സർക്കാരിനോട് ' ആലോചിക്കാതെ ' എയ്ഡഡ് സ്‌കൂളുകൾക്ക് 18000 ത്തിൽ അധികം അധ്യാപകാരെ നിയമിച്ചു എങ്കിൽ അവർക്ക് സർക്കാർ എങ്ങനെ ശമ്പളം നൽകുന്നു? അങ്ങനെ ഒരു അവസ്ഥഎങ്ങനെയുണ്ടാകും?
സർക്കാർ സംവിധാനത്തിൽ ധനകാര്യ വകുപ്പിന്റെ അംഗീകാരം ഇല്ലാതെ ഒരു നിയമനം നടത്തി എങ്ങനെ ശമ്പളം കിട്ടും?
അങ്ങനെ ഒരു അവസ്ഥയുണ്ടായിട്ടുണ്ടെങ്കിൽ അത് അതീവ ഗുരുതരമായ പ്രശ്നമാണ്. അത് സുതാര്യമായും സ്വതന്ത്രമായും ആന്വഷിക്കണം. ഇതു സുതാര്യമായി സർക്കാർ ചെയ്യുവാൻ തയ്യാറാണോ? അതോ ഇതു സ്വകാര്യ മാനേജ്‌മെന്റുകളുമായി തിരെഞ്ഞെടുപ്പ് വർഷത്തിൽ 'അഡ്ജസ്റ്റ്മെന്റ് 'പൊളിറ്റിക്‌സാണോ? ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വ്യക്തത വരുത്താൻ സർക്കാർ ബാധ്യസ്ഥരാണ്.
ഇപ്പോൾ അഞ്ചു ലക്ഷം വിദ്യാർത്ഥികൾ എയ്ഡഡ് സ്കൂൾ ഉൾപ്പെടെയുള്ള പൊതു വിദ്യയാലങ്ങളിൽ കൂടി എന്ന് സർക്കാർ പറയുന്നു. നല്ല കാര്യം. അത് പൊതു വിദ്യാലയങ്ങളിൽ സൗകര്യങ്ങൾ കൂടിയത് കൊണ്ടോ ക്യാമ്പയിൻ കൊണ്ടോ ആകാം .പക്ഷെ ആ അവസ്ഥ അഞ്ചു കൊല്ലം കഴിഞ്ഞും അത് പോലെ നില നിൽക്കുമോ?
അത് കൊണ്ട് തന്നെ അധ്യാപക തസ്തികൾ സൃഷ്ട്ടിക്കണ്ടത് ഇപ്പോഴത്തെ അവസ്ഥ മാത്രം വച്ചല്ല. അടുത്ത പത്തു വർഷത്തെ പ്രോജെക്ഷനൂടെ വച്ചായിരിക്കണം. അത് കൃത്യമായ സുതാര്യ വസ്തു നിഷ്ട്ട പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം.
ഇന്ന് കേരളത്തിൽ ഏറ്റവും വലിയ വ്യവസ്ഥാപിത അഴിമതി നടക്കുന്ന ഒരു രംഗമാണ് എയ്ഡഡ് സ്കൂൾ /കോളേജ് അധ്യാപക നിയമനം. കാരണം ചില മാനേജ്മെന്റുകളിൽ ഒഴിച്ച് മിക്കവാറും ഇടങ്ങളിൽ ദശ ലക്ഷങ്ങൾ മാനേജ്മെന്റ് കൈക്കൂലി വാങ്ങിയാണ് നിയമനങ്ങൾ നടത്തുന്നത്. കേരളത്തിലെ പരസ്യമായ രഹസ്യ അഴിമതിയാണത്. പലപ്പോഴും അത് അമ്പത് ലക്ഷം വരെയോ അതിലധിമോ ആണ് 'അഴിമതി മാർക്കറ്റ് റേറ്റ് ' എന്നാണ് കേട്ട് കേഴ്‌വി .അതും കൂടുതൽ ബ്ലാക്ക് വേണം. അല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് നിർബന്ധ 'സംഭാവന '
ആ അവസ്ഥ മാറണം. അതെ സമയം എയ്ഡഡ് സ്‌കൂളുകൾക്ക് ഇൻഫ്രാ സ്ട്രക്ച്ചർ മാനേജ്‌മെന്റിന്റ ധന സമാഹരണത്തിന് സുതാര്യ മാർഗങ്ങലളുണ്ടാകണം.
അത് കൊണ്ട് തന്നെ സ്വകാര്യ /സമുദായ മാനേജ്‌മെന്റുകളുമായി ചർച്ച ചെയ്തു അങ്ങനെയുള്ള നിയമനങ്ങൾക്ക് കൃത്യമായ മാർഗ്ഗ രേഖ ഉണ്ടാകേണ്ടതുണ്ട്. അത് സർക്കാർ അടിച്ചേൽപ്പിച്ചാൽ കേരളത്തിൽ നടക്കില്ല. ഇതു സ്വകാര്യ മാനേജ്‌മെന്റികളെ വിശ്വാസത്തിലെടുത്തു സമവായത്തിലൂടെ അവരുട പങ്കാളിത്തത്തോടെ കൂടി ചെയ്താൽ മാത്രമേ വിജയിക്കുകയുള്ളൂ.കേരളത്തിലെ എയ്ഡഡ് സ്കൂളുകളും കോളേജുകളുമാണ് ഇന്ത്യയിലും ഒരു പക്ഷെ ലോകത്തും ആദ്യ പ്രൈവറ്റ് -പബ്ലിക് പാര്ട്ണർഷിപ്പ് സംരഭം. കേരളത്തിന്റെ മാറ്റത്തിനു ഏറ്റവും വലിയ സംഭാവന നൽകിയ സെക്റ്ററാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖല.
കേരളത്തിൽ പൊതുവെ ഫെർട്ടിലിറ്റി കുറയുകയും മൈഗ്രെഷൻ കൂടുകയും ചെയ്യന്ന അവസ്ഥയിൽ സ്കൂൾ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയും. അത് കൊണ്ട് തന്നെ പല ഉന്നത നിലവാരം പുലർത്തുന്ന സ്വകാര്യ സ്‌കൂളുകളിലേത് പോലെ ഇനിയും 20 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന നിലയിലേക്ക് പോയില്ലെങ്കിൽ അധ്യാപരുടെ എണ്ണം ഇനിയും കുറയും.
സർക്കാരിന്റെ ഏറ്റവും നല്ല ഇൻവെസ്റ്റ്മെന്റ് ഉണ്ടാകേണ്ടത് വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലാണ്. കേരളത്തിൽ അത് ഉണ്ടായത് കൊണ്ടാണ് ഇന്ന് മലയാളികൾക്ക് ലോകം മുഴുവൻ പോയി ജോലിഎടുത്തു നാട്ടിലോട്ട് കാശ് അയക്കാനൊക്കുന്നത്. നമ്മുടെ സാമ്പത്തിക വളർച്ചയുടെ പ്രധാന കാരണം വിദ്യാഭ്യാസ ആരോഗ്യം രംഗങ്ങളിലെ ദീർഘ വീക്ഷണത്തോടെയുള്ള ബജറ്റ് അലോക്കേഷനാണ്. അതിൽ ഏറ്റവും വലിയ ഒരു പങ്ക് എയ്ഡഡ് സ്‌കൂളുകൾക്കാണ്. ഞാനുൾപ്പെടയുള്ളവർ പഠിച്ചത് അങ്ങനെയുള്ള എയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകളിലും കോളേജിലുമാണ്. അത് കൊണ്ട് തന്നെ എയ്ഡഡ് സ്കൂളുകൾ /കോളേജുകൾ പ്രധാനമാണ്. ഇന്നും താരതമ്യേന നല്ല ഗുണ നിലവാരം പുലർത്തുന്നത് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തന്നെയാണ്. അവയിൽ ചിലത് വളരെ മികച്ച നിലവാരമുള്ളവയാണ്.
ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ സ്വകാര്യവൽക്കരണവും വിദ്യാഭ്യാസ ആരോഗ്യം മേഖലകളിലാണ്. പലപ്പോഴും ആളുകൾ സ്വകാര്യ സ്‌കൂളും ആശുപതികളും തിരഞ്ഞെടുക്കുന്നത് അവിടെ ഗുണ നിലവാരവും സൗകര്യങ്ങളും കൂട്ടിയതിലാണ്. ഇന്ന് കേരളത്തിൽ അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന സ്‌കൂളുകളും സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലകലുമുണ്ട്. പക്ഷെ അവിടെ വലിയ സാമ്പത്തിക ശേഷിയുള്ളവർക്കേ പോകുവാനൊക്കുകയോള്ളൂ എന്ന അവസ്ഥയാണ്. ഇന്ന് കേരളത്തിൽ ആളുകൾ ഏറ്റവും കൂടുതൽ കടം എടുക്കുന്നത് വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനുമാണ്.
ഇതെല്ലാം കൂടി കണക്കിലാക്കി അടുത്ത പത്തു വർഷം ഉണ്ടാകേണ്ട മാറ്റങ്ങൾ കണക്കിലെടുത്തു പെർസ്‌പെക്റ്റിവ് പ്ലാനും ബജറ്റ് പ്ലാനും ഉണ്ടാക്കിയെങ്കിൽ മാത്രമേ ഈ മേഖകളെ സർക്കാരിന് കാര്യക്ഷമമായി മാനേജ് ചെയ്യുവാൻ സാധിക്കുകയുള്ളൂ.
പക്ഷെ അത് ചെയ്യേണ്ടത് കൃത്യമായ വസ്തു നിഷ്ട്ടവും സുതാര്യവുമായ പോളിസി പഠനത്തിന്റ അടിസ്ഥാനത്തിൽ പ്രതി പക്ഷമുൾപ്പെടെ എല്ലവരേയും വിശ്വാസത്തിൽ എടുത്തായിരിക്കണം.
നമ്മൾ ഇപ്പോൾ നടത്തുന്ന പോളിസി പ്ലാനിങ്ങും ബജറ്റ്ങ്ങും ഫലത്തിൽ റീആക്ടിവാണ്. അത് പ്രൊവാക്റ്റീവ് ആയില്ലെങ്കിൽ ഇതു പോലെയുള്ള അവസ്ഥകൾ ആവർത്തിക്കും. അത് മാറണം.
എങ്കിൽ മാത്രമേ കേരളത്തിലെ താരതമ്യേന ഗുണ നിലവാരം കുറഞ്ഞു കൊണ്ടിരിക്കുന്ന സ്കൂൾ കോളേജ് ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുകയുള്ളൂ.
ഇപ്പോൾ എങ്ങനെയെങ്കിലും സ്റ്റാറ്റസ് ക്വോ വച്ചു പുലർത്തി മൈന്റൈൻ ചെയ്യുക എന്ന അവസ്ഥ മാറണം. സർക്കാർ ശമ്പളം കൊടുക്കുന്ന എല്ലായിടങ്ങളിലും പെർഫോമൻസ് ഔട്ട്പുട്ട് അസ്സസ്‌മെന്റ് നിർബന്ധിതമാക്കിയെങ്കിൽ മാത്രമേ സർക്കാർ സംവിധാനങ്ങളുടെ ഗുണ നിലവാരം മെച്ചപ്പെടുകയുള്ളൂ.
സർക്കാർ കുറെയേറെ നിഷ്ഫല 'ഗവേഷണ' കേന്ദ്രങ്ങൾ, ' പഠന ' കേന്ദ്രങ്ങൾ, മൂക്കിനും മൂലക്കും മ്യൂസിയങ്ങൾ എന്നിവ കടം വാങ്ങി കോടികൾ നടത്തുന്നുണ്ട്. ഫലത്തിൽ ഇവ പലപ്പോഴും ഭരിക്കുന്ന പാർട്ടികളുട പെട്രേനേജ് നെറ്റ്വർക്കാണ്. മിക്കവാറും ഇടങ്ങളിൽ പാർട്ടിക്കാരായ റിട്ടയർ ഉദ്യോഗസ്ഥർകുള്ള താവളങ്ങളാണ്. അവയുടെ ഔട്ട്പുട്ട് എന്താണ്? എത്ര കാമ്പുള്ള ഗവേഷണങ്ങൾ ഇവിടെ നിന്നും പുറത്തു വരുന്നു. അവയുടെ ഏതെങ്കിലും പെർഫർമാൻസ് അസ്സസ്മെന്റ് പ്രൊഫെഷനലായി നടത്തിയിട്ടുണ്ടോ.
സർക്കാർ പണിഅധികമില്ലാത്ത വകുപ്പുകളിൽ നിന്ന് പുനർ വിന്യാസം നടത്തുന്നത് നല്ല കാര്യമാണ്. പക്ഷെ അങ്ങനെ പുനർ വിന്യസിപ്പിച്ചത് കൊണ്ട് മാത്രം സർക്കാർ കാര്യക്ഷമത വർധിക്കില്ല.
ജെ എസ് അടൂർ.
No comments:
Post a Comment