മത വിശ്വാസം നിലനിൽക്കുന്നത് അതു വിശ്വാസമോ, ആശ്വാസമോ പ്രത്യയശായോ ആയത് കൊണ്ടു മാത്രമല്ല. മത വിശ്വാസം ഒരു സമുദായ സ്വത്വമായി അടയാളപ്പെടുത്തി സംഘബോധവും അതിൽ നിന്നുള്ള സാമൂഹിക സാധുതയുമൊക്കെയാകുമ്പോഴാണ്. ജാതി വിചാരവും സത്വ സംഘബോധത്തിൽ മനുഷ്യരെ തളച്ചിട്ടാണ് ഭരിക്കുന്നത്.
തിയോക്രസിയെന്ന മത വിശ്വാസ സത്വ ഭരണ അധികാരാക്രമത്തിനു മാറ്റം ഉണ്ടായിതുടങ്ങിയത് ഫ്രഞ്ച് വിപ്ലവത്തോട് കൂടിയാണ്. സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്ന ത്രിത്വ ആശയ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പൗര അവകാശ വിചാരങ്ങൾ പ്രചരിച്ചത്. അങ്ങനെയുള്ള ആശയങ്ങൾ പതിനെട്ടാം നൂറ്റാണ്ടിലെ പുതിയ വിജ്ഞാനയുക്തിയുടെ പ്രഭാവത്തിലുളവായതാണ്.
റൂസ്സോയുടെ സോഷ്യൽ കോൺട്രാക്റ്റും അതുപോലെ തോമസ് പൈനിന്റ റൈറ്റ്സ് ഓഫ് മാൻ എന്ന പുസ്തകവും അലക്സി ട്വോക്കിവില്ലി അമേരിക്കn ജനാധിപത്യത്തെകുറിച്ച് എഴുതിയ വിചാര ട്രാക്റ്റുകളും അധികാരത്തിന്റെ അടിസ്ഥാനം തുല്യ അവകാശമുള്ള ജനങ്ങളാണ് എന്ന ആശയം പ്രചരിക്കുവാൻ ഇടനൽകി
തുല്യ പൗരാകാശ സ്വത ബോധമെന്ന ആശയമാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ പുതിയ രാഷ്ട്രീയ ചിന്തകൾക്ക് തിരി കൊളുത്തിയത്. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിലെ ആശയങ്ങൾ അധികാര രൂപങ്ങളാകുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്.
പത്തൊമ്പതാം നൂറ്റാണ്ടിൽ മാർക്‌സും എൻഗൽസും അവരുടെ ജീവിതം സാഹചര്യങ്ങളിൽ നിന്നും പ്രചുര പ്രചാരമായ പുസ്തക പാരായണത്തിൽ നിന്നു പുതിയ ആശയ വിചാരയുക്തിയിൽ വൈരുദ്ധ്യതിഷ്ഠിത ഭൗതീക വാദം എന്ന സാമൂഹിക വിജ്ഞാന വിശകലന മാതൃക അവതരിപ്പിച്ചു. അതുപോലെ വർഗ്ഗ സിത്താന്ത വിശകലനവും. ഇതിനെ ആസ്പദമാക്കിയുള്ള തൊഴിലാളി വിപ്ലവവും തൊഴിലാളി വർഗ്ഗ സർവാധിപത്യത്തിൽ കൂടിയുള്ള സമത്വ സുന്ദരലോകവുമെന്ന ആശയം. ഒരുപാടുപേരെ ആശിപ്പിച്ചു. പുതിയ വിപ്ലവ സ്വപ്‌നങ്ങൾക്ക് നിദാനമായി
അങ്ങനെയുള്ള ആശയ സഞ്ചയങ്ങൾ ഇരുപതാം നോറ്റാണ്ടിൽ പുതിയ രാഷ്ട്രീയ അധികാര ഭാവനകൾ സൃഷ്ടിച്ചു.
ആശയങ്ങൾ അധികാര രൂപങ്ങളാകുന്നത് സംഘബലത്തിലാണ്. എന്നാൽ ആശയ ആദർശങ്ങളെ സംഘ ബലം വ്യവസ്ഥാവൽക്കരിച്ചു സംഘബലയുക്തികളാക്കും. എല്ലാ സംഘബലയുക്തികളും അധികാര രൂപങ്ങളാകുമ്പോൾ ചിന്തകളെ ചട്ടകൂട്ടിലാക്കി ആളുകളെ അധികാര പരിധിയിലാക്കും.
ആശയങ്ങളുടെ യുക്തികളിൽ നിന്ന് അധികാര പ്രയോഗങ്ങളുടെ യുക്തിയിലേക്ക് മനുഷ്യൻ പോകുന്നത് സംഘബോധം ധാരണകളിലൂടെയാണ്.
എല്ലാം സംഘധാരണകളും നിലനിൽക്കുന്നത് നാലു തൂണുകളിലാണ്. ഒന്നാമത് വിശ്വാസ പ്രമാണം എന്ന ഡോഗ്മയുടെ ആശയ സോഫ്റ്റ്‌വെയർ. രണ്ടാമത്. സംഘബലം മനുഷ്യനു കൊടുക്കുന്ന സുരക്ഷിതത്വം (ഞാൻ ഒറ്റക്കല്ല എന്നത് ).മൂന്നു. അതിൽ നിന്നുള്ള സ്വതബോധ അഭിമാനം(identity ). നാലു. അധികാരത്തിന്റെ ആശ്രിതത്വൽ നിന്നുള്ള നേട്ടങ്ങളും അപ്പകഷ്ണങ്ങളും. (Incentives of affiliation to power )
ഇരുപതാം നൂറ്റാണ്ടിൽ തൊഴിലാളികളുടെ പേരിൽ ഉണ്ടായ വിപ്ലവങ്ങൾ നേതാക്കൾ സർവാധി കാര്യക്കാരായി അധികാരം കൈയ്യാളിയപ്പോൾ അതു അധികാര സർവാധിപത്വാ സംഘബലമായി മനുഷ്യരെ വരുതിയിൽ നിർത്തി. ആശയ വിശ്വാസ പ്രമാണം ചോദ്യം ചെയ്തവരെ തുറങ്കിൽ അടക്കുകയോ വർഗ്ഗ ശത്രുക്കളായി ഉന്മൂലനം ചെയ്യുകയോ ചെയ്തു.
പത്തൊമ്പതാം നൂറ്റാണ്ടിലെ പുതിയ ആദർശ ആശയങ്ങൾ ഇരുപതാം നൂറ്റാണ്ടിൽ സംഘബല അധികാര രൂപങ്ങളായപ്പോൾ ആദർശങ്ങൾ മുദ്രാവാക്യങ്ങളും ആശയങ്ങൾ വിശ്വാസ പ്രമാണങ്ങളുമായി പുതിയ രാഷ്ട്രീയ വരേണ്യവർഗ്ഗമായി. സ്വാതന്ത്ര്യം വാഗ്ദാനമായി നിലകൊണ്ടപ്പോൾ ഭയ -ഭീതി വ്യവഹാരം കൊണ്ടു സായുധ ബലത്തിൽ മനുഷ്യരെ വരുതിയിൽ നിർത്തി. അതാണ് പല രീതിയിൽ പുതിയ സംഘ ബലങ്ങൾ മനുഷ്യരോട് ചെയ്തത്.
സംഘബലത്തെ ചോദ്യം ചെയ്യുന്നവരെ പണ്ട് ദൈവനിന്നകരെ(blasphemy ) എന്നത്പോലെ പെരുമാറി. സംഘബലത്തിന് അപ്പുറം ഉള്ളവരെ പുറം ജാതിക്കാരായും (exclusion )
ഇപ്പോൾ നമ്മൾ കാണുന്ന അധികാര രാഷ്ട്രീയ സംഘബലമായ രാഷ്ട്രീയ പാർട്ടികൾക്കും മുമ്പ് പറഞ്ഞ നാലു ഘടകങ്ങളുണ്ട്. എല്ലാം അധികാര രൂപങ്ങൾക്കും ബിംബങ്ങളും വിഗ്രഹങ്ങളും ആവശ്യമാണ്. ഇന്നലത്തെ വിഗ്രഹം ഭഞ്ജകരെ വിഗ്രഹവൽക്കരിച്ചു പുതിയ ബിംബങ്ങളാൽക്കിയാണ് അധികാരം അവരെ സംഘബലത്തിന്റ ദിവ്യ അടയാളങ്ങളാക്കുന്നത്. അങ്ങനെയാണ് ഗാന്ധിയും മാർക്‌സും ചെ ഗുവേരെ പിന്നെ നമ്മുടെ എ കെ ജി എല്ലാം മഹാത്മാക്കളായി ദിവ്യ പരിവേഷ അടയാളങ്ങളാണ്. 'ഗുജറാത്തി ' അസ്മിത എന്ന സംഘ സ്വത്വത്തിന്റെ അതികായക പ്രതിമയായി പട്ടേലിനെ മോഡി അധികാര ഭരണം വളർത്തിയത്. അതു കൊണ്ടാണ് ദിവ്യതമാരോപിച്ച ഓരോ പ്രതിമകളും അധികാരത്തിന്റെ ആവേശ അടയാളങ്ങളാകുന്നത്.
സംഘബലത്തിനു നിലനിൽക്കാൻ 'അവരും ''നമ്മളും " എന്ന വേർതിരിവ് ആവശ്യമാണ്. കാരണം 'അവരിൽ' നിന്ന് 'നമ്മൾ'ക്കുള്ള പരിരക്ഷയാണ് സംഘബലം എന്ന് അതിന്റെ അധികാരികൾ മനുഷ്യരെ ധരിപ്പിക്കും.
അധികാരികളുടെ എല്ലാ അഹങ്കാര തോന്നിയ വശങ്ങളെയും ന്യായീകരിക്കണ്ടത് അവരുടെ സംഘ വിശ്വാസ കടമയാണ് എന്ന് വിചാരിക്കും. നമ്മളോട് പൂർണമായും യോജിക്കാത്തവർ നമ്മുടെ ശത്രുക്കളാണ് എന്നെ ധാരണ കോമൺ സെൻസാകും.
ശത്രുക്കളെ ആക്രമിച്ചു ഭയപെടുത്തുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്യുന്നത 'ന്യായമാണ് 'എന്ന് ധരിപ്പിക്കും. അങ്ങനെയാണ് രാഷ്ട്രീയ സംഘബലം മനുഷ്യരിൽ അരക്ഷിതത്വം പടർത്തി സുരക്ഷിതത്വം വേണമെങ്കിൽ വരുതിയിൽ മര്യാദക്ക് (discipline ) നിൽക്കുവാൻ പ്രേരിപ്പിക്കുന്നത്.
ഇന്ന് കമ്മ്യുണിസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവരിൽ മിക്കവാറും പേർക്ക് അതു ഒരു സംഘ ബോധ സുരക്ഷിതത്വമാണ് കേരളത്തിൽ
അതിന് കാരണം കമ്മ്യൂണിസം എന്ന ആദർശ ആശയംയുക്തിയെക്കാൾ അധികാര രാഷ്ട്രീയയുക്തിയാണ്. അല്ലാതെ എല്ലാവരും കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചു പുതിയ പ്രചോദനം കൊണ്ടു പാർട്ടിയിൽ ചേർന്നവരല്ല. ഒരുപാടു പേർ വിട്ടീലെയോ നാട്ടിലെയോ അല്ലെങ്കിൽ സ്കൂൾ കോളേജ് തലത്തിലെ സംഘ സ്വത ബോധത്തിൽ എത്തപെട്ടവരാണ്
ഇന്ന് കേരളത്തിൽ മിക്കവാറും പേർ ഒരോ പാർട്ടികളുട അനുഭാവികളാകുന്നത് അതാതു പാർട്ടി സംഘബലങ്ങൾ അധികാരത്തിലേക്കുള്ള ചവിട്ട് പട്ടികളായത് കൊണ്ടാണ്. അതു ഇപ്പോഴും നിലനിൽക്കുന്ന 'നമ്മളും ' 'അവരും ' എന്ന ദ്വിന്നതിൽ നിന്നാണ്. അല്ലാതെ ഗാന്ധിയെ വായിച്ചോ നെഹ്‌റുവിനെ വായിച്ചോ ഏതെങ്കിലും മാനിഫെസ്റ്റോ വായിച്ചോ അല്ല.
'നമ്മളോടൊപ്പം അല്ലെങ്കിൽ നമുക്ക് എതിര് (If you are not with us, you are against us )എന്ന യുക്തിയിലാണ് സംഘബലം എല്ലാവരെയും കോൺഫെമിസ്റ്റ് ആക്കി വരുതിയിൽ നിർത്തുന്നു. പുകഞ്ഞ കൊള്ളി പുറത്തു എന്ന യുക്തി പലപ്പോഴും സംഘ ബലത്തെ ചോദ്യം ചെയ്യുവാൻ പ്രാപ്തി ഇല്ലാത്തവരാക്കും
ഇന്ന് ഓരോ രാഷ്ട്രീയ പാർട്ടികൾക്കും സംഘ സത്വബലത്തിന് 'ബാഹുബലികളായ " ബലവാന്മാരന്നു സ്പെഷ്യൽ എഫക്ട് ഉള്ള അമ്പത്തി ആറു ഇഞ്ചു നെഞ്ചും ഇല്ലാത്ത ഇരട്ട ചങ്കുംമൊക്കെവേണം.
കാരണം ആശയം ആദർശങ്ങൾ സംഘബലത്തിൽ ജീർണിച്ചപ്പോൾ അധികാരം തന്നെ ഐഡിയോളേജിയായി. അധികാരത്തിന്റെ ഐഡിയോലജിയിലാണ് ഭരണപാർട്ടികളെല്ലാം സംഘ ബലമുണ്ടാക്കുന്നത്. സംഘബലത്തിന്റ എല്ലാം അടയാളങ്ങളും അധികാരത്തിന്റെ ചെങ്കോലും കിരീടങ്ങളും ദിവ്യ വിഗ്രഹ ബിംബ പ്രതിമകളുമാണ്. Pantheon of power.
അധികാര അഹങ്കാരങ്ങളെ ചോദ്യം ചെയ്യുന്നവരുടെ സാധുതയെയും സത്വത്തയും ചോദ്യം ചെയ്യും. അവരെ ദേശ വിരുദ്ധരും വർഗ്ഗ ശത്രുക്കളും മൂരാച്ചികളുമാക്കും. അധികാരത്തിന്റെ ലോജിക് മനുഷ്യന്റെ സ്വാതന്ത്ര്യം ബോധ ചിന്തകൾക്കാണ് അദ്യം തടയിടുന്നത്.
എല്ലാ ചിന്തകളും ആശയങ്ങളും ആദർശങ്ങളും ഉരുവാകുന്നതും പുതക്കപ്പെടുന്നതും മനുഷ്യനു സ്വയമായും സമൂഹത്തോടും സ്വാതന്ത്ര്യ ബോധത്തോടെ ചോദ്യങ്ങൾ ചോദിക്കുമ്പഴാണ്. അധികാര സംഘ സ്വത ചട്ടക്കൂട്ടിന് വെളിയിൽ ഭാവനകൊണ്ടും ഭാഷകൊണ്ടും ചോദ്യങ്ങൾ ചോദിക്കുന്നവരാണ് മാറ്റങ്ങൾക്ക് വഴിതെളിച്ചത്.
ചോദ്യങ്ങൾ അസ്തമിക്കുന്നിടത്തു ചിന്തകൾ ശീലമാകും. വ്യവസ്ഥയാകും. പിന്നെ ചിന്താ ശീലങ്ങളുടെ മോണോക്രോം ലെന്സിലൂടെ മനിഷ്യരെയും സമൂഹത്തെയും ചരിത്രത്തെയും കാണുന്നതാണ് ശരിയെന്നു ധരിക്കും. നമ്മളുടെ 'ശരി'കൾക്ക് അപ്പുറമുള്ളത് 'തെറ്റെന്നും '
സംഘബല ധാരണയ്ക്ക് അപ്പുറമാണ് തോമസ് doubting thomas ' ആകുന്നത്. കാരണം ഓരോ ചോദ്യങ്ങളും മനുഷ്യനെ ഉള്ളിൽ ചോദ്യം ചെയ്യുമ്പോഴാണ് സംശയം (skepticism )മുണ്ടായി ശീലിച്ച ചിന്തകൾക്ക് അപ്പുറം എത്തി നിൽക്കുവാൻ മനിഷ്യനെ പ്രേരിപ്പിക്കുന്നത്. ചോദ്യങ്ങളാണ് എല്ലാം ഫിലോസഫിയുടെയും തുടക്കം.
സ്വതന്ത്രമായി ചോദ്യങ്ങൾ ചോദിക്കുവാനുള്ള പ്രാപ്ത്തിയും സ്വയം തിരെഞ്ഞെടുപ്പുകൾ നടത്തുവാനുള്ള ശേഷിയുമാണ് മനുഷ്യനെ സര്ഗാത്മകരും ക്രിയാത്മകരുമാക്കുന്നത്. മനുഷ്യന്റെ ചോദ്യം ചെയ്യാനുള്ള ശേഷിയെയും സർഗാത്മകതയും ക്രിയാത്മകതയും ഒരു ചട്ടക്കൂടിൽ അടച്ചു അതിനെ വരുതിയിൽ നിർത്തിയാണ് സംഘബലം നമ്മൾ ഓരോരുത്തരെയും അധികാരത്തിന്റെ അനുഭാവികളും ആശ്രിതരും സ്തുതിപാഠകരും ഭക്ത ജനങ്ങളുമാക്കുന്നത്.
അതിനപ്പുറം ഭാവനയിലും ഭാഷയിലും ചിന്തിച്ചു പ്രവർത്തിക്കുന്നവർക്ക് മാത്രമേ പുതു വഴികളും മറുവഴികളും തേടാൻ കഴിയുന്നത്.
മാർക്സിനു അതു സാധിച്ചു. എന്നാൽ മാർക്സിസ്റ്റുകൾക്ക് അതു സാധിക്കില്ല.
ഗാന്ധിക്ക് പുതു വഴി തേടാനായി. ഗാന്ധിയന്മാർക്ക് അതിനുള്ള ത്രാണിയില്ല.
അന്ന് മാവോക്കായത് ഇന്നു മാവോയിസ്റ്റുകൾക്കാകില്ല
അതാണ് സംഘബലം മനുഷ്യരോട് ചെയ്യുന്നത്. ശീലിച്ച ചിന്തകൾക്കും വിചാരങ്ങൾക്കും വാഴുകൾക്കും അപ്പുറം പോകാനുള്ള അരക്ഷിത ബോധം. പുതിയ ചോദ്യങ്ങൾ ഉള്ളിലും വെളിയിലും ചോദിക്കുവാനുള്ള പ്രാപ്തി ഇല്ലായ്മ.
ജെ എസ് അടൂർ
No comments:
Post a Comment