Monday, February 24, 2020

ലൗവ്വും ജിഹാദും

20 January

 ലൗവ്വും ജിഹാദും കടലും കടലാടിയും പോലെ വ്യത്യസ്ഥമാണ്. ലൗ പലവിധത്തിലുണ്ട്. ജിഹാദിനും പല തരം അർത്ഥങ്ങളുണ്ട്.
 ലൗ പലവിധത്തിലുണ്ട്. ജിഹാദിനും പല തരം അർത്ഥങ്ങളുണ്ട്.
മനുഷ്യർ തമ്മിൽ ഏറ്റവും ഉദാത്തമായ വികാര -വിചാര ബന്ധമാണ് സ്നേഹം. സ്നേഹമാണ് അഖില സാരമൂഴിയിൽ എന്നാണ് കവി പറഞ്ഞത്. സ്നേഹം ദൈവികമാണ്. ദൈവം സ്നേഹമാണ് എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത്. യേശു ലോകത്തിന് കൊടുത്ത ഏറ്റവും വലിയ സന്ദേശം നിങ്ങൾ അന്യോന്യം സ്നേഹിക്കുക. അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക. ശത്രുക്കളെപോലും സ്നേഹിക്കുക. പ്രശ്നം സഭ വ്യവസ്ഥാപിത അധികാരത്തിന്റെയും പള്ളി മേല്കോയ്മയുടെ അധികാരികൾ യേശുവിൽ നിന്ന് കടലിനേക്കാൾ ദൂരത്തിലാണ്.
ദൈവീക അധികാരത്തിന്റെ ആൾ രൂപങ്ങളോട് യേശു പറഞ്ഞത് മത്തായി സുവിശേഷം ഏഴാം അധ്യായത്തിൽ കൃത്യമായുണ്ട്.
നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.
2 നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
3 എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?
4 അല്ല, സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽ നിന്നു കരടു എടുത്തുകളയട്ടെ, എന്നു പറയുന്നതു എങ്ങനെ?
5 കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വെടിപ്പായി കാണും.
എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.
സ്നേഹം -പ്രേമം -പ്രണയം -വിവാഹം
സാധാരണഗതിയിൽ ആണും പെണ്ണും തമ്മിൽ പരസ്പര സ്നേഹവും, പ്രേമവും, പ്രണയവും മനുഷ വംശമുള്ളത് മുതലുള്ളതാണ്. വ്യവസ്ഥാപിത മതങ്ങൾക്കും മുന്നെ. പിന്നെ അങ്ങനെയുള്ള ബന്ധങ്ങൾക്ക് സാമൂഹിക സാധുതയും പരസ്പര പ്രതിബദ്ധതയും സ്ഥാപനവൽക്കരിക്കാനാണ് വിവാഹം എന്നത് പരിണമിച്ചു വികസിച്ചു ഒരു സാമൂഹിക -നിയമ -മതാത്മകമൊ അല്ലാത്തതോ ആയ നിയമ സാധുതയുള്ള പരസ്പരം ഉടമ്പടിയായത്.
വ്യവസ്ഥാപിത ജാതി മത വരമ്പുകൾക്കു അപ്പുറവും സാധാരണ സ്ത്രീ യും പുരുഷനും പരസ്പരം ആകര്ഷിക്കപ്പെടുകയോ ഇഷ്ട്ടപെടുകയോ പ്രണയിക്കുകയോ രതിയിൽ ഏർപ്പെടുകയോ.ഒക്കെ ലോകത്തു ആകമാനം നടക്കുന്നുണ്ട്. ക്രിസ്ത്യാനികളെ പ്രണയിച്ചു കല്യാണം കഴിഞ്ഞു ക്രിസ്ത്യാനികളായ ആയിരക്കണക്കിന് ആളുകളുണ്ട്. അതു പോലെ തിരിച്ചും. പല മതത്തിലും പെട്ടവർ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിച്ചു അവരവരുടെ മത വിശ്വാസത്തിൽ ജീവിക്കുന്ന അനേകം സുഹൃത്തുക്കളുണ്ട്.
ഇവിടെ സഭ സാറന്മാർ പറയുന്നത് എട്ടും പൊട്ടും തിരിയാത്ത ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലിം ചെക്കന്മാർ വളച്ചു പ്രേമം നടിച്ചു മതം മാറ്റി തീവ്ര വാദികളാക്കി വിദേശത്ത് മുസ്ലിം തീവ്രവാദ യുദ്ധങ്ങളെന്നു പലരും കരുതുന്ന ജിഹാദിൽ ഏർപ്പെടുവാൻ പോകുന്നുയെന്നാണ്. ഇങ്ങനെ എത്രപേർ ജിഹാദിൽ പങ്കെടുക്കുന്നു എന്ന വിശദ വിവരങ്ങൾ പ്രസിദ്ധീകരിക്കുവാൻ പറഞ്ഞാൽ അതു ഏതെങ്കിലും കഥകൾ പറഞ്ഞു നിർത്തും
ഇനിയും ഒന്നോ രണ്ടോ പേർ എന്നെങ്കിലും അങ്ങനെപോയി എന്നുണ്ടങ്കിൽ അത്‌ എങ്ങനെ അതിസാധാരണ വൽക്കരിക്കും
സീറോ മലബാർ 'ലൗ ജിഹാദ് '
"ലൗ ജിഹാദ് ' എന്ന പദം തന്നെ സംഘ പരിവാർ സൃഷ്ടിയ്യാണ്. ഇന്ന് സംഘ പരിവരാണ് ഇന്ത്യ ഭരിക്കുന്നത്. പലപ്പോഴും വ്യവസ്ഥാപിത ബിസിനസ് താൽപര്യങ്ങലുള്ളവർ സർക്കാർ ഭരിക്കുന്നവരെ സുഖിപിച്ചും പ്രീണിപ്പിച്ചുമാണ് അവരുടെ ബിസിനസ് താല്പര്യങ്ങൾ കാക്കുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ്സും ഒരുപാടു സ്ഥാപന താല്പര്യങ്ങളും ലൈംഗിക പീഡന ആരോപണങ്ങളും നേരിടുന്ന ഒരു വിഭാഗം പുരോഹിത വർഗം സർക്കാരും സംഘ പരിവാറും ആരോപണം നേരിടുന്ന സമയത്ത് ' ലൗ ജിഹാദ് 'ആരോപണവുമായി ഇറങ്ങിയതിന്റ രാഷ്ട്രീയമറിയാൻ പാഴൂർപ്പടി വരെ പോകേണ്ട. കെ സി ബി സി വക്താവിന്റെ ലേഖനം ജന്മഭൂമി പ്രസിദ്ധീകരിച്ചതിന്റെ രാഷ്ട്രീയവും പകൽ പോലെ വ്യക്തമാണ്.
കേരളത്തിൽ ക്രിസ്ത്യൻ സഭകളിൽ നിന്ന് പലരും വ്യത്യസ്ത മതങ്ങളിൽ നിന്നുള്ളവരെ കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നുണ്ട്. മതം മാറിയും മതം മാറാതെയും. എന്റെ ഏറ്റവും അടുത്ത സുഹൃത്തു ക്രിസ്ത്യൻ പെൺകുട്ടിയെ വിവാഹം ചെയ്തു മതം മാറിയ ബ്രമ്മണജാതി പശ്ചാത്തലമുള്ളയാളാണ്. അയാൾ ഇന്നു വളരെ ഭക്തിപൂർവ്വം ജീവിക്കുന്ന ക്രിസ്ത്യാനി യാണ്. അടുത്ത രണ്ടു സുഹൃത്തുക്കളായ മുസ്ലിം വിഭാഗത്തിൽ ജനിച്ച രണ്ടു പേർ വിവാഹം ചെയ്തത് ക്രിസ്ത്യാനികളെയാണ്. അവരെ ആരും മുസ്ലീങ്ങളാക്കിയില്ല.
വ്യത്യസത മതങ്ങളിൽ നിന്ന് വിവാഹം ചെയ്തു മതം മാറിയും അല്ലാതെയും ജീവിക്കുന്നവരുടെ എണ്ണം സ്റ്റാറ്റിസ്റ്റിക്കലി. 0001 പെർസെന്റ് പോലുമില്ല.
ഇവിടെ അതൊന്നും അല്ല പ്രശ്‍നം. പണ്ട് തൊട്ടേ സവർണ്ണ ചിന്താഗതിയുള്ള ക്രിസ്ത്യാനികളിലുള്ള 'മേത്തപ്പേടി ' എന്ന ഇസ്ലാമോഫോബിയയുടെ വേറൊരു പരനോയാണ് ഇവിടെയും പ്രകടം. സവർണ്ണ ക്രിസ്ത്യൻ വർഗീയവാദികൾ വളരെ ചെറിയ ഒരു ന്യൂനപക്ഷമാണെങ്കിലും അവർ അഭിനവ ബ്രമ്മിണിക്കൽ ചിന്തഗതി പുലർത്തി സംഘ പരിവാർ പടർത്തുന്ന ഇസ്‌ലാമോഫോബിയ വിചാരമുള്ളവരാണ്.ഈ മേൽജാതി സവർണ്ണത ഉള്ളിൽകൊണ്ടു നടക്കുന്നവരാണ് അറിഞ്ഞും അറിയാതയും സംഘി രാഷ്ട്രീയതിന്നു വളം വയ്ക്കുന്നത്.
ഏത് വിഭാഗത്തിൽ പെട്ടയാളുകളും തീവ്ര വാദ ഹിംസയിലേക്ക് പോകുന്നു എന്ന് കൃത്യ വിവരം കിട്ടിയാൽ പോലീസിലാണ് അറിയിക്കേണ്ടത്. ബി ജെ പി ഭരണത്തിൽ വന്നതിന് ശേഷമാണ് ഈ നസ്രാണി ലൗ ജിഹാദ് പേടിപ്പെടുത്തൽ ഔദ്യോഗികമായി തുടങ്ങിയത്.അതു രണ്ടു പ്രാവശ്യം അന്വഷിച്ചിട്ടും പോലീസു പറയുന്നത് അങ്ങനെ ഒരു കാര്യമില്ലന്നാണ്. ഇപ്പാൾ ചില 'ഇടയന്മാർ, ' ചെന്നായ വരുന്നേഎന്നു പേടിപെടുത്തി ഇസ്ലാമോഫോബിയക്ക് വളം വച്ചു സമൂഹത്തിലെ trust തകർക്കാൻ ശ്രമിക്കുകയാണ്.
എല്ലാ മതത്തിലുമുള്ള വർഗീയ വാദികൾ പരസ്പരം പരിപോഷിപ്പിക്കുന്നത് പരസ്പര വിശ്വാസം തകർക്കുന്ന പരസ്പര ഭയത്തിന്റ വിഷ വിത്തുകൾ മനസ്സിൽ പാകിയാണ്. മത മൗലീക വാദികകളും തീവ്ര മത വിശ്വാസികളും മത ഭ്രാന്തന്മാരും എല്ലാ മതങ്ങളിലുമുണ്ട്. അവർ ഘർ വാപ്പസിയും പിന്നെ സലാഫി സ്വർഗ്ഗവും ഇൻസ്റ്റന്റ് രക്ഷയൂമായി പല വിധത്തിൽ ഓപ്പറേറ്റ് ചെയ്യുന്നുമുണ്ട്.
ഓരോരുത്തർക്കും അവരവരുടെ മത വിശ്വാസം പുലർത്താനോ പുതിയ മതം സ്വീകരിക്കുവാനോയുള്ള തുല്യ അവകാശം ഇന്ത്യൻഭരണഘടന നൽകുന്നുണ്ട്. അതാണ് ഇവിടെ പ്രധാനം
ബി ജെ പി സർക്കാർ സി എ എ /എൻ ആർ സി വിവേചന രാഷ്ട്രീയവുമായി ഇറങ്ങിയ സാഹചര്യത്തിൽ ഒരു വശത്തു ഏറ്റവും ആശങ്കയും ഒരു പരിധിവരെ അരക്ഷിത ബോധവുമുള്ള ബഹുഭൂരിപക്ഷം വരുന്ന മുസ്ലിംസഹോദരങ്ങൾക്ക് ഐക്യ ദാർഢ്യമേകുന്നതിന് പകരം സംഘ പരിവാർ ഇസ്‌ലാമോബിയയും പരനോയയും വളർത്തുവാൻ ഇടനൽകുന്നത് നിര്ദോഷമാണ് എന്നു തോന്നുന്നില്ല
ഒരു പഠനവും തെളിവും ഇല്ലാതെ വെളിവും തെളിവുമില്ലാതെ 'ലവ് ജിഹാദ് ' എന്ന് പറഞ്ഞു അസംബന്ധ ഭീതി പടർത്തുന്നത് സഭക്ക് ഗുണത്തെക്കാൾ അധികം ദോഷം ചെയ്യുമെന്ന് പുരോഹിത വരേണ്യ വർഗ്ഗമറിഞ്ഞാൽ നന്ന്. എന്തായാലും സഭയെ സംഘപരിവാർ പാളയത്തിൽ എത്തിച്ചു പൂജ്യരായി സീറോ ആക്കരുത്.
എപ്പോഴും ലൗ നല്ലതാണ്. ഹിസ്ത്മകമായ മത തീവ്ര വാദ ജിഹാദിനോട് എപ്പോഴും എതിർപ്പാണ്. ഒന്നാമത്തത് ആരോഗ്യതിന്നു നല്ലതു. രണ്ടാമത്തത് മതഭ്രാന്തിലും വേറിയിലും കൊല്ലുന്ന പ്രത്യയ ശാസ്ത്രം.
എല്ലാത്തരം വർഗീയതക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരാണ്.
Make Love and not war.
ജെ എസ് അടൂർ

No comments: