Monday, February 24, 2020

രാമചന്ദ്ര ഗുഹക്ക് രാഹുൽ ഗാന്ധിയോട് എന്താണിത്ര കലിപ്പ്?

രാമചന്ദ്ര ഗുഹക്ക് രാഹുൽ ഗാന്ധിയോട് എന്താണിത്ര കലിപ്പ്?
ഇന്ത്യൻ സമൂഹത്തിന്റെയും ഒരു പരിധിവരെ തെക്കേ ഏഷ്യൻ രാജ്യങ്ങളിലും ജാതിയിലും വംശത്തിലും ഭാഷയിലുമെല്ലാം ഇന്നുമുള്ളത് ഒരു സെമി ഫ്യൂഡൽ സ്വഭാവമാണ്. ആ സെമി ഫ്യുഡൽ ജാതി വ്യവസ്ഥക്കും ഭാഷ വ്യവസ്ഥക്കും മുകളിൽ ഇട്ടിരിക്കുന്ന ഒരു മേൽക്കൂരയോ പുതപ്പോയാണ് ജനാധിപത്യ സംവിധാനം.
ഇന്ത്യയിൽ ഒരു രാഷ്ട്രീയ നേതാവും പാർട്ടിയും രാഷ്ട്രീയ തിരെഞ്ഞെടുപ്പ് പ്രക്രീയയും ജാതി -മത -ഭാഷ സമവാക്യങ്ങളിൽ നിന്ന് മുക്തമല്ല. സെമി ഫ്യുഡൽ പാരമ്പര്യം എല്ലാ രംഗങ്ങളിലുമുണ്ട്. ഇന്ത്യയിലെ പ്രമുഖ വക്കീലുമാർ തൊട്ട് സുപ്രീം കോടതി ജഡ്ജിമാർ വരെ ലീനിയേജ് പ്രിവിലേജ് കൊണ്ടു കുടുംബ ലിങ്കുകളിൽ കൂടി പ്രിവിലേജ്ഡ് പൊസിഷനലിൽ എത്തിയവരാണ്. ഉദാഹരണങ്ങൾ ജുഡീഷ്യറിയിലും ലെജിസ്ളേച്ചറിലും എക്സിക്യൂറ്റീവിലും മീഡിയയിലും നിരവധി. ബോളിവുഡ് മുതൽ ഇന്ത്യയിലെ ബിസിനസ് വരെ കുടുംബ ലിങ്കുകളിലാണ്. രാമചന്ദ്ര ഗുഹ എഴുതുന്ന മിക്കവാറും പത്രങ്ങളും കുടുംബ ലിങ്കിൽ കൂടെയാണ് ഇപ്പൊഴും മാനേജ് ചെയ്യുന്നത്.
ഇന്ത്യയിൽ രാമ ചന്ദ്രഗുഹയടക്കമുള്ള വരേണ്യ ഇഗ്ളീഷ് എഴുത്തുകാർക്ക് പ്രിവിലെജെഡ് പൊസിഷൻ കിട്ടുന്നത് അവരുടെ മേൽജാതി മേൽക്കോയ്‌മ കുടുംബ പാശ്ചാത്തലം കൊണ്ടാണ്. രാം ഗുഹയെപ്പോലെ എഴുതുവാൻ കഴിവുള്ള പ്രിവിലേജുകൾ ഇല്ലാത്ത ഒരാൾക്ക് പലയിരട്ടി ശ്രമിച്ചാലും രാം ഗുഹയുടെ ഡൂൻ സ്കൂൾ- സെന്റ് സ്റ്റീഫൻസ്- ഐ ഐ എം മേൽജാതി ഇഗ്ളീഷ് സ്പീക്കിങ് പ്രിവിലെജെഡ് സ്പേസ് കിട്ടില്ല . ആ പ്രിവിലെജ് ഉപയോഗിച്ചാണ് രാമചന്ദ്രഗുഹ പറയുന്ന അഭിപ്രായത്തിന് മുൻതൂക്കം കിട്ടുന്നത്. ചുരുക്കത്തിൽ രാമ ചന്ദ്രഗുഹയും ഇന്ത്യൻ ഹെജെമെനിക് നെറ്റ്വർക്കിന്റ ഭാഗമാണ്. പണ്ട് അംബേദ്കർ പറഞ്ഞത് പൊലെ ആ ഹെജിമണിയുടെ ആധാരം ജാതിമേൽക്കോയയും പ്രിവിലേജ്ഡ് കാസ്റ്റ് -ക്ലാസ്സ്‌ ഡ്രൈവിംഗ് ഫോഴ്‌സുമാണ്.
അതു ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഭരണ -അധികാര നെറ്റ്വർക്കുകളിലും ഇപ്പഴും എപ്പഴും സജീവമാണ്. ഇന്ത്യയിൽ മിക്ക പാർട്ടികളിലും ലീനിയേജ് പ്രിവിലേജുകളിൽ കൂടെ വന്നവർ ഗണ്യമാണ്. അതു ഇടതുപക്ഷ പാർട്ടികളിൽ മാത്രമാണ് കുറവ്. നവീൻ പട്നയിക്ക് ഒരു സുപ്രഭാതത്തിൽ രാഷ്ട്രീയത്തിൽ വന്നിട്ട് ഏറ്റവും കൂടുതൽ ഒറീസ്സ ഭരിച്ച മുഖ്യമന്ത്രിയായി ഇപ്പൊഴും ഭരിച്ചു കൊണ്ടിരിക്കുകയാണ്.
ഇതെല്ലാം കാണിക്കുന്നത് ഇന്ത്യയിലെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയവും രാഷ്ട്രീയ പാർട്ടികളുമൊന്നും ഫ്യുഡൽ സെമി ഫ്യുഡൽ മാനസിക അവസ്ഥയിൽ നിന്ന് ഇന്നും മുക്തമായിട്ടില്ലയെന്നാണ്. അതു കൊണ്ടു ഇന്നും കാസ്റ്റ് -ക്ലാസ്സ്‌ പ്രിവിലേജുകൾ എഴുത്തുകാരും ബുദ്ധി ജീവികളും പത്രക്കാരും രാഷ്ട്രീയ നേതാക്കളും എല്ലാം ഉൾപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ -സാമൂഹിക -സാമ്പത്തിക വരേണ്യതയുടെ ഭാഗമാണ്. രാമ ചന്ദ്ര ഗുഹയും ആ വരേണ്യ ഹേജമണിയുടെ ഭാഗമാണ്.
ഇതൊന്നും കണ്ടില്ലന്നു നടിച്ചു ഇന്ത്യൻ രാഷ്ട്രീയം രണ്ടു വ്യക്തികളിലേക്ക് ചുരുക്കി നരേന്ദ്ര മോഡി സെൽഫ് മെയ്‌ഡും രാഹുൽ ഗാന്ധി ഡൈനാസ്റ്റിയെന്നും പറയുന്നത് ഒന്നുകിൽ വളരെ ബാലിശ്മായ ലളിതവൽക്കരണം അല്ലെങ്കിൽ വളരെ കണക്കുകൂടിയുള്ള ഭരണ -അധികാര കോൺഫെമിസ്റ്റ് രാഷ്ട്രീയം.
എന്താണ് പ്രശ്‍നം? നരേന്ദ്ര മോഡി ഒരു സുപ്രഭാതത്തിൽ തന്റെ അപാരമായ ബുദ്ധി വൈഭവം കൊണ്ടും ലോകോത്തര നേത്രത്വ പാടവം കൊണ്ടും ഉയർന്നു വന്ന നേതാവല്ല , പ്രിയ രാം ഗുഹ. ഇന്ത്യയിൽ ഏതാണ്ട് 90.കൊല്ലത്തോളം മറാത്തി ബ്രാമ്മനിക്കൽ നേതൃത്വത്തിൽ വളർന്നു വന്ന ആർ എസ്സ് എസ്സ് ലൂടെ അവരുടെ ബ്രമ്മിണിക്കൽ മേൽക്കോയ്മ നേതൃത്വം വെള്ളവും വളവും റോളും നൽകി വളർത്തിയ ഒരു ബിംബമാബമാണ് നരേന്ദ്ര മോഡി. അയാളുടെ ബുദ്ധി വൈഭവും വിദ്യാഭ്യാസ യോഗ്യതതയോ ഒന്നുമല്ല നല്ല ഒന്നാംതരം സന്ഘിയും ഇന്ത്യൻ മാർവാടി കമ്പനികളും അവരുടെ പത്രമാധ്യമങ്ങളും എല്ലാം കൂടി സൃഷ്ടിച്ച രാഷ്ട്രീയ ബിംബമാണ് നരേന്ദ്ര മോഡി. ആ യാത്രയിലുള്ള രാഷ്ട്രീയ നൈതികതയിലെ വൻ വീഴ്ചകൾ കാണാതെ മോഡി സെൽഫ് മെയ്ഡ്. നേതാവാണ് എന്നു രാമ ചന്ദ്രഗുഹ പറയുന്നത് കഷ്ട്ടമാണ്.
രാഹുൽ ഗാന്ധിയും ഒരു സുപ്രഭാതത്തിൽ പൊട്ടി വീണതല്ല. കഴിഞ്ഞ ഇരുപത് കൊല്ലങ്ങളായി രാഷ്ട്രീയ രംഗത്തുള്ളയാളാണ്. കൊണ്ഗ്രെസ്സ് പത്തു കൊല്ലം ഭരിച്ചപ്പോൾ മൻമോഹൻ സിംഗായിരുന്നു പ്രധാന മന്ത്രി. രാഹുൽ ഗാന്ധി അല്ലായിരുന്നു. അതിനു മുമ്പ് അഞ്ചു കൊല്ലം നരസിംഹ റാവു ആയിരുന്നു. രാഹുൽ ഗാന്ധി ഇന്ത്യയിൽ ഒരു മന്ത്രി പോലുമായിട്ടില്ല. വേണമെങ്കിൽ പ്രധാന മന്ത്രിയോ അല്ലെങ്കിൽ സീനിയർ ക്യാബിനറ്റ് പദവിയോ കിട്ടാമായിരിന്നിട്ടും വേണ്ടാന്നു വച്ചയാളാണ് രാഹുൽ ഗാന്ധി. പിന്നെ എന്താണ് രാം ഗുഹക്ക് രാഹുൽ ഗാന്ധിയോട് ഇത്ര അസഹിഷ്ണുത?
രാം ഗുഹ ചോദിച്ച ചോദ്യം സിങ്കപ്പൂരിൽ വച്ചു രാഹുൽ ഗാന്ധിയോട് ചോദിച്ചതാണ്. രാഹുൽ ഗാന്ധി കുടുംബ പ്രിവിലേജിനെകുറിച്ച് പറഞ്ഞു. അതോടൊപ്പം അയാളുടെ അച്ഛൻ ബോബ് സ്ഫോടനത്തിൽ പൊട്ടി തെറിച്ച 'പ്രിവിലേജും' പറഞ്ഞു. അയാൾ ഇത് വരെ കാണിച്ചത് അധികാര അഹങ്കാരങ്ങളില്ലാത്ത സത്യ സന്ധത കൂടുതൽ ദൃശ്യമാകുന്ന നൈതീക രാഷ്ട്രീയമാണ്. ഇതൊക്കെ അറിയാനുള്ള രാഷ്ട്രീയ ബോധം മലയാളികൾക്കുണ്ടായത് കൊണ്ടാണ് ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധിയെ തിരെഞ്ഞെടുത്തത്. അദ്ദേഹം ഇതുവരെ ഉത്തരവാദിത്തമുള്ള എം പി ആയിട്ടാണ് സംവദിച്ചു ക്രിയാത്മമായി പ്രവർത്തിക്കുന്നത്. ഇനിയും നിന്നാൽ തിരഞ്ഞെടുക്കും. അതിനു കാരണം രാഷ്ട്രീയ ബോധവും ചരിത്ര ബോധവും ഉള്ളവരാണ് മലയാളികളെന്നതാണ്. അവർ ആരെങ്കിലും പറയുന്നിടത്തു കുത്തുന്ന മണ്ടന്മാരല്ലന്നു പ്രിയ സുഹൃത്തു രാം ഗുഹ അറിയണം
രാം ഗുഹയെപ്പോലെ ഒരു പൗരനാണ് രാഹുൽ ഗാന്ധി. രാം ഗുഹക്ക് പ്രിവിലേജുകൾ ഉള്ളതിനേക്കാൾ പ്രിവിലേജ് രാഹുൽ ഗാന്ധിക്കു കാണാം. അയാളുടെ അച്ഛൻ പ്രധാനമന്ത്രിയായിരിന്നു. അമിത് ഷാ മോനെകൊണ്ടുന്നത് പൊലെ രാജീവ്‌ ഗാന്ധി അദ്ദേഹത്തിന്റെ മക്കളെ അധികാരത്തിലോ ബിസിനസ്സിലൊ അവരോധിച്ചില്ല. രാഹുൽ ഗാന്ധിക്ക് കിട്ടിയ ലീഗസി പൊട്ടിതെറിച്ച അദ്ദേഹത്തിന്റെ അച്ഛന്റെ ശരീരത്തിന്റെ തുണ്ടുകളാണ്. അതിനും പത്തും കൊല്ലം കഴിഞ്ഞു അദ്ദേഹം സാധാരണ കൊണ്ഗ്രെസ്സ് പ്രവർത്തകനായി തുടങ്ങി ഇന്നും സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. എന്താണ് അയാൾ രാഷ്ട്രീയ പ്രവർത്തകനൊ എം പി ആയാൽ രാം ഗുഹക്ക് ഇത്ര കലിപ്പ്.?
പിന്നെ കൊണ്ഗ്രെസ്സിന്റെ കാര്യം. അതിന്റെ തുടക്കം മുതൽ കാലാ കാലങ്ങളായി പല വിധം ഐഡിയോളജികൾ ഒന്നിച്ചു നെഗോഷിയേറ്റ് ചെയ്യുന്ന ഒരു രാഷ്ട്രീയ പാർട്ടിയായാണ് ഉരുത്തിരിഞ്ഞത്. അതിൽ തന്നെ നെഹ്രുവിനും ഗാന്ധിക്കും വ്യത്യസ്ത ആശയധാരകളായിരുന്നു. ആ വ്യത്യസ്തതകളും വൈവിധ്യങ്ങളും ഇന്ത്യയുടെസാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ വൈവിധ്യങ്ങളുടെ പ്രതിഫലനമായിരുന്നു. കൊണ്ഗ്രെസ്സ് ഒരിക്കലും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഐഡിയോലജി ഉള്ള പ്രസ്ഥാനം അല്ലായിരുന്നു. അതു ഒരു വിവിധ ചേരുവകലുള്ള ഒരു ബ്രോഡ് ഗ്രെ ഐഡിയോലെജിക്കൽ സ്പെക്ട്രമാണ്.
ഇന്ത്യ ഏറ്റവും കൂടുതൽ ഭരിച്ച പാർട്ടിയെന്ന ഗുണവും ദോഷവുമായ ബാഗേജുള്ള പാർട്ടിയാണ് കൊണ്ഗ്രെസ്സ്. ഭരണ ബാഗേജിന്റ് വൈരുധ്യങ്ങളും പ്രശ്നങ്ങളും വീഴ്ചകളുമൊക്കെയുള്ള പാർട്ടി. പക്ഷേ അന്നും ഇന്നും എന്തൊക്ക പ്രശ്‍നങ്ങൾ ഉണ്ടെങ്കിലും ഇന്ത്യയിലെ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും കുറെയേറെ ഉൾകൊള്ളുന്നുവെന്നതാണ് കൊണ്ഗ്രെസ്സിനെ എല്ലാ പ്രശ്നങ്ങളുണ്ടെങ്കിലും പ്രസക്തമാക്കുന്നത്. ഒരാളുടെ അച്ഛനെ അല്ലെങ്കിൽ കുടുംബം പറഞ്ഞു വിവേചിക്കുന്നത് പൊലെ തന്നെ കുഴപ്പമുള്ളതാണ് ഒരാളുടെ അച്ഛന്റെ പേര് പറഞ്ഞു അയാളെ പൊളിറ്റിക്കൽ ബ്ലാക് മെയിൽ ചെയ്യുന്നത്.
രാം ഗുഹയും രാഹുൽ ഗാന്ധിയൂമൊക്കെ ഇന്ത്യൻ ഹെജിമണിക് വരേണ്യതയുടെ പ്രിവിലേജ്‌ ഉള്ളവർ തന്നെയാണ്. അതു കൊണ്ടു അവർ പ്രവർത്തനം നിർത്തി പോകണം എന്ന് ആരെങ്കിലും പറഞ്ഞാൽ അതു ജനായത്ത വിരുദ്ധമാണ്. അതു ഒരു വിധത്തിൽ റിവേഴ്‌സ് ഡിസ്ക്രിമിനേഷനാണ്.
ഇന്ത്യയിൽ നൂറ്റാണ്ടുകളായി നില നിന്നിരുന്ന ജാതി വ്യവസ്ഥയിലൂന്നിയുള്ള മനുസ്മൃതിയിലധിഷ്ഠിതമായ ബ്രാമ്മിണിക്കൽ ഹിന്ദുത്വ അധീശത്തിന്റ വളർത്തു പുത്രനായി വളർന്നു ഇന്ത്യയുടെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഭരണഘടനെ തുരങ്കം വയ്ക്കുന്ന നരേന്ദ്ര മോഡിയെ സെൽഫ് മെയ്ഡ് നേതാവ് എന്ന് വിശേഷിപ്പിക്കുന്നതിലെ ചരിത്ര നിഷേധം ചരിത്രകാരനായ രാം ഗുഹ പറയുന്ന വിരോധാഭാസം അത്ഭുതപെടുത്തുന്നു.
അതു ഭരണ -അധികാരവുമായ ബുദ്ധിജീവികളുടെ കോൺഫെമിസ്റ്റ് നീക്കു പോക്ക് രാഷ്ട്രീയമാണോ.? അതോ അദ്ദേഹം ആവേശത്തിൽ പറഞ്ഞതാണോ എന്നാണ് കണ്ടറിയേണ്ടത്.
പിന്നെ കളത്തിനു വെളിയിൽ ഗാലറിയിൽ ഇരുന്നു കളി കമന്റ്റ് ചെയ്യുന്നത് എളുപ്പമാണ്. രാം ഗുഹ രാഷ്ട്രീയ കളത്തിലിറങ്ങി കളിക്കട്ടെ. അന്ന് അദ്ദേഹത്തിന് കൈയ്യടിക്കാം. ഗാലറിയിൽ ഇരുന്നു തോന്നിയത് പൊലെ പറയുന്ന എല്ലാത്തിനും കൈയ്യടിക്കാൻ പ്രയാസമാണ് പ്രിയ രാം ഗുഹ.
ജെ എസ് അടൂർ.

No comments: