Sunday, May 5, 2019

നവോത്ഥാന പ്രക്രിയയും വിശ്വാസ വിചാര ധാരകളും : മതം , രാഷ്ട്രീയം , വിശ്വാസം

28-04-2019
.
ഒന്ന് .
എല്ലാ മതങ്ങളുടെയും വിശ്വാസ ആചാരങ്ങൾ പലപ്പോഴും പാരമ്പര്യമായി കുടുംബ തലമുറകളിലൂടെ വ്യവസ്ഥാപിത സംഘടിത മത രൂപങ്ങൾ നില നിർത്തുന്ന ഒന്നാണ്. ചരിത്രത്തിൽ സംഘടിത മതരൂപങ്ങൾ സമൂഹത്തിലെ ഒരു വരേണ്യ വിഭാഗം അധികാരം നില നിർത്താൻ ഉപയോഗിക്കുന്ന സ്വത രൂപങ്ങളാണ്. ഈ സ്വത ബോധത്തെ നിയന്ത്രിച്ചു വളർത്തിയാണ് പുരോഹിത വർഗ്ഗം അധികാരത്തിന്റെ അതിർ വരമ്പുകൾ നിർണ്ണയിക്കുന്നതും അതിന് അപ്പുറത്തുള്ള വരെ അപരവൽക്കരിക്കുന്നതും.
അങ്ങനെ ഒരു സമൂഹത്തിൽ വ്യവസ്ഥാപിക്കപെട്ട സ്വത്വ അധികാര രൂപങ്ങളുമായി ഒത്തു തീർപ്പ് നടത്തിയോ അല്ലെങ്കിൽ അവയെ ആയുധ ബലത്താൽ പിടിച്ചെടുത്തു രാഷ്ട്രീയ അധികാര ഭരണ സ്വരൂപങ്ങൾ നിർമ്മിച്ചും നിയന്ത്രിച്ചുമാണ് ഗോത്ര ഭരണങ്ങളും പിന്നെ രാജ ഭരണ കൂട വ്യവസ്ഥയുമുണ്ടായത്. അങ്ങനെ പുരോഹിത വർഗ്ഗവും (priests ), രാജഭരണ വരേണ്യർ (prince )ഒരു കൂട്ട് കച്ചവടത്തിൽ പല ചേരുവകളിൽ സമൂഹത്തിന്റെ സാമൂഹിക സ്വത ബോധവും രാഷ്ട്രീയ അധികാരവും വിനിയോഗിക്കുന്നത്. മത -സംസ്കാര സാമൂഹിക അതിജീവനത്തിനും ഭരണ അധികാര നിലനിൽപ്പിനും മനുഷ്യന് ഭക്ഷണ -വസ്ത്ര -പാർപ്പിടത്തിനും അടിസ്ഥാന സുരക്ഷക്കും സാമ്പത്തിക വിനിമയങ്ങൾ അത്യാവശ്യമായി. അങ്ങനെയുള്ള സാമ്പത്തിക വിനിമയങ്ങളെ നിയന്ത്രിക്കുന്ന കച്ചവട വർഗ്ഗം (merchants )ഭരണ അധികാര സ്വത വിചാരങ്ങളളെ നിയന്ത്രിക്കുന്ന കൂട്ട് കച്ചവടത്തിന്റെ (power establishment partnership ) ഭാഗമായി.
കഴിഞ്ഞ രണ്ടായിരം കൊല്ലത്തോളമായി സാമൂഹിക -രാഷ്ട്രീയ -സാമ്പത്തിക സ്വത്വങ്ങളും അജണ്ടകളും പല ചേരുവകളിലും പേരുകളിലും നിയന്ത്രിക്കുന്നത് പുരോഹിത വർഗ്ഗവും (priests ), രാഷ്ട്രീയ അധികാര വരേണ്യരും (prince ) കച്ചവട താല്പര്യങ്ങളും (merchant )ചേർന്നുള്ള ഒരു അധികാര വിനിമയ ഘടനയാണ്. ഇത് ഇന്ത്യയിൽ ബ്രാമ്മണ- ക്ഷത്രിയ -വൈശ്യ താല്പര്യങ്ങൾ ജാതി ശ്രേണി സത്വ ബോധങ്ങളെ നിർമ്മിച്ച് നിയന്ത്രിച്ചാണ് അധികാരം കൈയ്യാളിയതും കൈയ്യാളുന്നതും.
ഇങ്ങനെയുള്ള ഒരു അധികാര വ്യവസ്ഥയെ ചോദ്യം ചെയ്യാനുള്ള ബദൽ ആശയങ്ങൾ പതിനേഴാം നൂറ്റാണ്ട് മുതലാണ് യൂറോപ്പിൽ ഉരുവായത്. അതിന് ഒരു കാരണം പ്രിന്റിംഗ് ടെക്നൊലെജിയും അതുവഴി സാമാന്യം സാമ്പത്തികമായി കഴിവുള്ളവരിൽ സാക്ഷരതയും വായനയും ചിന്തയും എഴുത്തും കൂടിയതാണ്. രണ്ടാമത് കൊളോണിയൽ അധിനിവേശത്തിലൂടെ കൈവന്ന കച്ചവട മേന്മയുടെ ഫലമായി ഇഗ്ലെൻഡിലും ഫ്രാൻസിലും ഡച്ചു ദേശത്തുമൊക്കെ ഒരു പട്ടണ വ്യവസ്ഥയും അതിന് അനുസരിച്ചു ഒരു മധ്യ വർഗ്ഗവും ഉരുത്തിരിയുവാൻ തുടങ്ങി. മൂന്നാമത്തെ കാരണം പത്തൊമ്പതാം നൂറ്റാണ്ടു മുതൽ കൽക്കരി സ്റ്റീൽ മുതലായ പുതിയ ടെക്നൊലെജിയിൽ കൂടി ആവിയന്ത്രങ്ങളിൽ കൂടിയുള്ള വ്യവസായിക വിപ്ലവവും ആവി കപ്പൽ ഉപയോഗിച്ചുള്ള ലോക യാത്രകളും വിവിധ ദേശങ്ങളിൽ നിന്നുള്ള വിവര വിനിമയങ്ങളും കൂടി എന്നതാണ്.
എന്നാൽ ഇത് ടെക്നൊളേജിയും ആയുധബലവും ഉപയോഗിച്ചു പതിനേഴാം നൂറ്റാണ്ട് മുതലുള്ള മുന്നൂറു വര്ഷം ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും അമേരിക്കയിലെയും ആസ്ട്രേലിയയിലെയും മനുഷ്യരെയും പ്രകൃതിയെയും ചൂഷണം ചെയ്ത് കോളനിവല്കൃത സാമ്പത്തിക വളർച്ചയുടെ തണലിൽ വളർന്ന ഒരു മധ്യ വർഗമാണ് ജനാധിപത്യത്തെകുറിച്ചും നവോത്‌ഥാനത്തെകുറിച്ചും വായിക്കുകാനും ചിന്തിക്കുവാനും എഴുതുവാനും തുടങ്ങിയത്.
കൊളോണിയൽ വ്യവസ്ഥയുടെ നിഷ്ടൂരമുദ്രയായ അടിമ കച്ചവടത്തിന് എതിരെ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലം മുതൽ ഏതാണ്ട് അൻപത് കൊല്ലക്കാലത്തെ ശ്രമഫലമായാണ് അടിമ വ്യാപാരം 1836 ഇൽ നിർത്തിയത്. ലോകത്തെ തന്നെ ഏറ്റവും പഴയ മനുഷ്യ അവകാശ സംഘടന ഇന്നും ലണ്ടനിൽ സജീവമായി പ്രവർത്തിക്കുന്ന ആന്റി സ്ലേവറി ഇന്റർനാഷണൽ എന്ന സംഘടനയാണ്. കോളിനിയൽ സാമ്പത്തിക വ്യവസ്ഥയും വ്യവസായികവൽക്കരണവും യൂറോപ്പിലെ മാടമ്പി വ്യവസ്ഥയെ തുരങ്കം വക്കുകകയും പുതിയ നഗരവൽകൃത സമൂഹ സംസ്കാരത്തിന് തുടക്കമിടുകയും ചെയ്‌തു. പുതിയ വ്യവസ്ഥയിൽ ഏറ്റവും കഷ്ട്ടം അനുഭവിച്ചത് ഗ്രാമങ്ങളിൽ നിന്ന് പട്ടങ്ങളിലേക്ക് കുടിയേറി തുശ്ചമായ കൂലിയിൽ അത്യധികം ചൂഷണം ചെയ്യപ്പെട്ട തോഴിലാളികളും കോളനികളിൽ ചൂഷണം ചെയ്യപ്പെട്ട ബഹു ഭൂരി പക്ഷം ദരിദ്രരും വംശവെറിയും ചൂഷണവും കൊണ്ട് മൃഗ തുല്യമായി ജീവിക്കാൻ വിധിക്കപെട്ട ആഫ്രിക്കയിൽ നിന്നുള്ള അടിമകളും ഇന്ത്യയടക്കമുള്ളയിടങ്ങളിൽ നിന്നുള്ള തൊഴിലാളികളുമാണ്.
ഇതിനെ എതിരെ മാറ്റങ്ങൾ ഉണ്ടാകുവാൻ തുടങ്ങിയത് ഫ്രഞ്ച് വിപ്ലവും അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനവും സ്കോട്ട്ലൻഡ് നെതര്ലാന്ഡ് ജർമ്മനി ഫ്രാൻസ് ഇൻഗ്ലെൻഡ് എന്നിവിടങ്ങളിൽ നടന്ന വിചാര വിപ്ലവവും അതിലൂടെ അവിടെങ്ങളിലെ നവ മധ്യ വർഗങ്ങളിൽ പടർന്ന ജനാധിപത്യ സെകുലർ ആശയങ്ങളും മനുഷ്യ അവകാശത്തെകുറിച്ചുള്ള ബോധങ്ങളും ആയിരുന്നു. അതിൽ പ്രധാനം ഭക്തിക്ക് അതീതമായ യുക്തി (reason ) ആയിരുന്നു. ചുരുക്കത്തിൽ മുന്നൂറ് കൊല്ലങ്ങൾക്കധികമായി ഉണ്ടായ സാമ്പത്തിക സാമൂഹിക വൈജ്ഞാനിക, രാഷ്ട്രീയ, സാംസ്കാരിക പ്രക്രിയയാണ് പൊതുവെ നവോത്‌ഥാനം എന്ന പേരിൽ അറിയപ്പെടുന്നത്. അത് പത്തോ, അമ്പതോ നൂറോ കൊല്ലം കൊണ്ട് നടന്ന ഒന്നല്ല.
യൂറോപ്പിന്റെയും അമേരിക്കയുടെയും സമൂഹങ്ങളിൽ ഉയർന്നു വന്ന ജനായത്ത ലിബറൽ സെകുലർ മൂല്യങ്ങൾ മുന്നൂറിൽ അധികം വർഷങ്ങളിൽ ഉണ്ടായ സാമൂഹ്യ പരിവർത്തനത്തിന്റെ ഫലമാണ് അതിന്റ ഭാഗമായി ഉയർന്നു വന്ന പല ആശയ വിചാര ധാരകളിൽ ഒന്നാണ് മാർക്‌സും എങ്കൽസുമൊക്കെ എഴുതിയത്. അവർ ജീവിച്ചിരിക്കുമ്പോൾ അത് യൂറോപ്പിലോ ലോകത്തോ പ്രസക്തമായ ഒരു മുന്നേറ്റമോ ജനകീയ സാമൂഹിക പ്രസ്ഥാനമോ ഉണ്ടാക്കിയില്ല. അത് മാത്രമല്ല യൂറോപ്പിൽ ആ കാലങ്ങളിൽ ഉണ്ടായ മിക്ക ആശയധാരകളെയും പോലെ അതും ഒരു യൂറോ സെൻട്രിക്ക് സെമിറ്റിക് ബൈനറി ആശയധാരകളുടെ ഭാഗമായിരുന്നു.
മൂന്നൂറു കൊല്ലംകൊണ്ട് മത അധികാര സ്വരൂപത്തെ മുൻനിരയിൽ നിന്ന് രണ്ടാം നിരയിലേക്ക് മാറ്റുകയും പ്രിൻസിന് പകരം പുതിയ കച്ചവട വ്യവസായിക താല്പര്യങ്ങൾക്ക് പ്രാമുഖ്യം കിട്ടുകയും ചെയ്ത്. ചുരുക്കത്തിൽ നോവോത്‌ഥാന വിചാര ധാരകൾക്കോ മാർക്സിസ്റ്റ് ആശയ പ്രചാരണത്തിനോ ഒന്നും തന്നെ യൂറോപ്പിയൻ -അമേരിക്കൻ നാടുകളിലെ സാധാരക്കാരുടെ മത വിശ്വാസങ്ങൾ തൂത്തെറിയാൻ സാധിച്ചില്ല. പഴയ അധികാര അച്ചു തണ്ടിന് പകരം പുതിയ ആധികാര വിന്യാസ വ്യവസ്ഥ വന്നുയെന്നു മാത്രം
പതിനേഴാം നൂറ്റാണ്ട് മുതൽ തുടങ്ങിയ വിചാര വിജ്ഞാന മാറ്റങ്ങളും ശാസ്ത്ര ചിന്താഗതികളും സാമൂഹിക മാറ്റങ്ങളും സംഘടിത മത അധികാര സ്വരൂപങ്ങൾ പ്രചരിപ്പിച്ചിരുന്ന ഒരുപാട് അന്ധവിശ്വാസങ്ങളെ യൂറോപ്പിയൻ സമൂഹത്തിൽ നിന്നു തൂത്തെറിഞ്ഞു .സംഘടിത മത അധികാര സ്വരൂപങ്ങൾ ചോദ്യം ചെയ്യപ്പെട്ടു ..അവയുടെ അപ്രമാദിത്വം കുറഞ്ഞു തുടങ്ങി . എന്നാൽ ബഹു ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്ക് വിശ്വാസം കഷ്ട്ടത്തിലും പ്രസംഗങ്ങളിലും നവോത്‌ഥാന യുക്തികൾക്കും അപ്പുറമുള്ള പിടിവള്ളിയായി നിലകൊണ്ടു . അത് കൊണ്ട് തന്നെ സംഘടിത മത സ്വരൂപങ്ങൾ ആധുനിക അധികാര സ്വരൂപ വിന്യാസത്തിന്റെ പിന്നാമ്പുറത്തേക്ക് പോയെങ്കിലും യൂറോപ്പിലെ എല്ലാ ആധുനിക രാഷ്ട്രീയ വ്യവഹാരത്തിലും അത് സത്വ ബോധമായും സാധരണ ജനങ്ങളുടെ വിശ്വാസ പ്രത്യാശയായും നില നിന്നും ഇന്നും നില നിൽക്കുന്നു എന്നതാണ് വസ്തുത .
.ഏതാണ്ട് 70 കൊല്ലത്തോളം സംഘടിത മത സ്വരൂപങ്ങളെ സംഘടിതമായാ കമ്മ്യുണിസ്റ്റ് പാർട്ടി കൊണ്ട് സോവിയറ്റ് യൂണിയനിലും കിഴെക്കെ യൂറിപ്പിലും തടയിട്ട് നിർത്തിയെങ്കിലും ഈ മത സ്വരൂപ വിശ്വാസ സ്വത ധാരകൾ ഈ രാജ്യങ്ങളിൽ പൂർവാധികം ശക്തിയായി തിരിച്ചു വന്നത്‌ ആ നാട്ടിലെ ജനങ്ങളുടെ ഉള്ളിലെ കൂട്ട സാമൂഹിക ഓർമ്മകളിൽ (collective memories ) വിശ്വാസ സ്വത വിചാരങ്ങൾ നില നിന്നതിലാണ് .
തുടരും
ജെ എസ് അടൂർ
28-04-2019

No comments: