയും ശത്രുക്കൾ ആക്കരുത് " .ജീവിതം എന്നെ പഠിപ്പിച്ചത് നാം ആദ്യമായും അവസാനമായും മനുഷ്യർ മാത്രമാണ് എന്നതാണ് . ജാതി മത വംശ ഭാഷ ദേശ പാർട്ടി രാഷ്ട്രീയ മേലാപ്പുകൾക്കപ്പുറമുള്ള മനുഷ്യരെ കണ്ടെത്തിയാണ് ഞാൻ മനുഷ്യനായതും അനുദിനം മനുഷ്യൻ ആയികൊണ്ടിരിക്കുന്നതും
നേരെത്തെ എഴുതിയത് കമന്റിൽ ലിങ്കു വായിക്കുക .
ജെ എസ് അടൂർ

No comments: