ഫിജിയെകുറിച്ച് നേരത്തെ എഴിതിയത് വീണ്ടും ടൈംലൈനിൽ വന്നു.
ഫിജിയാത്ര വളരെ ഇഷ്ട്ടപെട്ട ഒന്നായിരുന്നു. ഞാൻ സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ഉപ്പാപ്പൻ (അച്ഛന്റെ ഏറ്റവും ഇളയ അനിയൻ )ഫിജിയിൽപ്പോയി. പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ ഫിസിക്സ് അധ്യാപക ജോലിയിൽ നിന്ന് അവധിഎടുത്താണ് ജോണ്‌കുട്ടിപാപ്പൻ ഫിജിയിൽ പോയത്.
അതു വളരെ വളരെ ദൂരെ ഓസ്‌ട്രേലിയക്ക് അടുത്തുള്ള ഒരു ദ്വീപാണ് എന്ന് പറഞ്ഞു തന്നത് ജ്യോഗ്രഫി നല്ലത് പോലെ അറിയാവുന്ന എന്റെ പപ്പായാണ്. ഉപ്പാപ്പൻ ഇനിയും ഒരിക്കലും വരില്ലായിരിക്കും എന്നായിരുന്നു ഞാൻ കരുതിയത്. പക്ഷെ ഉപ്പാപ്പൻ അഞ്ചു കൊല്ലം കഴിഞ്ഞു തിരിച്ചു വന്നു. കൂടെ മൂന്നര വയസ്സുള്ള ഇഗ്ളീഷ് മണി മണി യായി പറയുന്ന സുന്ദരി കൊച്ചു പെങ്ങളും. അവളോടാണ് മലയാളം മീഡിയത്തിൽ പഠിച്ച ജീവിതത്തിൽ ആദ്യമായി അഞ്ചാറു ഇഗ്ളീഷ് ഒക്കെ പറഞ്ഞു നോക്കിയത്.
നാലാംക്ളസ്സിൽ പഠിക്കുമ്പോഴാണ് പപ്പാ ഒരു അറ്റ്ലസ് വാങ്ങി തന്നത്. എന്നിട്ട് ഓരോ രാജ്യവും തലസ്ഥാനവും പറഞ്ഞു. അതു മാപ്പിൽ തൊട്ടുകാണിച്ചാണ് ലോകത്തെ മനസ്സിലാക്കാൻ തുടങ്ങിയത്. പപ്പാ വാങ്ങി തന്ന അറ്റൻസും കറങ്ങുന്ന ഗ്ലോബും. അതു പോലെ ലോകത്തിലെ വിവിധ രാജ്യങ്ങളുടെ കൊടികളും അത്യാവശ്യം വിവരങ്ങളും പിന്നെ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വസ്ത്ര ധാരണ രീതിയിയുടെ ചിത്ര പുസ്തകവുമെല്ലാം യാത്ര ചെയ്തു ലോകം കാണണം എന്ന് ആഗ്രഹമുണ്ടാക്കിയ സംഗതികളാണ്.
ഏതാണ്ട് നാലു വയസ്സുള്ളപ്പോൾ ആശാൻ പള്ളിക്കൂടത്തിൽ പോയി വരുമ്പോഴാണ് പേർഷ്യയിൽ നിന്ന് മുനിസിപ്പിലെ അമ്മാമ വന്നിട്ടുണ്ടെന്നും അമ്മാമ വാങ്ങിതന്ന പൂ കേക്ക് തിന്നതും. അന്ന് തൊട്ട് പേർഷ്യ എവിടെയാണ് എന്നായി എന്റെ ചിന്ത.
പിന്നെ കേട്ട രാജ്യം. കുവൈറ്റാണ്. എന്റെ കൊച്ചമ്മയെ ബോംബെ സാന്താക്രൂസിൽ നിന്നും പ്ലെയിൻ കേറ്റിവിടുന്ന ഓർമ്മയുണ്ട്. അവിടെ പട്ടാള ഉദ്യോഗസ്ഥർ ആയിരുന്ന പപ്പാ അന്ന് വിമാനത്താവളത്തിൽ യൂണിഫോമിൽ വന്നു കൊച്ചമ്മ (അമ്മയുടെ അനിയത്തി )യെ പ്ലെയിനിൽ വരെ അനുഗമിച്ച കയറ്റി വിട്ടത് ഓർമ്മയുണ്ട്.
അന്ന് യൂണിഫോമിൽ വിമാനത്തിന് അകത്തുപോലും കയറാനുള്ള ജോലിയൊക്കെയുള്ളയാളാണ് എന്നുള്ളത് മനസ്സിലുണ്ടാക്കിയ മതിപ്പു ചില്ലറയല്ല. സാന്താക്രൂസ് എയപൊട്ടിന്റെ അടുത്തുള്ള പട്ടാള ക്യാമ്പിലെ മൂന്നു മുറിയുള്ള ഒരു വീട്ടിലാണ് അവധിക്ക് പോകുമ്പോൾ താമസിച്ചിരുന്നത്. അവിടുത്തെ ഗാർഡനിൽ നിന്നാൽ വിമാനം പറന്നുയരുന്നതും ലാൻഡ് ചെയ്യുന്നതും കാണാം. എന്തായാലും ഒരു നാൾ അതിൽ കയറിപറക്കും എന്ന് അന്ന് കരുതിയതാണ്. പിന്നീട് സാന്താക്രൂസിൽ നിന്ന് നൂറു തവണയെങ്കിലും പ്ലെയിൻ കയറിയിട്ടുണ്ടാകും.
പപ്പയെ അവസാനമായി കാണുവാനുള്ള യാത്രയും ഈസ്റ്റ് വേസ്റ്റ് എയർലൈൻസിൽ സാന്തക്രൂസിൽ നിന്നാണ്.
ലോകത്തിലെ മിക്ക രാജ്യങ്ങളും അറ്റ്ലസിൽ കാട്ടിത്തന്ന പപ്പയോടു അവിടെയൊക്കെ പോയി വന്നു കഥ പറഞ്ഞില്ല എന്ന ദുഃഖം ബാക്കിയുണ്ട്. അമേരിക്കയിൽപോയി വാഷിംഗ്‌ടൻ ഡിസിയിൽ അഡ്വക്കസി ഫെല്ലോഷിപ്പ് കഴിഞ്ഞു വന്നു ആ കഥകൾ പറഞ്ഞു. ജീവിതത്തിൽ സ്വന്തം പൈസ കൊണ്ടു പപ്പാക്കു നല്ല ഒരു വാച്ച് വാങ്ങി കൊണ്ടു വന്നു കൊടുത്തു.
1995 ഓഗസ്റ്റ് 19നു ചെങ്ങന്നൂരിൽ കൊണ്ടു എന്നെയും ബീനയേയും തലയിൽ കൈവച്ചു അനുഗ്രഹിച്ചു.ജയന്തി ജനതയിൽ യാത്രയാക്കി. സെപ്റ്റംബർ 23 തീയതി പഞ്ചായത്ത് ഇലക്ഷന് വോട്ടിടാൻ പോയിട്ട് പപ്പ തിരിച്ചു വന്നില്ല.. എന്നാലും ലോകത്ത് എല്ലായിടത്തും യാത്ര ചെയ്യുമ്പോൾ പപ്പാ കൂടെയുണ്ടെന്നാണ് എനിക്ക് തോന്നിയത്. കാരണം പപ്പ ഉള്ളിലിരുന്നു അറ്റ്ലസിലെ ഓരോ രാജ്യത്തെയും തൊട്ടുകാണിക്കും. പപ്പാ സ്വപ്നത്തിൽ എല്ലാം ആഴ്ചകളിലും ഒന്നോ രണ്ടോ തവണ വരും. ഓർമ്മകളാണ് നമ്മളെ ഓരോരുത്തരും നമ്മളാക്കുന്നത്.
അഞ്ചു വയസ്സ് മുതൽ അവധികാലത്തു ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്നും പാപ്പയോടൊപ്പം അവധികാലം ചിലവഴിക്കാൻ അമ്മയോടൊപ്പം ബോംബെ ദാദർ സ്റ്റേഷനിലേക്കുള്ള യാത്രയാണ് ജീവിതത്തിൽ മുഴുവൻ യാത്രകൾ ഇഷ്ട്ടപെടുന്ന ആളാക്കിയത്.
അന്ന് മനസ്സിൽ തീരുമാനിച്ചതാണ് ബോംബയിൽ പപ്പായെപ്പോലെ ഒരിക്കൽ ഞാനും വന്നു താമസിക്കുമെന്ന്. അന്നത്തെ ആഗ്രഹം നടന്നു. ഒന്നരകൊല്ലം ബോംബെയിലാരുന്നു. ബോംബെയിൽ നിന്നാണ്1993 ലെ ലത്തൂർ ഭൂകമ്പത്തിന്റെ രക്ഷ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ഒരു മാറ്റഡോർ വാനിൽപോയത്. അന്ന് താമസിച്ചിരുന്ന ഈസ്റ്റ് വസായിലെ അഞ്ചു നിലകെട്ടിടം കുലുങ്ങുന്നത്പോലെ തോന്നി എഴുന്നേറ്റപ്പോൾ നാട്ടിലുള്ള പട്ടികൾ എല്ലാം കുരക്കുന്നു. അതു ഭൂകമ്പമാണന്നു മനസ്സിലാക്കി ഫ്ളാറ്റിൽ നിന്നും ഓടിയിറങ്ങി തുറസായ സ്ഥലത്തു നിന്നത് ഓർമ്മയുണ്ട്
വളരെ ചെറിയ പ്രായത്തിൽ കേട്ട ഒരു സ്ഥലമാണ് ബോർണിയോ. അച്ഛന്റെ മൂത്ത കസിൻ ഡോ ഹാബേൽ ജി വർഗീസ് ബോര്ണിയയിൽ അധ്യാപകൻ ആയിരുന്നു. അങ്ങനെയാണ് ബോര്ണിയയിലെ ഹാബേൽച്ചായൻ എന്ന് കേട്ടത്. പണ്ട് അദ്ദേഹം പത്രം പ്രവർത്തകൻ ആയിരുന്നു. മലയാളത്തിലാണ് എം എ. പിന്നീട് അദ്ദേഹം തിരുവനന്തപുരം പരുത്തിപ്പാറ മാർത്തോമ്മ പള്ളിയുടെ അപ്പുറമുള്ള ഷെൽട്ടർ എന്ന വീട്ടിൽ താമസമാക്കിയപ്പോൾ തിരുവനന്തപുരത്തു വരുമ്പോൾ കയറി സാഹിത്യവും സാമൂഹികവുമായ കാര്യങ്ങൾ ചർച്ച ചെയ്തത് ഓർമ്മയുണ്ട്.
ആയിരത്തി തൊള്ളായിരത്തി അമ്പതുകൾ മുതൽ പ്രവാസം ജീവിതം തുടങ്ങിയ കുടുംബത്തിൽ ജനിച്ചു വളർന്നത് കൊണ്ടു. ബോർണിയോ, സിംഗപ്പൂർ, മലയ, ന്യുസിലാൻഡ്, സിലോൺ, എല്ലാം അഞ്ചു വയസ്സിൽ കേട്ട സ്ഥലങ്ങളാണ്. സ്വന്തം സഹോദരിയും കുടുംബവും ന്യൂസിലണ്ടിലാണ്. അന്ന് ആരു ഗൾഫിൽ പോയാലും നാട്ടിൽ പറഞ്ഞിരുന്നത് പേർഷ്യയിൽ എന്നാണ്. പേർഷ്യയിലെ അമ്മാമ്മ, അച്ചായൻ എന്നൊക്കെയാണ് അറുപതുകളിലും എഴുപത്കളുടെ ആദ്യഭാഗത്തും പറഞ്ഞിരുന്നത്.
ഏതെങ്കിലും ഒരു സിറ്റിയിൽ പോകുമ്പോൾ അവിടെ താമസിക്കും എന്ന് പറഞ്ഞാൽ അതു അച്ചട്ടായി സംഭവിച്ചിട്ടുണ്ട്. പണ്ട് അപ്പച്ചൻ പറഞ്ഞു തന്ന വേദ വാക്യ അനുഗ്രഹം പോലെ ', നിന്റെ ആഗ്രഹങ്ങൾ ഒക്കെയും നിവർത്തിച്ചു തരും '.
1994 ലാണ് ആദ്യമായി ബാങ്കോക്കിൽ പോയത്. അവിടെ ചെന്നിറങ്ങി ടാക്സിയിൽ യാത്ര ചെയ്തു തുടങ്ങിയപ്പോൾ മനസ്സു പറഞ്ഞു You will stay here. പിന്നെ ഒമ്പതു കൊല്ലം കഴിഞ്ഞപ്പോൾ അതു സംഭവിച്ചു.
നോർവേ -ഫിൻലൻഡ് -ഹെൽസിങ്കിയൊക്കെ മനസ്സിൽ വളർന്നത് എസ് കെ പൊറ്റക്കാടിന്റെ പാതിരാ സൂര്യന്റെ നാട്ടിൽ എന്ന പുസ്തകം പതിനൊന്നു വയസ്സിൽ വായിച്ചപ്പോഴാണ്. അന്ന് വായിച്ചപ്പോൾ മനസ്സിലുറപ്പിച്ചതാണ്. പാതിരാ സൂര്യനെകാണണം എന്നു.
1996 ഇൽ ഓസ്ലോയിൽ ആദ്യമായിപോയത് ഒരു നോർവീജിൻ മൈനിങ് കമ്പനി ഒറീസ്സയിൽ ആദിവാസികളെ കുടി ഒഴിപ്പിച്ചു മനിഷ്യവകാശ ലംഘനങ്ങളെകുറിച്ച് നോർവീജിയൻ പാർലെമെന്റ്റ് കമ്മറ്റിയെ ബോധിപ്പിക്കുവാനാണ്. അന്ന് ക്യാമ്പയിൻ എഗനസ്സ്റ്റ് അൻജസ്റ്റ് മൈനിങ് എന്ന ഒരു പഠനം നടത്തി ഒറീസ്സയിൽ സഞ്ചരിച്ചു ഒരു ഫാക്റ്റ് ഫൈൻഡിങ് റിപ്പോർട്ട് സമർപ്പിക്കാൻ മൈൻ വാച്ച് എന്ന നോർവീജിയൻ സംഘടനയാണ് ക്ഷണിച്ചത്. അതു ജൂണിൽ ആയതു കൊണ്ടു പാതിരാ സൂര്യനെകാണുക എന്ന അഞ്ചാം ക്‌ളാസിലെ സ്വപ്നം നടന്നു. അന്ന് തിരികെ എയർപോർട്ടിലോട്ട് വരുമ്പോൾ മനസ്സ് പറഞ്ഞു. ഇവിടെ താമസിക്കുമെന്നു. പിന്നീട് യു എൻ ഡി പി യെ പ്രതിനിധികരിച്ചു അവിടെ മൂന്നു കൊല്ലം ജീവിച്ചു.
അതു പോലെ യൂ കെ യിലും ന്യൂയോർക്കിലുമൊക്കെ ആദ്യമായി പോയപ്പോൾ അവിടെ തങ്ങുമെന്ന് കരുതിയത് സംഭവിച്ചു
ഇതൊക്കെയാണങ്കിലും ലോകത്ത് മിക്കവാറും രാജ്യങ്ങളിൽപോയിട്ടും ഫിജി യിൽപോയത് രണ്ടു കൊല്ലം മുമ്പ് മാത്രം. അതു പോലെ ബോർണിയോയിൽ പോയത് കഴിഞ്ഞവർഷം. ഇപ്പോൾ അതു മലേഷ്യയിലാണ്. പണ്ട് കേട്ട പേർഷ്യയാണ് ഇറാൻ. അവിടെയും ഇറാക്കിലും(സദ്ദാമിന്റ് കാലത്തു ) പോയത് നല്ല ഓർമ്മകൾ. ഒരു കാലത്തു ഇന്ത്യയെ സ്വാധീനിച്ച സംസ്കാരമാണ് പേർഷ്യൻ സംസ്കാരം. നമ്മുടെ പ്രിയ ബിരിയാണി പേർഷ്യ /ഇറാനിൽ നിന്ന് വന്നതാണ്. അതുപോലെ വസ്ത്ര ധാരണ രീതിയിൽ പലതും.
ലാറ്റിൻ അമേരിക്കൻ യാത്രകൾ വളരെ സന്തോഷം തന്ന രാജ്യങ്ങളാണ്. ഒരുപാട് തവണ പോയിട്ടുള്ള ബ്രസീൽ ഇന്നും ഇഷ്ട്ട രാജ്യങ്ങളിലൊന്നാണ്. അതു പോലെ മെക്സിക്കോ, അർജെന്റീന, വെനുസ്വലാ. ഗ്വാട്ടിമാല, പെറു, കൊളമ്പിയ. കോസ്റ്റോറിക്കൻ യാത്ര. സെൻട്രൽ ഏഷ്യൻ രാജ്യങ്ങളും മനസ്സിൽ തങ്ങിനിൽക്കുന്നു.
ഏതാണ്ട് 130 രാജ്യങ്ങളിൽപോയിട്ടുണ്ടെങ്കിലും ഇതുവരെ കുവൈറ്റിലും ഒമാനിലും സൗദി അറേബ്യായിലും പോയിട്ടില്ല. ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലും പല തവണ പോയിട്ടുണ്ട്. അതുകൊണ്ടു ആ രാജ്യങ്ങളുടെ ചരിത്രവും രാഷ്ട്രീയവും സാമാന്യം നല്ലത് പോലെ പഠിച്ചു.
ഏതാണ്ട് നാൽപ്പത് രാജ്യങ്ങളെകുറിച്ച് പണ്ട് എഴുതിയ ഇഗ്ളീഷ് കുറിപ്പുകൾ കാഴ്ച്ചകളും കാഴ്ചപ്പാടുകളും എന്ന പേരിൽ മലയാളത്തിലെ എന്റെ ആദ്യപുസ്തകമായി താമസിയാതെ പ്രത്യക്ഷപ്പെടും
യാത്രയാണെനിക്ക് ജീവിതം. ജീവിതം യാത്രയും
ജെ എസ് അടൂർ
No comments:
Post a Comment