Monday, February 24, 2020

ജീവിതത്തിലെ ബാലൻസ് ഷീറ്റ്


ഏതെങ്കിലും ഒക്കെ രംഗത്ത് കുറെയൊക്കെ സക്സസ്ഫുൾ ആയവർക്ക് പലപ്പോഴും സാമാന്യത്തിലധികം സെല്ഫ് കോൺഫിഡൻസും ആത്മ ധൈര്യവുമൊക്കെ തോന്നും .
അറിയാതെ തന്നെ മനസ്സിൽ ഞാൻ ഒരു പുലിയാണ് വല്യ പുള്ളിയാണന്നൊക്കെ തോന്നും .
പക്ഷെ അമ്പത് വയസ്സ് പിന്നിട്ടപ്പോൾ എനിക്ക് മനസ്സിലായി തുടങ്ങി ഇതൊക്കെ വെറും മിഥ്യാ ധാരണകളാണ് .
ഇരുപതുകളിൽ ലോകെത്തെന്തും സാധിക്കും എന്ന ആത്മ വിശ്വാസത്തിന്റെ ആൾരൂപമായിരുന്നു എന്ന് എന്നെ ആ നാളുകളിൽ അറിയാവുന്നവർക്കറിയാം . ഒരു പക്ഷെ അന്ന് മനസ്സിൽ കണ്ട പലതും അതിലധികവും കാര്യങ്ങൾ ചെയ്തു .തിരെഞ്ഞെടുത്ത രംഗത്ത് ലോക നിലവാരത്തിൽ നേതൃത്വ സ്ഥാനത്തെത്തി. പണം വിചാരിച്ചതിനേക്കാൾ പതിന്മടങ് കൈയ്യിൽ വന്നു .
പക്ഷെ ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എന്റെ വലിയ മിടുക്കോ വൈഭവമോ കൊണ്ടെന്തെങ്കിലുമാണ് ഇതൊക്ക സംഭവിച്ചത് എന്നിതിൽ വളരെ സംശയമുണ്ട് .അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വഴിയിൽ കണ്ടു മുട്ടിയ ഗുരുക്കന്മാരുടെ സ്നേഹ കൈത്താങ്ങലുകൾ .
പിന്നെ എത്രയോ പേർ കൂടെ നിന്ന് സഹായിച്ചു. അതിൽ പ്രധാനി എന്റെ ജീവിതത്തിലെ കൂട്ടുകാരി ബിനയാണ് .വളരെ അക്കാദമിക മികവുള്ള എല്ലാത്തിനും റാങ്കു വാങ്ങി ഇരുപത്തി ആറു വയസ്സിനുള്ളിൽ പ്രഗല്ഭമായ പി എച് ഡി ചെയ്ത് ഇന്ഗ്ലണ്ടിലെ ബ്രാഡ്ഫോർഡ് സർവകലാശാല ജോലി വാഗ്ദാനം വേണ്ടെന്ന് വച്ച് കൂടെ കൂടിയ ആൾ . വളരെ ടാലന്റഡ് ആയ എന്റെ ഏറ്റവും നല്ല വിമർശക കൂട്ടാളി . എന്നെ സ്നേഹത്തോടെ എന്റെ വഴിക്കു വിട്ട അച്ഛൻ , അമ്മ , ജീവിത പങ്കാളി .
അങ്ങനെ എത്രയോ പേരുടെ കരുണയിലും കരുതലിലുമാണീ യാത്ര. കൂടുതൽ കൂടുതൽ അറിഞ്ഞപ്പോൾ എത്ര മാത്രം അറിയില്ല എന്ന് ബോധ്യമായി . I too am a creature of circumstances .
ഈ സെല്ഫ് മേഡ് മാൻ എന്നൊക്കപറയുന്നതും വെറും മിഥ്യാ ധാരണയാണ് .ഒരു മനുഷ്യൻ പോലും സെല്ഫ് മെയ്ഡ് അല്ല .ആരുടെയൊക്കെ സ്നേഹവും സഹായവും കൊണ്ടാണ് ഇത് വരെ യാത്ര ചെയ്തത്.
ഇപ്പോൾ ഒരു ഡിറ്റാച്ചുമെന്റോടെ ജീവിതത്തെ കാണുന്ന ആളാണ് . പദവികളിലോ പണത്തിലോ വലിയ താല്പര്യങ്ങൾ ഇല്ല . ജീവിതത്തെ കുറിച്ചും മിഥ്യാ ധാരണകളെകുറിച്ചും മരണത്തെകുറിച്ചും ചിന്തിക്കാറുണ്ട് .
ജീവിതത്തിലെ ബാലൻസ് ഷീറ്റ് ബാങ്ക് ബാലൻസോ എഫ് ബി യിലോ ട്വറ്ററിലോ എത്ര ഫോളോവേഴ്സ് ഉണ്ടെന്നുള്ളത് അല്ല എന്നും തിരിച്ചറിയുന്നുണ്ട്.
ജീവിതത്തിലെ ബാലൻസ് ഷീറ്റ് എത്ര ജീവിതങ്ങളെ നിങ്ങൾ മനസ്സുകൊണ്ട് തൊട്ടു മനസ്സറിഞ്ഞു സഹായിച്ചു സങ്കടങ്ങളിൽ ആശ്വാസമായി എന്നൊതൊക്കെയാണ് .
ഒരു പരിധി കഴിഞ്ഞാൽ നമ്മുടെ ഡിഗ്രികൾക്കോ നമ്മുടെ ജോലി മാഹാത്മ്യത്തിനോ വലിയ കാറിനോ വീടിനോ ഒന്നും വലിയ വിലയൊന്നുമില്ല . ഒക്കെ സമൂഹ നിർമ്മിതികളും നമ്മൾ പഠിച്ചു വച്ച തോന്നലുകളുമാണ് .
പണക്കാരനും പാവപ്പെട്ടവനും ശരീരത്തിന് വേണ്ട ആഹാരവും , രതിയും , വിരേചനവും ഉറക്കവും ഒക്കെ ഒരുപോലെയാണ്. ബാക്കിയുള്ളത് എല്ലാം ഓരോ ധാരണകൾ മാത്രമാണ് .
എനിക്കുള്ളിൽ വല്ലപ്പോഴും അഹങ്കാരം വരാറുള്ളപ്പോൾ സോളമെന്റ് സഭാ പ്രസംഗി എന്ന പുസ്തകം വായിക്കും .അത് കഴിഞ്ഞ 103 സങ്കീർത്തനം . മനുഷ്യൻ ഉറച്ചു നിന്നാലും ഒരു ശ്വാസമത്രെ , വയലിലെ പൂ പോലെ അത് പൂക്കുന്നു .കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അതിന്റ സ്ഥലം പിന്നെ അതിനെ അറിയുകയില്ല എന്നത് വീണ്ടും തിരിച്ചറിയുമ്പോഴേക്കും അഹങ്കാരം ആവിയായിപ്പോകും .
അത് പോലെ ഏതെങ്കിലും ഫീൽഡിൽ സക്ക്സസ്ഫുൾ ആയവരെല്ലാം ഫുൾ ഓഫ് ദേംസെല്ഫ് ആണ് .നാർസിസം അറിയാതെ കൂടെ കൂടും .എനിക്കും അങ്ങനെ ടെംപ്റ്റേഷൻ ഉണ്ടാകുമ്പോൾ മനസ്സിലെ വേറൊരാൾ അതിന് ബ്രെക്ക് ഇടും . അച്ഛന്റെ ഓർമ്മ ഉള്ളിൽ വന്നു മന്ത്രിക്കും ' താഴെ വന്നേയുള്ളൂ സമ്മാനം " നമ്മളെകാട്ടിൽ എത്രയോ മിടുക്കർ പണ്ടും ഇന്നും നാളെയുമുണ്ടാകും.
ജീവിതം വലിയ പ്രപഞ്ചത്തിലെ ഒരു ചെറു തുള്ളിയൊഴുക്കാണ് . അത് നമ്മൾ എന്ന് തിരിച്ചറിയുന്നോ അന്ന് ഉള്ളിൽ പേറുന്ന ഭാരവും തീരാത്ത ആഗ്രഹങ്ങൾക്കും അപ്പുറം സന്തോഷത്തോടെ ഒരു അരുവിയിൽ നിന്ന് ഒഴുക്കുള്ള അഴുക്കില്ലാത്ത വെള്ളമായി സ്നേഹ സാന്ദ്രമായി ഒഴുകുവാൻ കഴിയും .അങ്ങനെയുള്ള ഒരു കൊച്ചാഗ്രഹമേ ഈ ഞായറാഴ്ച്ച മനസ്സിൽ വന്നുള്ളൂ . സ്നേഹം .
What matters is what you are and not what you have . The more you are possessive about something ,the more you will lose it.
ജെ എസ് അടൂർ

No comments: