Friday, February 14, 2020

കരിയറിനു അപ്പുറം : ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ


മനുഷ്യനു സ്വയം ചിന്തിച്ചു അവരവരുടെ വഴികൾ തിരഞ്ഞെടുത്തു അവരവരുടെ ചിന്തകൾക്ക് അനുസരിചുള്ള ജീവിത ലക്ഷ്യങ്ങളെ നിർമ്മിക്കാൻ ആകുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്. അതു മൂന്നു രീതിയിൽ മാർക്‌സും വിവേകാനന്ദനും ഗാന്ധിയും പറഞ്ഞിട്ടുണ്ട്. Wo/man make his /her destiny.
മനുഷ്യർ മറ്റു മൃഗങ്ങളെക്കാൾ വ്യത്യസ്തരാകുന്നത് അവർക്കു ചിന്തിച്ചു സർഗാത്മകവും ക്രിയാത്മകവുമായി പ്രവർത്തിച്ചു ഭാഷ വിനിമയത്തിലൂടെ സംഘടിച്ചും അല്ലാതെയും തിരെഞ്ഞെടുപ്പുകൾ നടത്തുവാൻ കഴിയുന്നുവെന്നതാണ്. മനുഷ്യന്റെ ചിന്ത ശേഷിയും ഭാവന ശേഷിയും ഭാഷ ശേഷിയും ഏകോപിപ്പിച്ചു സാമൂഹിക ജീവിയായി ഭൂമിയിൽ കാലത്തിനും ദേശത്തിനും അപ്പുറം വിനിമയങ്ങൾ നടത്താനുള്ള അതിജീവന ശേഷിയുമാണ് മനുഷ്യരെ മറ്റു മൃഗങ്ങളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്.
പക്ഷേ മിക്കവാറും മനുഷ്യർ നാട്ടു നടപ്പും വീട്ടു നടപ്പുമായ ശീലങ്ങൾ ആഗീകരിച്ചു അതാതു കാലത്തെ സമൂഹത്തിലെ മുഖ്യധാര ധാരണകളിൽ ജനിച്ചു ജീവിച്ചു മരിച്ചു നിർമാർജനം ചെയ്തു മറയുന്നതാണ് സാധാരണ സ്ഥിതി. കാരണം അതു താരതമ്യന എളുപ്പമാണ് മിക്കവർക്കും.
നമ്മൾ ജനിച്ചു കഴിഞ്ഞു നമ്മുടെ പേരും, നാളും നാൾവഴികളും ജാതി -മത വിശ്വാസ ധാരകളും, ഭക്ഷണ രീതിയും വസ്ത്ര ധാരണ രീതിയും ജീവിക്കുന്ന വിധികളും മുൻ വിധികളും മരിക്കുന്ന രീതികൾ പോലും അതാത് കാലത്തെ സമൂഹത്തിനും സാങ്കേതിക വിജ്ഞാന -വിചാര ധാരണകൾക്ക്‌ അനുസരിച്ചു ഇരിക്കും.
നമ്മുടെ പേരു തിരഞ്ഞെടുക്കുന്നിടം തൊട്ട് നമ്മളെ ആണും പെണ്ണുമാക്കി തരം തിരിച്ചു മതവും സമൂഹവും നമ്മുടെ അടിസ്ഥാന സ്വത്വത്തെ തിരഞ്ഞെടുത്തു നമ്മളുടെ പേരിൽ ചാർത്തി തരുന്നു. അതു ഒരു തരം ജിയോ റ്റാഗ്ഗിംഗും അതിനപ്പുറവുമാണ്.
ഒരു പേരിൽ എന്തിരിക്കുന്നു . എന്ന് ഷേക്സ്പിയർ ജൂലിയസ് സീസറിലെ സംഭാഷണത്തിലൂടെ ചോദിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം ചോദിക്കുന്നുണ്ട് റോസാപ്പൂവിനേ എങ്ങനെ വിളിച്ചാലും അതു സുഗന്ധം പരത്തുമെന്ന്. പക്ഷേ മനുഷ്യന്റെ സ്ഥിതി അതല്ല. അവിടെ ഒരു പേരിളാണെല്ലാം. മനുഷ്യന്റ ജീവിത സ്വയം ബോധത്തിന്റെയും സത്വ ബോധത്തിന്റെയും സാമൂഹിക അസ്തിത്വവും തുടങ്ങുന്നത് ഒരു പേരിലാണ്.
അതു കൊണ്ടാണ് പലപ്പോഴും മനുഷ്യൻ സമൂഹത്തിൽ വിവിധ അധികാരരൂപങ്ങളിൽ പേരുമാറ്റി ആൾമാറാട്ടം നടത്തുന്നത്. ഇതു അറിയാവുന്ന പുരോഹിത വർഗ്ഗം പലപ്പോഴും പുതിയ പേരുകൾ സ്വീകരിക്കും. അത് ഒരു സാമൂഹിക അസ്ത്വത്ത മാറ്റമാണ്. എഴുത്തുകാരും അതു ചെയ്യാറുണ്ട്. എന്റെ തന്നെ പേര് മാറ്റി ഉപയോഗിക്കുന്നത് പേരും മനുഷ്യനു സ്വയം തിരഞ്ഞെടുക്കാൻ സാധിക്കും എന്ന അടയാളപ്പെടുത്തലും കൂടിയാണ്.
നമ്മൾ ജനിച്ച സമൂഹം നമ്മൾ അറിയാതെ തന്നെ തിരഞ്ഞെടുപ്പുകളും സ്വത സ്ഥിതിയും തിരഞ്ഞെടുത്തു ഒരു കള്ളിയിലും കണ്ണിയിലുമാക്കുകയാണ്. നമ്മളുടെ പേര് കൊണ്ടു ജാതി മത അടയാളപ്പെടുത്തലുകൾ നടത്തി നമ്മളെ അവിടെപൂട്ടും. അതു കഴിഞ്ഞു വീട്ടുകാരും സമുദായവും സമൂഹവും വരച്ചു തന്ന ശീലങ്ങളിലൂടെ മാർഗ്ഗങ്ങളിലൂടെ ജനിച്ചു ഭക്ഷിച്ചു പഠിച്ചു, ഭോഗിച്ചു പ്രത്യുൽപ്പാദനം നടത്തി കുടുംബത്തേ നിലനിർത്തി സമൂഹത്തെ നിരന്തരം നിലനിർത്തി ജീവിച്ചു മരിച്ചു പോകുന്ന ഒരു മുൻകൂട്ടി കൽപ്പിച്ച ശീലധാരയിൽ റൂട്ടിൻ പ്രോഗ്രാമിങ്ങിനു നമ്മുടെ കുടുംബവും സമുദായവും സംഘ ശക്തികളും നമ്മളെ രൂപപ്പെടുത്തി നിർമ്മിക്കും. അതാണ് 'നോർമൽ ' എന്ന് പറയുന്ന കോമൺസെൻസ്
അതിന് വെളിയിൽ മനുഷ്യൻ കടക്കുന്നത് ഭാവനയുടെയും ഭാഷയിലൂടെയുമാണ്. ഭാഷയില്ലാതെ ഭാവനയോ ഭാവന ഇല്ലാതെ ഭാഷയോ ഇല്ല. എന്നാൽ ചിന്ത കൊണ്ടും ഭാവനകൊണ്ടും ഭാഷകൊണ്ടും മനുഷ്യനു കണ്ടറിവും കേട്ടറിവും കൊണ്ടറിവും തിരിച്ചറിവുമുണ്ടാകുമ്പോഴാണ് മനുഷ്യൻ ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകൾ നടത്തി സ്വന്തം അസ്ത്വതവും വികാര -വിചാര -വിവേക അടയാളപ്പെടുത്തലുകൾ നടത്തുന്നത്.
അതു പലപ്പോഴും സമൂഹം നിർമ്മിച്ചു തന്ന കള്ളികൾക്കുള്ളിൽ നിന്നോ അതിനപ്പുറമോ ചിലപ്പോൾ സമൂഹത്തെ മാറ്റി മറിച്ചു മാറ്റുവിൻ ചട്ടങ്ങളെ എന്ന് വിളിച്ചു പറഞ്ഞു ചട്ടക്കൂടുകൾ പൊളിച്ചു മാറ്റി സ്വയവു സമൂഹത്തെയും പുതുക്കാൻ വളരെ ചുരുക്കം പേർക്ക്മാത്രമേ സർഗ്ഗാത്മകമായി ക്രിയാത്മകമാകാൻ സാധിക്കൂ.
മനുഷ്യ ജീവിതത്തിൽ ഏതാണ്ട് കൗമാര പ്രായം വരെ നമ്മളുടെ പേരും ഭക്ഷണവും ഭാഷയും വസ്ത്രവും മത സ്വതവും പള്ളിയും പള്ളിക്കുടവും എല്ലാം തിരഞ്ഞെടുക്കുന്നത് വീട്ടുകാരാണ്. വീട്ടുകാർ നാട്ടിൽ നാട്ടു നടപ്പിൽ 'നോർമൽ ' എന്ന സാധാരണ അവസ്ഥയിലാണ് അതിജീവനം നടത്തുന്നത് അതിന് പ്രധാന കാരണം അതുവരെ അവർക്കു ജീവിക്കുവാനുള്ള ജീവനുപാധിയായ അവസ്ഥ ആധുനിക സാമ്പത്തിക വ്യവസ്ഥയിൽ ഇല്ലന്നുള്ളതാണ്.
ആദ്യ പതിനെട്ടു കൊല്ലം കഴിഞ്ഞാൽ പിന്നെ ആരോഗ്യമുണ്ടെങ്കിൽ ഒരു നാൽപ്പത് വർഷമാണ് മനുഷ്യനു പൂർണ്ണ ക്രിയാത്മകതയോടെ ജീവിക്കുവാനുള്ള അവസരം. അതിന് ശേഷമുള്ളത് മരുന്നും മന്ത്രവുമൊക്കെയായി നീട്ടികിട്ടുന്ന പത്തോ പതിനഞ്ചോ വർഷമാണ്. 90നു അപ്പുറം ജീവിച്ചിരിക്കുന്നവർ ചുരുക്കമാണ്.
മനുഷ്യൻ ഓരോ തൊഴിൽ ഏറ്റെടുക്കുന്നത് ജീവനോപാധിയായിട്ടാണ്. ആധുനിക സാമ്പത്തിക വ്യവസ്ഥയിൽ ഭക്ഷണം വസ്ത്രം പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, യാത്ര എന്നതിന് എല്ലാം പണം വേണം. പണം കിട്ടാൻ വേണ്ടിയാണ് മനുഷ്യൻ പണി എടുക്കുന്നത്. പക്ഷേ പണത്തോടൊപ്പം സാമൂഹിക സാധുത നൽകുന്ന പദവി മനുഷ്യനു പ്രധാനമാണ്.
പണിയും പദവിയും അതാതു കാലത്ത് ഓരോ ആൾകക്കു മുള്ള ' വിലയുംനിലയും ' നിർണ്ണയിക്കുന്നത് സാമൂഹിക ധാരണകളാണ്.
അങ്ങനെ 'വിലയും നിലയുമാണ് ' സമൂഹത്തിലെ സ്റ്റാറ്റസ് ക്വോയുടെ അടിസ്ഥാനം.
പണ്ട് കുതിര വണ്ടിയിലും വില്ലും വണ്ടിയിലും യാത്ര ചെയ്യുന്നവർക്കായിരുന്നു 'വിലയും നിലയും 'സമൂഹം കല്പ്പിച്ചു നൽകിയത്. ഇപ്പോൾ കോടികളുടെ യോ അമ്പത് ലക്ഷത്തിന്റെ കാറോ അല്ലെങ്കിൽ സ്റ്റേറ്റ് അധികാര ചിഹ്നങ്ങളോയാണ് 'വിലയും നിലയും ' അടയാളപെടുത്തുന്നത്.
മനുഷ്യൻ ജീവിക്കുന്നത് അപ്പം കൊണ്ടു മാത്രമല്ല ആപ്പുകൊണ്ടും കൂടിയാണിന്നു . മനുഷ്യൻ ജീവിക്കുന്നത് അപ്പം കൊണ്ടു മാത്രമല്ല അടയാളപ്പെടുത്തലുകൾ കൊണ്ടും കൂടിയാണ്.
സമൂഹത്തിൽ 'വിലയും നിലയും ' ആർജിക്കുവാനാണ് അതാതു കാല ദേശത്തിന് അന്യസരിച്ചു മനുഷ്യർ കരിയറിൽ കയറി ജീവിതം തന്നെ കരിയർ കൊണ്ടു അടയാളപ്പെടുത്തി സാമൂഹിക ധാരണയ്ക്ക് അനുസരിച്ചു സുഖ സൗകര്യമായി ജീവിക്കാൻ ആഗ്രഹിക്കുന്നത്.
പണാധിപത്യ സമൂഹത്തിൽ പണമാണ് പലപ്പോഴും 'വിലയും നിലയും ' നിർണ്ണയിക്കുന്നത്. അതുകൊണ്ടാണ് ഏറ്റവും പണവും പദവിക്കും വേണ്ടിയുമുള്ള കരിയർ ഓട്ടപാച്ചിലിൽ മനുഷ്യൻ കൗമാരതിന്നു മുമ്പേ തന്നെ പെട്ടുപോകുന്നത്.
മിക്കവാറും പേർ ജീവിതത്തിൽ പലതും തിരെഞ്ഞെടുപ്പ് നടത്തുന്നത് സാഹചര്യം സൗകര്യങ്ങൾ നോക്കിയാണ്. Choice of convenience. ചിലർ ചില തിരെഞ്ഞെടുപ്പുകൾ നടത്തുന്നത് വേറെ നിവൃത്തികൾ ഇല്ലാത്തിതിനാലാണ്. Choice of compulsion.
ചിലർ മാത്രമേ ചിന്തിച്ചും അറിഞ്ഞും ചോദ്യങ്ങൾ സ്വയം ചോദിച്ചും സമൂഹത്തോടും ചരിത്രത്തോടും ചോദിച്ചു പുതു വഴികൾ തേടിയോ അല്ലാതെയോയുള്ള സ്വയ ബോധ്യങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പുകൾ നടത്തുന്നത്. Choice of conviction. പലപ്പോഴും അങ്ങനെയുള്ളവർ സ്വയം വഴികൾ കണ്ടെത്തും. അവർ നിരന്തരം അന്വഷിക്കും. അവർ പലപ്പോഴും സർഗാത്മകതയും ക്രിയാത്മകത്തെയും യോജിപ്പിച്ചു സ്വന്തം ജീവിതവും ജീവനോപാധികളും കണ്ടെത്തും.
അവരിൽ പലരും അവർ തിരഞ്ഞെടുക്കുന്ന പാതയിൽ പ്രകാശം പരത്തും.പ്രകാശ ഗോപുരങ്ങളായി ഒരുപാടു പേർക്ക് പുതിയ വഴികാട്ടികളാകും . വളരെ ചെറിയ കൂട്ടർ മരിച്ചു മറഞ്ഞതിന് ശേഷവും പ്രകാശഗോപുരങ്ങളായി ദേശ കാല മാനുഷിക പരിമിതികളെ അതിജീവിക്കും
അങ്ങനെയുള്ളവർ മഹാത്മാക്കളാകും. മഹാത്മാ ഗാന്ധിയെപ്പോലെ, ശ്രീ നാരായണ ഗുരുവിനെപ്പോലെ. അംബേദ്ക്കറെപ്പോലെ. പക്ഷേ വിഗ്രഹഭഞ്ജകരായവരെ പുതിയ വിഗ്രഹങ്ങളായി പൂവിട്ടു പൂജിച്ചു അധികാര സാമൂഹിക വ്യവസ്ഥയുടെ ഭാഗമാക്കും.
ഇന്നലെത്തെ വിപ്ലവകാരികളെ ഇന്നത്തെ വ്യവസ്ഥയും നാളത്തെ ആധിപത്യ അടയാളവുമാക്കി കോ ഓപ്റ്റ് ചെയ്യുന്നത് താണ്. പഴയ അധികാരികൾ പുതിയ അധികാര മുദ്രകളിലൂടെ പുതുക്കി സ്ഥാപിച്ചാണ് അധികാരം നിലനിർത്തുന്നത്.
ശേഷം പിന്നെ
ജെ എസ് അടൂർ

No comments: