Tuesday, February 18, 2020

അന്വേഷിപ്പിൻ കണ്ടെത്തും : അനുഭവ പാഠങ്ങൾ


ആരും തന്നെ പ്രവാചകരായി ജനിക്കുന്നില്ല. അവരവരുടെ സാഹചര്യങ്ങളാണ് പലരെയും വ്യത്യസ്ത വഴികൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.
ഇന്ന് പ്രവാചകരായി വാഴ്ത്തപ്പെടുന്നവരും മഹാത്മാക്കളും മഹാന്മാരും നവോതഥാന നേതാക്കളുംമായവർ മറു വഴികളും തേടിയവരും വഴി തെളിച്ചവരുമാണ്. പലപ്പോഴും അവർ പോയ വഴിയിൽ മനസ്സുകളിലും മനുഷ്യരിലും പ്രകാശവും പ്രത്യാശയും പകർത്തിയവരാണ്. . ആ പ്രകാശത്തിലൂടെ ഒരുപാടു ആളുകളെയും കാലദേശത്തേയും മരണത്തിന് അപ്പുറവും വാക്കുകളിലൂടെ ഉയർപ്പിച്ചു മനുഷ്യമനസ്സുകളിൽ ഉൾവെളിച്ചമായി അവരുണരും. അവർ ചരിത്രത്തിൽ അധികാര അകമ്പടിയിൽ ജീവിച്ചു തുടങ്ങുമ്പോഴാണ് മഹാത്മാക്കളോ പ്രവാചകരായോ ആയി സംഘടിത ശക്തികളുടെ ദിവ്യ ശ്രോതസ്സാകുന്നത് പലപ്പോഴും പിന്നെ ദിവ്യത നിറഞ്ഞ ജനനവും മരണവും ജീവിതവുമായി അവർ വാഴ്ത്തപ്പെടും.
സാധാരണ മാനുഷർ അസാധാരണർ ആകുന്നത് അസാധാരണ പ്രയത്നം കൊണ്ടാണ്. അസാധാരണ വഴികൾ സ്വയം കണ്ടെത്തി മറ്റുള്ളവർക്കും വേണ്ടി വഴിതെളിക്കുമ്പോഴാണ്.
ജന്മനാ ഉള്ള ഗുണങ്ങളും പലതും ശാരീരികമാണ്. തലച്ചോറിന്റ പ്രവർത്തനവും അതു തന്നെ. എന്നാൽ ആദ്യത്തെ ആറുമുതൽ ഒമ്പതു വയസ്സ് വരെയുള്ള ഭക്ഷണവും ഭാഷയും പാട്ടു, രുചിയും കാഴ്ച്ചകളും നിറങ്ങളും നിറഭേദങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും കണ്ടും കെട്ടും അറിഞ്ഞതെല്ലാം ഓർമ്മയുടെ അടിസ്ഥാനമായി മനസ്സിൽ കാണും. ചൊട്ടയിലെ ശീലം ചുടല വരെയെന്നാണ് കുട്ടികാലത്തു കേട്ടറിവ്. ബാല്യകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷരുള്ള ഉള്ള കാലമെല്ലാം എന്നതും ബാല്യത്തിൽ പറഞ്ഞു തന്നതാണ്.
പലപ്പോഴും നമ്മുടെ രുചികളും അഭിരുചികളും സാഹചര്യങ്ങളാണ് സൃഷ്ട്ടിക്കുന്നത്. വളർന്നു വന്ന സാഹചര്യങ്ങളും വഴികാട്ടികളും നമുക്ക് ചുറ്റുമുള്ള സാമൂഹിക രാഷ്ട്രീയ സംഭവങ്ങളുംനമ്മളെ സ്വാധീനിക്കും. വീട്ടുകാരും കൂട്ട്കാരും അധ്യാപകരും ചുറ്റുപാടും സ്വാധീനിക്കും.
കാലവും ദേശവും മാറുന്നത് അനുസരിച്ചു അഭിരുചികളും അറിവും തിരിച്ചറിവും സമീപനങ്ങളും മാറും. മനുഷ്യനു സ്വയം ചിന്തിച്ചു തീരുമാനിക്കാനുള്ള പ്രാപ്തിയുണ്ടാകുന്നത് വളരെ കാലത്തെ അനുഭവങ്ങ അറിവുകളിലൂടേയും അതിൽ നിന്നുള്ള ഉള്കാഴ്ചകളുടെയും പാഠങ്ങളുടെയും ഫലമാണ്.
എന്റെ സ്വന്തം സഹോദരിയിൽ നിന്നും കുടുംബത്തിലുള്ള പലരിൽ നിന്നും സമുദായത്തിൽ നിന്നും വളരെ വ്യത്യസ്ത്ത പാതയിലാണ് ഞാൻ സഞ്ചരിച്ചത്. അങ്ങനെയുള്ള പാത നേരത്തെ കണ്ടെത്തിയതല്ല.
എന്നാൽ നാലു വയസ്സ് മുതൽ വായിക്കാനും അതു വ്യാഖ്യാനീക്കാനും ചിന്തിക്കുവാനും പഠിപ്പിച്ചത് എന്റെ അമ്മയുടെ അപ്പച്ചനാണ്. മുകളിൽ പറഞ്ഞ പഴ മൊഴികൾ പോലും പറഞ്ഞു തന്നത് അദ്ദേഹമാണ്. പത്രവും ഭാഷാപോഷിണിയും വേദപുസ്തകവും എങ്ങനെ സ്പുടതയോട് വായിക്കണം എന്ന് പഠിപ്പിച്ചതും അദ്ദേഹമാണ്. തിരിഞ്ഞു നോക്കുമ്പോൾ ആ ആദ്യത്തെ ഒമ്പതുകൊല്ലമാണ് എന്നെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥമാക്കിയത്.
അങ്ങനെ വായന ശീലമാക്കി പത്തു വയസ്സു മുതൽ ഇപ്പോൾ താമസിക്കുന്ന വീടിന്റെ തൊട്ട് അടുത്തുള്ള തുവയൂർ സത്യവാൻ സ്മാരക ഗ്രന്ഥ ശാലയിൽ അനുദിനം ആറു പേപ്പർ (മനോരമ, മാതൃ ഭൂമി, കേരള കൗമുദി, ജനയുഗം, ദീപിക, ദേശാഭിമാനി )വായിച്ചു തുടങ്ങി വാർത്തകളെ അറിയാനും തിരിച്ചറിയാൻ സാധിച്ചു. പിന്നീട് ഏറ്റവും സ്വാധീനിച്ചത് 1974 മുതൽ ജയ് പ്രകാശ് നാരായന്റെ നേതൃത്തിലുള്ള ജനകീയ വിദ്യാർത്ഥി പ്രക്ഷോഭവും അതു കഴിഞ്ഞുള്ള അടിയന്തര അവസ്ഥയുമാണ്. പരിചയമുള്ള മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആ കാലത്തുള്ള വായനയും ചർച്ചകളുമാണ് എന്റെ ജനായത്ത ബോധത്തെയും ഉളവാക്കിയത്. അങ്ങനെയാണ് ഗാന്ധിയെയും, മര്കസിനെയും ലെനിനെയും ചരിത്രത്തെയും മൊക്കെ വായിക്കുവാൻ തുടങ്ങിയത്.
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ യുറേക്ക വായിച്ചും സയൻസ് ക്ളബിൽ അംഗമായും ഒരു ശാസ്തജ്ഞനായാൽ കൊള്ളാം എന്നൊരു മോഹം ഉണ്ടായിരുന്നു. അതു കൊണ്ടു അന്ന് വായിച്ചത് എല്ലാം ന്യൂട്ടന്റെയും ഐൻസ്റ്റീന്റെയും സി വി രാമന്റെയും ഹോമി ഭാഭായുടെയും വിക്രം സാരഭായിയുടെയും മാഡം ക്യുറിയുടെയും ജീവ ചരിത്രം വായിച്ചു. അതിൽ ഏറ്റവും ഇഷ്ട്ടപെട്ടത് വിക്രം സാരാഭായാണ്. ഇന്നും അതു തന്നെ.
കൗമാരത്തിലുള്ള അഭിരുചികളും ചിന്തകളും വായനയുമെല്ലാം നിരന്തരം മാറികൊണ്ടിരിക്കുന്നയൊന്നാണ് എന്നതാണ് അനുഭവം. അന്ന് വായിച്ചതും ചിന്തിച്ചതും പോലെയാകണമെന്നില്ല പിന്നീട് ചിന്തിക്കുന്നത്. പൂനയിൽ പഠിക്കുവാൻ പോയില്ലെങ്കിൽ ജീവിതം വേറൊരു വഴിയാകുമായൊരുന്നു. പലപ്പോഴും നമ്മൾ നിരന്തരം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ മറു വഴികളും പുതു വഴികളും വെളിവായി വരും. അന്വഷിപ്പിൻ കണ്ടെത്തും. മുട്ടുവിൻ തുറക്കപ്പെടും. ചോദിച്ചപ്പിൻ കിട്ടും. പക്ഷേ അതിനുള്ള ഉൾകാഴ്ചകളും ഉൾവെളിച്ചവും ഉൾവിളികളും നിരന്തരമായ ചിന്തകളിലൂടേയും പ്രവർത്തികളിലൂടെയുമുള്ള വെളിച്ചങ്ങളിലാണ് തെളിഞ്ഞു വരുന്നത്.
ചിന്തിച്ചു മനനം ചെയ്തു പരീക്ഷണങ്ങൾ പലതും നടത്തി പലയിടത്തും നടന്നാണ് ജീവിതത്തിൽ കരിയറിന് അപ്പുറമുള്ള പാതകൾ തെളിഞ്ഞു വന്നത്. ജോലികൾ തേടിപ്പോയില്ല. ജോലികൾ തേടി വന്നു.
അനുഭവ വഴികൾ പിന്നെ
ജെ എസ് അടൂർ

No comments: