Monday, February 24, 2020

കേന്ദ്ര ബജറ്റ് : അതി സമ്പന്നർക്ക് വേണ്ടി ഒരു മായകാഴ്ച്ച.

Js Adoor
7 February at 00:18 കേന്ദ്ര സർക്കാർ ഇറക്കിയ രണ്ടു വോളിയം ഇക്കോണോമിക് സർവേയും ബജറ്റ് പ്രസംഗവും ബജറ്റ്മൊക്കെ പഠിക്കാൻ സമയം കിട്ടിയത് ഇന്നലെ രാത്രിയാണ്.
എന്താണ് ഈ ബജറ്റ്? അതി സമ്പന്ന മേൽക്കോയ്മാക്കാർക്ക് ഭൂരിപക്ഷ ഉപരിവർഗ രാഷ്ട്രീയ മേൽക്കോയക്കാർ കാഴ്ചവച്ച ബഡ്ജറ്റ്.
കഴിഞ്ഞ രണ്ടു മൂന്ന് തവണത്തെ ബജറ്റ് പ്രസംങ്ങളും സർവേയും ബജറ്റും നോക്കിയാൽ ചിലകാര്യങ്ങൾ മനസ്സിലാവും. വാചക കസർത്തിന് ഒരു കുറവും ഇല്ല. വാഗ്‌ദാനങ്ങൾക്കും. പക്ഷെ വാഗ്ദാനങ്ങൾ അങ്ങനെ തന്നെ നിൽക്കും. ബജറ്റ് എസ്റ്റിമേറ്റും റിവൈസ്ഡ് ബജറ്റും യഥാർത്ഥ ചിലവും തമ്മിലുള്ള അന്തരം കൂടുന്നതാണ് കാണുന്നത്.
കഴിഞ്ഞ വർഷം (2019) ജൂലൈയിൽ ഇറക്കിയ ഇക്കോണോമിക് സർവേ പറഞ്ഞത് 7% ശതമാനം സാമ്പത്തിക വളർച്ചഎന്നാണ്. പക്ഷെ കഴിഞ്ഞ നാലുമാസങ്ങളിൽ സർക്കാർ കണക്ക് അനുസരിച്ചു 4.8%. മറ്റു പല സാമ്പത്തിക വിദഗ്ധരും അതിൽ താഴെയാണ് കണക്ക് കൂട്ടിയത്.
ഈ വർഷത്തെ ഇക്കോണോമിക് സർവേ കമ്പോളത്തിന്റ അദർശ്യ കരവും പിന്നെ അതിലുള്ള വിശ്വാസവും നമ്മുടെ സാമ്പത്തിക സ്ഥിതി 5 ട്രില്യൻ ഡോളറിൽ എത്തിക്കും എന്നാണ് പ്രത്യാശ. കമ്പോളത്തിൽ വിശ്വാസമർപ്പിക്കുക. ബാക്കി കമ്പോളം നോക്കിക്കോളും എന്ന തീർപ്പുകൊണ്ട് മാത്രം സാമ്പത്തിക മാന്ദ്യത്തെ മറികടക്കുവാനൊക്കുമോ എന്നതാണ് വിഷയം. കാരണം ആ സ്ഥിതിയിലെത്താൻ ശരാശരി 10% അധികം സാമ്പത്തിക വളർച്ച എല്ലാ വര്ഷവുമുണ്ടാകണം. അടുത്ത വർഷം സർക്കാർ അവകാശപ്പെടുന്നത് 6-6.5% വളർച്ചയാണ്. ഇത് വരെയുള്ള സാമ്പത്തിക അവസ്ഥ നോക്കിയാൽ സാമ്പത്തിക വളർച്ച വിചാരിച്ചത് പോലെ നടക്കുമോ എന്ന് കണ്ടറിയണം.
നമ്മുടെ ജി ഡി പി യുടെ ഏകദേശം 60% ഓടുന്നത് സ്വകാര്യ ഉപഭോഗം കൊണ്ടാണ്. അത് ഗണ്യമായി കുറഞ്ഞു എന്നാണ് കണക്കുകൾ കാണിക്കുന്നത്. നോട്ട് നിരോധനം കഴിഞ്ഞു ഏതാണ്ട് രണ്ടര ലക്ഷം ചെറുകിട സ്ഥാപനങ്ങൾ പൂട്ടിയെന്നാണ് റിപ്പോർട്ടുകൾ. ആളോഹരി ഉപഭോഗ ചിലവ് കഴിഞ്ഞ നാല്പത് വർഷത്തിനിടയിൽ ആദ്യമായാണ് കുറഞ്ഞത്. കാരണം ആളുകളുടെ വരുമാനം കൂടുന്നില്ല പക്ഷെ പല അവശ്യ സാധനങ്ങളുടെയും വില കൂടി. അത് കൊണ്ട് തന്നെ ഉപഭോഗം താരതമ്യേന കുറഞ്ഞു.
കഴിഞ്ഞ വർഷത്തെ നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് ഇത്. കൃത്യമായി കാണിക്കുന്നു. പ്രതിമാസമുള്ള ആളോഹരി ചിലവ് 2011-12 നെക്കാളിൽ 2018 ആയപ്പോഴേക്കും 3.7 ശതമാനം കുറഞ്ഞു.
ഗ്രാമങ്ങളിൽ പ്രതിമാസം ഒരാൾ ശരാശരി ആഹാരത്തിന് ചിലവാക്കുന്നത് വെറും 580 രൂപയാണ്. ഇത് 2011-12 ൽ ചിലവാക്കിയ 643 നേക്കാൾ 10 ശതമാനം കുറവാണ്.
ചുരുക്കത്തിൽ ഇന്ത്യയിലെ താഴെകിടയിലുള്ളവർക്ക് ആവശ്യത്തിന് ആഹാരവും പോഷകവും ലഭ്യമാക്കാനുള്ള വരുമാനമില്ല.
ഇത് അസമത്വത്തിന്റെ സൂചനകൂടിയാണ്. കാരണം ഇന്ത്യയിലെ ഏതാണ്ട് നാൽപ്പത്തി ഒമ്പതു കോടി ജനങ്ങൾക്ക് ഭൂമിയില്ല. അവർ ഭൂരഹിത കർഷക തൊഴിലാളികളോ കെട്ടിട നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നവരൊയാണ്. വളരെ യാഥാസ്ഥിത കണക്കുകൾ അനുസരിച്ചു ഏതാണ്ട് പത്തുകോടി കുടുംബങ്ങൾക്ക് വീടില്ല. യു എൻ ഡി പി മൾട്ടി ഡൈമെൻഷനാൽ പോവെർട്ടി അസ്സെസ്സ്മെന്റ് അനുസരിച്ചു ഇന്ത്യയിൽ മൂന്നിൽ ഒന്നിലധികം ആളുകൾ ദരിദ്രരാണ്.
ഇവരെയൊന്നും ഇക്കോണോമിക് സർവേയിലോ ബജറ്റിലൊ കാണുവാൻ പ്രയാസം.
കാരണം ഫ്രീ മാർക്കറ്റ് സമ്പന്നർക്കു വേണ്ടിയും നഗരങ്ങളിലെ ഉപരി ജാതി ഉപരി മധ്യ വർഗത്തിന് വേണ്ടിയാണ് ഇക്കോണോമിക് സർവേ എഴുതിയത് എന്നു തോന്നും. ഇന്ത്യയിൽ ഇന്നു ഏറ്റവും സമ്പന്നരായ ഒമ്പതു ബില്ലനേഴ്‌സിന്റെ സമ്പത്തു ജനസംഖ്യയിൽ താഴെതട്ടിലുള്ള അമ്പത് ശതമാനം ആളുകളുടെ മൊത്തം വരുമാനത്തെക്കാൾ കൂടുതലാണ്. അത്രമാത്രമാണ് ഇന്ത്യയിലെ അസമത്വം.
സാമ്പത്തിക മാന്ദ്യവും നികുതി മാന്ദ്യവും
പക്ഷെ ഒരു സാമ്പത്തിക വ്യവസ്ഥയിൽ സാധാരണക്കാരന്റെ കൈയ്യിൽ പൈസ എത്തിയില്ലെങ്കിൽ അഗ്ഗ്രിഗേറ്റ്‌ ഡിമാൻഡ് കുറയും. ഇവിടെ മിനിമം വെജ് അധികം ഉയർന്നിട്ടില്ലെങ്കിലും സാധനങ്ങളുടെ വില കൂടി. ഫലത്തിൽ ജി എസ് ടി അടക്കമുള്ള ഇൻഡയറക്റ്റ് ടാക്‌സിന്റ് ഭാരം കൂടുതൽ അനുഭവിക്കുന്നത് വരുമാനം കുറഞ്ഞവരാണ്. തൊഴിലുറപ്പ് പദ്ധതി നന്നായി എല്ലായിടത്തും നടക്കണ മെങ്കിൽ ഏതാണ്ട് 86000 കോടി രൂപ വേണം. എന്നാൽ ഈ ബഡ്ജറ്റിൽ കഴിഞ്ഞ റിവൈസ്ഡ് ബഡ്ജറ്റിലെ 70000 കോടിയിൽ നിന്ന് 61000 കോടിയായി കുറിച്ചു. ഏതാണ്ട് 25000 കോടിയോളം രൂപ കുറയുമ്പോൾ അത്രയും രൂപ കുറവാണ് ജനങ്ങളിൽ എത്തുന്നത്.
സാധാരണ സാമ്പത്തിക വളർച്ച കുറയുമ്പോൾ നികുതി വരുമാനവും കുറയും. ഇപ്രാവശ്യം ബഡ്ജറ്റ് 12%കൂടുതൽ നികുതി വരുമാനമാണ് പ്രതീക്ഷിക്കുന്നത് . ഇപ്രാവശ്യം കമ്പിനിയുടെ ഡിവിഡന്റ് ഡിസ്ട്രിബൂഷൻ ടാക്സ് എടുത്തു കളഞ്ഞതിനാൽ ഏതാണ്ട് 25000 കോടി നികുതിയാണ് നഷ്ട്ടപെടുന്നത്. കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റ് നികുതിയെക്കാൾ വളരെ താഴ്ന്നായിരുന്നു റിവൈസ്ഡ് എസ്റ്റിമേറ്റ്. ബജറ്റ് അവതരിപ്പിച്ച ശേഷം സെപ്റ്റംബറിൽ കോർപ്പറേറ്റ് ടാക്സ് 30% ശതമാനത്തിൽ നിന്ന് 22%മാക്കിയപ്പോൾ സർക്കാരിന് കിട്ടുമായിരുന്ന നികുതിയിൽ 1.5 ലക്ഷം കോടിയുടെ കുറവ്. അതായത് 1.5 ലക്ഷം കോടി കമ്പിനികൾക്ക് കിട്ടിയ നികുതി ഇളവ്. ഇത് 2018 ഇൽ കിട്ടിയ നികുതിയെക്കാൾ 53, 000 കോടി കുറവ്.
ഇന്ത്യയിൽ പണക്കാരൻ എങ്ങനെ കൂടുതൽ പണക്കാരും പണമില്ലാത്തവർ പിണവുമാകുന്നത് ഇങ്ങനെയാണ്.
നികുതി വരുമാനം കുറയുന്നത് കൊണ്ട് ഉള്ള കമ്പിനികൾ വിറ്റ് കിട്ടുന്നത് കൊണ്ടാണ് വിഭവ സമാഹരണം. ഈ വർഷംപൊതു മേഖല കമ്പിനികൾ വിറ്റ് കിട്ടുന്നതിൽ നിന്ന് 2.1 ലക്ഷം കോടിയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ 1.05 ലക്ഷം കോടിയുടെ ഇരട്ടി. ഈ വർഷത്തെ 2.1 ലക്ഷം കോടിയിൽ എൽ ഐ സി വിറ്റ് കിട്ടുന്നത് 90, 000.കോടി.
ചുരുക്കത്തിൽ പൊതു മേഖല സ്ഥാപനങ്ങൾ ക്രോണി സമ്പന്നരുടെ സമ്പത്തു വർധിപ്പിക്കുക.
സാമൂഹിക സെക്റ്റർ ബജറ്റിൽ വലിയ മാറ്റങ്ങൾ ഇല്ല. പൊതു യൂണിവേഴ്സിറ്റികൾക്കുള്ള റൂസ ഫണ്ടിൽ നിന്ന് 800 കോടി വെട്ടി. എന്നാൽ പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ ഉൾപ്പെടെയുള്ള സെന്റർ ഓഫ് ഏക്സെലേസിന് 500 കോടിയുണ്ട്.
എന്തായാലും കമ്മ്യുണിക്കേഷനും പബ്ലിസിറ്റിയും ഇഷ്ട്ടപെടുന്നവർ കൂടുതൽ ഉള്ളതിനാൽ ആ വകുപ്പിന് കഴിഞ്ഞ വർഷത്തേക്കാൾ കൂട്ടിയത് 129%.
ചുരുക്കത്തിൽ ഭരിക്കുന്ന പാർട്ടിക്ക് ഇലക്ടറൽ ബോണ്ടിലൂടെയും തെളിഞ്ഞും ഒളിഞ്ഞും ശതകോടികൾ നൽകുന്ന വിരലിൽ എണ്ണാവുന്ന ക്രോണി കോര്പ്പറേഷനുകൾക്ക് സ്വത്തു കൂടും കോരന് കഞ്ഞി കുമ്പിളിൽ.
ഇതിനെയൊക്കെ മറക്കാൻ മന്ത്രി തിരുക്കുറലും അർത്ഥശാസ്ത്രവും ചാണക്യ നീതിയും ആഡം സ്മിത്തിനെയും ഒക്കെ ഉദ്ധരിച്ചു കണ്ണിൽ പൊടിയിടും
അങ്ങനെയുള്ള മായ കാഴ്ച്ച ബജറ്റ് കൊണ്ട് എന്തെങ്കിലും മാജിക് കാട്ടി അഞ്ചു ട്രില്യൺ ഡോളർ ഇക്കോണമിയാകും എന്ന് വിശ്വസിക്കുന്നവരെ അവരുട വിശ്വാസം രക്ഷിക്കട്ടെ.
ജെ എസ് അടൂർ

No comments: