Monday, February 24, 2020

സഹായങ്ങൾ, കടങ്ങൾ കടപ്പാടുകൾ


24 January 2020
ആരെയെങ്കിലും സഹായിക്കാൻ മനസ്സിൽ തോന്നിയാൽ സഹായിക്കുക. ഒന്നും തിരിച്ചു പ്രതീക്ഷിക്കരുത്. നന്ദി വാക്കുകൾ പോലും. ഒരു ചെറിയ സഹായം വേറൊരാൾ ചെയ്താൽ ജീവിതത്തിൽ അതു മറക്കാതിരിക്കുക. ഇതൊക്കെയാണ് നയം. എന്നെ ഒരുപാടു പേർ പല വിധത്തിൽ അറിഞ്ഞും അറിയാതെയും സഹായിച്ചിട്ടുണ്ട്. അല്ലാതെ സ്വയം മിടുക്കു കൊണ്ടല്ല ഇവിടെ വരെ എത്തിയത്. അവരോടെല്ലാം കടപ്പാടും നന്ദിയുമുണ്ട്. അതു കൊണ്ടു തന്നെ കഴിയുന്ന തരത്തിൽ ആളുകളെ സഹായിക്കാറുണ്ട്. ആരെയും അറിഞ്ഞു കൊണ്ടു ജീവിതത്തിൽ ദ്രോഹിചിട്ടില്ല
പലരെയും പലപ്പോഴും പല വിധത്തിൽ സഹായിച്ച അനുഭവങ്ങളുണ്ട്. ചുരുക്കം ചിലർമാത്രമത് ഓർക്കും. കുറെയേറെ ആളുകൾ അതു ഓർക്കാറില്ലന്നു മാത്രമല്ല കാര്യം കഴിഞ്ഞാൽ മറക്കും. മാത്രമല്ല ചിലർ ഉത്സവപറമ്പിൽ വെച്ചു കണ്ട പരിചയം പോലും നടിക്കില്ല.
മറ്റു ചിലരുണ്ട്. അവരെ സഹായിക്കാൻ നമ്മൾക്കൊരു അവസരം നൽകിയതിന് അവരോടു നമ്മൾ കടപ്പെട്ടിരിക്കുന്നു എന്ന് കരുതുന്നവർ. വേറെ ചിലർ കാശ് കടം വാങ്ങിയിട്ട് ' അയാൾകൊണ്ടായിട്ടല്ലേ തന്നത് '. തിരിച്ചു ചോദിച്ചാൽ പറയും ' അയാൾക്ക് ഇത്രയൊക്കെ ഉണ്ടായിട്ടും നാണമില്ലേ കാശ് തിരിച്ചു ചോദിക്കാൻ '. അതു കൂടാതെ രണ്ടു തെറിയും നമ്മളെ കുറിച്ച് കുറെ പരദൂഷണവും പരിചയമുള്ളവരോട് പറയും.
വേറെ ചിലർ സെലിബ്രിറ്റികളായാൽ അവർ സെൽഫ് മെയ്ഡ് ആണെന്ന ഭാവത്തിൽ പെരുമാറും. പണ്ട് ആരെങ്കിലും സഹായിച്ചതൊക്കെ പെട്ടന്ന് മറന്നു പോകും.
ചിലർ കാര്യം കാണാൻ പുറകെ നടക്കും. ലോകത്തു ഇല്ലാത്ത പുകഴ്ച്ച വാക്കുകൾ പറയും. കാര്യം കണ്ടു, കുറെ കഴിഞ്ഞു ഭാവം മാറും. പിന്നെ അവർ നമ്മുക്ക് ഏതോ സഹായം ചെയ്തു എന്ന് അവകാശപ്പെടും.
ഒരുപാടു പേർക്ക് ജോലി കിട്ടുവാൻ സഹായിച്ചിട്ടുണ്ട്. ചിലർ ഓർക്കും. കുറേപേർ മറക്കും.
ഒരിക്കൽ ഒരു ഐ എ എസ്സ് ഓഫീസർ (കേരളത്തിൽ അല്ല )ഒരു ഇന്റർനാഷണൽ അസൈന്മെന്റിന് എന്നെ മൂന്നു പ്രാവശ്യം കാണുവാൻ വന്നു (ഒരു തവണ വിദേശത്ത് ).എല്ലാ ദിവസവും ഫോൺ. അതിൽ നിർണ്ണായക തീരുമാനമുള്ള ഞാനദേഹത്തെ സഹായിച്ചു. വർഷങ്ങൾ വലിയ ശമ്പളത്തിൽ ജോലി ചെയ്ത് തിരിച്ചു പോയി. ആശാന് ജോലി കിട്ടി കഴിഞ്ഞു പിന്നെ ഫോണും ഇല്ല. കാഴ്ചയും ഇല്ല. ഇന്ന് ആൾ ഒരു സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ. ഒരിക്കൽ കണ്ടപ്പോൾ അയാൾ മുഖ്യ മന്ത്രിയുടെ ആളാണ് എന്നും. വേണമെങ്കിൽ ഒരു കൂടി കാഴ്ച്ച തരപ്പെടുത്താമെന്നും പറഞ്ഞു. വേണ്ട എന്ന് പറഞ്ഞു പിരിഞ്ഞു.
അടുത്ത സുഹൃത്തുക്കൾക്കോ ബന്ധുകൾക്കോ കടം കൊടുത്താൽ ചിലപ്പോൾ കാശും പോകും ബന്ധവും പോകും..അനുഭവങ്ങൾ ആണ് ഗുരു. പലരും കടം ചോദിച്ചാൽ പറയും എന്നാൽ ആവതു സഹായിക്കാം. കടം കൊടുത്താൽ പിന്നെ ഉള്ള ബന്ധവും പോകും.
ഇത് ഓർക്കാൻ കാര്യം പൂനയിൽ വച്ചു ഏതാണ്ട് ഇരുപത് കൊല്ലങ്ങൾക്ക് ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടു. അന്നെന്നോ അദ്ദേഹത്തിന് ചെയ്ത ഒരു സഹായം എന്നെ ഓർമ്മിപ്പിച്ചു നന്ദി പറഞ്ഞിട്ട് നിർബന്ധമായും ഡിന്നറിന് ക്ഷണിച്ചു. അങ്ങനെയുള്ളവരുമുണ്ട്. ഏത്ര കൊല്ലം കഴിഞ്ഞാലും മറക്കാത്തവർ
ജെ എസ് അടൂർ

No comments: