കേരളത്തിന്റെ ക്ഷുദ്ര സംഘബലങ്ങൾ ഒരു മനുഷ്യന്റെ മജ്ജയെയും മാംസത്തെയും ഹൃദയത്തെയും ആത്മാവിനെയും എങ്ങനെ പീഡിപ്പിച്ചു എന്നറിയണമെങ്കിൽ " അറ്റുപോകാത്ത ഓർമ്മകൾ ' എന്ന വർഗീയ ഭ്രാന്തന്മാർ കൈപ്പത്തി വെട്ടിഎറിഞ്ഞ ടി ജെ ജോസഫ് എന്ന അധ്യാപകന്റ ആത്മകഥ വായിക്കൂ.
മീഡിയക്കു വേണ്ടത് മസാല വിവാദങ്ങളാണ്. എങ്ങനെ ഇന്ത്യവിഷൻ എന്നൊരു ചാനലും അതു കേട്ടും കണ്ടു വിറളിപിടിച്ച സർക്കാരും പോലീസും ഒരു മനുഷ്യനെയും അയാളുടെ കുടുംബംത്തെയും എങ്ങനെ വേട്ടയാടി ചതച്ചു എന്ന് വായിച്ചറിയുക.
കേരളത്തിലെ പോലീസ് എത്ര നിഷ്‌ട്ടൂരമായി അദ്ദേഹത്തിന്റെ മകൻ മിഥുനെ അച്ഛനെ കിട്ടാത്ത വാശിയിൽ അടിച്ചവശനാക്കിയത്. എത്ര നിസ്സാരമായാണ് വേട്ടയാടുപ്പെടുന്ന ഒരു ഇരയെ വിരട്ടി കൈക്കൂലി വാങ്ങുവാൻ ഒരു ഉളുപ്പുമില്ലാതെ ശ്രമിക്കുന്നത്. ആ പോലീസ് ഏമാന്മാരെല്ലാം ഇപ്പോഴുമുണ്ട്.
സബ്ജയിലിലെ അനുഭവങ്ങൾ വായിക്കേണ്ടതാണ്. നാലാം നമ്പർ സെല്ലിലുള്ള 14 പേർ. അവിടുന്നു ജാമ്യത്തിൽ പോകുന്ന പീഡിതനോട് രണ്ടു കുപ്പിക്കുള്ള പണം ആവശ്യപ്പെടുന്ന വാർഡൻ. പ്രത്യേക സൗകര്യങ്ങൾക്ക് 50000 രൂപയാണ് കൈക്കൂലി !! എത്ര ഭയങ്കരം ഗവര്ണൻസ്. !! എത്ര നല്ല സമാധാന പരിപാലനം!!
സർക്കാർ സംവിധാനവും ഭരണ അധികാരികളും ആൾക്കൂട്ട മനസ്ഥിതിക്കു അനുസരിച്ചു സത്യം എന്തെന്ന് അറിയാൻ പോലും ശ്രമിക്കാതെ ഒരു മനുഷ്യനെ ഒറ്റക്കോടിച്ചു കല്ലെറിയാൻ ശ്രമിച്ചു. നീതിയും ന്യായവും എന്നതിനേക്കാൾ എല്ലാവരും അവരവരുടെ സംഘ ബലത്തിൽ അഭിരമിച്ചു.
സർവകലാശാല നിഷ്കര്ഷിച്ച റെഫെറെസ് ബുക്കിൽ പി ടി കുഞ്ഞഹമ്മദ് എഴുതിയ അധ്യായത്തിലെ മൂന്നു വാചകം എഴുതി ഒരു പേര് ചേർത്ത് എന്ന കുറ്റം ചാർത്തി ചെയ്യാത്ത കുറ്റത്തിന് അയാളെ ക്രൂശിക്കുവാൻ എല്ലാവരും മുറവിളികൂട്ടി. സമാധാനത്തിന്റെ പേരിലുള്ള മതത്തിലെ വെറിപൂണ്ട തീവ്ര വാദികൾ ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്തു.
ജോസഫ് മാഷിന്റെ ദേഹമാസകലം വെട്ടി കൈപ്പത്തി വെട്ടിമാറ്റിയപ്പോൾ കേരള നവോത്ഥാഅവകാശ പൊള്ളത്തരങ്ങളും മത 'സൗഹാർദ്ദ ' പോയ്‌മുഖവുമാണ് അഴിഞ്ഞു വീണത്. കേരളത്തിന്റെ മതഭ്രാന്തിന്റയും വർഗ്ഗീയ വിഷ വെറുപ്പിന്റെ ജീവിക്കുന്ന രക്ത സാക്ഷിയാണ് ഈ മനുഷ്യൻ. ജീവിക്കുന്ന രക്ത സാക്ഷിയുടെ രക്തത്തിലും കണ്ണു നീരിലും എഴുതിയ പുസ്തകം. ഇതാണ് എന്റെ മാംസം. ഇതാണ് എന്റെ രക്തം എന്ന് പറഞ്ഞു സ്നേഹത്തോടെ തരുന്നൊരാൾ.
വെറികൊണ്ടു വെട്ടിമുറിവേൽപ്പിച്ചവരെക്കാൾ നികൃഷ്ടമായാണ് വെള്ളപൂശിയ യൂദാസ്സുകൾ അദ്ദേഹത്തെ ചുംബിച്ചു കാട്ടികൊടുത്തത്. അതിൽ ഏറ്റവും നികൃഷ്ടമായി അദ്ദേഹത്തെ ഒറ്റികൊടുത്തത് പഴയ ശിഷ്യനായ പുരോഹിതൻ !!!പരീശഭക്തിക്കാർ യേശുവിനോട് ചെയ്തത്പോലെ.
ഏഴു എഴുപത് വട്ടം ക്ഷമിക്കുവാൻ പഠിപ്പിച്ചു, സ്നേഹമാണ് ഏറ്റവും വലിയ കല്പനയെന്നോതിത്തന്ന യേശുവിന്റെ പേരിൽ അധികാരം കൈയാളുന്ന വെള്ളപൂശിയ കല്ലറകൾ കരിങ്കല്ലുപോലെയാണ് ആ മനുഷ്യന്റെ ഹൃദയത്തെ ഇഞ്ചിഞ്ചായി ചതച്ചത്. അയാളെ മുസ്ലിം തീവ്ര വർഗീയ വെട്ടുകാർക്ക് വിട്ട് കൊടുത്തു സ്വന്തം തടി രക്ഷിച്ചു സ്വന്തം അധികാര താല്പര്യങ്ങളെ കാക്കുന്ന കരുണയറ്റ സംഘ ശക്തിയുടെ പുരോഹിത വർഗ്ഗം. ഈ പുസ്തകം കരുണയറ്റ സഭാ -വ്യവസ്‌ഥ സംഘബലത്തിന്റെ അനീതിക്ക് നേരെയുള്ള ഒരു ചാർജ് ഷീറ്റാണ്.
ഈ പുസ്തകം ഇന്ത്യയിൽ പലതും കൊണ്ടും ഒന്നാമത് എന്ന ഊറ്റം കൊള്ളൂന്ന സമൂഹത്തിന് നേരെയുള്ള ചോരമണക്കുന്ന ചോദ്യമാണ്.
ആർക്ക് എന്ത് സംഭവിക്കുന്നു ഗൗനിക്കാതെ, സത്യം അറിയാൻ മെനക്കെടാതെ എന്തും ഏതും സെൻസേഷണൽ വർത്തയാക്കുന്ന മാധ്യമങ്ങളോടുള്ള ചോദ്യമാണ്.
അയാളെ വേട്ടയാടാൻ പോലീസിനെ വിട്ട സർക്കാർ സംവിധാനതോടുള്ള ചോദ്യമാണ്
എന്തിനും ഏതിനും പച്ചത്തെറി പറയുന്ന തേടിയോനെകിട്ടിയില്ലെങ്കിൽ കണ്ടവനെ അടിച്ചു എല്ലൊടിക്കുന്ന പോലീസിനോടുള്ള ചോദ്യമാണ്
മതാന്ധതയുടെ വിഷവും വെറിയും മൂത്തു ആരെയും വെട്ടുവാനും കൊല്ലുവാനും തയ്യാറുള്ള അക്രമ രാഷ്ട്രീയത്തോടുള്ള ചോദ്യമാണ്.
ഒഴുക്കിനൊത്തു നീന്തുന്ന ആൾക്കൂട്ട മനസ്ഥിതിയുള്ള രാഷ്ട്രീയ പാർട്ടികളോടുള്ള ചോദ്യമാണ്.
യേശുവിന്റ പേരിൽ അധികാര സന്നാഹങ്ങളും അധികാര അഹങ്കാരങ്ങളും കാണിക്കുന്ന സഭ അധികാരികൾക്കു നേരെയുള്ള ചോദ്യമാണ്.
ഇതെല്ലാം കണ്ടു ചോദ്യങ്ങൾ ചോദിക്കുവാൻ പോലും ത്രാണിയില്ലാത്ത നമ്മളിൽ ഒരുപാടു പേരോടുള്ള ചോദ്യമാണ്.
എല്ലാ പീഡാനുഭവങ്ങളിലും കൂട്ടാളിയായി സങ്കടം സഹിക്കാതെ ആത്മ ഹത്യ ചെയ്ത ' ശാലോമിക്ക് ' വേണ്ടികൂടിയ പുസ്തകം.
ഉള്ളിലെ സങ്കടതിരയിൽ നിന്നുള്ള കണ്ണനീരിന്റെ ഉപ്പു രുചിയുള്ള വാക്കുകളിൽ നമ്മളെ ഇടക്കിടെ പൊള്ളിക്കും.
സ്വന്തം പീഡാനുഭവത്തെ ആ മനുഷ്യൻ ഒരു പരിധിവരെ വേർപാടോടെ നർമ്മത്തോട് കാണുന്നുണ്ട്.
എല്ലാവരും വായിച്ചു സ്വയം ചോദ്യങ്ങൾ ചോദിക്കേണ്ട പുസ്തകം.
ഇതാണോ ദൈവത്തിന്റെ നാട്? ഏത് ദൈവങ്ങളുടെ നാടാണിത്?
ജെ എസ് അടൂർ
No comments:
Post a Comment