Tuesday, February 18, 2020

കരിയർ എങ്ങനെയാണ് ഇങ്ങനെയായത്?


മനുഷ്യൻ തൊഴിൽ ചെയ്യുന്നതിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാനം ഇന്നത്തെ കമ്പോള വ്യവസ്ഥയിൽ ജീവിക്കുവാനുള്ള പണം സമ്പാദിക്കുക എന്നതാണ്. അതിനോടൊപ്പം ആ തൊഴിൽ എത്രമാത്രം സന്തോഷം തരുന്നു എന്നതും ഒരു ഘടകമാണ്. മനുഷ്യനു ഏത് പണി ചെയ്യുന്നതിനും കായിക ശേഷിയും ബുദ്ധിയും അത്പോലെ വിവിധ തൊഴിൽ പ്രാപ്തികളും നിപുണതയും വേണം.
ആധുനിക കമ്പോള വ്യവസ്ഥയിൽ തൊഴിലുകളും കമ്പോള വ്യവസ്ഥയുടെ ഭാഗമാണ് . അതു കൊണ്ടു തന്നെ ഓരോ തൊഴിലിനും അതിനു അനുസരിച്ചുള്ള വിലയും നിലയും നിർണ്ണയിക്കുന്നത് അതാത് കാലത്തെ മാർക്കറ്റാണ്. അതാതു തൊഴിലുള്ള ഡിമാൻഡും സപ്പ്ളെയുമനുസരിച്ചു ആ ദേശ -കാല സമൂഹത്തിൽ പ്രതേക തൊഴിലിന്റ/ജോലിയുടെ വില നിലവാരം മാറും.
ഒരുപാടു ആവശ്യമുള്ള ഒരു തൊഴിലിനു കുറച്ചു ആളുകളെ ലഭ്യമായുള്ളങ്കിൽ അതിനു കൂലി കൂടും. ഉദാഹരണത്തിന് നോർവേയിൽ ഒരു പ്ലംബർക്ക് ഒരുമണിക്കൂറിന് ഒരു വ്യവസ്ഥാപിത പ്രൊഫഷണലിനേക്കാൾ കൂടുതൽ കൂലി കിട്ടും. ഒരു നല്ല ഡെന്റിസ്റ്റ് എംഡിക്കാരൻ ഡോക്ട്ടരെക്കാൾ അധികം പൈസ കിട്ടും. അവിടെ പൊതുവെ വേതനം കൂടുതലാണ്. ടാക്‌സും.
മാർക്സ് പണ്ട് പറഞ്ഞത് പോലെ കമ്പോളത്തിൽ നമ്മുടെ മെയ്‌ബലവും ബുദ്ധിയും നിപുണതയും എല്ലാം വിറ്റ് കിട്ടുന്നത് പണമാണ് തൊഴിലകൾക്ക് ജീവനോപാധി. പലപ്പോഴും തൊഴിലിലെ വില നിലവാരം നിർണ്ണയിക്കുന്നത് കമ്പോള ശക്തികളും മുതലാളിത്വ ശക്തികളുമായിരിക്കും. ഒരു കമ്പിനിയിൽ തൊഴിലാളികൾക്ക് കുറച്ചു ശമ്പളം നൽകിയാൽ കമ്പിനിയുടെ ലാഭം വർദ്ധിപ്പിക്കാം.
എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യാവസായിക സാങ്കതിക മുന്നേറ്റത്തിന്റയും മൂലധനത്തിന്റെയും മെഷിന്റെയും അതിനു അനുസരിച്ചുള്ള തൊഴിലിന്റെയും അത് അനുസരിച്ചുള്ള രാഷ്ട്രീയ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങൾ കാല ദേശത്തിന് അനുസരിച്ചു മാറികൊണ്ടിരുന്നു. ആധുനിക സമൂഹത്തിൽ ഓരോ തൊഴിലിനും അനുസരിച്ചുള്ള വിജ്ഞാന -നിപുണത വ്യ്വസ്ഥപവൽക്കരിക്കുന്നതിന്റർ ഭാഗമായി ആരോഗ്യ -വിദ്യാഭ്യാസ രംഗവും വളർന്നു വന്നു.
ആധുനിക സമൂഹത്തിൽ ആരോഗ്യ പരിപാലനവും വിദ്യാഭ്യാസ വികസനവും സ്ഥാപനവൽക്കരിക്കപ്പെട്ടതിന്റ ഒരു കാരണം കമ്പോള വ്യവസ്ഥക്കും ആധുനിക സമൂഹത്തിനും ആവശ്യമായ ലേബർ ഫോഴ്സിനെ സൃഷ്ടിക്കുക എന്നതാണ് .
പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിലെയോ ഇരുപതാം നൂറ്റാണ്ടിലെ സ്ഥിതി അല്ല ഇന്ന്. ഇൻഫോർമേഷൻ ടെക്നൊലെജി വിപ്ലവവും സോഷ്യൽ മീഡിയയും പ്ലാറ്റ് ഫോം ഇക്കോണമിയും ഗിഗ് ഇക്കോണമിയും സ്മാർട്ട്‌ ഫോണും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷനും നമ്മൾ ജീവിക്കുന്ന രീതിയും വായിക്കുന്നതും പഠിക്കുന്നതും തൊഴിൽ ചെയ്യന്ന രീതിയും മാറ്റി. യുബർ ഇന്ന് ഒരൊറ്റ ആപ്പിൽ ഏതാണ്ട് 75 ലക്ഷം ഡ്രൈവര്മാരെയും അതിന്റെ പത്തിരട്ടി യാത്രക്കാരെയും കൂട്ടിയിണക്കുന്നു. കോടികണക്കിന് ആളുകൾ ഫേസ് ബുക്കിൽ. അവരെ മാനേജ് ചെയ്യുന്നത് ഓട്ടോമേഷന്റെ സഹായത്താൽ താരതമ്യേന ചെറിയ ടീം ആളുകൾ.
പ്രൊഫെഷണൽ വിദ്യാഭ്യാസം.
യഥാർത്ഥത്തിൽ ഇന്ന് എല്ലായിടത്തും ലഭ്യമായ പ്രൊഫെഷണൽ വിദ്യാഭ്യാസം ഇന്നത്തെ രീതിയിലായിട്ട് നൂറു കൊല്ലം പോലും ആയില്ല. കേരളത്തിൽ ആദ്യത്തെ മെഡിക്കൽ കോളേജ് 1951 ലാണ് തിരുവനന്തപുരത്തു വന്നത്. ഇന്ന് 34 മെഡിക്കൽ കോളേജുകളുണ്ട് . 1939ലാണ് തിരുവനന്തപുരത്തു ആദ്യ എൻജിനിയറിങ് കോളേജ്. ഇപ്പോഴത്തെ കണക്ക് അനുസരിച്ചു 188(അതിൽ കൂടുതലോ ) എൻജിനിയറിങ് കോളേജ് ഉണ്ടെണ്ടെന്നാണ് കണക്ക്.
1857ലാണ് ഇന്ത്യയിൽ ബോംബെ, കൽക്കട്ട, മദ്രാസ് എന്നിവിടങ്ങളിൽ യൂണിവേഴ്സിറ്റികൾ ആദ്യമായി ഉണ്ടാകുന്നത്. നമ്മൾ ഇന്ന് കാണുന്ന തരത്തിലുള്ള വ്യവസ്ഥാപിത വിദ്യാഭ്യാസത്തിന് നൂറ്റമ്പത് കൊല്ലം പോലും പഴക്കമില്ല. ഇന്ത്യയിൽ ആദ്യ മെഡിക്കൽ കോളേജ് 1835ഇൽ കൊളോണിയൽ സർക്കാർ സ്ഥാപിച്ച കൽക്കട്ട മെഡിക്കൽ കോളേജാണ്. 1822 ഇൽ കൽക്കട്ടയിൽ തുടങ്ങിയ ഒരു മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രമാണ് അതു കഴിഞ്ഞു 1835 ഇൽ മെഡിക്കൽ കോളേജ് ആയതു. പോണ്ടിച്ചേരിയിൽ ഫ്രഞ്ച്കാരും ഗോവയിൽ പോർച്ചുഗീസുകാരും, പിന്നെ ബോംബെ, മദ്രാസ്, ചെന്നൈ എന്നിവിടങ്ങളിൽ മെഡിക്കൽ കോളേജുകളുണ്ടായി.
1847 ഇൽ റൂർക്കിയിൽ തുടങ്ങിയ തോംസൺ കോളേജ് ഓഫ് സിവിൽ എൻജീനിയറിങ്ങാണ് ഇന്ന് ഐ ഐ ടി റൂർക്കി
ഇന്ന് നമ്മൾ കാണുന്ന പ്രൊഫെഷണൽ വിദ്യാഭ്യാസം ഇരുപതാം നൂറ്റാണ്ടിൽ വളർന്നു വന്ന ആധുനിക വിദ്യാഭ്യാസത്തിന്റ ഭാഗമാണ്. ഇന്ന് കാണുന്നതരത്തിൽ പ്രൊഫെഷണൽ വിദ്യാഭ്യാസമുണ്ടായിട്ടു 80 കൊല്ലങ്ങളെ ആയിട്ടുള്ളൂ.
1970 കളുടെ ആദ്യം ഞങ്ങളുട വീട്ടിൽ (അമ്മയുടെ വീട്ടിലാണ് ബാല്യകാലം )ഒരു ചേട്ടന് എം ബി ബി എസ് കിട്ടിയത് വലിയ സംഭവമായിരുന്നു. ആ ഇലവുംതിട്ട ദേശത്തു ആകെ രണ്ടു ഡോക്ടർമാരെ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ വീട് തന്നെ അറിയപ്പെട്ടത് ഡോക്ടറുടെ വീട് എന്നാണ്. ഇപ്പോൾ ഡോക്ട്ടറുമാരെ തട്ടിയിട്ട് നടക്കാൻ മേല. ഞങ്ങളുട കുടുംബത്തിൽ തന്നെ ഡസൻ കണക്കിന്. എന്റെ അമ്മ 1954 ൽ നേഴ്സിങ് കഴിഞ്ഞപ്പോൾ ഞങ്ങളുട കുടുംബത്തിൽ നഴ്‌സ്മാരില്ല. അമ്മ നേഴ്‌സിങ് സ്കൂൾ പ്രിൻസിപ്പലായി റിട്ടയർ ചെയ്തപ്പോഴേക്കും മൂന്നു തലമുറ നഴ്‌സ് മാർ കുടുംബത്തിൽ ലോകം എമ്പാടും പോയി ജോലി ചെയ്യുന്നു.
കാരണമെന്താണ്? ഇന്ന് വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും പണാധിപത്യ കമ്പോളവൽക്കരണത്തിന്റ ഭാഗമാണ്.
മുമ്പ് കൊളോണിയൽ ഭരണ ലോജിക്കിന്റെ ഭാഗമായോ മിഷനറി സോഷ്യൽ ചാരിറ്റിയുടെ ഭാഗമായി വളർന്നു വന്ന വിദ്യാഭ്യാസ ആരോഗ്യ രംഗം ഇരുപതാം നൂറ്റാണ്ടിൽ ക്ഷേമ രാഷ്ട്ര യുക്തിയുടെ കോമ്മൺ ഗുഡ് ആകുകയും പിന്നെ കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷങ്ങളിൽ മാർക്കറ്റ് ലോജിക്കിന്റെ ഭാഗമായി.
എല്ലാം ഇൻവെസ്റ്റ്‌മെന്റ് മാത്രമാണോ?
ഇന്ന് വിദ്യാഭ്യാസത്തെ ഒരു ഇൻ വ്ർസ്റ്മെന്റായി കാണുന്ന സാമ്പത്തിക സംരംഭകരും അതിന്റെ ഉപഭോഗ്താക്കളായി മാറുന്ന ആളുകൾ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസവും ഉയർന്ന ജോലിയിൽ കൂടുതൽ തൊഴിൽ കിട്ടുവാനുള്ള ഒരു ഇൻവെസ്റ്മെന്റായാണ് കാണുന്നത്. അങ്ങനെ കൂലി കൂടുതൽ കിട്ടുന്ന ജോലിക്കായുള്ള കോഴ്സിന് ബാങ്ക് വായ്പ്പകൾ നൽകും.
എന്നാൽ സാഹിത്യം പഠിക്കാനോ അല്ലെങ്കിൽ ഭാഷയോ സാമൂഹിക ശാസ്ത്രം പഠിക്കാനോ ലോൺ കൊടുക്കാൻ ബാങ്കുകൾ മിക്കവാറും തയ്യാറല്ല. കാരണം സാഹിത്യത്തിനും സാമൂഹിക ശാസ്ത്രത്തിനും ശാസ്ത്രം വിദ്യാഭ്യാസത്തിനും കമ്പോള നിലവാരം അധികമില്ല.
പ്രൊഫഷണൽ വിദ്യാഭ്യസത്തിനുള്ള ഓട്ടപാച്ചിൽ.
പലപ്പോഴും അവരവരുടെ കുട്ടികളുടെ അഭിരുചികൾ എന്തെന്ന് അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ അവരെ പല തരം പ്രൊഫഷണൽ വിദ്യാഭ്യസ രംഗത്തേക്ക് തള്ളി വിടും.
അതിന് ഒരു കാരണം പ്രൊഫഷണൽ ഡിഗ്രികൾക്കുള്ള മാർക്കറ്റാണ്. ജോലി വിപണിയിലും കല്യാണ വിപണിയിലും ഇന്ന് 'പാക്കേജ് ' എന്ന പേരിൽ അറിയപ്പെടുന്ന പണകിഴിയും പേർക്ക്സ് എന്ന പേരിലുള്ള സൗകര്യങ്ങളും ജീവിതത്തിൽ പ്രധാന ഘടകമാണ്. അതാണ് ഉപഭോഗത്തിന്റയും ഭോഗത്തിന്റെയും പ്രത്യുൽപ്പാദനത്തിന്റെയും ലോജിക് നിർണ്ണയിക്കുന്നത്. ഇന്ന് വിവാഹവും കുട്ടികളും സ്‌കൂളും എല്ലാം തന്നെ പണസംസ്കാര സ്റ്റാറ്റസ് സിംബലുകളാണ്. അതാണ് ഇന്ന് സെമി ഫ്യുഡൽ സംസ്കാരവും പണാധിപത്യ വ്യവസ്ഥയുടെ 'നോർമൽ 'ലോജിക്.
എന്റെ കുടുംബത്തിൽ മനോഹരമായി കഥകളും കവിതകളും എഴുതുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. വളരെ സർഗാത്മക ഭാവനായുള്ള പെൺ കുട്ടി. അവൾക്ക് സാഹിത്യം പഠിച്ചു ജേണലിസ്റ്റോ അധ്യാപികയോയായി എഴുത്തുകാരിയകനായിരുന്നു മോഹം. പക്ഷേ സാഹിത്യത്തിനും ഭാവനക്കും ജീവിക്കാനുള്ള പണവും പദവിയും തരാനുള്ള സാധ്യത വിരളമാണ് എന്ന ലോജിക്കിൽ ആ കുട്ടിയെ പ്രൊഫഷണൽ കോഴ്സിന് വിട്ടു. അതോടെ അവരുടെ എഴുത്തു നിന്നു.
ഏതാണ്ട് ഇരുന്നൂറ് ചെറുപ്പക്കാരെ നേരിട്ട് മെന്റർ ചെയ്തിട്ടുണ്ട്. അവരിൽ ഒരുപാടു പേർ മെഡിസിനും എഞ്ചിനിയറിങ്ങും എം സി എ യൊക്കെ ചെയ്തു ഏതാണ്ട് നാലും അഞ്ചും കൊല്ലം കഴിഞ്ഞു അതു വേണ്ട എന്ന് പറഞ്ഞവരാണ്. പലരും പല തരം പിരിമുറക്കങ്ങളിൽ കൂടെയോ ഡിപ്രെഷ്യനിൽ കൂടെയോ കടന്നു പോകുന്നവർ.
പലരും മാതാപിതാക്കളുടെ സ്വപ്‌നങ്ങൾക്കോ അല്ലെങ്കിൽ പീയർ പ്രഷർ കൊണ്ടോ ഏതെങ്കിലും പ്രൊഫഷണൽ കരിയറിൽ എത്തി ചേർന്നവർ. അതിൽ പലരും ഒരു മിഡിൽ ലെവൽ മാനേജ്‌മെന്റിൽ തന്നെപെട്ടുപോയി ജോലിയിഷ്ടമില്ലെങ്കിലും ഈ എം ഐ യിൽ പെട്ടു ഒരു അൺഹാപ്പി മാര്യേജ് പോലെ കൊള്ളാനും തള്ളാനും വയ്യാത്ത അവസ്ഥയിലാണ്.
അതു കൊണ്ടു തന്നെ അഭിരുചിയും സന്തോഷവും സര്ഗാത്മകതയും ക്രിയാത്‌മകതയും ഭാവനയും അതിൽ നിന്നുണ്ടാകുന്ന പാഷനും ഒരു ജോലിയിൽ സന്നിവേശിപ്പിച്ചില്ലെങ്കിൽ ആ രംഗത്തു വലിയ അളവിൽ ശോഭിക്കുവാനോ ഉന്നത തലത്തിൽ എത്തുവാനോയുള്ള സാധ്യത കുറവാണ്.
ഒരാൾ എന്ത് എന്തു കൊണ്ടു എങ്ങനെ എപ്പോൾ തിരഞ്ഞെടുക്കണമെന്നത് പ്രധാനമാണ്. ഒരാളുടെ അഭിരുചിയും (aptitude ),, ഹൃദയ വികാര വിചാരവും (heart set ), മാനസിക കാഴ്ചപ്പാടും (mindset ), നൈപുണ്യ പ്രാപ്തികളും (skill set ) ഒരുമിച്ചു വരുമ്പോൾ അയാൾക്ക് സർഗ്ഗാത്‌മകമായും ക്രിയാത്മക്മയും ജോലി ചെയ്യാൻ കഴിയും. അങ്ങനെ ചെയ്യുന്ന ഒരാൾ അതിൽ പാഷനോട് കൂടി ജോലി ചെയ്യുമ്പോൾ അവർ അനുദിനം പഠിച്ചു പാഠങ്ങൾ ഉൾക്കൊണ്ട്‌ പ്രകാശം പരത്തും. അവർ ആ മേഖലയിൽ അവരെ അടയാളപെടുത്തും.
പലരും കിട്ടുന്ന ജോലികളിൽ വച്ചായിരിക്കും സ്വയം തിരിച്ചറിയുന്നത്. അതിൽ ചിലർ താദാത്മ്യം പ്രാപിച്ചു റീ അലൈൻ ചെയ്തു ആ രംഗത്തു വിജയിക്കും.
അടുത്തത് കരിയറിന് അപ്പുറം ഒരനുഭവ സാക്ഷ്യം
ജെ എസ് അടൂർ

No comments: