Friday, February 14, 2020

ജീവിതം കരിയർ മാത്രമാണോ?


അതാതു കാലഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യൻ അതാതു കാലത്തുള്ള നാട്ടു നടപ്പ് രീതികളുമായി താദാത്മ്യം പ്രാപിച്ചു ജീവിക്കുക എന്നതാണ് പൊതുവെയുള്ള മാനുഷിക അവസ്ഥ. എല്ലാവരും ചെയ്യുന്നു എന്ന് തോന്നുന്നത് നമ്മളും ചെയ്യുന്നു. അവരവർ ജീവിക്കുന്ന കമ്മ്യുണിറ്റിയുടെയും സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാധുത ലഭിക്കാൻ. സാമൂഹിക അതിജീവനത്തിനാണ് ബഹു ഭൂരിപക്ഷം ആളുകളും കോൺഫെർമിസ്റ്റ് ആകുന്നത്.
അങ്ങനെയാണ് നമ്മുടെ ഭാഷയും ഭക്ഷണവും വസ്ത്ര രീതികളും വിദ്യാഭ്യാസ രീതിയും തൊഴിലും വീടും നാട്ടു നടപ്പും സമീപനങ്ങളും കാലവും ദേശവുമനുസരിച്ചു മാറുന്നത്. ഇപ്പോൾ നമ്മൾ ഭോഗ ഉപ ഭോഗ സംസ്കാരത്തിലാണ് ജീവിക്കുന്നത്. വിപണിയിലെ ഭോഗ ഉപഭോഗ സംസ്കാരത്തിന്റെ അടയാളം അതു സ്വായത്തമാക്കാനുള്ള പണമാണ്.
ഇപ്പോൾ വിദ്യാഭ്യസവും ആരോഗ്യവും മരുന്നും മന്ത്രവും മതവും രതിയും കമ്പോള ഭോഗ സംസ്കാരത്തിന്റെ ഭാഗമാണ്. തൊഴിലും. എല്ലാം ഇപ്പോൾ റിട്ടേൺ ഓൺ ഇൻവെസ്റ്മെന്റാണ് എത്ര പണം മുടക്കി എത്ര പണം നേടി കൂടുതൽ ഉപഭോഗരതി സുഖമെന്നത് തന്നെ ജീവിത ലക്ഷ്യമാക്കുന്ന സ്ഥിതി. അതില്ലെങ്കിൽ മാനസിക ആരോഗ്യം നഷ്ട്ടപെട്ടു ആത്മഹത്യ ചെയ്യുന്ന അവസ്ഥ.
ഏതാണ്ട് നാല്പത് കൊല്ലങ്ങൾക്ക് മുമ്പ് സ്കൂളിൽ പഠിച്ചത് കൂട്ടുകാരെകാണാനും പിന്നെ എന്തെങ്കിലുമൊക്കെ അറിവ് നേടാനുമായിരുന്നു. സാധാരണ സർക്കാർ സ്കൂളിൽ പഠിച്ച ഞങ്ങൾക്ക് പഠിത്ത കാര്യങ്ങളെക്കാൾ കളികളിൽ ആയിരുന്നു കൂടുതൽ താല്പര്യം.
കുറ്റിയും കൊന്തും ഓലപന്തു കളി, ഗോലികളി, കബഡി, തൊട്ടിലിറങ്ങി പരൽ മീനുകളെ പിടിച്ചു പഴയ ഹോർലിക്സ് കുപ്പിയിലാക്കുക കണ്ട മാവേലും പറങ്കി മാവിലും ആഞ്ഞിലികളിലും പഴങ്ങൾക്ക് വേണ്ടി കയറുക, മാറ്റിനി ഷോയ്ക്ക് അടുത്ത സിനിമ കൊട്ടക /റ്റാകീസിൽ പോകുക, പത്രവും പുസ്തങ്ങളും കൊച്ചു പുസ്‌തവും വായിക്കുക എന്നതൊക്കെ വിനോദവും സാമൂഹികവൽക്കരണത്തിലൂടെയുള്ള പഠനവും അതോടൊപ്പം അന്നത്തെ ഗ്രാമങ്ങളിലെ നാട്ടു നടപ്പുമായിരുന്നു. സ്കൂളിൽ റബർ ബാന്റിട്ട ചില നോട്ട് ബുക്കും പുസ്തകങ്ങളും കൊണ്ടു പോകും.
അന്നൊക്കെ വലിയ ജോലി ഡോക്റ്റർ എൻജിനിയർഓകെയാണ്. പക്ഷെ പഠിക്കുന്ന കാലത്തു ഇതൊന്നും ഒരു വിഷയമേ അല്ലായിരുന്നു എന്റെ വീട്ടിലും നാട്ടിലും. പരീക്ഷക്ക് ഒരാഴ്ചയോളം പഠിച്ചു പരീക്ഷ പാസാകുക എന്നതായിരുന്നു നയം.
ഇപ്പോൾ സംഗതി മാറി. കുട്ടി ജനിക്കുമ്പോൾ തന്നെ വിദ്യാഭ്യാസ പ്ലാനിങ് തുടങ്ങും. നഗരങ്ങളിൽ ഒന്നും രണ്ടും പിള്ളേരുള്ളവർക്ക് ആദ്യപൊല്ലാപ്പാട് നഴ്സറി സ്കൂൾ അഡ്മിഷൻ. പിന്നെ മക്കൾക്കും മാതാ പിതാക്കൾക്കും കൗൺസലിംഗ് ഓപ്പൺ ഡേ. കുട്ടി അഞ്ചാം ക്ലാസ്സിൽ എത്തുമ്പോഴേക്കും കരിയർ പ്ലാനിങ് തുടങ്ങും. പിന്നെ കുട്ടികളെകാട്ടിൽ ടെൻഷൻ മാതാപിതാക്കൾക്ക്.
മധ്യവർഗ്ഗത്തിലുള്ള വീട്ടുകാർ എട്ടാം ക്ലാസ് മുതൽ കുട്ടിയുടെ പിറകെയാണ്. സ്‌പെഷൽ ടൂഷൻ, മാർക്ക് എങ്ങനെ 95% നൂറോ ആക്കാനുള്ള തത്രപ്പാട്. പിന്നെ കോച്ചിങ് യജ്ഞം. കുട്ടികൾ പത്തിൽ എത്തുമ്പോഴേക്കും പിന്നെ മാതാപിതാക്കൾക്ക് ടെൻഷൻ. മാർക്ക്, കോച്ചിങ്, പരീക്ഷ, മാർക്ക്, എൻട്രൻസ് കടമ്പ, സിവിൽ സർവീസ് കടമ്പ, പി എസ് സി കടമ്പ. ചുരുക്കത്തിൽ വിദ്യാർത്ഥികളും വീട്ടുകാരും വിദ്യാഭ്യാസ-കരിയർ വിപണിയിൽ കുരുങ്ങി പലപ്പോഴും ജീവിതം തന്നെ അതാകും. കളിക്കാനും വായിക്കാനും ചിന്തിക്കാനും കൂട്ടു കൂടാനുമൊന്നും സമയം ഇല്ല. എല്ലാവരും തിരക്കിലാണ്.
ഇന്ന് ഏറ്റവും കൂടുതൽ മാർക്കെറ്റുള്ളവയാണ് കരിയർ കൗൺസലിംഗ്. എങ്ങനെ കരിയർ നേടാം, വികസിപ്പിക്കാം. എങ്ങനെ വിദേശത്ത് പോകാം. പോയി പഠിച്ചു ജോലി നേടി എന്നതിനെകുറിച്ച് എഴുതിയാലോ പറഞ്ഞാലോ ജനപ്രിയ സാഹിത്യമാകും. ഭയങ്കര മാർക്കറ്റാണ്. ഏതെങ്കിലും തൊഴിൽ അല്പ സ്വല്പം വിജയിച്ചവരെല്ലാം കുറെ പാർട്ട്‌ ടൈം കരിയർ കൗസിലിംഗ് സൈഡ് ബിസിനസാക്കും. നാട് ഓടുമ്പോൾ നടുവേ ഓടിയാൽ കയ്യടി കൂടുതൽ കിട്ടുന്നതും നാട്ടു നടപ്പാണ്.
പ്രശ്നം എന്താണ്? ഈ കരിയർ കേന്ദ്രീകൃത ഓട്ടപ്പാച്ചിലിൽ കുട്ടികൾക്കു പലപ്പോഴും വേണ്ട സ്‌കൂള്‌നും കോളേജിനും അപ്പുറം ഉള്ള സാമൂഹിക വൽക്കരണം നടക്കുന്നില്ല. കമ്പോളത്തിനു വേണ്ടി കുട്ടികളെ തയ്യാറാക്കി ജോലി കമ്പോളത്തിൽ എത്തിച്ചാൽ പിന്നെ കല്യാണ കമ്പോള പോർട്ടലിലാണ് കല്യാണം.
സ്വയം ഭോഗം എങ്ങനെ ചെയ്യണം എന്ന് ഞങ്ങളൊക്കെ ആറാം ക്ലാസ് മുതൽ പരിശീലിച്ചുവെങ്കിൽ ഇപ്പോൾ അതിനും കൗൺസിലർ. ശരിക്കും ഒരു പെണ്ണിനോടോ ആണിനോടോ സംസാരിക്കുവാൻ മടിയുള്ളവർ ഓൺലൈൻ പോണിൽ പെട്ടു കമ്പോളത്തിന്റ ഭാഗമാകും. കരിയറിന് വേണ്ടിയുള്ള പഠിപ്പ് -പരീക്ഷ - പഠിപ്പ് തിരക്കിലും പിന്നെ കരിയറിന്റയും തിരക്കിൽ സെക്സ് ഉപഭോഗത്തിന് ടിൻഡർ പോലെ ഓൺലൈൻ ഡേറ്റിങ് പ്ലാറ്റുഫോമുണ്ട്. കരിയറും, ടിൻഡറും എല്ലാം കഴിഞ്ഞും പിന്നെ മാനസിക പ്രശ്ങ്ങൾക്ക് സോഷ്യോ സൈകോളേജി കൗൺസിലിംഗ് തെറാപ്പി എന്നതിന് ഇന്ന് വളർന്നു വരുന്ന കമ്പോളമുണ്ട്
പലപ്പോഴും പലരും പഠിക്കുന്നത് ജോലിക്കു വേണ്ടിയും. ജോലി കിട്ടിയാൽ കല്യാണം. പിന്നെ കുട്ടികൾ. അവരുടെ നഴ്‌സറി മുതലുള്ള വിദ്യാഭ്യാസം. അവരുടെ കരിയർ. അങ്ങനെ ജീവിതം തന്നെ നാട്ടു നടപ്പുള്ള റൂട്ടിനിൽ പെട്ട ഒരു റെയിൽവേപാതയിലെന്നപോലെ കൃത്യമായ റൂട്ടിനിൽ ജീവിച്ചു പിന്നെ വച്ചടികേറിക്കൊണ്ടിരിക്കുന്ന ആത്മിക കമ്പോളത്തിൽ നിന്ന് അല്പം ഫീൽ ഗുഡ് ആത്മീകം വാങ്ങി പിന്നെ പെൻഷനായി കുറെ ജീവിച്ചു തട്ടിപോയി മൊബൈൽ മോർച്ചറിയിൽ എത്തും.
അതു കൊണ്ടു തന്നെ ഈ കരിയർ സെന്ററിക് വിദ്യാസത്തിൽ നിന്നും കരിയർ സെന്ററിക് ജീവിതത്തിനും അപ്പുറം ഒരു ജീവിതം ഉണ്ടെന്ന് പോലും നമ്മളിൽ ഒരുപാടു പേർക്ക് തിരിച്ചറിയാൻ സമയം എടുക്കും. തിരിച്ചറിയുമ്പോഴക്കും ജീവിതത്തിൽ മുക്കാലും പോയി തീർന്നിരിക്കും.
പൊതുവെ ഞാൻ കരിയർ കൗൺസിലിംഗ് ചെയ്യാറില്ല. സ്വന്തം കുട്ടികളെ സാമാന്യം നല്ല മാനുഷിക മൂല്യങ്ങളും വിദ്യാഭ്യാസവും നൽകി അവരെ അവര്ക്കിഷ്ട്ടമുള്ളത് ചെയ്യുവാൻ അവരുടെ വഴിയിൽ വിടുക എന്നതാണ് നയം. മകനെ അവനിഷ്ടമുള്ള വഴിയേ അവന്റ വഴി സ്വയം തിരഞ്ഞടുക്കാൻ അവന്റെ വഴിക്ക് വിട്ടു. പത്താംക്ലാസ്സിൽ പഠിക്കുന്ന മകൾ പഠിത്തത്തിൽ സാമാന്യം നല്ലത് പോലെ മാർക്ക് ഒക്കെ വാങ്ങുന്നുണ്ട്. ഞാൻ ഒരിക്കലും അവളോട് ക്ലാസ്സിൽ ഫസ്റ്റ് വാങ്ങാൻ പറയാറില്ല. സയൻസിന് സാമാന്യം നല്ല മിടുക്കുള്ള കുട്ടിയുടെ പിറകെ കൂടിയാൽ മെഡിസിൻ എൻട്രൻസ് കടമ്പ കടക്കാനുള്ള കപ്പാസിറ്റിയുണ്ട്. പക്ഷെ അവൾക്കിഷ്ടം ഹ്യൂമാനിറ്റീസാണ്. അവരുടെ ഇഷ്ടത്തിന് വിട്ടാൽ അവർക്കും ടെൻഷൻ ഇല്ല നമുക്കും ടെൻഷൻ ഇല്ല.
കാരണം പല തരം ജീവിത വീക്ഷണങ്ങളുണ്ട്. ഒന്ന് കരിയർ സെന്ററിക് സമീപനം.
രണ്ടാമത്തത് ലൈഫ് ചോയ്‌സ് സമീപനമാണ്.
അതിൽ നിങ്ങൾ എന്തിന് വേണ്ടി എങ്ങനെ ജീവിക്കുന്നു എന്നത് പ്രധാന ഘടകമാണ്. ഈ ജീവിതത്തിന്റെ അർത്ഥവും അനർത്ഥങ്ങളും എന്താണ് എന്നത് നിരന്തരം ചിന്തിക്കേണ്ടയൊന്നാണ്. നാട്ടു നടപ്പുകൾക്ക് അപ്പുറം ഒരു ജീവിത സാധ്യതയുണ്ടോ എന്ന അന്വേഷണ ജീവിതത്തിലെ ചോദ്യമാണ്.
സ്വയം ചോദ്യങ്ങൾ ചോദിക്കുവാൻ ത്രാണിയുണ്ടോ. സ്വയം വഴികൾ തിരിഞ്ഞു കണ്ടു പിടിക്കാനും ആരും നടക്കാത്ത വഴികളിൽ സഞ്ചരിച്ചു പുതു വഴികൾ കണ്ടത്താനുള്ള ഭാവനയും മാനസിക സുരക്ഷയുമുണ്ടോ എന്നുള്ളതും കാര്യമാണ്.
എന്റെ ജീവിത വീക്ഷണം കരിയർ സെന്ററിക് ജീവിതത്തിന് അപ്പുറമുള്ള ലൈഫ് ചോയ്‌സ് സമീപനമാണ്. അതാണ് പിന്തുടർന്നതും.
എന്താണ് ലൈഫ് ചോയ്‌സ് സമീപനം.?
അതു അടുത്തതിൽ
ജെ എസ് അടൂർ

No comments: